Friday, January 7, 2011

ഭക്ഷ്യപണപ്പെരുപ്പം കുതിക്കുന്നു ഒന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 18.32 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയാന്‍ കൂടുതലൊന്നും ചെയ്യാനില്ലെന്നും ജനങ്ങള്‍ പൊരുത്തപ്പെടണമെന്നും കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ 25ന് അവസാനിച്ച ആഴ്ചയിലാണ് ഭക്ഷ്യപണപ്പെരുപ്പം സര്‍വകാല റെക്കോഡിലേക്ക് അടുത്തത്. തൊട്ടു മുന്‍വാരം ഭക്ഷ്യവിലക്കയറ്റം 14.44 ശതമാനമായിരുന്നു. ഡിസംബര്‍ 4ന് അവസാനിച്ച ആഴ്ചയില്‍ ഇത് 9.46 ശതമാനമായിരുന്നു. മൂന്നാഴ്ചക്കിടയില്‍ ഭക്ഷ്യപണപ്പെരുപ്പം ഇരട്ടിയിലെത്തി. അതേ സമയം അവശ്യവസ്തുക്കളുടെ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 20.2 ശതമാനമാണ്.

വിലക്കയറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം കുറ്റസമ്മതം നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് ഭക്ഷ്യപണപ്പെരുപ്പം പുതിയ ഉയരങ്ങളിലെത്തിയത്. 2009 ഡിസംബറില്‍ അനുഭവപ്പെട്ട 19.9 ശതമാനമാണ് നിലവിലുള്ള റെക്കോഡ്. അടുത്ത വാരത്തിലെ കണക്ക് വരുന്നതോടെ ഈ റെക്കോഡ് മറികടന്നേക്കും. പെട്രോളിയം വിലവര്‍ധനയ്ക്കും റെയില്‍വേ ചരക്കുകൂലി വര്‍ധനയ്ക്കും പിന്നാലെയാണ് വില കുതിച്ചത്. വിലക്കയറ്റത്തിന് ന്യായീകരണങ്ങള്‍ കണ്ടെത്തുന്ന ധനമന്ത്രി പ്രണബ്മുഖര്‍ജിയും സാമ്പത്തിക ഉപദേഷ്ടാക്കളും സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നാണ് വാദിക്കുന്നത്. ഇപ്പോഴത്തേത് പ്രതിവാര കണക്കുകളാണെന്നും നമുക്ക് മാസാന്ത കണക്കിനായി കാത്തിരിക്കാമെന്നും പറഞ്ഞ ധനമന്ത്രി പ്രണബ്മുഖര്‍ജി, വിലക്കയറ്റം ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് സമ്മതിച്ചു.

വിലക്കയറ്റവുമായി പൊരുത്തപ്പെടാന്‍ ജനങ്ങള്‍ ശീലിക്കണമെന്ന് ധനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് കൌശിക്ക് ബസു പറഞ്ഞു. ചില ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ ഇന്ത്യയെ പോലൊരു മഹാരാജ്യത്തിന് പരിമിതിയുണ്ട്. വിലകളുമായി പൊരുത്തപ്പെടാന്‍ ജനങ്ങള്‍ ശീലിക്കണം. കേന്ദ്രസര്‍ക്കാരിന് ഇനി ഒന്നും ചെയ്യാനില്ല. വിലക്കയറ്റം പ്രതീക്ഷിച്ചിരുന്നതാണ്. കുറച്ചുകാലം കൂടി വിലക്കയറ്റം തുടരാനാണ് സാധ്യത. പച്ചക്കറികള്‍, സവാള പോലുള്ള നിര്‍ണായക ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ വിലകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ബദല്‍ നയങ്ങള്‍ക്ക് രൂപംനല്‍കേണ്ടതായുണ്ട്- കൌശിക്ക് ബസു പറഞ്ഞു.

ഭക്ഷ്യവിലക്കയറ്റം മറ്റ് മേഖലകളിലേക്ക് കൂടി പടരാതെ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അധ്യക്ഷന്‍ സി രംഗരാജന്‍ പറഞ്ഞു. മറ്റ് മേഖലകളിലേക്ക് വിലക്കയറ്റം പടര്‍ന്നാല്‍ അത് മൊത്തത്തിലുള്ള പണപ്പെരുപ്പം ഇനിയും കൂട്ടുമെന്ന് രംഗരാജന്‍ വിശദീകരിച്ചു. സവാളവിലയില്‍ ഉണ്ടായ 82 ശതമാനം വര്‍ധനയാണ് ഭക്ഷ്യപണപ്പെരുപ്പം കുതിച്ചുയരാന്‍ ഇടയാക്കിയത്. മുട്ട, ഇറച്ചി, മത്സ്യം എന്നിവയുടെ വിലയില്‍ 20.86 ശതമാനമാണ് വര്‍ധന. പഴങ്ങള്‍ക്ക് 19.99 ശതമാനം വില കൂടിയപ്പോള്‍, പാലിന് 19.59 ശതമാനം വില വര്‍ധിച്ചു. പാകിസ്ഥാന്‍ ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി നിരോധിക്കുക കൂടി ചെയ്തതോടെ സവാളയ്ക്ക് വരുംദിവസങ്ങളിലും വില കൂടാനാണ് സാധ്യത. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് നാണ്യനയം കൂടുതല്‍ കര്‍ക്കശമാക്കും. ജനുവരി 25നാണ് ബാങ്ക് തങ്ങളുടെ വായ്പാനിരക്കുകള്‍ പുനഃപരിശോധിക്കുക. നിരക്കുകളില്‍ 0.25 ശതമാനംവരെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.
(എം പ്രശാന്ത്)

ദേശാഭിമാനി 070111

1 comment:

  1. വിലക്കയറ്റവുമായി പൊരുത്തപ്പെടാന്‍ ജനങ്ങള്‍ ശീലിക്കണമെന്ന് ധനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് കൌശിക്ക് ബസു പറഞ്ഞു. ചില ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ ഇന്ത്യയെ പോലൊരു മഹാരാജ്യത്തിന് പരിമിതിയുണ്ട്. വിലകളുമായി പൊരുത്തപ്പെടാന്‍ ജനങ്ങള്‍ ശീലിക്കണം. കേന്ദ്രസര്‍ക്കാരിന് ഇനി ഒന്നും ചെയ്യാനില്ല. വിലക്കയറ്റം പ്രതീക്ഷിച്ചിരുന്നതാണ്. കുറച്ചുകാലം കൂടി വിലക്കയറ്റം തുടരാനാണ് സാധ്യത. പച്ചക്കറികള്‍, സവാള പോലുള്ള നിര്‍ണായക ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ വിലകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ബദല്‍ നയങ്ങള്‍ക്ക് രൂപംനല്‍കേണ്ടതായുണ്ട്- കൌശിക്ക് ബസു പറഞ്ഞു.

    ReplyDelete