Friday, January 7, 2011

തറിക്കടമയും രാജഭോഗവും

കൊല്ലവര്‍ഷം 1040ല്‍ ചില കരങ്ങള്‍ നിര്‍ത്തല്‍ ചെയ്തുകൊണ്ടുള്ള നീട്ട് :

"കൊടുത്തുട്ട സാധനവും വായിച്ചു കേട്ടവസ്ഥയും അറിഞ്ഞു. ഈ രാജ്യത്തുള്ള കുടിയാനവന്‍മാരിടെ പേരില്‍ വിശേഷാലായിട്ട് ഓരോ കരങ്ങള്‍ മുതല്‍കൂട്ടി പിടിപ്പിച്ചു വരുന്നതില്‍ ഉപദ്രവകരമായി ഓരോ തൊഴിലും പെരിലും ആളിന്‍പെരിലും ആയിട്ട് ദെശകാണി മുതലായി 105 ഇനത്തില്‍ ആണ്ടൊന്നുക്ക് 19198 പണം മുതലുള്ളതും ആ വകയിലുള്ള കുടിശിഖയും കുറവെഴുതിക്കെണ്ടുന്നതിനും എഴുതി വച്ചിട്ടുള്ളതില്‍ നാലു വിളംബരം കൊടുത്തയച്ചിരിക്കുന്നു എന്നും എല്ലൊ എഴുതി വന്നതിലാകുന്നു വിളംബരം നാം വായിച്ചുകെട്ടു എഴുത്തിട്ടു ഇതിനൊടുകൂടെ കൊടുത്തയച്ചിരിക്കകൊണ്ടു ആയതിനു പ്രസിദ്ധമാക്കിയിരിക്കുന്നത് കൂടാതെ ഈ വകയില്‍ മുതലുള്ള പണവും കുടിശിഖയും കണക്കില്‍ കുറവെഴുതിച്ചു കൊള്ളുകയും വേണം എന്നും ഇക്കാര്യം ചൊല്ലി 1040-ാംമാണ്ട് കര്‍ക്കടകമാസം 22-ാം തീയതി ദിവാന്‍ രംഗരായരര്‍ മാധവരായര്‍ക്ക് നീട്ടു എഴുതിവിട്ടു എന്ന തിരുവുള്ളമായ നീട്ടു.''

ആ നികുതികള്‍ ഏതൊക്കെയാണ് എന്ന് അറിയില്ല. ഞാന്‍ പരിശോധിച്ച രേഖയില്‍ അവ കൊടുത്തിട്ടില്ല.

അക്കാലത്ത് നിലവിലുണ്ടായിരുന്ന കുറേ നികുതികളുടെ വിവരം താഴെ ചേര്‍ക്കാം. ഇവ വളരെ ചെറിയ സംഖ്യമാത്രമേ ആകുന്നുള്ളൂ. 105 നിര്‍ത്തല്‍ ചെയ്യുന്നു എന്ന് പറയുമ്പോള്‍ വേറെയും നികുതികള്‍ ഉണ്ടായിരുന്നു എന്ന് വേണമല്ലോ അനുമാനിക്കാന്‍.

കിട്ടിയ വിവരങ്ങള്‍ താഴെ:

വീടുമേയുക, എണ്ണയാട്ടുക, മത്സ്യം പിടിക്കുക, വേട്ടയാടുക, പറകൊട്ടുക തുടങ്ങിയ തൊഴിലുകള്‍ക്കൊക്കെ നികുതി ചുമത്തിയിരുന്നു.

താണ ജാതിക്കാരുടെ വിവാഹാടിയന്തിരങ്ങള്‍ക്ക് ഫീസ് വസൂലാക്കിയിരുന്നു.

ഏണിക്കാണം: തെങ്ങ്, പന ഇവയില്‍ കയറി മദ്യമുണ്ടാക്കുന്നതിന് വസൂലാക്കിയിരുന്ന നികുതി. വിവാഹത്തിന് പൊലിപ്പൊന്നും കാഴ്ച വയ്ക്കണം. കക്ഷിവഴക്കുകള്‍ തീര്‍ക്കാന്‍ അങ്കം വെട്ടണമെങ്കില്‍ ദേശവാഴിക്ക് 'അങ്കക്കിഴി' കാഴ്ച വച്ചു സമ്മതം വാങ്ങണം.

മത്സ്യം പിടിക്കാന്‍ 'വലപ്പണ'വും വള്ളങ്ങള്‍ക്ക് 'തുറ'യും കൊടുക്കണം.

'ചെക്കിറ' മണ്‍പാത്രം ഉണ്ടാക്കുന്നവര്‍ കൊടുക്കേണ്ട നികുതി.

തുണി നെയ്ത്തുകാര്‍ക്ക് 'തറിക്കടമ'യും അലക്കുകാര്‍ക്ക് 'വണ്ണാരപ്പാറ'യും സ്വര്‍ണപ്പണിക്കാര്‍ക്ക് 'തട്ടാരപ്പാട്ട'വും ആണ് നികുതികള്‍. ജലസേചനത്തിന് 'നീര്‍ക്കൂലി'യായിരുന്നു. 'മീന്‍പാട്ടം' മീന്‍പിടുത്തക്കാര്‍ കൊടുക്കേണ്ട നികുതി. ബലഹീനരില്‍നിന്ന് നിര്‍ബന്ധിച്ചുവാങ്ങുന്ന പിരിവാണ് 'ഏഴ.'

ചെറിയ കുറ്റങ്ങള്‍ക്ക് കൊടുക്കുന്ന പിഴ 'തപ്പ്'. ദുര്‍നടപടികള്‍ക്ക് സ്ത്രീകളെ അടിമയാക്കി വില്‍ക്കുമ്പോള്‍ രാജാവിനു കരം കിട്ടുന്നു. അതിന് പേര് 'പുലയാട്ട് പെണ്ണ്.'

വിവാഹത്തിന് പന്തലിടാനും വാദ്യഘോഷം ഏര്‍പ്പെടുത്താനും 'രാജഭോഗം' കൊടുത്ത് സമ്മതം വാങ്ങണം.

'തുലാകൂലി' (തുലാസുപയോഗിച്ച് കച്ചവടം നടത്തുന്നതിന്) 'കുടത്തിന് നാഴി' (എണ്ണയ്ക്കുള്ള വില്‍പ്പന നികുതി) 'കുലത്തിന് ഉഴക്ക്' (ഉപ്പിനുള്ള വില്‍പ്പന നികുതി)

തട്ടാന്റെ പണിയായുധങ്ങള്‍ക്കും മൂശാരിയുടെ മൂശകള്‍ക്കും നികുതി ചുമത്തിയിരുന്നു.

ഈ നികുതി നിര്‍ത്തലിനെ പരാമര്‍ശിച്ചു റവ. മെറ്റിയര്‍ പറയുന്നത് നോക്കുക.

"ഈ വിചിത്രമായ ലിസ്റ്റ് പരിശോധിച്ചാല്‍ ഇതിന് മുമ്പ് രാജ്യത്തിന്റെ സ്ഥിതി എന്തായിരുന്നുവെന്നും തൊഴിലിലും വ്യവസായത്തിലും സാമൂഹ്യ സ്വാതന്ത്ര്യത്തിലും കുടുംബ സൌകര്യങ്ങളിലും എത്രമാത്രം ഗര്‍ഹണീയമായ കൈകടത്തലാണ് നടത്തിയിരുന്നതെന്നും സൂചന ലഭിക്കുന്നതാണ്. നികുതി ചുമത്താവുന്ന എല്ലാറ്റിന്റെമേലും നികുതി ചുമത്തിയിരുന്നു. തൊഴിലെടുക്കുന്ന വര്‍ഗങ്ങളുടെ കഷ്ടപ്പെട്ടുണ്ടാക്കുന്ന വരുമാനം പിഴിഞ്ഞിരിക്കാന്‍ ഓരോ വിശേഷാവസരവും ഒഴികഴിവായി എടുത്തിരുന്നു. തലവരി, പണിയായുധങ്ങളുടെ മേലുള്ള നികുതി തുടങ്ങി അതീവ ദ്രോഹകരമായ ഈ നികുതികളില്‍നിന്ന് പിരിച്ചെടുത്തിരുന്ന ചെറിയ വരുമാനം ബ്രാഹ്മണര്‍ക്കും ക്ഷേത്രങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുംവേണ്ടി ദുരുപയോഗപ്പെടുത്തുകയും ചെയ്തു.''

അതെ പാവപ്പെട്ടവരെ കൊള്ളയടിച്ചു സമ്പാദിച്ച ധനമത്രയും നമ്പൂതിരിമാര്‍ക്കുവേണ്ടി ധൂര്‍ത്തടിച്ചു കളഞ്ഞു.

തലക്കരം

"ലക്ഷക്കണക്കായ ജനങ്ങളുടെ ഇതഃപര്യന്തമുള്ള ജീവിതരീതിയെ സംബന്ധിച്ചോ ക്രയവിക്രയങ്ങളെ സംബന്ധിച്ചോ എന്തിന് അവരുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന എന്തെങ്കിലും ഒരാശയത്തെപ്പറ്റിയോ ആധികാരികമായ യാതൊരു ചരിത്രരേഖയും ഉണ്ടായിട്ടില്ല എന്നതാണ് പരമാര്‍ഥം'' ഒരു ചരിത്രകാരന്റെ പരിദേവനമാണിത്.

(ഡോ. സി കെ കരിം - ചരിത്ര സംവാദം) എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നുള്ളത് മറ്റൊരു വിഷയം)

പക്ഷേ, ഈ ദിശയില്‍ എവിടെയെങ്കിലും ഒരന്വേഷണം നടത്തിയിട്ടുണ്ടോ? ഉണ്ടെന്ന് തോന്നുന്നില്ല. അന്വേഷണം നടത്തിയാല്‍ അവിടവിടെ ചിന്നിച്ചിതറി ഒറ്റപ്പെട്ടു കിടക്കുന്ന ചില വിവരങ്ങള്‍ കിട്ടാതിരിക്കില്ല. അവ ഒന്നിച്ചു ചേരുമ്പോള്‍ വിലപ്പെട്ടതാണവ എന്നു കാണാനും സാധിക്കും.

ഉദാഹരണത്തിന് അന്നത്തെ നികുതി സമ്പ്രദായം.

അന്നത്തെ ഭരണ വര്‍ഗത്തിന്റെ പക്ഷപാതപരവും ക്രൂരവുമായ കൊള്ളയുടെ ആര്‍ത്തട്ടഹാസം ചെവിയോര്‍ത്താല്‍ കേള്‍ക്കാനാവും. അത് ചവിട്ടിമെതിക്കപ്പെട്ട ഒരു ജനതയുടെ ആര്‍ത്തനാദവും നിസ്സഹായതയും കാട്ടിത്തരികയും ചെയ്യും.

എന്തൊക്കെയായിരുന്നു ആ നികുതികള്‍? പൂര്‍ണമായ ഒരു ലിസ്റ്റുപോലും നമുക്ക് കാണാന്‍ കഴിയില്ല - ചിലരെല്ലാം ചിലത് ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നു മാത്രം.

ആ നികുതികളത്രയും അധ്വാനിക്കുന്ന അടിസ്ഥാനവര്‍ഗങ്ങളില്‍നിന്നു മാത്രം പിഴിഞ്ഞെടുത്തിരുന്നതാണ്. നമ്പൂതിരിമാരെ എല്ലാ നികുതികളില്‍നിന്നും ഒഴിവാക്കിയിരുന്നു. നായന്മാരില്‍നിന്ന് തുച്ഛമായ ഒന്നോ രണ്ടോ നികുതികള്‍ വസൂലാക്കിയിരുന്നു. ബാക്കി ഏറെയും പാവപ്പെട്ടവരില്‍നിന്നും. അന്നത്തെ സ്ഥിതി ഡോ. എ അയ്യപ്പന്‍ അവതരിപ്പിച്ചിട്ടുള്ളത് നോക്കുക:

"കേരള നാടുവാഴികളുടെ ആവശ്യങ്ങള്‍ വര്‍ധിച്ചപ്പോള്‍ ദരിദ്രരില്‍നിന്ന് കൂടുതല്‍ നികുതി പിരിയ്ക്കുകയും അവര്‍ക്ക് കൊടുക്കുന്നത് വീണ്ടും വീണ്ടും കുറയ്ക്കുകയും അവരില്‍നിന്ന് എടുക്കുന്നത് വീണ്ടും വീണ്ടും വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന എളുപ്പമാര്‍ഗമാണ് അവര്‍ അനുവര്‍ത്തിച്ചത്. മര്‍ദനപരമായ നികുതികളെ ജനങ്ങള്‍ ചെറുക്കുന്നത് തടയാന്‍വേണ്ടി കൈയേറി ഒഴിപ്പിക്കല്‍, ക്രൂരമായ ശിക്ഷ നല്‍കല്‍, ഭ്രഷ്ട് കല്‍പ്പിക്കല്‍ തുടങ്ങിയ ശക്തമായ ആയുധങ്ങളെടുത്ത് പ്രയോഗിച്ച് അവരെ നിസ്തേജരാക്കുകയും ചെയ്തിരുന്നു.''

അക്കാലത്ത് നടപ്പാക്കിയിരുന്ന ഒരു തീവെട്ടിക്കൊള്ളക്ക് നല്‍കിയ പേരാണ് തലക്കരം. 'തലയറ', 'തലൈവില' എന്നും ഇത് പറയപ്പെട്ടിരുന്നു. താണ ജാതിക്കാരുടെ തലയെണ്ണി വാങ്ങിയിരുന്ന പിരിവ് എന്നേ ഇതിനെപ്പറ്റി പറയാനുള്ളൂ. ഇത് എന്ന് തുടങ്ങി? ആരെയെല്ലാം ബാധിച്ചു? ഇതിന്റെ ഖജനാവ് വരുമാനം എത്ര? ഈ പിരിവ് ആ സാധുക്കളെ ഏതെല്ലാം വിധത്തില്‍ ബാധിച്ചു, തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കേണ്ടത് ചരിത്രകാരന്‍. നമ്മുടെ ചരിത്രകാരന്മാര്‍ക്ക് അതിലൊന്നും താല്‍പ്പര്യമില്ല. സി കേശവന്‍ ഈ പിരിവിനെപ്പറ്റി വികാര തീവ്രതയോടെ എഴുതിയിട്ടുണ്ട്. അതിന്റെ ചരിത്രത്തിലേക്കും സ്വഭാവത്തിലേക്കും അത് ഏര്‍പ്പെടുത്താനുണ്ടായ കാരണങ്ങളിലേക്കും നിര്‍ത്തല്‍ചെയ്ത കാലത്തെപ്പറ്റിയും എല്ലാംതന്നെ ആ വിവരണത്തില്‍ കാണാനുണ്ട്.

മറ്റെങ്ങും കാണാത്ത ഈ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു:

പിന്നൊരു കരം 'തലയറ' ആയിരുന്നു. തലപ്പണമെന്നും തലവരിയെന്നും പല പേരുകളില്‍ ഈ വരി അറിയപ്പെടുന്നുണ്ട്. 926ല്‍ രാമയ്യന്റെയും മാര്‍ത്താണ്ഡവര്‍മയുടെയും കാലത്താണ് ഈഴവര്‍ തുടങ്ങിയ ഏഴ ജാതികളുടെ മേല്‍ ഈ അന്യായമായ നികുതി ചുമത്തപ്പെട്ടത്. മാര്‍ത്താണ്ഡവര്‍മ ഒട്ടുവളരെ യുദ്ധങ്ങളും 925ല്‍ തൃപ്പടിദാനവും നടത്തി ഭണ്ഡാരം നിശ്ശേഷം ശോഷിച്ചത് നികത്താന്‍ കണ്ടുപിടിച്ച എളുപ്പ മാര്‍ഗങ്ങളിലൊന്നായിരുന്നു ഈ വരി. 16 മുതല്‍ 60 വയസുവരെയുള്ള ഏഴജാതികളുടെ തല എണ്ണി ഇത് പിരിച്ചുവന്നു. ആറുകൊല്ലത്തില്‍ ഒരിക്കലായിരുന്നു ഈ നികുതി നിശ്ചയിക്കുന്നത്. നായന്മാരെയും മാപ്പിളമാരെയും കൊങ്കിണികളെയും മറ്റും ഈ നികുതിഭാരത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. 990ല്‍ ഈ നികുതി നിര്‍ത്തല്‍ ചെയ്യപ്പെട്ടു. ദിവാന്‍ നാണുപ്പിള്ള പറയുന്നത് അതി ഭീമമായ ഒരു വരിയാണ് ഇത് നിറുത്തല്‍ ചെയ്തതുമൂലം ആഹുതിചെയ്യപ്പെട്ടത് എന്നാണ്.

ഈ മിഷണറിമാരുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ഈ തലവരി നിര്‍ത്തല്‍ ചെയ്യുവാന്‍ കാലവിളംബം നേരിടുമായിരുന്നെന്നുള്ളത് നിസ്സന്ദേഹമാണ്.

ജീവിച്ചിരുന്നവര്‍ക്ക് മാത്രമല്ല ചത്തുപോയവര്‍ക്കും ഈ നികുതി കൊടുക്കേണ്ടിയിരുന്നു. കൊടുക്കാന്‍ നിവൃത്തിയില്ലാതെ അന്യനാട്ടില്‍ വല്ലവരും കടന്നു കളഞ്ഞിരുന്നെങ്കില്‍ അവരുടെ അവകാശികള്‍ അത് കട്ടായം കൊടുത്തുതന്നെ തീരണം. സംശയം തോന്നുന്നവര്‍ ആഗൂറിന്റെ ക്രൈസ്തവ ചരിത്രം നോക്കുക. ഈ തലവരി വഴി ഈഴവരിലും ചാന്നാന്മാരിലും നിന്ന് സര്‍ക്കാരിന് പ്രതിവര്‍ഷം 88044 രൂപയും മറ്റു ഏഴജാതികളില്‍നിന്ന് 4624 രൂപയുമത്രെ ലഭിച്ചുവന്നത്. അന്നത്തെ മൊത്തം മുതലെടുപ്പ് 84 ലക്ഷം രൂപയില്‍ കവിഞ്ഞിരുന്നുമില്ല. ജനസംഖ്യ 1010ല്‍ 12 ലക്ഷവുമായിരുന്നു. ധര്‍മരാജാവും കേശവദാസനും കൂടി ഈ മാതൃകയില്‍ രൂപാവരി എന്ന ഒരു വിചിത്ര നികുതിയും ഏര്‍പ്പെടുത്തിയിരുന്നു. ടിപ്പുവിന്റെ പടയോട്ടം മൂലം ഉണ്ടായ പണക്കുഴപ്പം പരിഹരിക്കാനായിരുന്നു ഇത് ചുമത്തിത്തുടങ്ങിയത്. തലവരിയും വച്ചിരുന്നു. 15 ലക്ഷത്തില്‍പ്പരം രൂപ അന്ന് കേശവപ്പിള്ളക്ക് വേണ്ടിയിരുന്നു. 967ല്‍ ഇതിലേക്ക് തോവള മുതല്‍ ചിറയിന്‍കീഴ് വരെയുള്ള നെയ്ത്തുതറി വകയിലും മറ്റും പതിനോരായിരത്തി അഞ്ഞൂറുരൂപയും തിരുവനന്തപുരം മുഖത്ത് ഈഴവര്‍ വകയില്‍ 15000 രൂപയും പിരിച്ചതായി കാണുന്നു. (ജീവിതസമരം)

ആണ്ടലാട്ട് ദേശാഭിമാനി വാരിക 090111

ആണ്ടലാട്ടിന്റെ മറ്റു ചില ലേഖനങ്ങള്‍

തോലുകെട്ടുക

ജാത്യാചാരങ്ങള്‍ക്ക് വിരോധം

തമ്പുരാക്കന്മാരുടെ കാല്

പക്ഷേ, ചരിത്രം നിശബ്ദമാണ്!

3 comments:

  1. ആ നികുതികളത്രയും അധ്വാനിക്കുന്ന അടിസ്ഥാനവര്‍ഗങ്ങളില്‍നിന്നു മാത്രം പിഴിഞ്ഞെടുത്തിരുന്നതാണ്. നമ്പൂതിരിമാരെ എല്ലാ നികുതികളില്‍നിന്നും ഒഴിവാക്കിയിരുന്നു. നായന്മാരില്‍നിന്ന് തുച്ഛമായ ഒന്നോ രണ്ടോ നികുതികള്‍ വസൂലാക്കിയിരുന്നു. ബാക്കി ഏറെയും പാവപ്പെട്ടവരില്‍നിന്നും. അന്നത്തെ സ്ഥിതി ഡോ. എ അയ്യപ്പന്‍ അവതരിപ്പിച്ചിട്ടുള്ളത് നോക്കുക:

    "കേരള നാടുവാഴികളുടെ ആവശ്യങ്ങള്‍ വര്‍ധിച്ചപ്പോള്‍ ദരിദ്രരില്‍നിന്ന് കൂടുതല്‍ നികുതി പിരിയ്ക്കുകയും അവര്‍ക്ക് കൊടുക്കുന്നത് വീണ്ടും വീണ്ടും കുറയ്ക്കുകയും അവരില്‍നിന്ന് എടുക്കുന്നത് വീണ്ടും വീണ്ടും വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന എളുപ്പമാര്‍ഗമാണ് അവര്‍ അനുവര്‍ത്തിച്ചത്. മര്‍ദനപരമായ നികുതികളെ ജനങ്ങള്‍ ചെറുക്കുന്നത് തടയാന്‍വേണ്ടി കൈയേറി ഒഴിപ്പിക്കല്‍, ക്രൂരമായ ശിക്ഷ നല്‍കല്‍, ഭ്രഷ്ട് കല്‍പ്പിക്കല്‍ തുടങ്ങിയ ശക്തമായ ആയുധങ്ങളെടുത്ത് പ്രയോഗിച്ച് അവരെ നിസ്തേജരാക്കുകയും ചെയ്തിരുന്നു.''

    ReplyDelete
  2. This comment has been removed by the author.

    ReplyDelete