Friday, January 7, 2011

കെഎംഎംഎല്ലിന്റെ മികവില്‍ രാജ്യം ലോകത്തിന്റെ നെറുകയിലേക്ക്

കൊല്ലം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിലൂടെ ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക്. കെഎംഎംഎല്ലില്‍ ഫെബ്രുവരിയില്‍ ടൈറ്റാനിയം സ്പോഞ്ചിന്റെ ഉല്‍പ്പാദനം ആരംഭിക്കുന്നതോടെയാണ് രാജ്യം അപൂര്‍വ ബഹുമതിക്ക് അര്‍ഹമാകുന്നത്. ഒരുകാലത്ത് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കെഎംഎംഎല്ലിന്റെ അഭിവൃദ്ധിയിലേക്കുള്ള തിരിച്ചുവരവില്‍ രാജ്യത്തിന് അഭിമാനിക്കാവുന്ന അത്യാധുനിക സാങ്കേതികവിദ്യയും സ്വായത്തമാക്കുകയാണ്. നിലവില്‍ ടൈറ്റാനിയം സ്പോഞ്ച് ഉല്‍പ്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ സ്വന്തമായുള്ളത് അമേരിക്ക, ചൈന, റഷ്യ, ജപ്പാന്‍, ഉക്രൈന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കുമാത്രമാണ്. പ്ളാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ടൈറ്റാനിയം സ്പോഞ്ച് ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തെ മൂന്നാമത്തെ വലിയ രാജ്യമെന്ന പദവിയും ഇന്ത്യയ്ക്ക് കൈവരും.

പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫന്‍സ് മെറ്റലര്‍ജിക്കല്‍ റിസര്‍ച്ച് ലാബില്‍ രണ്ടുപതിറ്റാണ്ടായി നടന്നുവന്ന ഗവേഷണങ്ങളുടെ ഫലമായാണ് ടൈറ്റാനിയം ടെട്രാക്ളോറൈഡില്‍നിന്ന് ടൈറ്റാനിയം സ്പോഞ്ച് ഉല്‍പ്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ സ്വായത്തമായത്. പദ്ധതിയുടെ ആകെ ചെലവായ 143.11 കോടിയും ചെലവാക്കുന്നത് വിക്രംസാരാഭായ് സ്പേസ് സെന്ററാണ്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ 2006 ഡിസംബര്‍ 24ന് ശിലപാകിയ പദ്ധതി സമയബന്ധിതമായാണ് പൂര്‍ത്തിയാകുന്നത്. പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കെഎംഎംഎല്ലിന്റെ പ്രോജക്ട് വിഭാഗമാണ് നിര്‍വഹിക്കുന്നത്. ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്റെ സാന്നിധ്യത്തില്‍ വ്യവസായ മന്ത്രി എളമരം കരിം പ്രതിമാസ അവലോകനം നടത്തുന്നു. ടൈറ്റാനിയം

ഡൈഓക്സൈഡ് പിഗ്മെന്റ് ഗ്രേഡിനെ ഇരട്ട ശുദ്ധീകരണ പ്രക്രിയയിലൂടെ മെറ്റല്‍ ഗ്രേഡ് ടിക്കിള്‍ ആക്കിമാറ്റുന്ന ടിക്കിള്‍ പ്യൂരിഫിക്കേഷന്‍ പ്ളാന്റിന്റെ ഉദ്ഘാടനം ബുധനാഴ്ച വ്യവസായ മന്ത്രി എളമരം കരിം നിര്‍വഹിച്ചു. രാജ്യത്ത് പ്രതിവര്‍ഷം 350 മെട്രിക് ടണ്‍ ടൈറ്റാനിയം സ്പോഞ്ച് ഇറക്കുമതിചെയ്യുന്നു. ലോഹനാശത്തെ പ്രതിരോധിക്കാന്‍ കഴിവുള്ള ടൈറ്റാനിയം സ്പോഞ്ച് ആധുനിക വ്യവസായത്തിലെ അനിവാര്യഘടകമാണ്. റോക്കറ്റിന്റെയും വിമാനത്തിന്റെയും ഘടകങ്ങള്‍ നിര്‍മിക്കാനാണ് എയ്റോസ്പേസ് വ്യവസായത്തില്‍ ടൈറ്റാനിയം സ്പോഞ്ച് ഉപയോഗിക്കുന്നത്. രാജ്യത്ത് വര്‍ഷം 350 മെട്രിക് ടണ്‍ ടൈറ്റാനിയം സ്പോഞ്ച് ബഹിരാകാശ ഉപയോഗങ്ങള്‍ക്കും 400 ടണ്‍ ബയോമെഡിക്കല്‍ ഉപകരണ നിര്‍മാണത്തിനും കപ്പലുകളുടെയും അന്തര്‍വാഹികയുടെയും ഭാഗങ്ങള്‍ നിര്‍മിക്കാനും ആവശ്യമുണ്ട്. അണുശക്തി നിലയങ്ങള്‍, രാസവ്യവസായം, വാഹന നിര്‍മാണം, സിവില്‍ കണ്‍സ്ട്രക്ഷന്‍, റെയില്‍വേ, റോഡ് തുടങ്ങിയ മേഖലകളിലെല്ലാം ടൈറ്റാനിയം സ്പോഞ്ച് അനിവാര്യമാണ്. ചികിത്സാ രംഗത്ത് കൃത്രിമ എല്ലുകളുടെ നിര്‍മാണത്തിനാണ് സ്പോഞ്ച് മെറ്റല്‍ ഉപയോഗിക്കുന്നത്.

സ്പോഞ്ചിന്റെ വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് ടൈറ്റാനിയം ടെട്രാക്ളോറൈഡില്‍നിന്ന് ടൈറ്റാനിയം സ്പോഞ്ച് നിര്‍മാണത്തിനുള്ള ഗവേഷണം ഡിഫന്‍സ് മെറ്റലര്‍ജിക്കല്‍ റിസര്‍ച്ച് ലാബില്‍ ആരംഭിച്ചത്. വര്‍ഷം 500 മെട്രിക് ടണ്‍ ടൈറ്റാനിയം സ്പോഞ്ച് ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഭാവിയില്‍ ഉല്‍പ്പാദനം 1000 മെട്രിക് ടണ്ണായി വര്‍ധിപ്പിക്കും. ഉല്‍പ്പാദിപ്പിക്കുന്ന സ്പോഞ്ച് മെറ്റല്‍ 65 ശതമാനവും ഐഎസ്ആര്‍ഒ ഉപയോഗിക്കും. കയറ്റുമതിയിലൂടെ വന്‍ സാമ്പത്തികനേട്ടത്തിനും വഴിയൊരുങ്ങും. ടൈറ്റാനിയം സ്പോഞ്ചില്‍ സ്വയംപര്യാപ്തമാകുന്നത് വിമാന നിര്‍മാണ രംഗത്തേക്കുള്ള ഇന്ത്യയുടെ കാല്‍വയ്പിനും സഹായകമാകും.

deshabhimani kollam district news

1 comment:

  1. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിലൂടെ ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക്. കെഎംഎംഎല്ലില്‍ ഫെബ്രുവരിയില്‍ ടൈറ്റാനിയം സ്പോഞ്ചിന്റെ ഉല്‍പ്പാദനം ആരംഭിക്കുന്നതോടെയാണ് രാജ്യം അപൂര്‍വ ബഹുമതിക്ക് അര്‍ഹമാകുന്നത്. ഒരുകാലത്ത് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കെഎംഎംഎല്ലിന്റെ അഭിവൃദ്ധിയിലേക്കുള്ള തിരിച്ചുവരവില്‍ രാജ്യത്തിന് അഭിമാനിക്കാവുന്ന അത്യാധുനിക സാങ്കേതികവിദ്യയും സ്വായത്തമാക്കുകയാണ്. നിലവില്‍ ടൈറ്റാനിയം സ്പോഞ്ച് ഉല്‍പ്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ സ്വന്തമായുള്ളത് അമേരിക്ക, ചൈന, റഷ്യ, ജപ്പാന്‍, ഉക്രൈന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കുമാത്രമാണ്. പ്ളാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ടൈറ്റാനിയം സ്പോഞ്ച് ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തെ മൂന്നാമത്തെ വലിയ രാജ്യമെന്ന പദവിയും ഇന്ത്യയ്ക്ക് കൈവരും.

    ReplyDelete