Thursday, January 6, 2011

ബംഗാളില്‍ കോണ്‍ഗ്രസിന്റേത് തീക്കളി

ഇന്ത്യയെ നേരിടുന്ന ആഭ്യന്തരഭീഷണികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മാവോയിസ്റ്റുകളുടെ ആക്രമണമാണെന്ന് ഒരു ഘട്ടത്തില്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം, ഇപ്പോള്‍ പ്ളേറ്റ് മാറ്റിവെച്ചിരിക്കുകയാണ്. പശ്ചിമബംഗാളില്‍ ആകെ അരക്ഷിതാവസ്ഥയാണെന്ന് അസംബ്ളി തെരഞ്ഞെടുപ്പിന് മുമ്പ് വരുത്തിത്തീര്‍ക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചരണതന്ത്രത്തിന് ഒത്താശ പകര്‍ന്നുകൊണ്ട്, അദ്ദേഹം വീണ്ടും സംസ്ഥാന ഗവണ്‍മെന്റിനും അതിനെ നയിക്കുന്ന സിപിഐ എമ്മിനും എതിരായി തിരിഞ്ഞിരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയതാല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടി കേന്ദ്ര ആഭ്യന്തരവകുപ്പ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിക്ക് അയച്ച വിവാദമായ കത്ത് അതാണ് വെളിപ്പെടുത്തുന്നത്. "സിപിഐ എം പ്രവര്‍ത്തകര്‍ നിയമനം കൈയിലെടുക്കുന്നുവെന്നും സിപിഐ എമ്മിന്റെ സായുധസംഘങ്ങളെ പിരിച്ചുവിടണമെന്നും'' പ്രസ്താവിക്കുന്ന ചിദംബരത്തിന്റെ കത്ത് മൂന്ന് തലത്തില്‍ പ്രതിഷേധാര്‍ഹമാണ്.

ഒന്നാമത്, ഫെഡറല്‍ സംവിധാനത്തിന്‍ കീഴില്‍ ക്രമസമാധാനപാലനം സംസ്ഥാന വിഷയമായിരിക്കെ, സംസ്ഥാനത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനുള്ള കേന്ദ്രമന്ത്രിയുടെ ശ്രമം അപലപനീയമാണ്. സംസ്ഥാന ഗവണ്‍മെന്റിന്റെ ഏതെങ്കിലും നടപടിയില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് ഉന്നയിക്കേണ്ട വേദികളില്‍ ഉന്നയിക്കുന്നതിന് പകരം മുഖ്യമന്ത്രിക്ക് പരസ്യമായി കത്തയയ്ക്കുകയുംഡിസംബര്‍ 21ന് എഴുതിയ കത്ത് ഡിസംബര്‍ 27ന് കല്‍ക്കത്തില്‍ എത്തുംമുമ്പ് അത് പത്രക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്ത് വിവാദമാക്കുകയുംചെയ്ത കേന്ദ്രമന്ത്രിയുടെ നടപടി സുഗമമായ കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ക്ക് വിഘാതമാണ്.

രണ്ടാമത്, തികച്ചും വസ്തുതാവിരുദ്ധവും ശുദ്ധ അസംബന്ധവുമാണ്, ചിദംബരത്തിന്റെ കത്തിലെ ആരോപണങ്ങള്‍. 2010 വര്‍ഷത്തില്‍ പശ്ചിമബംഗാളില്‍ 185 സിപിഐ എം പ്രവര്‍ത്തകരെയാണ് മാവോയിസ്റ്റുകള്‍ നിഷ്കരുണം കൊലപ്പെടുത്തിയത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം അവിടെ 252 സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഈ കാലയളവില്‍ 350ല്‍പരം ഇടതുപക്ഷമുന്നണി പ്രവര്‍ത്തകരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. സിപിഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളായ മേദിനിപ്പൂര്‍, ബാങ്കുറ, പുരൂളിയ എന്നീ മൂന്ന് ജില്ലകളിലാണ് ഈ കൊലപാതകങ്ങളില്‍ മഹാഭൂരിഭാഗവും നടന്നിട്ടുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റ്റുകളും സംഘടിതമായി നടത്തുന്ന ഇത്തരം ആക്രമണങ്ങളില്‍നിന്ന് ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടി പലായനംചെയ്ത സിപിഐ എം പ്രവര്‍ത്തകര്‍, അഭയാര്‍ഥി ക്യാമ്പുകളില്‍ അഭയംതേടാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഇത്തരം അഭയാര്‍ഥി ക്യാമ്പുകളെയാണ് "സിപിഐ എമ്മിന്റെ സായുധസംഘങ്ങളെന്നും'' "താവളങ്ങളെ''ന്നും ചിദംബരം വിശേഷിപ്പിക്കുന്നത്. ഇരകളെ വേട്ടപ്പട്ടികളാക്കി ചിത്രീകരിക്കുന്ന ഗീബല്‍സിയന്‍ തന്ത്രമല്ലാതെ മറ്റൊന്നുമല്ല ഇത്.

മൂന്നാമത്, കേന്ദ്രസേനയുടെയും സംസ്ഥാന പൊലീസിന്റെയും സംഘടിതമായ നീക്കംമൂലം മേല്‍പറഞ്ഞ മൂന്ന് ജില്ലകളില്‍ മാവേയിസ്റ്റ് ആക്രമണം ഒട്ടൊക്കെ നിയന്ത്രണവിധേയമാക്കുന്നതിനും സമാധാനനില പുനഃസ്ഥാപിക്കുന്നതിനും ബുദ്ധദേവ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. തൃണമൂല്‍-മാവോയിസ്റ്റ് അക്രമം ഭയന്ന് പലായനംചെയ്തവര്‍, തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. 1971-77 കാലത്തെ അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ച തിരിച്ചുകൊണ്ടുവരാമെന്ന് മോഹിക്കുന്ന സിദ്ധാര്‍ഥ ശങ്കര്‍റെയുടെ ശിഷ്യര്‍ക്ക്, ഒട്ടും ഇഷ്ടപ്പെടുന്ന കാര്യമല്ല ഇത്. അരാജകത്വം നടപ്പാക്കിക്കൊണ്ട് 1972ലെപോലെ അസംബ്ളി തെരഞ്ഞെടുപ്പില്‍ വിജയം പിടിച്ചെടുക്കാനാണ് തൃണമൂലും കോണ്‍ഗ്രസും കൂട്ടരും ലക്ഷ്യംവച്ചിരിക്കുന്നത്. ജംഗല്‍ മഹലില്‍നിന്ന് കേന്ദ്രസേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കേന്ദ്രസേനയെ സിപിഐ എം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നുവെന്ന് ആരോപിച്ചുകൊണ്ടും മമതാ ബാനര്‍ജി പ്രസിഡന്റിന് നിവേദനം സമര്‍പ്പിച്ചത് അതിന്റെ ഭാഗമാണ്.

കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം അയച്ച, പശ്ചിമബംഗാളിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്ന, ഇരയെ വേട്ടപ്പട്ടിയാക്കുന്ന കത്ത് കടുത്ത വിമര്‍ശനത്തിന് ഇരയായത് ഈ പശ്ചാത്തലത്തിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പദവിക്ക് ഒട്ടും നിരക്കാത്ത ഈ നടപടി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ദുഷ്ടലക്ഷ്യം നിറവേറ്റുന്നതിനുള്ള കോണ്‍ഗ്രസിന്റെ കുത്സിതനീക്കമല്ലാതെ മറ്റൊന്നുമല്ല.

ചിന്ത മുഖപ്രസംഗം 070111

1 comment:

  1. ഇന്ത്യയെ നേരിടുന്ന ആഭ്യന്തരഭീഷണികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മാവോയിസ്റ്റുകളുടെ ആക്രമണമാണെന്ന് ഒരു ഘട്ടത്തില്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം, ഇപ്പോള്‍ പ്ളേറ്റ് മാറ്റിവെച്ചിരിക്കുകയാണ്. പശ്ചിമബംഗാളില്‍ ആകെ അരക്ഷിതാവസ്ഥയാണെന്ന് അസംബ്ളി തെരഞ്ഞെടുപ്പിന് മുമ്പ് വരുത്തിത്തീര്‍ക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചരണതന്ത്രത്തിന് ഒത്താശ പകര്‍ന്നുകൊണ്ട്, അദ്ദേഹം വീണ്ടും സംസ്ഥാന ഗവണ്‍മെന്റിനും അതിനെ നയിക്കുന്ന സിപിഐ എമ്മിനും എതിരായി തിരിഞ്ഞിരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയതാല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടി കേന്ദ്ര ആഭ്യന്തരവകുപ്പ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിക്ക് അയച്ച വിവാദമായ കത്ത് അതാണ് വെളിപ്പെടുത്തുന്നത്. "സിപിഐ എം പ്രവര്‍ത്തകര്‍ നിയമനം കൈയിലെടുക്കുന്നുവെന്നും സിപിഐ എമ്മിന്റെ സായുധസംഘങ്ങളെ പിരിച്ചുവിടണമെന്നും'' പ്രസ്താവിക്കുന്ന ചിദംബരത്തിന്റെ കത്ത് മൂന്ന് തലത്തില്‍ പ്രതിഷേധാര്‍ഹമാണ്.

    ReplyDelete