Thursday, January 6, 2011

യു പിയില്‍ പുതിയ മുസ്‌ലിം പാര്‍ട്ടികള്‍ രൂപംകൊള്ളുന്നു

ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലെ പുതിയൊരു പ്രവണത പുതിയ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളുടെ ഉദയമാണ്. ഒരു സമുദായമെന്ന നിലയില്‍ മുസ്‌ലിങ്ങളുടെ പിന്തുണ അവകാശപ്പെടുന്ന പാര്‍ട്ടികളാണ് കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി (എസ് പി), ബഹുജന്‍സമാജ് പാര്‍ട്ടി (ബി എസ് പി) എന്നിവ. പുതിയ മുസ്‌ലിം പാര്‍ട്ടികള്‍ രൂപം കൊള്ളുന്നത് കോണ്‍ഗ്രസിനെയും എസ് പിയെയും ബി എസ് പിയെയും അസ്വസ്ഥമാക്കുന്നുണ്ട്. മുസ്‌ലിം സമുദായത്തിനിടയിലെ സ്വാധീനം പുതിയ പാര്‍ട്ടികള്‍ ഉയര്‍ന്നുവരുന്നത് നഷ്ടപ്പെടുത്തുമെന്നാണ് ഈ പാര്‍ട്ടികളുടെ ഭയം. പീസ് പാര്‍ട്ടി ഓഫ് ഇന്ത്യ (പി പി ഐ)യാണ് പുതുതായി രംഗത്തുവന്ന മുസ്‌ലിം പാര്‍ട്ടികളില്‍ പ്രധാനപ്പെട്ടത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നുനടന്ന ഉപതിരഞ്ഞെടുപ്പുകളിലും ശക്തി തെളിയിക്കാന്‍ പി പി ഐക്ക് കഴിഞ്ഞിരുന്നു. ഈ പാര്‍ട്ടിയുടെ ചുവടു പിടിച്ച് ഉലമ കൗണ്‍സിലും മുന്‍ എം പി ഇല്യാസ് അഡ്മിയും പുതിയ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കിഴക്കന്‍ യു പിയിലെ ബര്‍ഹാല്‍ ഗഞ്ചിലെ പ്രമുഖ സര്‍ജനായ ഡോ. അയൂബ് മൂന്നു വര്‍ഷം മുമ്പാണ് പീസ് പാര്‍ട്ടി രൂപീകരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും ഏതാനും മണ്ഡലങ്ങളില്‍ മതേതര കക്ഷികളുടെ സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുന്നതിന് പീസ് പാര്‍ട്ടിയുടെ സാന്നിധ്യം ഇടയാക്കിയിരുന്നു. 2012 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 403 സീറ്റുകളില്‍ 350 എണ്ണത്തിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നാണ് ഡോ. അയൂബ് ഈയിടെ പറഞ്ഞത്. അഴിമതിക്ക് എതിരെ ക്യാമ്പയിന്‍ നടത്തുന്ന ഡോ. അയൂബ് മുസ്‌ലിങ്ങള്‍ക്കും ദളിതര്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കും സാമൂഹ്യ നീതി ഉറപ്പാക്കാനാണ് തന്റെ ശ്രമമെന്നാണ് അവകാശപ്പെടുന്നത്. തുടക്കത്തില്‍ രാം വിലാസ് പസ്വാന്റെ എല്‍ ജെ പി, മൊമിന്‍ കോണ്‍ഫറന്‍സ്, ഉദിത്‌രാജിന്റെ ഇന്ത്യന്‍ ജസ്റ്റിസ് പാര്‍ട്ടി, ഓം പ്രകാശ് രാജ്ധറ്റിന്റെ ഭാരതീയ സമാജ് പാര്‍ട്ടി എന്നിവയുമായി ഡോ. അയൂബ് ധാരണയുണ്ടാക്കിയിരുന്നു. എന്നാല്‍ കുറേ കഴിഞ്ഞപ്പോള്‍ സ്വന്തമായി മത്സരിക്കാന്‍ പീസ് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ലഖിംപൂര്‍ഖേരി മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ പീസ് പാര്‍ട്ടി സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. സ്ഥാനാര്‍ഥിയാണെങ്കില്‍ ബ്രാഹ്മണനും. ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കെട്ടിവെച്ച പണം നഷ്ടപ്പെട്ടു എന്നു മാത്രമല്ല, നാലാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. ലഖിംപൂര്‍ഖേരി ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സഫര്‍ അലി നഖ്‌വിയുടെ പുത്രനായിരുന്നു നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ദുമാരിയാഗഞ്ച് മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയേക്കാള്‍ വോട്ടു നേടിയത് പീസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നു.

മുസ്‌ലിം യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുസ്‌ലിംങ്ങളുടെ പ്രശ്‌നങ്ങളോടു കാണിക്കുന്ന അവഗണനയുമാണ് ഡോ. അയൂബിന്റെ മുഖ്യപ്രചരണം. ഇപ്പോള്‍ കിഴക്കന്‍ യു പിയിലാണ് പീസ് പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനം ക്രമേണ വ്യാപിച്ചുവരികയാണ്.

ഉലമാ കൗണ്‍സിലാണ് മറ്റൊരു പുതിയ പാര്‍ട്ടി. അസംഗഡിലെ പ്രമുഖരായ മുസ്‌ലിം പുരോഹിതന്‍മാരാണ് ഈ പാര്‍ട്ടിയുടെ പിന്നിലുള്ളത്. ഡല്‍ഹി ജാമിയ മിലിയയുടെ സമീപത്തെ ബാട്‌ല ഹൗസില്‍ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ഉലമ കൗണ്‍സില്‍ രൂപം കൊണ്ടത്. രണ്ടു മുസ്‌ലിം യുവാക്കളെ ഭീകരവാദികളായി ചിത്രീകരിച്ച് പൊലീസ് വെടിവെച്ചുകൊന്നിരുന്നു.

അസംഗഡില്‍ ഇവര്‍ക്ക് ബന്ധങ്ങളുണ്ടെന്ന് ആരോപിച്ച് അസംഗഡിലെ നിരവധി മുസ്‌ലിം യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. മുസ്‌ലിം യുവാക്കളെ ആസൂത്രിതമായി പീഡിപ്പിക്കുകയാണെന്നാണ് അസംഗഡിലെ മുസ്‌ലിംങ്ങളുടെ പൊതുവികാരം. ഈയിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചില വാര്‍ഡുകളില്‍ ഉലമ കൗണ്‍സില്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു.

ബി എസ് പിയുടെ മുന്‍ എം പിയായ ഇല്യാസ് അസ്മിയുടെ പുതിയ പാര്‍ട്ടിയുടെ ലക്ഷ്യം മുസ്‌ലിംങ്ങളെയും ദളിതരേയും യോജിപ്പിക്കുകയാണ്. ബി എസ് പിയെയാണ് പുതിയ പാര്‍ട്ടി ഏറേയും ദോഷകരമായി ബാധിക്കുക.
 
പ്രദീപ്കപൂര്‍ ജനയുഗം 060111

1 comment:

  1. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലെ പുതിയൊരു പ്രവണത പുതിയ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളുടെ ഉദയമാണ്. ഒരു സമുദായമെന്ന നിലയില്‍ മുസ്‌ലിങ്ങളുടെ പിന്തുണ അവകാശപ്പെടുന്ന പാര്‍ട്ടികളാണ് കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി (എസ് പി), ബഹുജന്‍സമാജ് പാര്‍ട്ടി (ബി എസ് പി) എന്നിവ. പുതിയ മുസ്‌ലിം പാര്‍ട്ടികള്‍ രൂപം കൊള്ളുന്നത് കോണ്‍ഗ്രസിനെയും എസ് പിയെയും ബി എസ് പിയെയും അസ്വസ്ഥമാക്കുന്നുണ്ട്. മുസ്‌ലിം സമുദായത്തിനിടയിലെ സ്വാധീനം പുതിയ പാര്‍ട്ടികള്‍ ഉയര്‍ന്നുവരുന്നത് നഷ്ടപ്പെടുത്തുമെന്നാണ് ഈ പാര്‍ട്ടികളുടെ ഭയം. പീസ് പാര്‍ട്ടി ഓഫ് ഇന്ത്യ (പി പി ഐ)യാണ് പുതുതായി രംഗത്തുവന്ന മുസ്‌ലിം പാര്‍ട്ടികളില്‍ പ്രധാനപ്പെട്ടത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നുനടന്ന ഉപതിരഞ്ഞെടുപ്പുകളിലും ശക്തി തെളിയിക്കാന്‍ പി പി ഐക്ക് കഴിഞ്ഞിരുന്നു. ഈ പാര്‍ട്ടിയുടെ ചുവടു പിടിച്ച് ഉലമ കൗണ്‍സിലും മുന്‍ എം പി ഇല്യാസ് അഡ്മിയും പുതിയ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

    ReplyDelete