Saturday, January 8, 2011

ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക് ഒന്നാം ഘട്ടം

ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക് ഒന്നാം ഘട്ടം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ചേര്‍ത്തല: കേരള സര്‍ക്കാരിന്റെ നാലാമത്തെ ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല പള്ളിപ്പുറത്ത് ഞായറാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സഹകരണ-കയര്‍ മന്ത്രി ജി സുധാകരന്‍ അധ്യക്ഷനാകും. 500 കോടിയുടെ പദ്ധതിയില്‍ 20,000 പേര്‍ക്ക് തൊഴില്‍ പ്രതീക്ഷിക്കുന്നതായി പി തിലോത്തമന്‍ എംഎല്‍എയും കലക്ടര്‍ പി വേണുഗോപാലും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ സി വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തും.

പള്ളിപ്പുറം വ്യവസായ വളര്‍ച്ചാകേന്ദ്രത്തില്‍ എംഎല്‍എ റോഡിനോട് ചേര്‍ന്ന് ഏറ്റെടുത്ത 66 ഏക്കറിലാണ് ഇന്‍ഫോപാര്‍ക്ക്. കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ ഉപകേന്ദ്രമാണിത്. 60 ഏക്കര്‍ പ്രത്യേക സാമ്പത്തികമേഖലയാണ്. ഒന്നാം ഘട്ടത്തില്‍ നിര്‍മിക്കുന്ന 2.4 ലക്ഷം ചതുരശ്രഅടി വിസ്തൃതിയുള്ള ഐടി കമ്പനി സമുച്ചയത്തിന്റെ ഒരുലക്ഷം ചതുരശ്ര അടി വിസ്തൃതിയിലെ ബ്ളോക്കാണ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്നത്. 2009 ഫെബ്രുവരി 22നാണ് മുഖ്യമന്ത്രി ഇന്‍ഫോപാര്‍ക്കിന് ശിലയിട്ടത്. രണ്ടുവര്‍ഷത്തിനകം ഇന്‍ഫോപാര്‍ക്ക് പ്രവര്‍ത്തനസജ്ജമാകുന്നത് കേരള ഐടിയുടെ നേട്ടമാണെന്ന് അധികൃതര്‍ പറഞ്ഞു. സോഫ്റ്റ്വെയര്‍ ബിപിഒ കമ്പനികള്‍ ഇവിടെ ആരംഭിക്കുമ്പോള്‍ 80 ശതമാനം തൊഴിലവസരവും തദ്ദേശീയര്‍ക്ക് നല്‍കും. ഒന്നാം ഘട്ടത്തില്‍ 1400 പേര്‍ക്കുവരെ തൊഴില്‍ ലഭിക്കും. ആദ്യഘട്ടത്തിന്റെ 1.4 ലക്ഷം ചതുരശ്ര അടി കെട്ടിടം മെയ്മാസം പൂര്‍ത്തിയാകും. ഇതോടെ 2800 പേര്‍ക്കുവരെ തൊഴില്‍ ലഭിക്കും.

രണ്ട് പ്രശസ്ത കമ്പനികള്‍ ഒന്നാംഘട്ടത്തില്‍ സംരംഭം ആരംഭിക്കാനെത്തിയിട്ടുണ്ട്. ഏറ്റവും ആധുനികസംവിധാനങ്ങളും സൌകര്യങ്ങളും ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിന്റെ സവിശേഷതയാണ്. ബിഎസ്എന്‍എല്‍, റിലയന്‍സ് എന്നിവയുടെ കണക്ടിവിറ്റിയും ലഭ്യമാണ്. 110 കെവി സബ്സ്റ്റേഷനുകളും നാലുലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉപരിതല ജലസംഭരണിയും 8 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂഗര്‍ഭജലസംഭരണിയും ഇവിടെ സജ്ജമായി. 20 മുറികളുള്ള അതിഥിമന്ദിരം ഉടന്‍ നിര്‍മിക്കും. മൂന്നുമുതല്‍ എട്ടുവരെ ഏക്കര്‍ സ്ഥലം ഐടി കമ്പനികള്‍ക്ക് നല്‍കിയാകും വികസനം പൂര്‍ണമാക്കുക. 300 വനിതകള്‍ക്ക് താമസിക്കാനുള്ള ഹോസ്റ്റലിന്റെ നിര്‍മാണോദ്ഘാടനവും ഞായറാഴ്ച മുഖ്യമന്ത്രി നിര്‍മിക്കും. സീനിയര്‍ ടെക്നിക്കല്‍ അഡ്വൈസര്‍ കെ കുര്യനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

678 റോഡുകളുടെ നവീകരണത്തിന് ഭരണാനുമതി

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനുകീഴിലേ 678 റോഡുകളുടെ നവീകരണത്തിനുകൂടി ഭരണാനുമതി. 700 റോഡുകള്‍ക്കുകൂടി ഈയാഴ്ച ഭരണാനുമതി നല്‍കും. ആദ്യഘട്ടമായി ഒരാഴ്ച മുമ്പ് 789 റോഡുകളുടെ നവീകരണത്തിന് ഭരണാനുമതിയായിരുന്നു. ഇതോടെ 2167 റോഡുകളുടെ നവീകരണം യാഥാര്‍ഥ്യമാകും. രണ്ടാംഘട്ടം ഭരണാനുമതി നല്‍കിയ 678 റോഡുകളുടെ നവീകരണത്തിന് 170.08 കോടിരൂപ അനുവദിച്ചു. തിരുവനന്തപുരം 50, കൊല്ലം 61, പത്തനംതിട്ട 29, ആലപ്പുഴ 70, കോട്ടയം 44, ഇടുക്കി 8, എറണാകുളം 96, തൃശൂര്‍ 82, പാലക്കാട് 18, മലപ്പുറം 43, കോഴിക്കോട് 21, വയനാട് 13, കണ്ണൂര്‍ 43, കാസര്‍കോട് 14 എന്നിങ്ങനെയാണ് രണ്ടാം ഘട്ടത്തില്‍ അനുമതി നല്‍കിയ റോഡുകള്‍. മൂന്നാം ഘട്ടം തിരുവനന്തപുരം 61, കൊല്ലം 54, പത്തനംതിട്ട 88, ആലപ്പുഴ 75, കോട്ടയം 46, ഇടുക്കി 36, എറണാകുളം 117, തൃശൂര്‍ 64, പാലക്കാട് 57, മലപ്പുറം 12 , കോഴിക്കോട് 24, വയനാട് 13, കണ്ണൂര്‍ 21, കാസര്‍കോട് 21 എന്നിങ്ങനെ അനുമതി നല്‍കും. ഇതിന് 150 കോടിരൂപ വേണ്ടിവരും. ആദ്യഘട്ടത്തിലെ 789 റോഡുകളുടെ നവീകരണത്തിന് 170 കോടിരൂപയാണ് അനുവദിച്ചത്. ഇതോടെ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ നവീകരണത്തിന് വിനിയോഗിക്കുന്ന തുക 500 കോടിയോളമാവും. രണ്ടാം ഘട്ട നവീകരണപ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചക്കുള്ളിലും മൂന്നാംഘട്ടം രണ്ടാഴ്ചക്കുള്ളിലും ആരംഭിക്കും.

പൊതുമരാമത്ത് റോഡുകളും തദ്ദേശഭരണസ്ഥാപനങ്ങളുടെ അധീനതയിലുള്ള റോഡുകളും സഞ്ചാരയോഗ്യമാക്കാന്‍ 718 കോടി രൂപയും വെള്ളപ്പൊക്ക ദുരിതാശ്വാസപദ്ധതിയില്‍ ഉള്‍പ്പെടുത്തി 130 കോടിരൂപയും അനുവദിച്ചിരുന്നു. പൊതുമരാമത്ത് ഫണ്ടില്‍ ഉള്‍പ്പെടുത്തി 236 കോടിരൂപ പഞ്ചായത്ത് റോഡുകളുടെ നവീകരണത്തിന് അനുവദിച്ചിട്ടുണ്ട്.

ദേശാഭിമാനി 080111

1 comment:

  1. കേരള സര്‍ക്കാരിന്റെ നാലാമത്തെ ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല പള്ളിപ്പുറത്ത് ഞായറാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സഹകരണ-കയര്‍ മന്ത്രി ജി സുധാകരന്‍ അധ്യക്ഷനാകും. 500 കോടിയുടെ പദ്ധതിയില്‍ 20,000 പേര്‍ക്ക് തൊഴില്‍ പ്രതീക്ഷിക്കുന്നതായി പി തിലോത്തമന്‍ എംഎല്‍എയും കലക്ടര്‍ പി വേണുഗോപാലും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ സി വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തും.

    ReplyDelete