Thursday, February 17, 2011

അരിവിഹിതം വര്‍ധിപ്പിക്കാന്‍ എം പിമാര്‍ സമ്മര്‍ദ്ദം ചെലുത്തണം: മുഖ്യമന്ത്രി

സംസ്ഥാനത്തിനുള്ള എ പി എല്‍ അരിവിഹിതം 1.25 ലക്ഷം ടണ്‍ ആയും ഗോതമ്പു വിഹിതം അരലക്ഷം ടണ്‍ ആയും വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളോട് ആവശ്യപ്പെട്ടു. വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കുകയും രണ്ടര ലക്ഷം വരുന്ന പുതിയ റേഷന്‍ കാര്‍ഡുകാര്‍ക്ക് മണ്ണെണ്ണ നല്‍കുന്നതിന് 1200 കിലോ ലിറ്റര്‍ അധികമായി ലഭ്യമാക്കുന്നതിനും ഇടപെടലുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര റയില്‍വേ, പൊതു ബജറ്റുകള്‍ക്ക് മുന്നോടിയായി വിളിച്ചുചേര്‍ത്ത എം പിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാലുവര്‍ഷം മുമ്പ് 1,13,420 ടണ്‍ ആയിരുന്ന എ പി എല്‍ വിഭാഗത്തിന്റെ അടിസ്ഥാന വിഹിതം പതിനേഴായിരത്തോളം ടണ്ണായി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്തിന് അനുവദിച്ച അധികവിഹിതത്തിന്റെ കാലപരിധിയും അവസാനിച്ചിരിക്കുകയാണ്. ഇത് പുനസ്ഥാപിക്കുന്നതിക്കണമെന്ന് എം പിമാര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടണം. റേഷന്‍കടകളിലൂടെ 13 ഇന അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിക്ക് കേന്ദ്രസഹായം ലഭ്യമാക്കാനും മുന്‍കൈയെടുക്കണം. വിലക്കയറ്റം തടയാന്‍ കേരളം സ്വീകരിച്ച നടപടികളെ പുകഴ്ത്തുന്ന കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ സംസ്ഥാനത്തിനാവശ്യമായ സഹായം ലഭ്യമാക്കാന്‍ തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്ന് 1145 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. ഇതു സംബന്ധിച്ച കണക്കെടുപ്പ് നടത്തിയെങ്കിലും ദുരിതാശ്വാസ ധനസഹായം നല്‍കാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യത്തിലും അടിയന്തര ഇടപെടല്‍ വേണം. വല്ലാര്‍പാടം പദ്ധതി യാഥാര്‍ഥ്യമായ സാഹചര്യത്തില്‍ കൊച്ചിന്‍ മെട്രോ പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമെന്ന നിലയില്‍ ഉടന്‍ അംഗീകാരം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണം. സംസ്ഥാനം സ്ഥലമേറ്റെടുത്ത് നല്‍കിയിട്ടും കേന്ദ്ര റെയില്‍വേ മന്ത്രാലയം അമാന്തം കാട്ടുന്ന പാലക്കാട് കോച്ച് ഫാക്ടറി, ചേര്‍ത്തലയിലെ നിര്‍ദിഷ്ട വാഗണ്‍ നിര്‍മാണ ശാല എന്നിവയുടെ കാര്യവും ശ്രദ്ധയില്‍കൊണ്ടുവരേണ്ടതുണ്ട്.

വെട്ടിക്കുറച്ച വൈദ്യുതവിഹിതം പുനസ്ഥാപിക്കുന്ന കാര്യവും എം പിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കണം. ചീമേനി, ബ്രഹ്മപുരം താപനിലയങ്ങള്‍ക്കാവശ്യമായ പ്രകൃതിവാതകം ഉറപ്പാക്കാനും എല്‍ എന്‍ ജി ടെര്‍മിനല്‍ വരുന്നതിന് മുമ്പുതന്നെ പൈപ്പുകള്‍ സജ്ജമാക്കാനും സംസ്ഥാന വിഹിതവും ന്യായവിലയും നിശ്ചയിക്കാനും സമ്മര്‍ദം ചെലുത്തണം. സംസ്ഥാനത്ത് ഐ ഐ ടി അനുവദിക്കണമെന്ന ആവശ്യത്തോടൊപ്പം കേന്ദ്രസര്‍വകലാശാലയുടെ സ്ഥലനിര്‍ണയത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കുന്നതിനും നിര്‍മാണ പ്രവൃത്തി ഉടന്‍ തുടങ്ങുന്നതിനും വേണ്ടത് ചെയ്യണം. തൃശൂരില്‍ ലോകനിലവാരത്തിലുള്ള സര്‍വകലാശാലയ്ക്കും മലപ്പുറത്ത് അലിഗഢ് സര്‍വകലാശാലയ്ക്കും സര്‍ക്കാര്‍ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്, കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നാണ് തുടര്‍ നടപടി വേണ്ടത്. സംസ്ഥാനത്ത് സി ബി എസ് ഇ ഉള്‍പ്പെടെ കേന്ദ്രസിലബസ് നിലവിലുള്ള സ്‌കൂളുകളില്‍ മാതൃഭാഷ നിര്‍ബന്ധമാക്കുന്നതിനും നടപടിയുണ്ടാകേണ്ടതുണ്ട്. ഈ വിഷയത്തിലും എം പിമാര്‍ പ്രത്യേകം താല്പര്യമെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനമന്ത്രിമാര്‍, പാര്‍ലമെന്റംഗങ്ങള്‍, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ജനയുഗം 170211

1 comment:

  1. സംസ്ഥാനത്തിനുള്ള എ പി എല്‍ അരിവിഹിതം 1.25 ലക്ഷം ടണ്‍ ആയും ഗോതമ്പു വിഹിതം അരലക്ഷം ടണ്‍ ആയും വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളോട് ആവശ്യപ്പെട്ടു. വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കുകയും രണ്ടര ലക്ഷം വരുന്ന പുതിയ റേഷന്‍ കാര്‍ഡുകാര്‍ക്ക് മണ്ണെണ്ണ നല്‍കുന്നതിന് 1200 കിലോ ലിറ്റര്‍ അധികമായി ലഭ്യമാക്കുന്നതിനും ഇടപെടലുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര റയില്‍വേ, പൊതു ബജറ്റുകള്‍ക്ക് മുന്നോടിയായി വിളിച്ചുചേര്‍ത്ത എം പിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

    ReplyDelete