Wednesday, February 16, 2011

ലൈവ്സ്റ്റോക്ക് ഇന്‍ഷുറന്‍സ് പദ്ധതിയിലും കേരളം ഇന്ത്യയ്ക്ക് മാതൃക

കരുനാഗപ്പള്ളി: നൂറുശതമാനം ലൈവ്സ്റ്റോക്ക് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയ രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. എല്ലാ ക്ഷീരകര്‍ഷകര്‍ക്കും കാലിത്തീറ്റ സബ്സിഡി ഏര്‍പ്പെടുത്തി. രണ്ടുലക്ഷം ക്ഷീരകര്‍ഷകരെ ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവന്നതും ക്ഷീരകര്‍ഷകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. കരുനാഗപ്പള്ളിയില്‍ കേരള ഫീഡ്സ് ഹൈടെക് കാലിത്തീറ്റ ഫാക്ടറി ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മൃഗസംരക്ഷണമേഖലയില്‍ കഴിഞ്ഞ 57 മാസക്കാലയളവിനുള്ളില്‍ വലിയ പുരോഗതിയാണ് ഉണ്ടായത്. സംസ്ഥാനത്ത് പാല്‍ ഉല്‍പ്പാദനത്തില്‍ അഞ്ചുകൊല്ലംകൊണ്ട് എട്ടുലക്ഷം ടണ്ണിന്റെ വര്‍ധനയുണ്ടായി. ഇത് സര്‍വകാല റെക്കോഡാണ്. കഴിഞ്ഞ ഒരുവര്‍ഷക്കാലയളവില്‍ 12000 ഹെക്ടറില്‍നിന്ന് 15110 ഹെക്ടറിലേക്ക് കാലിത്തീറ്റകൃഷി വ്യാപിപ്പിക്കാന്‍ കഴിഞ്ഞതിന്റെകൂടി ഫലമായാണ് ക്ഷീരോല്‍പ്പാദനത്തിലെ ഗണ്യമായ വര്‍ധന. മൃഗസംരക്ഷണ-ക്ഷീരവികസന മേഖലയില്‍ പുരോഗതിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വെറ്ററിനറി സര്‍വകലാശാല ആരംഭിച്ചു. കേരളത്തിലെ വിപണിയിലെ കാലിത്തീറ്റയുടെ വില നിയന്ത്രിച്ചുനിര്‍ത്താന്‍ കേരള ഫീഡ്സിന് സാധിക്കുന്നുണ്ട്. ചെറിയ ലാഭമെടുത്ത് കര്‍ഷകര്‍ക്ക് പരമാവധി വിലകുറച്ച് കാലിത്തീറ്റ നല്‍കാനാണ് കമ്പനിശ്രമം. സംസ്ഥാനത്ത് കേരള ഫീഡ്സിന്റെ വിപണി വിഹിതം 25 ശതമാനമാണ് ഇപ്പോള്‍. കരുനാഗപ്പള്ളിയിലെ ഫാക്ടറിയുടെ പ്രവര്‍ത്തനത്തോടെ ഇത് 40 ശതമാനമായി ഉയരും. ഭക്ഷ്യസുരക്ഷാ സംരംഭങ്ങളെ ലക്ഷ്യപ്രാപ്തിയില്‍ എത്തിക്കുന്നതില്‍ ഈ ഫാക്ടറിക്ക് വലിയ പങ്ക് വഹിക്കാനാകും. പ്രതിദിനം 300 ടണ്‍ ഉല്‍പ്പാദനം വൈകാതെ 500 ടണ്‍ ആയി ഉയര്‍ത്താനും നടപടി ഉണ്ടാകും.

സംസ്ഥാനത്ത് പാല്‍ക്ഷാമം വീണ്ടും രൂക്ഷമായിരിക്കുകയാണ്. ആവശ്യാനുസരണം പാല്‍ ഉല്‍പ്പാദനം വര്‍ധിക്കുന്നില്ലെന്നതാണ് പ്രധാനപ്രശ്നം. വര്‍ധിച്ച പാലുല്‍പ്പാദനശേഷിയുള്ള പശുക്കളെ ലഭ്യമാക്കുക, കൂടുതല്‍ കൃഷിക്കാരെ ക്ഷീരോല്‍പ്പാദന മേഖലയിലേക്ക് ആകര്‍ഷിക്കുക, കൃഷിക്കാരുടെ വരുമാനം ഗണ്യമായി വര്‍ധിപ്പിക്കുക, കാലിത്തീറ്റ ആവശ്യാനുസരണവും ന്യായവിലയിലും ലഭ്യമാക്കുക എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനപദ്ധതികള്‍ ഈ മേഖലയില്‍ നടപ്പാക്കി പാലിനും മുട്ടയ്ക്കും ഇറച്ചിക്കും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ ഇല്ലാതാക്കാനാണ് മൃഗസംരക്ഷണവകുപ്പ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് കാലിത്തീറ്റ ഫാക്ടറിയെന്നും വി എസ് പറഞ്ഞു.

ഐടി രംഗത്ത് വന്‍ കുതിപ്പ്: വി എസ്

കൊല്ലം: തൊണ്ണൂറായിരത്തിലധികം പേര്‍ക്ക് നേരിട്ട് തൊഴിലവസരം ലഭിക്കുന്ന സ്മാര്‍ട് സിറ്റി പദ്ധതിയുടെ നിര്‍മാണം വൈകാതെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കുണ്ടറയില്‍ കൊല്ലം ഐടി പാര്‍ക്കിന്റെ ആദ്യഘട്ടം ഉദ്ഘാടനംചെയ്യുകയായിരുന്നു വി എസ്. സ്മാര്‍ട് സിറ്റിക്ക് നല്‍കുന്ന ഒരിഞ്ച് ഭൂമിക്കുപോലും വില്‍പ്പനാവകാശം ഉണ്ടാകില്ലെന്ന സര്‍ക്കാരിന്റെ കര്‍ശന നിലപാട് അംഗീകരിച്ചുകൊണ്ടാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്. ലോക ഐടി ഭൂപടത്തില്‍ കേരളത്തിന്റെ തനത് ബ്രന്റായ ഇന്‍ഫോപാര്‍ക്കിനെ കേവലം 33000 തൊഴിലവസരം മാത്രമുള്ള സ്മാര്‍ട് സിറ്റി പദ്ധതിക്കായി വിട്ടുകൊടുക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്‍ഫോപാര്‍ക്കിന്റെ കീഴില്‍ ചേര്‍ത്തലയിലും കൊരട്ടിയിലും ഐടി പാര്‍ക്കുകള്‍ പൂര്‍ത്തിയായി. അമ്പലപ്പുഴയില്‍ ഒരു പാര്‍ക്കുകൂടി വരുന്നു. ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഇന്‍ഫോ പാര്‍ക്കിന്റെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം 20ന് നടക്കും. ഇത്തരത്തില്‍ വികസനോന്മുഖമായ ഇന്‍ഫോപാര്‍ക്കിനെയാണ് വിട്ടുകൊടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഐടി രംഗത്ത് ഉജ്വലമായ നേട്ടമാണ് കഴിഞ്ഞ നാലര വര്‍ഷത്തില്‍ കേരളത്തിലുണ്ടായതെന്നും വി എസ് പറഞ്ഞു.

കൊല്ലം ഐടി പാര്‍ക്ക് പൂര്‍ണമായി പ്രവത്തനസജ്ജമാകുന്നതോടെ 15000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. തിരുവനന്തപുരം ടെക്നോപാര്‍ക്ക് വികസനപാതയില്‍ ഏറെ മുന്നേറികഴിഞ്ഞു. പാര്‍ക്കിലെ ടെക്നോസിറ്റിക്കുവേണ്ടി 428 ഏക്കര്‍ ഏറ്റെടുത്ത് വികസനപ്രവൃത്തി ആരംഭിച്ചു. 15000 ഐടി പ്രൊഫഷണലുകള്‍ക്ക് പരിശീലനം നല്‍കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐടി അക്കാഡമി വരുന്നു. ഏഷ്യന്‍ സ്കൂള്‍ ഓഫ് ബിസിനസ്സും ആരംഭിക്കും. കൊല്ലം ഐടി പാര്‍ക്കിലേക്കുള്ള ജലപാതയുടെ നിര്‍മാണ ചുമതല ഉള്‍നാടന്‍ ജലഗതാഗത വകുപ്പിനെ ഏല്‍പ്പിച്ചതായും വി എസ് പറഞ്ഞു. സംസ്ഥാനത്ത് ഐടി പാര്‍ക്ക് 57 മാസംകൊണ്ട് രണ്ടില്‍നിന്ന് പത്തായി. ഐടി അടിസ്ഥാന സൌകര്യ വികസനത്തില്‍ അഞ്ച് മടങ്ങ് വളര്‍ച്ചയുണ്ടായി. വളര്‍ച്ചാനിരക്കില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം. ഐടി രംഗത്ത് മാത്രമല്ല ക്ഷേമരംഗത്തും വന്‍ കുതിച്ചുചാട്ടമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും വി എസ് പറഞ്ഞു.

വികസനത്തില്‍ വലിയ ചുവടുവയ്പ്പ്: മന്ത്രി പി കെ ഗുരുദാസന്‍

കുണ്ടറ: വികസനത്തില്‍ വലിയ ചുവടുവയ്പ്പാണ് കൊല്ലം ഐടി പാര്‍ക്കെന്ന് തൊഴില്‍ മന്ത്രി പി കെ ഗുരുദാസന്‍ പറഞ്ഞു. കൊല്ലം ഐടി പാര്‍ക്കിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അന്തര്‍ദേശീയ തലത്തിലുള്ള പശ്ചാത്തല സൌകര്യമാണ് പാര്‍ക്കില്‍ ഒരുക്കുന്നത്. എം എ ബേബിയുടെയും മറ്റു ജനപ്രതിനിധികളുടെയും ഐടി ഉദ്യോഗസ്ഥരുടെയും വിശിഷ്യ മുഖ്യമന്ത്രിയുടെയും ആത്മാര്‍ഥ പരിശ്രമമാണ് രണ്ടുവര്‍ഷംകൊണ്ട് ഐടി പാര്‍ക്കിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാകാന്‍ വഴിയൊരുക്കിയത്.

വിലനിയന്ത്രണത്തിന് സുസ്ഥിര അടിത്തറയുണ്ടാക്കും: മന്ത്രി സി ദിവാകരന്‍

കരുനാഗപ്പള്ളി: വിലക്കയറ്റം സുസ്ഥിരമായി നിയന്ത്രിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ശാസ്ത്രീയ അടിത്തറ രൂപപ്പെടുത്തുമെന്ന് മന്ത്രി സി ദിവാകരന്‍. കരുനാഗപ്പള്ളിയിലെ ഹൈടെക് കാലിത്തീറ്റ ഫാക്ടറി ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷ്യോല്‍പ്പാദനം കുറയുന്നതിനനുസരിച്ച് വിലനിയന്ത്രണം നടത്താന്‍ കേന്ദ്രസഹായം കൂടി ആവശ്യമാണ്. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതില്‍ കേരളം നടപ്പാക്കുന്ന പദ്ധതികള്‍ രാജ്യത്തിനുതന്നെ മാതൃകയാണ്- മന്ത്രി പറഞ്ഞു. പാലിന്റെ ക്ഷാമം പരിഹരിക്കാനും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കാനും കേരള ഫീഡ്സ് ഫാക്ടറി കാര്യക്ഷമമാകുന്നതോടെ സാധ്യമാകുമെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ സി വേണുഗോപാല്‍ പറഞ്ഞു. കേരള ഫീഡ്സ് ഹൈടെക്ക് കാലിത്തീറ്റ ഫാക്ടറി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഉദ്യോഗസ്ഥര്‍ പ്രധാന പങ്കുവഹിക്കണം. വികസനകാര്യത്തില്‍ രാഷ്ട്രീയം മറന്ന് കൂട്ടായി പ്രവര്‍ത്തിക്കാം എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വികസനചരിത്രത്തില്‍ കേരളത്തില്‍ ഒരു പുതിയ അധ്യായം രൂപപ്പെട്ടുകഴിഞ്ഞതായും പൊതുമേഖല വ്യവസായരംഗത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ റെക്കോര്‍ഡ് വിജയത്തിലേക്ക് മുന്നേറുന്നതായും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

ഇനി വീട്ടുമുറ്റത്ത് നിത്യോപയോഗ സാധനങ്ങള്‍

കോട്ടയം: ഇനിമുതല്‍ വീട്ടുമുറ്റത്ത് കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍. സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ ആരംഭിച്ച മാര്‍ക്കറ്റ് അറ്റ് ഡോര്‍ സ്റ്റെപ്പ് പദ്ധതിയനുസരിച്ചുളള മൊബൈല്‍ മാവേലി സ്റ്റോറിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി സി ദിവാകരന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തുടനീളം സര്‍വീസ് നടത്താനായി 16 മൊബൈല്‍ യൂണിറ്റുകളാണ് തയ്യാറാക്കിയിട്ടുളളത്. ഓരോ ജില്ലയിലും ഒരെണ്ണം എന്ന നിലയിലാണ് പ്രവര്‍ത്തിക്കുക. വിലക്കയറ്റം നിയന്ത്രിക്കാനുളള ശാസ്ത്രീയമായ പരിഹാരമെന്ന നിലയിലാണ് മൊബൈല്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നത്.

ജില്ലയുടെ പ്രാന്തപ്രദേശങ്ങളിലും ആദിവാസി, ഹരിജന്‍ കോളനികള്‍, ലക്ഷംവീട് കോളനികള്‍ എന്നിവിടങ്ങളിലുമാണ് മൊബൈല്‍ മാവേലി സ്റ്റോറുകളുടെ സേവനം എത്തിക്കുക. മാവേലി സ്റ്റോര്‍ വഴി വിറ്റഴിക്കുന്ന പതിമൂന്നിനം നിത്യോപയോഗസാധനങ്ങളോടൊപ്പം മറ്റുളളവയും വിറ്റഴിക്കും. മുന്‍നിശ്ചയിക്കപ്പെട്ട സമയത്ത് ആഴ്ചയില്‍ ഒരു ദിവസം മൊബൈല്‍ മാര്‍ക്കറ്റ് ഓരോ കേന്ദ്രങ്ങളിലെത്തും. വിലക്കയറ്റം പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ ആരംഭിക്കുന്ന മൂന്നാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റാണ് കോട്ടയത്ത് ആരംഭിച്ചത്. അഞ്ചുനിലയില്‍ ആധുനിക സൌകര്യങ്ങളോടെയാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് തയ്യാറാക്കിയിട്ടുളളത്. ഇവിടെ എല്ലാ നിത്യോപയോഗസാധനങ്ങളും കുറഞ്ഞ വിലയില്‍ ലഭ്യമാകും. ചടങ്ങില്‍ വി എന്‍ വാസവന്‍ എംഎല്‍എ അധ്യക്ഷനായി.

ദേശാഭിമാനി 160211

1 comment:

  1. നൂറുശതമാനം ലൈവ്സ്റ്റോക്ക് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയ രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. എല്ലാ ക്ഷീരകര്‍ഷകര്‍ക്കും കാലിത്തീറ്റ സബ്സിഡി ഏര്‍പ്പെടുത്തി. രണ്ടുലക്ഷം ക്ഷീരകര്‍ഷകരെ ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവന്നതും ക്ഷീരകര്‍ഷകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. കരുനാഗപ്പള്ളിയില്‍ കേരള ഫീഡ്സ് ഹൈടെക് കാലിത്തീറ്റ ഫാക്ടറി ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

    ReplyDelete