Thursday, June 9, 2011

ദ്രോഹം വീണ്ടും; പെട്രോളിന് 16 മുതല്‍ 50 പൈസ കൂടും

രാജ്യത്ത് പെട്രോള്‍വില വീണ്ടും വര്‍ധിപ്പിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായില്ലെങ്കില്‍ 16 മുതല്‍ ലിറ്ററിന് 50 പൈസയുടെ വര്‍ധനയാണ് ഉദ്ദേശിക്കുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) അറിയിച്ചു. മെയ് 15ന് ഐഒസി അടക്കമുള്ള പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍വില കുത്തനെ വര്‍ധിപ്പിച്ചതിന്റെ പ്രതിഷേധം ഒടുങ്ങുംമുമ്പാണ് വീണ്ടും വിലവര്‍ധന. ലിറ്ററിന് അഞ്ചുരൂപയാണ് കഴിഞ്ഞമാസം ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഇതിനുശേഷവും ലിറ്ററന് 4.58 രൂപ നഷ്ടത്തിലാണ് പെട്രോള്‍ വില്‍ക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വാദം.

അസംസ്കൃത എണ്ണയുടെ അന്താരാഷ്ട്ര വിലയുമായി പൊരുത്തപ്പെടണമെങ്കില്‍ പെട്രോള്‍വില 12 രൂപയോളം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശമാണ് എണ്ണക്കമ്പനികള്‍ സര്‍ക്കാരിന് മുന്നില്‍വച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ഒറ്റയടിക്ക് ഇത്രയും വില വര്‍ധിപ്പിക്കുന്നത് പന്തിയല്ലെന്നുകണ്ട് പലതവണയായി വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉപദേശിക്കുകയായിരുന്നു. 2010 ജൂണിലാണ് പെട്രോള്‍വില നിര്‍ണയത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയത്. അന്താരാഷ്ട്രവിലയ്ക്ക് അനുസരിച്ചെന്ന പേരില്‍ തുടര്‍ന്നുള്ള ഒരുവര്‍ഷത്തിനിടെ എണ്ണക്കമ്പനികള്‍ 20 രൂപയിലേറെ വില കയറ്റി. ഡീസലിന്റെ വിലനിയന്ത്രണവും എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ സബ്സിഡിയും നിര്‍ത്തലാക്കാനുള്ള ശുപാര്‍ശയും പരിഗണനയിലാണ്. ഇത് നടപ്പാകുന്നതോടെ പാചകവാതക സിലിണ്ടറിന് 670 രൂപയോളമാകും.

ദേശാഭിമാനി 090611

1 comment:

  1. രാജ്യത്ത് പെട്രോള്‍വില വീണ്ടും വര്‍ധിപ്പിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായില്ലെങ്കില്‍ 16 മുതല്‍ ലിറ്ററിന് 50 പൈസയുടെ വര്‍ധനയാണ് ഉദ്ദേശിക്കുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) അറിയിച്ചു. മെയ് 15ന് ഐഒസി അടക്കമുള്ള പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍വില കുത്തനെ വര്‍ധിപ്പിച്ചതിന്റെ പ്രതിഷേധം ഒടുങ്ങുംമുമ്പാണ് വീണ്ടും വിലവര്‍ധന. ലിറ്ററിന് അഞ്ചുരൂപയാണ് കഴിഞ്ഞമാസം ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഇതിനുശേഷവും ലിറ്ററന് 4.58 രൂപ നഷ്ടത്തിലാണ് പെട്രോള്‍ വില്‍ക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വാദം.

    ReplyDelete