Wednesday, June 8, 2011

ലീഗിന്റെ ചാനല്‍ ആസ്ഥാനംപൂട്ടി

വാടക അടയ്ക്കാത്തതിനെതുടര്‍ന്ന് മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള ഐബിസി ചാനലിന്റെ കോഴിക്കോട് ഓഫീസ് പൂട്ടി. ഓഫീസിലേക്കുള്ള വൈദ്യുതിബന്ധം ദിവസങ്ങള്‍ക്കുമുമ്പ് വിച്ഛേദിച്ചു. അതിഥിമന്ദിരവും കഴിഞ്ഞദിവസം ഒഴിവാക്കി. ചാനല്‍ രണ്ടുകോടി രൂപയുടെ ബാധ്യതയിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. ചാനല്‍ ചെയര്‍മാന്‍ മുഹമ്മദ് സെയ്ഫുദീന്‍ , ജനറല്‍ മാനേജര്‍ റെനു കുരുവിള, വൈസ് ചെയര്‍മാന്‍ കുഞ്ഞിക്കാദര്‍ തുടങ്ങിയവര്‍ മാസങ്ങളായി ഓഫീസിലേക്ക് വരാറില്ല. തിങ്കളാഴ്ചമുതല്‍ ഓഫീസ് തുറക്കുന്നില്ല. ഓഫീസ് പൂട്ടിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ ചാനല്‍ മേധാവികള്‍ തയ്യാറായില്ല. നാലുമാസമായി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല.

രണ്ടുവര്‍ഷമായി പ്രാരംഭപ്രവര്‍ത്തനം തുടങ്ങിയ ചാനലിന്റെ പത്രാധിപസമിതിയില്‍ 70 പേരുണ്ട്. സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ ഹോസ്റ്റല്‍വാടകപോലും നല്‍കാനാകാത്ത വിഷമസ്ഥിതിയിലാണ്. മുന്നറിയിപ്പില്ലാതെ ഓഫീസ് പൂട്ടിയ ചാനല്‍മേധാവികള്‍ക്കെതിരെ പത്രപ്രവര്‍ത്തകരടക്കമുള്ള ജീവനക്കാര്‍ കോടതിയെ സമീപിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംപ്രേഷണം തുടങ്ങുമെന്നാണ് ലീഗ് നേതൃത്വം പ്രചരിപ്പിച്ചിരുന്നത്. ചാനല്‍ പ്രൊമോട്ടര്‍മാരായ കെഡ്സ് കമ്യൂണിക്കേഷന്‍ അധികൃതര്‍ കാല്‍ക്കോടി രൂപ ബാധ്യതയുണ്ടാക്കി മുങ്ങി. കേബിള്‍വഴി ചാനല്‍ സംപ്രേഷണം ചെയ്യാനായിരുന്നു ധാരണ. പിന്നീട് ഉപഗ്രഹ ചാനല്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിനിടെ പ്രൊമോട്ടര്‍മാരെ മാറ്റണമെന്ന ആവശ്യമുയര്‍ന്നു. പി കെ കുഞ്ഞാലിക്കുട്ടി ഇത് അംഗീകരിച്ചില്ല. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് റൗഫിന്റെ വെളിപ്പെടുത്തല്‍കൂടി വന്നതോടെ ചാനലിനുള്ള പണവരവ് നിലച്ചു. ഇതിനുപിന്നാലെയാണ് പ്രൊമോട്ടര്‍മാര്‍ മുങ്ങിയത്. ആസ്ഥാനംകൂടി അടച്ചതോടെ ചാനലിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്.

deshabhimani 080611

1 comment:

  1. വാടക അടയ്ക്കാത്തതിനെതുടര്‍ന്ന് മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള ഐബിസി ചാനലിന്റെ കോഴിക്കോട് ഓഫീസ് പൂട്ടി. ഓഫീസിലേക്കുള്ള വൈദ്യുതിബന്ധം ദിവസങ്ങള്‍ക്കുമുമ്പ് വിച്ഛേദിച്ചു. അതിഥിമന്ദിരവും കഴിഞ്ഞദിവസം ഒഴിവാക്കി. ചാനല്‍ രണ്ടുകോടി രൂപയുടെ ബാധ്യതയിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. ചാനല്‍ ചെയര്‍മാന്‍ മുഹമ്മദ് സെയ്ഫുദീന്‍ , ജനറല്‍ മാനേജര്‍ റെനു കുരുവിള, വൈസ് ചെയര്‍മാന്‍ കുഞ്ഞിക്കാദര്‍ തുടങ്ങിയവര്‍ മാസങ്ങളായി ഓഫീസിലേക്ക് വരാറില്ല. തിങ്കളാഴ്ചമുതല്‍ ഓഫീസ് തുറക്കുന്നില്ല. ഓഫീസ് പൂട്ടിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ ചാനല്‍ മേധാവികള്‍ തയ്യാറായില്ല. നാലുമാസമായി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല.

    ReplyDelete