Wednesday, June 8, 2011

178 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അധ്യയനം പ്രതിസന്ധിയിലാകും

മലപ്പുറം: തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കാത്തതിനാല്‍ കഴിഞ്ഞവര്‍ഷം ഹയര്‍സെക്കന്‍ഡറിയായി ഉയര്‍ത്തിയ മലബാറിലെ 178 സ്കൂളുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകും. തസ്തിക അംഗീകരിക്കാത്തതിനാല്‍ രണ്ടായിരത്തോളം ഗസ്റ്റ് അധ്യാപകര്‍ക്ക് കഴിഞ്ഞ അധ്യയനവര്‍ഷം വേതനം ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ അനാസ്ഥ തുടരുന്നതിനാല്‍ ഈ സ്കൂളുകളില്‍ പ്രവേശനം നേടിയ ഇരുപതിനായിരത്തില്‍പ്പരം വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്വത്തിലാവും.

വിദ്യാഭ്യാസരംഗത്ത് മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കഴിഞ്ഞ ജൂലൈയിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ 178 ഹൈസ്കൂളുകളെ ഹയര്‍സെക്കന്‍ഡറിയായി ഉയര്‍ത്തിയത്. മലബാറിലെ അഞ്ച് ജില്ലകള്‍ക്കു പുറമെ തൃശൂര്‍ , പാലക്കാട് ജില്ലകളിലെ ഏതാനും സ്കൂളുകളും ഇതില്‍പ്പെടും. 20 എണ്ണം സര്‍ക്കാര്‍ മേഖലയിലും അവശേഷിക്കുന്നവ എയ്ഡഡ് മേഖലയിലുമാണ്. മലബാറിന്റെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഉത്തരവിറക്കുന്നതിനുമുമ്പുതന്നെ ഗസ്റ്റ് അധ്യാപകരെ നിയമിച്ച് സ്കൂളുകള്‍ പ്രവര്‍ത്തനം തുടങ്ങി. താല്‍ക്കാലികാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാന്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍മാര്‍ക്കും ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ പ്രത്യേക അനുമതി നല്‍കുകയായിരുന്നു. തസ്തിക സൃഷ്ടിച്ച് ഉത്തരവിറക്കാത്തതിനാല്‍ പോയവര്‍ഷം ഓരോ അധ്യാപകനും 50,000 രൂപയോളം വേതനമായി കിട്ടാനുണ്ട്. 178 സ്കൂളിലും നിര്‍ദിഷ്ട അധ്യാപക തസ്തിക അംഗീകരിക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ എല്‍ഡിഎഫ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞു.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ഒരു മാസമാകാറായിട്ടും ഉത്തരവ് ഇറങ്ങിയിട്ടില്ല. തസ്തിക അംഗീകരിക്കാത്തത് പുതിയ അധ്യയന വര്‍ഷത്തില്‍ സ്കൂളുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. താല്‍ക്കാലികാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാനോ നിലവിലുള്ള അധ്യാപകര്‍ തുടരുന്നത് സംബന്ധിച്ചോ ഒരു നിര്‍ദേശവും സ്കൂളുകള്‍ക്ക് ലഭിച്ചിട്ടില്ല. പ്ലസ്ടു ക്ലാസുകളില്‍ സീനിയര്‍ അധ്യാപകരാണ് ക്ലാസെടുക്കേണ്ടത്. തസ്തിക അംഗീകരിക്കാത്തതിനാല്‍ ഗസ്റ്റ് അധ്യാപകരെപ്പോലും ലഭിക്കാത്ത അവസ്ഥയാണ്. പ്രിന്‍സിപ്പല്‍ തസ്തികയില്ലാത്തതിനാല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് മേധാവിയുമില്ല. പുതിയ അധ്യയന വര്‍ഷത്തെ പ്രവേശനം ഉള്‍പ്പെടെയുള്ളവയെ ഇത് പ്രയാസത്തിലാക്കും. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ഡോ. വി എം സുനന്ദകുമാരി കഴിഞ്ഞ മാര്‍ച്ചില്‍ സര്‍വീസില്‍നിന്ന് വിരമിച്ചു. പകരം പുതിയ ആളെ നിയമിക്കാത്തതും ഹയര്‍സെക്കന്‍ഡറി മേഖലയുടെ മൊത്തം പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. പുതിയ ഡയറക്ടര്‍ ചുമതലയേറ്റാലേ സ്ഥിരം അധ്യാപക നിയമനം സംബന്ധിച്ച നടപടിക്രമങ്ങള്‍ ഉണ്ടാകൂ എന്നാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍നിന്ന് ലഭിക്കുന്ന വിവരം. നിലവില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷിനാണ് ഹയര്‍സെക്കന്‍ഡറിയുടെ ചുമതല. തസ്തിക അംഗീകരിക്കണമെന്നാവശ്യപ്പെട്ടും വേതന കുടിശ്ശികയ്ക്കും വേണ്ടി ഗസ്റ്റ് അധ്യാപകര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
(സി പ്രജോഷ്കുമാര്‍)

deshabhimani 080611

1 comment:

  1. തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കാത്തതിനാല്‍ കഴിഞ്ഞവര്‍ഷം ഹയര്‍സെക്കന്‍ഡറിയായി ഉയര്‍ത്തിയ മലബാറിലെ 178 സ്കൂളുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകും. തസ്തിക അംഗീകരിക്കാത്തതിനാല്‍ രണ്ടായിരത്തോളം ഗസ്റ്റ് അധ്യാപകര്‍ക്ക് കഴിഞ്ഞ അധ്യയനവര്‍ഷം വേതനം ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ അനാസ്ഥ തുടരുന്നതിനാല്‍ ഈ സ്കൂളുകളില്‍ പ്രവേശനം നേടിയ ഇരുപതിനായിരത്തില്‍പ്പരം വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്വത്തിലാവും.

    ReplyDelete