Wednesday, June 8, 2011

അമേരിക്കയ്ക്കുവേണ്ടി വീണ്ടും കരാര്‍

അമേരിക്കയില്‍നിന്ന് ഇന്ത്യ 18,000 കോടി രൂപയ്ക്ക് പത്ത് സൈനിക വിമാനങ്ങള്‍ വാങ്ങുന്നു എന്ന വാര്‍ത്ത ആരെയും ഞെട്ടിക്കുന്നതല്ല. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഏറ്റവും വലിയ പ്രതിരോധ ഇടപാടാണ്് ഇതെങ്കിലും ഇതിലും വലിയ അനേകം കരാറുകളും കച്ചവടങ്ങളും വേറെ നടന്നിരിക്കുന്നു; നടക്കുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അധ്യക്ഷനായ സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതിയാണ് കരാറിന് അനുമതി നല്‍കിയത്. അതോടൊപ്പം ഇന്ത്യയുടെ സുരക്ഷാ രഹസ്യങ്ങള്‍പോലും അപകടപ്പെടുംവിധമുള്ള ദേശീയ രഹസ്യാന്വേഷണ ഗ്രിഡ് (നാറ്റ്ഗ്രിഡ്) എന്ന സംവിധാനത്തിന്റെ രൂപീകരണത്തിനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.

ഈയിടെ അമേരിക്കയുമായി 800 കോടി ഡോളറിന്റെ പ്രതിരോധ കരാര്‍ ഇന്ത്യ ഒപ്പിട്ടിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരം കച്ചവടങ്ങളും കരാറുകളും തുടര്‍ച്ചയായി ഉണ്ടാകുന്നത്. നാറ്റ്ഗ്രിഡ് സംവിധാനം രൂപീകരിക്കാന്‍ അമേരിക്ക ഇന്ത്യയില്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. രാജ്യത്തെ 21 സ്രോതസ്സുകളില്‍നിന്നുള്ള വിവരങ്ങളാണ് നാറ്റ്ഗ്രിഡിന് ലഭിക്കുക. റെയില്‍വേ-വിമാനയാത്രകള്‍ , ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ , പാസ്പോര്‍ട്ട്, വിസ ഇമിഗ്രേഷന്‍ റെക്കോഡുകള്‍ , പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ വിവരങ്ങള്‍ ഇതില്‍പെടും. ഇവ ഇന്റലിജന്‍സ് ബ്യൂറോ, റോ, മിലിട്ടറി ഇന്റലിജന്‍സ്, റവന്യൂ ഇന്റലിജന്‍സ്, എന്‍ഐഎ, ദേശീയ സുരക്ഷാ കൗണ്‍സില്‍ തുടങ്ങിയ ഏജന്‍സികള്‍ക്കാണ് നല്‍കുക. ഇത്തരം വിവരങ്ങള്‍ ആവശ്യമെന്നു തോന്നുന്ന ഘട്ടത്തില്‍ കൈക്കലാക്കാമെന്നതാണ് അമേരിക്കയുടെ ഇംഗിതം. പാകിസ്ഥാനില്‍ ആ രാജ്യത്തെ സര്‍ക്കാര്‍ അറിയാതെ കടന്നുകയറി ഒസാമ ബിന്‍ ലാദനെ കൊന്ന ന്യായം എവിടെയും ബാധകമാക്കാവുന്നതേയുള്ളൂ. അമേരിക്കയുമായുണ്ടാക്കുന്ന കരാറുകള്‍ ഇന്ത്യയ്ക്ക് പ്രയോജനം ചെയ്യുന്നവയാണോ എന്ന ചോദ്യത്തിലുപരി അവ അമേരിക്കയ്ക്ക് എത്രമാത്രം അത്യന്താപേക്ഷിതമാണ് എന്നതാണ് പ്രശ്നം. അമേരിക്കന്‍ സമ്പദ്ക്രമത്തെ സാമ്പത്തിക പ്രതിസന്ധി കാര്‍ന്നുതിന്നുകയും തൊഴിലില്ലായ്മ അതിരൂക്ഷമാവുകയും ചെയ്ത സവിശേഷ സാഹചര്യത്തിലായിരുന്നു ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം. അമേരിക്കന്‍ വാണിജ്യ താല്‍പ്പര്യങ്ങള്‍ക്കായി ഇന്ത്യന്‍ വിപണി വിശാലമായി തുറന്നുകിട്ടുക എന്നതായിരുന്നു ആ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഒപ്പം ഇന്ത്യയെ അമേരിക്കന്‍ രാഷ്ട്രീയ സാമ്പത്തിക നയങ്ങള്‍ക്കും മുന്‍ഗണനകള്‍ക്കും ഒത്ത നിലയില്‍ വളച്ചെടുക്കലും. ഇന്ത്യയ്ക്ക് മുന്നില്‍ സാമ്രാജ്യത്വ ശക്തികള്‍ വയ്ക്കുന്ന പ്രധാന ആവശ്യം സാമ്പത്തിക മേഖല അവര്‍ക്കായി തുറന്നുകൊടുക്കണം എന്നതാണ്. തടസ്സമില്ലാതെ പ്രവേശിക്കാന്‍ തക്കവിധം ചെറുകിട വ്യാപാരമേഖലയും വിദ്യാഭ്യാസ മേഖലയും തുറന്നിടുക, കാര്‍ഷിക മേഖലയിലേക്ക് വിദേശ കമ്പനികളെ സ്വാഗതം ചെയ്യുക എന്നിങ്ങനെയുള്ള ആവശ്യങ്ങളും അവര്‍ ഉയര്‍ത്തുന്നു.

പ്രതിരോധ സുരക്ഷാ മേഖലകളില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ കൂടുതല്‍ അടുക്കുന്നു എന്ന പ്രഖ്യാപനംകൂടിയായിരുന്ന ഒബാമയുടെ സന്ദര്‍ശനത്തിനൊടുവില്‍ ഇറക്കിയ സംയുക്ത പ്രസ്താവന. ഇന്ത്യയുടെ കീഴടങ്ങലാണ് അതില്‍ തെളിഞ്ഞുനിന്നത്. അമേരിക്കയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാനും നയതന്ത്രകാര്യങ്ങളില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാനുമുള്ള സന്നദ്ധതയാണ് ഇന്ത്യ അതില്‍ മറയില്ലാതെ വ്യക്തമാക്കിയത്. അമേരിക്കന്‍ സാമ്രാജ്യത്വവുമായുള്ള തന്ത്രപരമായ സഖ്യം ഇന്ത്യക്കാരുടെ താല്‍പ്പര്യത്തെയോ ഈ നാടിന്റെ പരമാധികാരത്തെയോ കണക്കിലെടുക്കുന്നതല്ല. ആണവകരാറിലൂടെ അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ കീഴടങ്ങി. അതിനുശേഷം അമേരിക്ക ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങള്‍ക്കും ചെയ്ത കാര്യങ്ങള്‍ക്കും ഇന്ത്യ മൗനസമ്മതം നല്‍കിയിട്ടേയുള്ളൂ. ഇന്ത്യയിലെ ലക്ഷങ്ങളുടെ ജീവിതമാര്‍ഗം അടയ്ക്കാന്‍ പോന്നതായിരുന്നു ഐടി മേഖലയിലെ ഔട്ട് സോഴ്സിങ് സംബന്ധിച്ച ഒബാമയുടെ തുടരെത്തുടരെയുള്ള പ്രസ്താവനകള്‍ . ഇന്ത്യാ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അതിന് പ്രതികരണമേ ഉണ്ടായില്ല. അമേരിക്കയുമായി അടുക്കുന്നതും കരാറുണ്ടാക്കുന്നതും ഇന്ത്യയുടെ നന്മയ്ക്കുവേണ്ടി എന്ന പല്ലവി രണ്ടാം യുപിഎ സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തിലൂടെ അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് തങ്ങളുടെ മുന്‍ഗണനയെന്നുള്ളത് ഒബാമയോ മറ്റ് അമേരിക്കന്‍ വക്താക്കളോ ഒളിച്ചുവച്ചില്ല. താല്‍പ്പര്യങ്ങള്‍ അമേരിക്കയുടേതാണ്. അതിന് വഴങ്ങിക്കൊടുക്കുക മാത്രമാണ് ഇന്ത്യ. അമേരിക്കയുടെ രാഷ്ട്രീയ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ യഥേഷ്ടം നടപ്പാക്കപ്പെടുന്ന അവസ്ഥയിലേക്ക് തന്ത്രപരമായ ബന്ധം എത്തിയിരിക്കുന്നു. അതിന്റെ അവസാനത്തെ ഉദാഹരണമാണ് അമേരിക്കയ്ക്കുവേണ്ടി മന്‍മോഹന്‍ സര്‍ക്കാര്‍ എടുത്ത രണ്ട് തീരുമാനങ്ങളും. അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ സര്‍വമാനങ്ങളിലും പിടിമുറുക്കിയതിന്റെ അപകടമാണ് കാണുന്നത്. ഇതിന്റെ ആപത്ത് മനസിലാക്കി പ്രതികരിച്ചില്ലെങ്കില്‍ താങ്ങാനാവാത്ത വിപത്തുകളാകും പുറകെ വരിക.

ദേശാഭിമാനി മുഖപ്രസംഗം 080611

1 comment:

  1. അമേരിക്കയില്‍നിന്ന് ഇന്ത്യ 18,000 കോടി രൂപയ്ക്ക് പത്ത് സൈനിക വിമാനങ്ങള്‍ വാങ്ങുന്നു എന്ന വാര്‍ത്ത ആരെയും ഞെട്ടിക്കുന്നതല്ല. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഏറ്റവും വലിയ പ്രതിരോധ ഇടപാടാണ്് ഇതെങ്കിലും ഇതിലും വലിയ അനേകം കരാറുകളും കച്ചവടങ്ങളും വേറെ നടന്നിരിക്കുന്നു; നടക്കുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അധ്യക്ഷനായ സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതിയാണ് കരാറിന് അനുമതി നല്‍കിയത്. അതോടൊപ്പം ഇന്ത്യയുടെ സുരക്ഷാ രഹസ്യങ്ങള്‍പോലും അപകടപ്പെടുംവിധമുള്ള ദേശീയ രഹസ്യാന്വേഷണ ഗ്രിഡ് (നാറ്റ്ഗ്രിഡ്) എന്ന സംവിധാനത്തിന്റെ രൂപീകരണത്തിനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.

    ReplyDelete