Wednesday, June 1, 2011

നരേന്ദ്രമോഡിയും മന്‍മോഹന്‍സിംഗും

രാഷ്ട്രീയനേതാക്കന്‍മാര്‍ പലപ്പോഴും മനസ്സിലുള്ളതു വ്യക്തമായി തുറന്നുപറയാതെ അര്‍ഥഗര്‍ഭമായ പ്രസ്താവനകള്‍ നടത്താറുണ്ട്. എന്നാല്‍ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി അങ്ങനെ ചെയ്യുമ്പോള്‍ അതിന്റെ അര്‍ഥം അദ്ദേഹത്തിന് കൃത്യമായി എന്തോ പറയാനുണ്ട്, പക്ഷെ അതു സൃഷ്ടിച്ചേക്കാവുന്ന എതിര്‍പ്പ് നേരിടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല എന്നാണ്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ മുസ്‌ലിങ്ങള്‍ക്ക് തൊഴില്‍ നല്‍കി എന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കൊല്‍ക്കത്തയില്‍ വച്ചു പറഞ്ഞത്. അദ്ദേഹം പറഞ്ഞത് വസ്തുതാപരമായി ശരിയായിരിക്കാം. എന്നാല്‍ 2002ല്‍ മുസ്‌ലിങ്ങളെ ആസൂത്രിതമായി കൊല ചെയ്തതിലെ മോഡിയുടെ കുറ്റം അതുകൊണ്ട് കുറയുമോ? ഏകദേശം മൂവായിരം മുസ്‌ലിങ്ങളാണ് കൊല ചെയ്യപ്പെട്ടത്. ആയിരക്കണക്കിന് മുസ്‌ലിങ്ങളുടെ വീടുകളും സ്വത്തും കൊള്ളയടിക്കപ്പെട്ടു. അവര്‍ സ്വന്തം വീടുകളില്‍ നിന്നും ഭൂമിയില്‍ നിന്നും പുറത്താക്കപ്പെട്ടു.

മോഡി മുസ്‌ലിങ്ങള്‍ക്ക് കുറച്ചു തൊഴില്‍ നല്‍കിയിട്ടുണ്ടെങ്കിലും വംശീയ ഉന്‍മൂലനമെന്ന അപകടകരമായ പദ്ധതിക്ക് അദ്ദേഹം ഒരു തരത്തിലും മാറ്റംവരുത്തിയിട്ടില്ല. നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ പ്രധാനമന്ത്രി, മോഡിയെ പ്രകീര്‍ത്തിച്ചതു ദൗര്‍ഭാഗ്യകരമാണ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ കൂട്ടക്കൊലയ്ക്ക് മറയിടാനാണ് ഒരുതരത്തില്‍ അദ്ദേഹം ശ്രമിച്ചത്. മോഡിയെ അനാവശ്യമായി പ്രകീര്‍ത്തിച്ചതിന് മറ്റുതരത്തിലുള്ള അര്‍ഥങ്ങളുമുണ്ട്. വ്യാജ ഏറ്റുമുട്ടലുകളുടെയും മറ്റു കുറ്റകൃത്യങ്ങളുടെയും കേസുകളില്‍ പുനരന്വേഷണം നടത്തുന്നതിന് സുപ്രിംകോടതി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ (എസ് ഐ ടി) നിയോഗിച്ചിട്ടുണ്ട്. ഗുജറാത്ത് ഗവണ്‍മെന്റ്, പ്രത്യേകിച്ച് മോഡി പ്രതിസ്ഥാനത്താണുള്ളത്. പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം ഈ കേസുകളെക്കുറിച്ചുള്ള കേന്ദ്രഗവണ്‍മെന്റിന്റെ അഭിപ്രായത്തെയാണോ ഏതെങ്കിലും തരത്തില്‍ പ്രതിഫലിപ്പിക്കുന്നത്? ഈ കേസുകളിലെ വിധി പുറത്തുവന്നിട്ടില്ല. വരാന്‍ പോകുന്ന വിധിയെ വിമര്‍ശിക്കുന്നതിന് മോഡി ന്യായങ്ങള്‍ കണ്ടെത്താന്‍ തുടങ്ങിയിട്ടുണ്ട്. പ്രോസിക്യൂഷന്‍ നേരിടുന്ന 14 പൊലീസുകാര്‍ എസ് ഐ ടിയുടെ അന്വേഷണത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നു പറഞ്ഞിട്ടുണ്ട്. മറ്റൊരു വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്. പൊലീസ് ഐ ജി സഞ്ജീവ് ഭട്ടിന്റേതാണ് ഈ വെളിപ്പെടുത്തല്‍. ഹിന്ദുക്കളെ ''അവരുടെ വികാരം പ്രകടിപ്പിക്കാനും മുസ്‌ലിങ്ങളെ പാഠം പഠിപ്പിക്കാനും'' പൊലീസ് അനുവദിക്കണമെന്ന് മോഡി ആവശ്യപ്പെട്ടതായാണ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഭട്ട് പറഞ്ഞത്. ചില ഹിന്ദുകര്‍സേവകര്‍ വെന്തുമരിച്ച ഗോധ്ര സംഭവത്തിനു ശേഷം- ഫെബ്രുവരി 27ന് നടന്ന ഉന്നതതലയോഗമാണ് ഭട്ട് പരാമര്‍ശിച്ചത്.

മോഡിയുടെ പങ്കിനെക്കുറിച്ച് ആദ്യനാള്‍ മുതല്‍ എനിക്ക് ഒരു സംശയവുമില്ല. കൂട്ടക്കൊലകള്‍ നടന്നു രണ്ടുദിവസത്തിനു ശേഷം ഞാന്‍ അഹമ്മദാബാദ് സന്ദര്‍ശിച്ചിരുന്നു. അഭയാര്‍ഥിക്യാമ്പുകളിലുള്ള സ്ത്രീ-പുരുഷന്‍മാരുമായി ഞാന്‍ സംസാരിച്ചു. ഗുജറാത്തിലെ മുസ്‌ലിങ്ങളെ കൊല ചെയ്യാനും അവരെ വീടുകളില്‍ നിന്നും ബലം പ്രയോഗിച്ചു ഒഴിപ്പിക്കാനും മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നുവെന്ന് എനിക്ക് ബോധ്യമായിരുന്നു. പൊലീസ് രംഗത്തു നിന്നുമാറി നിന്നുകൊണ്ട് കൊലയം കൊള്ളയും നടത്തുന്ന രീതിയാണ് അരങ്ങേറിയത്. അന്ന് ഞാന്‍ പാര്‍ലമെന്റ് അംഗമായിരുന്നു. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ചില അധികാരവുമുണ്ടായിരുന്നു. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി തന്നെയായിരുന്നു കൊലപാതകങ്ങള്‍ നടന്നപ്പോഴും ചീഫ് സെക്രട്ടറി. വാളുകളും തോക്കുകളുമായി നീങ്ങിയ ജനക്കൂട്ടത്തിനെതിരെ നടപടിയെടുക്കാതിരുന്നതിന് ഞാന്‍ അദ്ദേഹത്തെ ശാസിച്ചു. ക്രമസമാധാനപാലന സംവിധാനത്തിന്റെ പരാജയമാണ് അതെന്ന് അദ്ദേഹം എന്നോട് വിശദീകരിച്ചു. ക്രമസമാധാനപാലന സംവിധാനം വംശഹത്യാ പരിപാടിയുടെ ഭാഗമായിരുന്നുവെന്ന് അന്ന് എനിക്കറിയില്ലായിരുന്നു. ഗവണ്‍മെന്റ് അതിലെ സജീവ പങ്കാളിയായിരുന്നുവെന്ന് പിന്നീടുള്ള വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കി. മോഡിയുടെ പങ്ക് അറിഞ്ഞിട്ടും ഇന്ത്യയുടെ മതേതരരാഷ്ട്രീയം ഒന്നും ചെയ്തില്ലെന്ന് തിരിഞ്ഞുനോക്കുമ്പോള്‍ വ്യക്തമാകുന്നുണ്ട്. വ്യാജ ഏറ്റുമുട്ടലുകള്‍ ഏഴുവര്‍ഷം മുമ്പ് സുപ്രിംകോടതി ആദ്യമായി പരിഗണിച്ചു. സുപ്രിംകോടതി അതിന്റെ മേല്‍നോട്ടത്തില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചു. വൈകിയാണെങ്കിലും ഗൂഢാലോചനയാകെ ഉള്ളിത്തൊലി ഉരിയുന്നതുപോലെ പുറത്തുവരാന്‍ തുടങ്ങിയിട്ടുണ്ട്. കലാപം നടത്തുന്നവര്‍ക്കെതിരെ നടപടിയൊന്നും എടുക്കരുതെന്ന് മോഡി പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവോ എന്നതിനെക്കുറിച്ച് എസ് ഐ ടി സുപ്രിംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകും.

മോഡിക്ക് എതിരെ നടപടിയെടുക്കാന്‍ കഴിയുമായിരുന്ന ഒരാള്‍ ബി ജെ പിയുടെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയായിരുന്നു. അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് കൂട്ടക്കൊല നടന്നത്. മോഡിയെ പിരിച്ചുവിടാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ ബി ജെ പിയെ നയിക്കുന്ന ആര്‍ എസ് എസും എല്‍ കെ അദ്വാനിയും പ്രധാനമന്ത്രിയെ അതിനനുവദിച്ചില്ല. ആര്‍ എസ് എസിനെയും അദ്വാനിയെയും ഒരേസമയം നേരിടാനുള്ള രാഷ്ട്രീയപിന്തുണ സ്വന്തം നിലയില്‍ വാജ്‌പേയിക്കില്ലായിരുന്നു.

എന്നാല്‍ മോഡിക്ക് എതിരെ നടപടിയെടുക്കാതിരുന്നത് മോഡിയുടെ പങ്കിനെ ഇല്ലാതാക്കുന്നില്ല. മോഡി നിര്‍ദ്ദേശം നല്‍കിയ യോഗത്തില്‍ ഭട്ട് സന്നിഹിതനായിരുന്നില്ലെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറയുകയുണ്ടായി. എന്നാല്‍ യോഗം നടന്ന മോഡിയുടെ ബംഗ്ലാവിലേക്ക് ഭട്ടിനെ കൊണ്ടുപോയതു താനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഡ്രൈവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഭട്ട് യോഗത്തില്‍ പങ്കെടുത്ത കാര്യം നിഷേധിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുപിടിച്ച പ്രചരണം നടത്തി വരികയാണ്. ഏറ്റവും പ്രധാനം അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണ്. മോഡിയുടെ പങ്ക് അതില്‍ സംശയരഹിതമായി വ്യക്തമാക്കുന്നുണ്ട്. ഇപ്പോള്‍ എല്ലാ കണ്ണുകളും സുപ്രിംകോടതിയിലാണ്.

തെളിവുകളെടുക്കുന്നതിന് എസ് ഐ ടി വിവേചനം കാണിച്ചതായുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഭട്ട് ആദ്യം എസ് ഐ ടിയ്ക്കു മുന്നില്‍ തെളിവു നല്‍കിയപ്പോള്‍ അത് പരിഗണിക്കപ്പെട്ടില്ല. അദ്ദേഹം സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലം എസ് ഐ ടി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടോ എന്നറിയില്ല.
ഇന്ത്യാ ഗവണ്‍മെന്റ് എന്തെങ്കിലും നടപടിയെടുക്കുമോ എന്നതാണ് പ്രശ്‌നം. ധാര്‍മ്മിക ഉത്തരവാദിത്വത്തിന്റെ പ്രശ്‌നമാണെങ്കില്‍ വളരെ മുമ്പുതന്നെ മോഡി മുഖ്യമന്ത്രിസ്ഥാനം ഒഴിയുമായിരുന്നു. അതിനു പകരം മോഡി തന്റെ ഭരണത്തില്‍ ഗുജറാത്ത് 12 ശതമാനം വളര്‍ച്ചാനിരക്ക് നേടിയെന്നു കാണിക്കാനുള്ള പ്രചരണമാണ് സംഘടിപ്പിച്ചത്. ഇതു രാജ്യത്തിനാകെ മാതൃകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വ്യവസായപ്രമുഖര്‍ ഈ പ്രചരണത്തില്‍ വീണു. രണ്ടുവര്‍ഷം മുമ്പ് അവര്‍ അഹമ്മദാബാദില്‍ സമ്മേളിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ ഏറ്റവും പറ്റിയ വ്യക്തി മോഡിയാണെന്നു പ്രഖ്യാപിച്ചു. എന്നാല്‍ 2002ല്‍ മോഡി ചെയ്തതിന് ഇതൊന്നും ബാധകമല്ല. മോഡിയെ എങ്ങനെ ശിക്ഷിക്കണമെന്ന് അന്തിമമായി തീരുമാനിക്കേണ്ടതു കേന്ദ്രമാണ്. മുഖ്യമന്ത്രിയെ പ്രത്യക്ഷമായി കുറ്റപ്പെടുത്താതെ സുപ്രിംകോടതി അദ്ദേഹത്തിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയാലും എന്തെങ്കിലും ചെയ്യാന്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാരോ സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസോ ധൈര്യം കാണിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പ്രധാനമന്ത്രി കൊല്‍ക്കത്തയില്‍ നടത്തിയ അഭിപ്രായപ്രകടനം അദ്ദേഹത്തിന്റെ സമീപനത്തെയാണ് സൂചിപ്പിക്കുന്നത്.

രാഷ്ട്രം ഉത്കണ്ഠപ്പെടേണ്ട കാര്യം ഒരു മോഡി ഇന്ത്യയുടെ ബഹുസ്വര മൂല്യങ്ങളെ വികലമാക്കിയതാണ്. ഗുജറാത്തികളില്‍ നല്ലൊരു പങ്കിനെ മസ്തിഷ്‌ക പ്രക്ഷാളനം നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നത് ആപല്‍ക്കരമായ സംഭവവികാസമാണ്. കൂട്ടക്കൊലയ്ക്ക് 'ഉത്തരവ്' നല്‍കിയശേഷം നടന്ന തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചു. ചെയ്ത തെറ്റിന് നടപടിയില്ലെങ്കില്‍ മതേതര പ്രത്യയശാസ്ത്രം തന്നെ അപകടത്തിലാകും. ഒരു സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നാല്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ ഭരണഘടനാ നിര്‍മ്മാതാക്കള്‍ വ്യവസ്ഥ ചെയ്തതിന്റെ കാരണം ഇതാണ്. ഒമ്പതുവര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്യേണ്ടിയിരുന്നത് ചെയ്യുന്നതിന് തടസ്സമായത് രാഷ്ട്രീയപരിഗണനകളാണ്. മോഡിയുടെ സര്‍ക്കാരിനെ പിരിച്ചുവിടേണ്ടതായിരുന്നു.

രാഷ്ട്രത്തിനാകെ, പ്രത്യേകിച്ച് ന്യൂനപക്ഷത്തിന് മോഡിക്കെതിരായ കേസ് നിര്‍ണായകമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമായ ജനാധിപത്യവും മതേതരത്വവും കൊണ്ട് കളിക്കാന്‍ കോടതിയോ കേന്ദ്രസര്‍ക്കാരോ തയാറാകരുത്.

കുല്‍ദിപ് നയാര്‍ ജനയുഗം 010611

1 comment:

  1. രാഷ്ട്രീയനേതാക്കന്‍മാര്‍ പലപ്പോഴും മനസ്സിലുള്ളതു വ്യക്തമായി തുറന്നുപറയാതെ അര്‍ഥഗര്‍ഭമായ പ്രസ്താവനകള്‍ നടത്താറുണ്ട്. എന്നാല്‍ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി അങ്ങനെ ചെയ്യുമ്പോള്‍ അതിന്റെ അര്‍ഥം അദ്ദേഹത്തിന് കൃത്യമായി എന്തോ പറയാനുണ്ട്, പക്ഷെ അതു സൃഷ്ടിച്ചേക്കാവുന്ന എതിര്‍പ്പ് നേരിടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല എന്നാണ്.

    ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ മുസ്‌ലിങ്ങള്‍ക്ക് തൊഴില്‍ നല്‍കി എന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കൊല്‍ക്കത്തയില്‍ വച്ചു പറഞ്ഞത്. അദ്ദേഹം പറഞ്ഞത് വസ്തുതാപരമായി ശരിയായിരിക്കാം. എന്നാല്‍ 2002ല്‍ മുസ്‌ലിങ്ങളെ ആസൂത്രിതമായി കൊല ചെയ്തതിലെ മോഡിയുടെ കുറ്റം അതുകൊണ്ട് കുറയുമോ? ഏകദേശം മൂവായിരം മുസ്‌ലിങ്ങളാണ് കൊല ചെയ്യപ്പെട്ടത്. ആയിരക്കണക്കിന് മുസ്‌ലിങ്ങളുടെ വീടുകളും സ്വത്തും കൊള്ളയടിക്കപ്പെട്ടു. അവര്‍ സ്വന്തം വീടുകളില്‍ നിന്നും ഭൂമിയില്‍ നിന്നും പുറത്താക്കപ്പെട്ടു.

    ReplyDelete