രാജ്യവ്യാപകപ്രക്ഷോഭം: സിപിഐ എം
ഹൈദരാബാദ്: യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭം നടത്താന്‍ ഹൈദരാബാദില്‍ ചേര്‍ന്ന സിപിഐ എം ദ്വിദിന കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. ഉന്നതസ്ഥാനങ്ങളിലെ അഴിമതി തടയണമെന്നും കള്ളപ്പണം പിടിച്ചെടുക്കണമെന്നും വിദേശത്തേയ്ക്ക് അനധികൃതമായി കടത്തിയ പണം തിരിച്ചുകൊണ്ടുവരാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ക്കായി ഇതര ഇടതുപക്ഷപാര്‍ടികളുമായി ചേര്‍ന്ന് വിപുലമായ പ്രസ്ഥാനത്തിനു രൂപംനല്‍കാനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.
കേരളവും പശ്ചിമബംഗാളും ഉള്‍പ്പടെ അഞ്ചിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം യോഗം വിലയിരുത്തിയെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യത്തിനു വിരുദ്ധമായി ചില്ലറ വില്‍പ്പനമേഖലയില്‍ ബഹുരാഷ്ട്രകുത്തകകളെ അനുവദിക്കാനും സാര്‍വത്രിക പൊതുവിതരണ സംവിധാനം അട്ടിമറിക്കാനും കര്‍ഷകരെ ദ്രോഹിക്കാനുമുള്ള നീക്കങ്ങള്‍ക്കെതിരെയാണ് രാജ്യവ്യാപക പ്രക്ഷോഭം നടത്തുക. കര്‍ഷകരെ കൃഷിഭൂമിയില്‍ നിന്ന് ആട്ടിയിറക്കുന്ന കോര്‍പറേറ്റുകളുടെയും റിയല്‍ എസ്റ്റേറ്റ് ഊഹക്കച്ചവടക്കാരുടെയും നീക്കങ്ങള്‍ക്കെതിരെയും പ്രക്ഷോഭം നടത്തും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഇനിയും വര്‍ധിപ്പിക്കരുതെന്ന് കേന്ദ്രകമ്മിറ്റി യുപിഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പണപ്പെരുപ്പം വര്‍ധിക്കാനിടയാക്കിക്കൊണ്ട് ഇനിയും വില വര്‍ധിപ്പിച്ചാല്‍ ഈ ജനവിരുദ്ധ നടപടിക്കെതിരെ തുടര്‍ച്ചയായ പ്രക്ഷോഭം സംഘടിപ്പിക്കും.
കേരളത്തിലും പശ്ചിമബംഗാളിലും ഇടതുപക്ഷം പരാജയപ്പെട്ടത് നവഉദാരനയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കാനുള്ള അവസരമായി യുപിഎ സര്‍ക്കാര്‍ കാണരുത്. നവ ഉദാര നയങ്ങളിലൂന്നി ജനങ്ങളില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ നീക്കത്തെ സിപിഐ എമ്മും ഇടതുപക്ഷ ശക്തികളും അതിശക്തമായി ചെറുക്കുമെന്ന് കാരാട്ട് പറഞ്ഞു. പശ്ചിമബംഗാളില്‍ സിപിഐ എമ്മിനും ഇടതുമുന്നണിക്കും എതിരെ അഴിച്ചുവിടുന്ന അക്രമങ്ങളെയും ഭീകരതയെയും എതിര്‍ക്കാന്‍ എല്ലാ ജനാധിപത്യശക്തികളെയും ഏകോപിപ്പിക്കും. ഇതിനായി പൊതുജനാഭിപ്രായം രൂപീകരിക്കും. പശ്ചിമബംഗാളില്‍ സിപിഐ എം നിരവധി വെല്ലുവിളി അതിജീവിച്ചാണ് ശക്തിപ്പെട്ടത്. അധ്വാനിക്കുന്ന ജനങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളും നവഉദാര നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടവും സിപിഐ എം തുടരുക തന്നെ ചെയ്യും. ബംഗാള്‍ജനത കൈവരിച്ച ചരിത്രപരമായ നേട്ടങ്ങള്‍ സംരക്ഷിക്കാനും പാര്‍ടി സമരം ചെയ്യും. അക്രമം തടയണമെന്നാവശ്യപ്പെട്ട് ജൂലൈ ഒന്നുമുതല്‍ ഏഴുവരെ പ്രചാരണപരിപാടികള്‍ നടത്തും. അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെയും മാറിത്താമസിക്കേണ്ടിവന്നവരെയും സഹായിക്കാന്‍ ഫണ്ടുശേഖരണം നടത്താന്‍ എല്ലാ ഘടകങ്ങളോടും സിപിഐ എം ആഹ്വാനം ചെയ്തു.
20-ാം പാര്‍ടി കോണ്‍ഗ്രസ് 2012 ഏപ്രിലില്‍ കേരളത്തില്‍
ഹൈദരാബാദ്: സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് കേരളത്തില്‍ നടത്താന്‍ കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. 2012 ഏപ്രില്‍ ആദ്യമായിരിക്കും കോണ്‍ഗ്രസ്. സമ്മേളനസ്ഥലവും കൃത്യമായ തീയതിയും പിന്നീടു തീരുമാനിക്കുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബ്രാഞ്ചുതലം മുതല്‍ സംസ്ഥാനതലം വരെയുള്ള സമ്മേളനങ്ങളുടെ സമയക്രമവും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ബ്രാഞ്ച് മുതല്‍ സംസ്ഥാനതലം വരെയുള്ള സമ്മേളനങ്ങള്‍ 2011 സെപ്തംബര്‍ മുതല്‍ 2012 ഫെബ്രുവരി വരെയുള്ള കാലയളവില്‍ നടക്കും. 2010ലും 2011ലുമായി നടക്കേണ്ടിയിരുന്ന സമ്മേളനങ്ങള്‍ പശ്ചിമബംഗാളും കേരളവും ഉള്‍പ്പെടെ അഞ്ചിടത്തെ നിയമസഭാതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് 2010 ഒക്ടോബറില്‍ വിപുലീകൃത കേന്ദ്രകമ്മിറ്റി യോഗം വിജയവാഡയില്‍ ചേര്‍ന്നിരുന്നു. കേരളം ഇതു മൂന്നാം തവണയാണ് പാര്‍ടി കോണ്‍ഗ്രസിന് ആതിഥ്യമേകുന്നത്. നേരത്തെ 1968ല്‍ കൊച്ചിയിലും 1989ല്‍ തിരുവനന്തപുരത്തുമാണ് ഇതിനുമുമ്പ് പാര്‍ടി കോണ്‍ഗ്രസ് നടന്നത്.
കേരളത്തില്‍ ജാഗ്രതയോടെ പ്രതിപക്ഷത്തിരിക്കും: കാരാട്ട്
ഹൈദരാബാദ്: കേരളത്തില്‍ ജാഗ്രതാബോധമുള്ള പ്രതിപക്ഷമായി സിപിഐ എം പ്രവര്‍ത്തിക്കുമെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ നല്ല കാര്യങ്ങള്‍ അട്ടിമറിക്കാനുള്ള ഏതു ശ്രമത്തെയും ചെറുക്കും. സാധാരണജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിലകൊള്ളും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കില്ലെന്ന് കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം കാരാട്ട് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും സംഘടനാപരമായി തെരഞ്ഞെടുപ്പിന് പാര്‍ടി നടത്തിയ തയ്യാറെടുപ്പുകളും വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഉയര്‍ത്തിയ അഴിമതിവിരുദ്ധവേദിയുമെല്ലാം തെരഞ്ഞെടുപ്പില്‍ ഗുണകരമായി പ്രതിഫലിച്ചെന്ന് കാരാട്ട് ചോദ്യത്തിന് മറുപടി നല്‍കി. ബംഗാളില്‍ 400 ഏക്കര്‍ ഭൂമി തിരിച്ചുനല്‍കുന്നതിന് പാര്‍ടി എതിരല്ല. പക്ഷേ, ഇതിനായി തൃണമൂല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടികളാണ്. സര്‍ക്കാര്‍ ഇതു ശരിയായ രീതിയില്‍ കൈകാര്യം ചെയ്യണം-കാരാട്ട് പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ടികളുടെ നേതൃത്വത്തെ നിശ്ചയിക്കുന്നത് തെരഞ്ഞെടുപ്പു ഫലങ്ങളുടെ അടിസ്ഥാനത്തിലല്ല. പാര്‍ടി സ്വീകരിക്കുന്ന രാഷ്ട്രീയപരിപാടിയുടെ അടിസ്ഥാനത്തിലാണെന്നും കാരാട്ട് ചോദ്യത്തോടു പ്രതികരിച്ചു.
deshabhimani 130611
യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭം നടത്താന്‍ ഹൈദരാബാദില്‍ ചേര്‍ന്ന സിപിഐ എം ദ്വിദിന കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. ഉന്നതസ്ഥാനങ്ങളിലെ അഴിമതി തടയണമെന്നും കള്ളപ്പണം പിടിച്ചെടുക്കണമെന്നും വിദേശത്തേയ്ക്ക് അനധികൃതമായി കടത്തിയ പണം തിരിച്ചുകൊണ്ടുവരാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ക്കായി ഇതര ഇടതുപക്ഷപാര്‍ടികളുമായി ചേര്‍ന്ന് വിപുലമായ പ്രസ്ഥാനത്തിനു രൂപംനല്‍കാനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.
ReplyDelete