Monday, June 13, 2011

വഖഫ് ഭൂമിയില്‍ വീടുവച്ച അംബാനിക്ക് കേന്ദ്ര ഒത്താശ

നിയമവിരുദ്ധമായി കൈവശമാക്കിയ വഖഫ് വക ഭൂമിയില്‍ പടുകൂറ്റന്‍ ബംഗ്ലാവുണ്ടാക്കിയ വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിക്ക് കേന്ദ്രത്തിന്റെ ഒത്താശ. കേന്ദ്ര വഖഫ് നിയമം ലംഘിച്ചാണ് ഭൂമി കൈവശപ്പെടുത്തിയതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സെക്രട്ടറി സമ്മതിച്ചു. പക്ഷേ, നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് പറഞ്ഞ് സെക്രട്ടറി വിവേക് മെഹറോത്ര ഒഴിഞ്ഞുമാറി.

മുംബൈയില്‍ അല്‍ത്താമൗണ്ട് റോഡില്‍ വഖഫ്ബോര്‍ഡിനുണ്ടായിരുന്ന കോടികള്‍ വിലമതിക്കുന്ന സ്ഥലമാണ് ആന്റിലിയ കൊമേഴ്സ്യല്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ അംബാനി കൈവശമാക്കിയത്. 2008ല്‍ ഇതിനെതിരെ മഹാരാഷ്ട്ര വഖഫ് ബോര്‍ഡ് അംഗം സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കി. മുഖ്യമന്ത്രിയായിരുന്ന വിലാസ്റാവു ദേശ്മുഖാണ് കണ്ണായ ഈ സ്ഥലം കൈയേറാന്‍ അംബാനിക്ക് ഒത്താശ ചെയ്തതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. കൈയേറാന്‍ അംബാനിയെ സഹായിച്ചവരുടെതന്നെ സ്വാധീനത്തിലുള്ള ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് കേന്ദ്രത്തിന്റെ വിചിത്രമായ നിര്‍ദേശം. 4532 ചതുരശ്ര അടി സ്ഥലമാണ് വഖഫ് ബോര്‍ഡിനുണ്ടായിരുന്നത്. ഈ സ്ഥലം മുഴുവനും 27 നിലയുള്ള അംബാനിയുടെ ആന്റിലിയ എന്നു പേരുള്ള വീടാണ്. 2010ല്‍ പണിപൂര്‍ത്തിയാക്കി അംബാനി താമസം തുടങ്ങുംമുമ്പുതന്നെ പരാതി ലഭിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി വന്നതിനെതുടര്‍ന്ന് ന്യൂനപക്ഷകാര്യ സെക്രട്ടറി വിവേക് മെഹറോത്ര മഹാരാഷ്ട്ര സര്‍ക്കാരിന് കത്തെഴുതി. 2010 ഡിസംബര്‍ ഒന്നിനയച്ച കത്തില്‍ അംബാനി വഖഫ് സ്ഥലം കൈക്കലാക്കിയത് നിയമവിരുദ്ധമായാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

പക്ഷേ, കേസ് സംസ്ഥാന സര്‍ക്കാര്‍തന്നെ സിബിഐക്ക് വിടാനാണ് കത്തിലെ നിര്‍ദേശം. മഹാരാഷ്ട്ര വഖഫ് ബോര്‍ഡ് അംഗമായിരുന്ന അഹമ്മദ്ഖാന്‍ പഠാനാണ് സംസ്ഥാന സര്‍ക്കാരിനും കേന്ദ്രത്തിനും പരാതി നല്‍കിയത്. അന്നത്തെ വഖഫ് ബോര്‍ഡ് സിഇഒ ആയിരുന്ന എ ആര്‍ ഷേഖിനെ കബളിപ്പിച്ചാണ് അന്നത്തെ മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖ് അംബാനിക്ക് സ്ഥലം കൈമാറിയതെന്ന് അഹമ്മദ്ഖാന്‍ പറയുന്നു. ഇന്ത്യയിലെ മറ്റൊരു താജ്മഹല്‍ എന്ന് അംബാനികുടുംബം സ്വയം വിശേഷിപ്പിക്കുന്ന ആന്റിലിയഭവനം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 350 കോടിയോളം ചെലവഴിച്ചാണ് ഭാര്യക്കും മൂന്നു മക്കള്‍ക്കും താമസിക്കാന്‍ മുകേഷ് അംബാനി തന്റെ സ്വപ്നഭവനം തീര്‍ത്തത്.

deshabhimani 130611

1 comment:

  1. നിയമവിരുദ്ധമായി കൈവശമാക്കിയ വഖഫ് വക ഭൂമിയില്‍ പടുകൂറ്റന്‍ ബംഗ്ലാവുണ്ടാക്കിയ വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിക്ക് കേന്ദ്രത്തിന്റെ ഒത്താശ. കേന്ദ്ര വഖഫ് നിയമം ലംഘിച്ചാണ് ഭൂമി കൈവശപ്പെടുത്തിയതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സെക്രട്ടറി സമ്മതിച്ചു. പക്ഷേ, നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് പറഞ്ഞ് സെക്രട്ടറി വിവേക് മെഹറോത്ര ഒഴിഞ്ഞുമാറി.

    ReplyDelete