2ജി സ്പെക്ട്രം ഇടപാടില്‍ തനിക്ക് ഉപദേശം നല്‍കിയത് അന്നത്തെ ധനമന്ത്രി പി ചിദംബരമാണെന്ന് എ രാജയുടെ വെളിപ്പെടുത്തല്‍ . അഴിമതിയില്‍ ചിദംബരത്തിനും പങ്കുണ്ടെന്ന് 2008 നവംബര്‍ ഏഴിന് പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലാണ് രാജ വെളിപ്പെടുത്തിയത്. 2ജി സ്പെക്ട്രം ലൈസന്‍സ് നേടിയ യൂണിടെക്, സ്വാന്‍ ടെലികോം കമ്പനികള്‍ അവരുടെ ഓഹരി വിദേശ കമ്പനികള്‍ക്ക് വിറ്റപ്പോഴാണ് രാജയ്ക്ക് സഹായവുമായി ചിദംബരം എത്തിയത്. സ്പെക്ട്രം കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിസ്ഥാനത്തുള്ള കമ്പനികളാണ് യൂണിടെക്കും സ്വാനും. വില്‍പ്പനയെ ന്യായീകരിച്ച് മാധ്യമപ്രവര്‍ത്തകരോട് എങ്ങനെ സംസാരിക്കണമെന്ന് രാജയ്ക്ക് പറഞ്ഞുകൊടുത്തതും ചിദംബരമായിരുന്നു. പ്രധാനമന്ത്രിയും ഇക്കാര്യത്തില്‍ ഉപദേശം നല്‍കിയെന്ന് രാജ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയും എ രാജയും തമ്മിലുള്ള കത്തിടപാട് നേരത്തേ തന്നെ പുറത്തുവന്നെങ്കിലും ചിദംബരത്തെ പരാമര്‍ശിക്കുന്ന കത്ത് പുറത്തുവന്നില്ല.
സ്പെക്ട്രം അഴിമതി പുറത്തായതു മുതല്‍ തന്നെ താന്‍ തനിച്ചല്ല, മന്ത്രിസഭയുടെയും പ്രധാനമന്ത്രിയുടെയും അറിവോടെയാണ് ലൈസന്‍സ് നല്‍കിയതെന്ന് രാജ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം രാജ വാര്‍ത്താസമ്മേളനം നടത്തുന്നത് 2008 നവംബര്‍ ഏഴിനാണ്. നവംബര്‍ നാലിനാണ് പ്രധാനമന്ത്രിയും രാജയും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. കൂടെ ചിദംബരവും ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ ടെലികോം നയവും ചട്ടങ്ങളും മാധ്യമപ്രവര്‍ത്തകരോടു വിശദീകരിക്കാനായിരുന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ട്രായ് നല്‍കിയ ശുപാര്‍ശയനുസരിച്ചാണ് 2ജി ലൈസന്‍സ് നല്‍കിയതെന്ന് വിശദീകരിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
2008ല്‍ 2ജി സ്പെക്ട്രം ലൈസന്‍സ് ലഭിച്ചയുടനെയാണ് അവയുടെ ഓഹരികള്‍ വിദേശകമ്പനികള്‍ വാങ്ങിയത്. യൂണിടെക് അവരുടെ 60 ശതമാനം ഓഹരിയാണ് സ്വീഡിഷ് കമ്പനിയായ ടെലിനോറിന് വിറ്റത്. 6200 കോടി രൂപയ്ക്കാണ് വില്‍പ്പന നടന്നത്. സ്വാന്‍ ടെലികോമാകട്ടെ യുഎഇയിലെ എത്തിസലാത്തിനാണ് 45 ശതമാനം ഓഹരി വിറ്റത്. 3500 കോടി രൂപയ്ക്കായിരുന്നു വില്‍പ്പന. എന്നാല്‍ , ഈ വില്‍പ്പന വിദേശനിക്ഷേപമാണെന്ന് മാധ്യമങ്ങളോടു വിശദീകരിക്കാന്‍ രാജയ്ക്ക് ഉപദേശം നല്‍കുന്നത് പി ചിദംബരമാണ്.
കേന്ദ്രസര്‍ക്കാര്‍ 74 ശതമാനം വരെ വിദേശ നിക്ഷേപം ടെലികോം മേഖലയില്‍ അനുവദിച്ചതുകൊണ്ടാണ് വിദേശ കമ്പനികള്‍ക്ക് ഓഹരി വാങ്ങാന്‍ കഴിഞ്ഞത്. സര്‍ക്കാരിനുലഭിക്കേണ്ട പണമാണ് യൂണിടെക്കും സ്വാനും നേടിയത്. കമ്പനികള്‍ വന്‍ ലാഭം കൊയ്തെന്ന വാദം അംഗീകരിക്കേണ്ടതില്ലെന്നും ചിദംബരം രാജയെ ഉപദേശിച്ചു. മാത്രമല്ല ഈ പണം പശ്ചാത്തല വികസനസൗകര്യം വര്‍ധിപ്പിക്കാനായി ഉപയോഗിക്കാമെന്നും ചിദംബരം വിശദീകരിക്കുന്നു. 2ജി സ്പെക്ട്രം ലൈസന്‍സ് അനധികൃതമായി നല്‍കുക വഴി ചിദംബരം വന്‍തോതില്‍ പണം നേടിയെന്ന് നീര റാഡിയ ടേപ്പുകളില്‍ വെളിപ്പെടുത്തിയിരുന്നു.
(വി ബി പരമേശ്വരന്‍)
deshabhimani 200611
No comments:
Post a Comment