Saturday, June 11, 2011

പൈലറ്റില്ലാ വിമാനം വാങ്ങി 450 കോടി തുലച്ചു: സിഎജി

ഇസ്രയേലില്‍നിന്ന് പൈലറ്റില്ലാവിമാനം (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍ വാങ്ങി കേന്ദ്രസര്‍ക്കാര്‍ 450 കോടി രൂപ തുലച്ചതായി സിഎജി കണ്ടെത്തി. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി യുഎവി വാങ്ങുന്നതിന് 300 കോടി രൂപയാണ് അനുവദിച്ചത്. എന്നാല്‍ , ദേശീയ സാങ്കേതിക ഗവേഷണസംഘടന (എന്‍ടിആര്‍ഒ) സ്വന്തം നിലയില്‍ നല്‍കിയ 150 കോടി രൂപകൂടി ചെലവിട്ടാണ് ഇസ്രയേലില്‍നിന്ന് ഉപഗ്രഹബന്ധം സ്ഥാപിക്കുന്നതിനുള്ള സംവിധാനവും ഇലക്ട്രോണിക്സ് ഇന്റലിജന്‍സ് ഉപകരണങ്ങളും വിമാനങ്ങളും വാങ്ങിയത്. ഉപഗ്രഹബന്ധസംവിധാനവും ഇന്റലിജന്‍സ് ഉപകരണങ്ങളും ശരിക്കും പ്രവര്‍ത്തിക്കാത്തവയാണെന്ന് തെളിയുകയും വിമാനങ്ങള്‍ തീര്‍ത്തും ഉപയോഗശൂന്യമാകുകയും ചെയ്തു. പൊതുഖജനാവില്‍ നിന്നുള്ള 450 കോടി രൂപയാണ് ദേശീയ സുരക്ഷയുടെ മറവില്‍ നഷ്ടപ്പെടുത്തിയതെന്ന് സിഎജി പറഞ്ഞു.

മൊത്തം 12 വിമാനം വാങ്ങാനായിരുന്നു കരാറെങ്കിലും എട്ടെണ്ണമാണ് ഇന്ത്യയിലെത്തിയത്. യുഎവിക്ക് മാത്രമായുള്ള ഉപഗ്രഹബന്ധസംവിധാനമായിരുന്നില്ല ഇസ്രയേലില്‍ നിന്നു വാങ്ങിയത്. യുഎവിക്ക് അയക്കുന്ന പ്രത്യേക കമാന്‍ഡുകള്‍ പോലും മറ്റുള്ളവര്‍ക്ക് ചോര്‍ത്താന്‍ കഴിയുമെന്ന് കണ്ടെത്തിയതോടെയാണ് യുഎവികള്‍ ഉപേക്ഷിച്ചത്. ഇന്ത്യയില്‍ ഒരിക്കലും പരീക്ഷിക്കാതെയാണ് ഉപഗ്രഹബന്ധസംവിധാനവും മറ്റ് ഉപകരണങ്ങളും വാങ്ങിയത്. ആസ്ട്രേലിയയില്‍ വിജയകരമായി പരീക്ഷിച്ചിട്ടുണ്ടെന്ന ഇസ്രയേല്‍ ഏറോ സ്പേസ് ഇന്‍ഡസ്ട്രീസ് കമ്പനിയുടെ അവകാശവാദം അപ്പടി സ്വീകരിക്കുകയായിരുന്നു എന്‍ടിആര്‍ഒ അധികൃതരെന്ന് സിഎജി പറയുന്നു. ഇതേ കമ്പനിയുമായി നേരത്തേ ബരാക് മിസൈല്‍ ഇടപടിലും മധ്യദൂര ഭൂതല മിസൈല്‍ ഇടപാടിലും അഴിമതി ആരോപണം ഉയര്‍ന്നിരുന്നു.

മന്ത്രിസഭയുടെ സുരക്ഷാ സമിതി അനുവദിച്ചതില്‍ അധികമുള്ള തുക ചെലവാക്കണമെങ്കില്‍ വീണ്ടും പ്രധാനമന്ത്രികാര്യാലയം വഴി സമിതിയെ സമീപിക്കണമെന്നാണ് ചട്ടം; എന്നാല്‍ , മേലധികാരികളുടെ അനുമതിയില്ലാതെ എന്‍ടിആര്‍ഒ ചെയര്‍മാന് 20 കോടി രൂപവരെ ചെലവാക്കാന്‍ അധികാരമുണ്ട്. ഈ വകുപ്പ് അനുസരിച്ചാണ് 20 കോടിവരെയുള്ള അരഡസനിലധികം ചെറിയ കരാറുകളുണ്ടാക്കി ഇസ്രയേല്‍ കമ്പനിയില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങിയത്. ഉദാഹരണത്തിന് ഉപഗ്രഹബന്ധം സ്ഥാപിക്കുന്നതിനുള്ള സംവിധാനത്തിന് 52 കോടിരൂപയാണ് നല്‍കേണ്ടിയിരുന്നത്. അത് മൂന്നു കരാറാക്കി മാറ്റി. രണ്ട് 20 കോടിയുടെയും ഒരു 12 കോടിയുടെയും പദ്ധതിയാക്കി വിഭജിച്ചാണ് മന്ത്രിസഭാസമിതിയെ അറിയിക്കാതെ ഈ ഉപകരണം വാങ്ങിയത്. അനധികൃതവും ജുഗുസ്പാവഹവുമായ ഇടപാടാണ് ഇതെന്ന് സിഎജി അഭിപ്രായപ്പെട്ടു.

ഈ ഇടപാടിലെ പ്രധാന കുറ്റവാളികള്‍ ഇടപാടു നടന്ന 2007ലെ എന്‍ടിആര്‍ഒ ചെയര്‍മാന്‍ കെ വി എസ് എസ് പ്രസാദും അദ്ദേഹത്തിന്റെ ഉപദേശകന്‍ എം എസ് വിജയരാഘവനുമാണെന്നും സിഎജി കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രി കാര്യാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ടിആര്‍ഒക്ക് കാര്‍ഗില്‍ സമിതിയുടെ ശുപാര്‍ശയനുസരിച്ച് 2004 ലാണ് രൂപംനല്‍കിയത്. ദേശീയസുരക്ഷാ ഉപദേശകനാണ് എന്‍ടിആര്‍ഒയുടെ പ്രധാന ചുമതല. ഇടപാടു നടക്കുമ്പോള്‍ എം കെ നാരായണനായിരുന്നു ദേശീയ സുരക്ഷാ ഉപദേശകന്‍ . ആദ്യമായാണ് ഒരു രഹസ്യന്വേഷണ ഏജന്‍സിയെക്കുറിച്ച് സിഎജി ഓഡിറ്റിങ് നടത്തിയത്. റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഫെബ്രുവരി രണ്ടാംവാരത്തിലാണ് സിഎജി വിനോദ് റായി രാഷ്ട്രപതി പ്രതിഭ പാട്ടീലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിഎജി വയ്ക്കുന്ന ഏത് റിപ്പോര്‍ട്ടും പാര്‍ലമെന്റില്‍ വയ്ക്കുകയും തുടര്‍ന്ന് പബ്ലിക്് അക്കൗണ്ട്സ് കമ്മിറ്റി അത് പരിശോധിക്കുകയുമാണ് പതിവ്. എന്നാല്‍ , അതീവ രഹസ്യമെന്ന വിഭാഗത്തില്‍പ്പെടുത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചില്ല. അതീവരഹസ്യമെന്ന വിഭാഗത്തില്‍പ്പെടുത്തിയ ആദ്യത്തെ സിഎജി റിപ്പോര്‍ട്ടും ഇതാണ്. അതിനിടെ, സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇടപാടില്‍ അഴിമതി നടന്നോ എന്ന കാര്യം പരിശോധിക്കാന്‍ പ്രധാനമന്ത്രികാര്യാലയം ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി അറിയുന്നു.

deshabhimani 110611

1 comment:

  1. ഇസ്രയേലില്‍നിന്ന് പൈലറ്റില്ലാവിമാനം (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍ വാങ്ങി കേന്ദ്രസര്‍ക്കാര്‍ 450 കോടി രൂപ തുലച്ചതായി സിഎജി കണ്ടെത്തി. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി യുഎവി വാങ്ങുന്നതിന് 300 കോടി രൂപയാണ് അനുവദിച്ചത്. എന്നാല്‍ , ദേശീയ സാങ്കേതിക ഗവേഷണസംഘടന (എന്‍ടിആര്‍ഒ) സ്വന്തം നിലയില്‍ നല്‍കിയ 150 കോടി രൂപകൂടി ചെലവിട്ടാണ് ഇസ്രയേലില്‍നിന്ന് ഉപഗ്രഹബന്ധം സ്ഥാപിക്കുന്നതിനുള്ള സംവിധാനവും ഇലക്ട്രോണിക്സ് ഇന്റലിജന്‍സ് ഉപകരണങ്ങളും വിമാനങ്ങളും വാങ്ങിയത്. ഉപഗ്രഹബന്ധസംവിധാനവും ഇന്റലിജന്‍സ് ഉപകരണങ്ങളും ശരിക്കും പ്രവര്‍ത്തിക്കാത്തവയാണെന്ന് തെളിയുകയും വിമാനങ്ങള്‍ തീര്‍ത്തും ഉപയോഗശൂന്യമാകുകയും ചെയ്തു. പൊതുഖജനാവില്‍ നിന്നുള്ള 450 കോടി രൂപയാണ് ദേശീയ സുരക്ഷയുടെ മറവില്‍ നഷ്ടപ്പെടുത്തിയതെന്ന് സിഎജി പറഞ്ഞു.

    ReplyDelete