Thursday, June 2, 2011

അരങ്ങേറ്റം ഇങ്ങനെയെങ്കില്‍

എല്‍ഡിഎഫ് തുടങ്ങിവെച്ച ജനക്ഷേമകരമായ നടപടികള്‍ ഫലപ്രദമായി തുടരുകയും അതിന്റെ സ്വാഭാവികമായ അനന്തരഘട്ടത്തിലേക്ക് ഉയരുകയും ചെയ്യണമെങ്കില്‍ , ഭരണത്തുടര്‍ച്ച ആവശ്യമാണെന്ന് ഞങ്ങള്‍ ഊന്നിപ്പറഞ്ഞിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇത്തവണയും അതിനുള്ള സാഹചര്യമുണ്ടായില്ല. അതിന്റെ ഫലം ഭരണത്തിന്റെ വിവിധ തലങ്ങളില്‍ , ഉമ്മന്‍ചാണ്ടി ഭരണമേറ്റ് നിമിഷങ്ങള്‍ക്കകം, കണ്ടു തുടങ്ങിയിരിക്കുന്നു. തദ്ദേശ സ്വയംഭരണവകുപ്പ് മൂന്നായി വിഭജിച്ച് മൂന്നു മന്ത്രിമാരെ ഏല്‍പിച്ച് ജനകീയാസൂത്രണത്തിന്റെയും അധികാര വികേന്ദ്രീകരണത്തിന്റെയും അന്തഃസത്ത തന്നെ തകര്‍ത്തതും സുഗമവും പക്ഷപാതരഹിതവുമായ സ്ഥലംമാറ്റ വ്യവസ്ഥ ലംഘിച്ച് ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുന്നതും ആരോപണ വിധേയരായവരെ മന്ത്രിമാരാക്കിയതും ഐസ്ക്രീം കേസ് തേച്ചു മായ്ച്ചു കളയുന്നതിന് കൂട്ടുനിന്നുവെന്ന ആരോപണത്തിന് വിധേയനായ ആളെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ആയി നിയമിച്ചതും ജനുവരി ഒന്ന് തൊട്ടുള്ള മുന്‍ സര്‍ക്കാര്‍ തീരുമാനങ്ങളെല്ലാം പുനഃപരിശോധിക്കുമെന്ന പ്രഖ്യാപനവും മന്ത്രിമാരുടെ പേരിലുള്ള കേസുകളില്‍ പുനരന്വേഷണം നടത്തിക്കുന്നതും എല്ലാം അതിന്റെ ഭാഗമാണ്.

കോടികളുടെ കോഴ വാങ്ങാന്‍ സൗകര്യമുള്ള വകുപ്പുകള്‍ക്കുവേണ്ടി മന്ത്രിമാര്‍ തമ്മില്‍ ഇപ്പോഴും പിടിവലിയാണ്. ചുരുങ്ങിയ സമയംകൊണ്ട് പരമാവധി സമ്പാദിയ്ക്കണമല്ലോ. എല്‍ഡിഎഫ് സര്‍ക്കാര്‍ പടുത്തുയര്‍ത്തിയ കാര്യക്ഷമവും സുതാര്യവും ജനക്ഷേമകരവുമായ ഭരണവ്യവസ്ഥയാണ് അതിനിടയില്‍ തകിടം മറിക്കപ്പെടുന്നത്. അതിന്റെ ഒരു ഉദാഹരണമാണ്, ഗവണ്‍മന്റ് മെഡിക്കല്‍ കോളേജുകളിലെ അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കുന്നതിനുള്ള പുതിയ ആരോഗ്യമന്ത്രിയുടെ നീക്കം. മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്ക് അന്തസ്സായി ജീവിയ്ക്കാനുള്ള ശമ്പളം ലഭ്യമാക്കുന്നതിനുവേണ്ടി യുജിസി സ്കെയില്‍ നടപ്പാക്കിയതിനുശേഷമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ , അവരുടെ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ നിലവാരത്തകര്‍ച്ചയെപ്പറ്റി നടത്തിയ എല്ലാ പഠനങ്ങളും ചൂണ്ടിക്കാണിച്ചത്, അതിന് പ്രധാന കാരണം അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് ആണെന്നാണ്. 1996ലെ ടി എന്‍ ജയചന്ദ്രന്‍ കമ്മീഷന്‍ , പി രാജു എംഎല്‍എ ചെയര്‍മാനായുള്ള 2000-ാമാണ്ടിലെ നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി, 2007ലെ ഡോക്ടര്‍ ഇക്ബാല്‍ കമ്മിറ്റി തുടങ്ങിയ കമ്മിറ്റികളെല്ലാം ഇക്കാര്യം ഊന്നിപ്പറഞ്ഞു. 1982ല്‍ പാര്‍ലമന്റ് അംഗീകരിച്ച ആരോഗ്യനയ പ്രഖ്യാപനത്തിലും ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അധ്യാപകര്‍ക്ക് ന്യായമായ ശമ്പളം നല്‍കിക്കൊണ്ട് സ്വകാര്യ പ്രാക്ടീസ് ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്നാണ് ആ പ്രഖ്യാപനം ആവശ്യപ്പെടുന്നത്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഉന്നത നിലവാരത്തിലുള്ള പഠനവും ഗവേഷണങ്ങളും നടത്തുന്നതിനും അതോടൊപ്പം പാവപ്പെട്ട രോഗികള്‍ക്ക് വിദഗ്ദ്ധ ചികില്‍സ ലഭിക്കുന്നതിനും അധ്യാപകരുടെ സാന്നിധ്യം മെഡിക്കല്‍ കോളേജുകളില്‍ അത്യന്താപേക്ഷിതമാണ്. പഠന - ഗവേഷണ - അധ്യാപന - ശുശ്രൂഷാ പ്രവൃത്തികളില്‍ അര്‍പ്പണ മനോഭാവത്തോടെ മുഴുകുന്ന ഡോക്ടര്‍മാര്‍ക്ക് അന്തസ്സായി ജീവിക്കുകയും വേണം. അതിനുവേണ്ടിയാണ് യുജിസി സ്കെയില്‍ നടപ്പാക്കിക്കൊണ്ട്, മാന്യമായ ശമ്പളം ഉറപ്പാക്കിക്കൊണ്ട്, മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഉയര്‍ന്ന ശമ്പളം കൈപ്പറ്റിയതിനുശേഷവും സ്വകാര്യ പ്രാക്ടീസ് നടത്തി, കൂടുതല്‍ സമ്പത്താര്‍ജ്ജിക്കണം എന്ന്, അപ്പോഴും ഒരു വിഭാഗം അധ്യാപകര്‍ ശഠിച്ചുകൊണ്ടിരുന്നു. അതുവഴി പണമുള്ള രോഗികള്‍ക്കേ സേവനം ലഭിക്കുന്നുള്ളൂ, പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ല എന്ന മൂല്യബോധമൊന്നും അവര്‍ക്കു പ്രശ്നമല്ല. ഭരണം തുടങ്ങുംമുമ്പേ, അവരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് ആരോഗ്യമന്ത്രി വിധേയനായി എന്നുവേണം കരുതാന്‍ . പാവങ്ങള്‍ക്കുള്ള റേഷനരിയുടെ കച്ചവടത്തില്‍ കയ്യിട്ടു വാരുന്നവര്‍ക്ക് എവിടെച്ചെന്നാലും കോളു തന്നെ. അരങ്ങേറ്റം തന്നെ അഴിമതിയഭിഷേകം കൊണ്ടാണെങ്കില്‍ തുടര്‍ന്നുള്ള കഥ എന്താവും!

ചിന്ത മുഖപ്രസംഗം 030611

1 comment:

  1. അരങ്ങേറ്റം തന്നെ അഴിമതിയഭിഷേകം കൊണ്ടാണെങ്കില്‍ തുടര്‍ന്നുള്ള കഥ എന്താവും!

    ReplyDelete