Tuesday, June 7, 2011

കോണ്‍ഗ്രസ് വക്താവിനു നേരെ ചെരിപ്പാക്രമണം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുഖ്യ വക്താവുമായ ജനാര്‍ദന്‍ ദ്വിവേദിയെ ചെരിപ്പുകൊണ്ട് അടിക്കാന്‍ ശ്രമം. എഐസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തവെ പത്രക്കാരനെന്ന് പറഞ്ഞ് എത്തിയ സുനില്‍കുമാറാണ് ഷൂ ഊരി ദ്വിവേദിയെ അടിക്കാന്‍ ശ്രമിച്ചത്. ഇയാളെ കോണ്‍ഗ്രസുകാര്‍ വാര്‍ത്താസമ്മേളന ഹാളില്‍വച്ച് മര്‍ദിച്ചു. രാംദേവിനെയും അനുയായികളെയും രാംലീലാ മൈതാനിയില്‍ നിന്ന് ഒഴിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ചെരിപ്പാക്രമണം. രാജസ്ഥാനിലെ നവസഞ്ചാര്‍ പത്രിക ലേഖകനെന്ന് പറഞ്ഞാണ് സുനില്‍കുമാര്‍ ഹാളിലെത്തിയത്. വാര്‍ത്താസമ്മേളനം നാലേകാലിനാണ് ആരംഭിച്ചത്. വക്താവ് മനീഷ് തിവാരിയും ദ്വിവേദിക്കൊപ്പമുണ്ടായിരുന്നു.

സ്ത്രീവേഷം കെട്ടി ഒളിച്ചോടാന്‍ ശ്രമിച്ച ഭീരുവാണ് രാംദേവെന്ന് ദ്വിവേദി ആക്ഷേപിച്ചു. ഈ ഘട്ടത്തില്‍ , പ്രതിപക്ഷം ദുര്‍ബലമാണെന്ന് വിചാരിച്ച് എന്തക്രമവും നടത്താമെന്നാണോ എന്ന് സുനില്‍കുമാര്‍ ചോദിച്ചു. ചോദ്യം അവഗണിച്ച് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് ഏഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ജനാര്‍ദന്‍ ദ്വിവേദിയുടെ പുറകിലൂടെ ഊരിപ്പിടിച്ച ഷൂസുമായി സുനില്‍കുമാര്‍ വന്നത്. അടിക്കാനുള്ള ശ്രമം ദ്വിവേദി കയ്യുയര്‍ത്തി തടഞ്ഞു. തുടര്‍ന്ന് എഐസിസി സ്റ്റാഫംഗങ്ങള്‍ വന്ന് സുനിലിനെ മര്‍ദിച്ചു. മാധ്യമപ്രവര്‍ത്തകരും വളഞ്ഞു. പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാംദേവിന്റെ അനുയായികള്‍ ആസൂത്രണം ചെയ്തതാണ് ഇതെന്നും സംഘപരിവാര്‍കാരനാണ് അക്രമിയെന്നും ദ്വിവേദി കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനിലെ ജുന്‍ജുനുവിലുള്ള രാജസ്ഥാന്‍ പബ്ലിക് സ്കൂളിലെ അധ്യപകനായിരുന്നു സുനില്‍കുമാര്‍ . അഞ്ചുമാസം മുമ്പ് അധ്യാപകവൃത്തി ഉപേക്ഷിച്ചു. 2009 ഏപ്രിലില്‍ വാര്‍ത്താസമ്മേളനം നടത്തവെ ആഭ്യന്തരമന്ത്രി പി ചിദംബരത്തിനുനേരെ "ദൈനിക് ജാഗരണ്‍" ലേഖകന്‍ ജര്‍ണയില്‍ സിങ്ങ് ഷൂ എറിഞ്ഞിരുന്നു. സിഖ്കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ജഗദീഷ് ടൈറ്റ്ലറെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.

രാംദേവിന്റെ സത്യഗ്രഹം തിങ്കളാഴ്ചയും തുടരുകയാണ്. ഹരിദ്വാറിലെ പതഞ്ജലി യോഗപീഠത്തിലാണ് സത്യഗ്രഹം. നോയിഡയില്‍ സത്യഗ്രഹം നടത്താന്‍ ശ്രമിച്ചെങ്കിലും ഉത്തര്‍പ്രദേശില്‍ കടക്കാന്‍ മായാവതി സര്‍ക്കാര്‍ അനുവദിച്ചില്ല. ബിജെപിയുടെ നേതൃത്വത്തില്‍ രാജ്ഘട്ട് പരിസരത്തും ദേശവ്യാപകമായും സത്യഗ്രഹം നടത്തി. എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിനെ കണ്ട് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടു. രാംദേവിനെതിരെയുള്ള നടപടി നിര്‍ഭാഗ്യകരമാണെങ്കിലും ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രതികരിച്ചു. അഴിമതി തടയാന്‍ സര്‍ക്കാരിന്റെ കൈവശം മാന്ത്രികവടിയൊന്നുമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാംദേവിനെയും അനുയായികളെയും അര്‍ധരാത്രി ബലംപ്രയോഗിച്ച് ഒഴിപ്പിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയും ദേശീയ മനുഷ്യാവകാശ കമീഷനും കേന്ദ്ര, ഡല്‍ഹി സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചു.
(വി ബി പരമേശ്വരന്‍)

ദിഗ്വിജയ് സിങ്ങിന്റെ വീടിന് കല്ലെറിഞ്ഞു

ഭോപ്പാല്‍ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിന്റെ വീടിന് കല്ലേറ്. ഞായറാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തിന്റെ ഭോപ്പാലിലുള്ള വീട്ടിലേക്ക് കല്ലേറുണ്ടായത്. ആര്‍ക്കെതിരെയും കേസ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിരാഹാര സമരം നടത്തിയ ബാബ രാംദേവിനെ ദിഗ്വിജയ് സിങ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ദേശാഭിമാനി 070611

1 comment:

  1. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുഖ്യ വക്താവുമായ ജനാര്‍ദന്‍ ദ്വിവേദിയെ ചെരിപ്പുകൊണ്ട് അടിക്കാന്‍ ശ്രമം. എഐസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തവെ പത്രക്കാരനെന്ന് പറഞ്ഞ് എത്തിയ സുനില്‍കുമാറാണ് ഷൂ ഊരി ദ്വിവേദിയെ അടിക്കാന്‍ ശ്രമിച്ചത്. ഇയാളെ കോണ്‍ഗ്രസുകാര്‍ വാര്‍ത്താസമ്മേളന ഹാളില്‍വച്ച് മര്‍ദിച്ചു. രാംദേവിനെയും അനുയായികളെയും രാംലീലാ മൈതാനിയില്‍ നിന്ന് ഒഴിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ചെരിപ്പാക്രമണം. രാജസ്ഥാനിലെ നവസഞ്ചാര്‍ പത്രിക ലേഖകനെന്ന് പറഞ്ഞാണ് സുനില്‍കുമാര്‍ ഹാളിലെത്തിയത്. വാര്‍ത്താസമ്മേളനം നാലേകാലിനാണ് ആരംഭിച്ചത്. വക്താവ് മനീഷ് തിവാരിയും ദ്വിവേദിക്കൊപ്പമുണ്ടായിരുന്നു.

    ReplyDelete