വളത്തിന്റെ ലഭ്യതക്കുറവ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കേരളത്തില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഈ കാലയളവില്‍ കാലവര്‍ഷാരംഭത്തോടെ കര്‍ഷകര്‍ക്ക് വിവിധ വളങ്ങള്‍ ആവശ്യമാണ്. എന്നാല്‍ കാര്‍ഷിക മേഖലയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ തോതില്‍ വളത്തിന്റെ ലഭ്യത മാര്‍ക്കറ്റില്‍ ഇല്ലാത്തതാണ് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.
കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ വളങ്ങളാണ് പ്രധാനമായും കര്‍ഷകര്‍ ഉപയോഗിക്കുന്നത്. അമോണിയം സള്‍ഫേറ്റ്, ഫാക്ടംഫോസ്, യൂറിയ എന്നിവയാണ് ഫാക്ട് വിപണിയിലിറക്കുന്നത്. കര്‍ഷകര്‍ക്ക് ഏറെ ആവശ്യമുള്ള യൂറിയ വിപണിയില്‍ കിട്ടാനില്ല. ഫാക്ടിന് സ്വന്തമായി ഉല്‍പ്പാദനം ഇല്ലാത്തതിനാല്‍ കേന്ദ്രാനുമതിയോടു കൂടി ഇറക്കുമതി ചെയ്യുകയാണ് പതിവ്. ഈ വര്‍ഷം ഇറക്കുമതി ചെയ്ത യൂറിയ വിപണിയില്‍ എത്തിക്കാന്‍ ഫാക്ടിന് കഴിയാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു. കേന്ദ്രത്തിന്റെ അനുമതിയോടുകൂടി കുവൈത്തില്‍ നിന്നും 33000 ടണ്‍ യൂറിയ ഇറക്കുമതി ചെയ്തിട്ടുണ്ട്. അത് കൊച്ചിയില്‍ കപ്പല്‍മാര്‍ഗം എത്തിയിട്ടേയുള്ളൂ. ഇനി ചാക്കുകളിലാക്കി ഡീലര്‍മാര്‍ വഴി വിപണിയിലെത്തുമ്പോഴേക്കും കാലതാമസം നേരിടും.
ഫാക്ടംഫോസിന്റെ ഉല്‍പ്പാദനമാകട്ടെ ഫാക്ടിന്റെ പ്ലാന്റിന്റെ ശേഷിക്കനുസൃതമായി നടക്കുന്നില്ല. 70,000 ടണ്‍ ഫാക്ടംഫോസ് ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്. എല്ലാ കാര്‍ഷിക വിളകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന അമോണിയം സള്‍ഫേറ്റാകട്ടെ ഒരു വര്‍ഷത്തില്‍ 2 ലക്ഷം ടണ്ണാണ് ഫാക്ടില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇത്തരം വളങ്ങള്‍ കേരളം, കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഫാക്ട് വിറ്റഴിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടു കൂടി മാത്രമേ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഉല്‍പ്പന്നത്തിന്റെ ക്വാട്ട നിശ്ചയിക്കാനാവുകയുള്ളൂ. ഇത് പലപ്പോഴും കര്‍ഷകരുടെ ആവശ്യത്തിന് വളം കിട്ടാതെ വരുന്ന അവസ്ഥ സൃഷ്ടിക്കും.
മദ്രാസ് ഫെര്‍ട്ടിലൈസേഴ്‌സും ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡും യൂറിയ വിപണിയില്‍ എത്തിക്കുന്നുണ്ട്. കൂടാതെ സ്വകാര്യ സംരംഭകരുടെ പൊട്ടാഷ്, റോസ് ഫോസ്‌ഫേറ്റ്, റബര്‍ മിശ്രിത വളങ്ങള്‍ തുടങ്ങിയവും കമ്പോളത്തിലുണ്ട്.
വളത്തിന്റെ വില വര്‍ധനയും കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു. ഫാക്ടംഫോസിന് ഒരു ടണ്ണിന് 7600 രൂപയായിരുന്നത് 10000 രൂപയ്ക്ക് മുകളിലായി. യൂറിയുടെ വിലയും വര്‍ധിച്ചു. പൊട്ടാഷിന്റെ കാര്യത്തിലും സ്ഥിതി ഇതുതന്നെയാണ്.
കൃഷി ഓഫീസര്‍മാര്‍ തയ്യാറാക്കി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വളത്തിന്റെ ക്വാട്ട സര്‍ക്കാര്‍ നിശ്ചയിക്കുന്നത്. ഓരോ പ്രദേശത്തും നടക്കുന്ന കൃഷികളെ സംബന്ധിച്ച് ഇവര്‍ ശേഖരിക്കുന്ന വിവരങ്ങളും അതിന് ആവശ്യമായ വളത്തിന്റെ തോതും നിശ്ചയിക്കുമെങ്കിലും പലപ്പോഴും ഈ കണക്കുകള്‍ ശരിയാകാറില്ല. വിളകള്‍ക്ക് ലഭിക്കുന്ന ഡിമാന്റിന് അനുസൃതമായി കര്‍ഷകര്‍ വിളകളില്‍ മാറ്റങ്ങള്‍ വരുത്തും. ഒപ്പം ഉല്‍പ്പാദനവും കൂട്ടുകയും ചെയ്യും. എന്നാല്‍ ഇത് മുന്‍കൂട്ടി കാണാന്‍ കൃഷി ഓഫീസര്‍മാര്‍ക്ക് സാധിക്കാറില്ല. അതും വളത്തിന്റെ ലഭ്യതയ്ക്ക് തടസങ്ങളായി മാറാറുണ്ട്.
വാഗണുകളില്‍ എത്തുന്ന വളങ്ങള്‍ വിതരണക്കാര്‍ക്ക് കൊണ്ടുപോകുന്നതിന് ഒരുടണ്ണിന് നഗരങ്ങളില്‍ 35 രൂപയും മറ്റു ജില്ലകളില്‍ 140 രൂപയുമാണ് കമ്മിഷന്‍ നല്‍കുന്നത്. കൂടാതെ ഒരു ടണ്‍ വളം വിറ്റാല്‍ ലഭിക്കുന്ന കമ്മിഷന്‍ 240 രൂപയാണ്. ഈ കമ്മിഷന്‍ തുക വളം കൊണ്ടുവരുന്ന ചരക്കുലോറികള്‍ക്ക് കൊടുക്കാന്‍ തന്നെ തികയുന്നില്ലെന്നാണ് മൊത്തവിതരണക്കാര്‍ പറയുന്നത്. ഈ കാരണത്താല്‍ കൂടുതല്‍ കമ്മിഷന്‍ ലഭിക്കുന്ന സ്വകാര്യ കമ്പനികളുടെ മിശ്രിത വളങ്ങള്‍ വില്‍പ്പന നടത്താനാണ് വിതരണക്കാര്‍ ശ്രമിക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാകുന്ന വില വര്‍ധനയും ഡോളറിന്റെയും രൂപയുടെയും വിനിമയ തോതില്‍ വരുന്ന അന്തരവും കേരളത്തില്‍ വളത്തിന്റെ വില നിലവാരത്തില്‍ വ്യത്യാസമുണ്ടാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നല്‍കി വില പിടിച്ചുനിര്‍ത്തിയില്ലെങ്കില്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകും. കേരളത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ കാര്‍ഷിക ഉല്‍പ്പാദന മേഖലയില്‍ വര്‍ധനയുണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വള ലഭ്യത ഉറപ്പുവരുത്തിയില്ലെങ്കില്‍ കാര്‍ഷിക മേഖലയില്‍ കടുത്ത പ്രതിസന്ധിക്ക് കാരണമാകും.
janayugom 100611
No comments:
Post a Comment