Sunday, June 19, 2011

ലിബിയയിലെ സൈനിക നടപടി അമേരിക്കന്‍ കോണ്‍ഗ്രസിനെ മറികടന്ന്‌

ട്രിപ്പോളി: ലിബിയയിലെ സൈനിക നടപടിക്ക്‌ പ്രസിഡന്റ്‌ ബാരക്ക്‌ ഒബാമ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം തേടിയിരുന്നില്ലെന്ന്‌ ആരോപണം. വൈറ്റ്‌ഹൗസിലെ ഉപദേശകരുടെ അഭിപ്രായത്തെ മറികടന്നാണ്‌ ഒബാമ ലിബിയയില്‍ ഇടപെട്ടതെന്ന്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

വിയറ്റ്‌നാം യുദ്ധകാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുളള സമീപനമാണ്‌ ഒബാമയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന്‌ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. അമേരിക്കയില്‍ കോണ്‍ഗ്രസിന്റെ അനുവാദം തേടാതെ 60 ദിവസത്തിലേറെ സൈനികനടപടികള്‍ പാടില്ലെന്നാണ്‌ നിയമം. വിയറ്റ്‌നാം യുദ്ധകാലത്തിനുശേഷം ലിബിയയിലെ നടപടിയിലാണ്‌ ഇത്തരത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസിനെ മറികടന്നുകൊണ്ടുളള തീരുമാനമുണ്ടായത്‌.

ആഭ്യന്തരയുദ്ധം നടക്കുന്ന ലിബിയയില്‍ വ്യോമാക്രമണം നടത്തിയാല്‍ സാധാരണക്കാര്‍ക്ക്‌ ആളപായം ഉണ്ടാകുമെന്നും അമേരിക്കയ്‌ക്ക്‌ വിപരീത ഫലം ഉളവാക്കുമെന്നും പെന്റഗണിലെ പ്രധാന ഉപദേശകനായ ജെ ജോണ്‍സണും നിതിന്യായ വകുപ്പ്‌ തലവന്‍ കരോലിന്‍ ക്രാസും ഒബാമയ്‌ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നതായാണ്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. എന്നാല്‍ സൈനിക നടപടി അനിവാര്യമാണെന്ന വൈറ്റ്‌ഹൗസ്‌ കൗണ്‍സല്‍ റോബര്‍ട്ട്‌ ബോര്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ നിയമോപദേശകന്‍ ഹാരോള്‍ഡ്‌ കോ എന്നിവരുടെ ഉപദേശങ്ങള്‍ക്ക്‌ ഒബാമ ചെവി കൊടുക്കുകയായിരുന്നു. ഇക്കാര്യത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുവാദം ഉടന്‍ ആവശ്യമില്ലെന്നും ഇവര്‍ ഒബാമയെ ധരിപ്പിച്ചു.

1973 ല്‍ പാസാക്കിയ അമേരിക്കന്‍ യുദ്ധനിയമമനുസരിച്ച്‌ 60 ദിവസത്തിലേറെ നീളുന്ന യുദ്ധങ്ങള്‍ക്ക്‌ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം തേടിയിരിക്കണമെന്ന്‌ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌. ഈ കാലയളവ്‌ 30 ദിവസത്തേയ്‌ക്ക്‌ കൂടി നീട്ടാന്‍ പ്രസിഡന്റിന്‌ അധികാരമുണ്ട്‌.

ഇന്നലെയോട്‌ കൂടി ലിബിയയിലെ അമേരിക്കന്‍ സൈനികനടപടി 90ദിവസം പിന്നിട്ടിരുന്നു. അഫ്‌ഗാനില്‍ കൈ പൊളളിയിട്ടും കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി വ്യോമാക്രമണം പ്രഖ്യാപിച്ച പ്രസിഡന്റ്‌ ബാരക്‌ ഒബാമയുടെ നടപടിയില്‍ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുളളതായും ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ജനയുഗം 190611

1 comment:

  1. ലിബിയയിലെ സൈനിക നടപടിക്ക്‌ പ്രസിഡന്റ്‌ ബാരക്ക്‌ ഒബാമ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം തേടിയിരുന്നില്ലെന്ന്‌ ആരോപണം. വൈറ്റ്‌ഹൗസിലെ ഉപദേശകരുടെ അഭിപ്രായത്തെ മറികടന്നാണ്‌ ഒബാമ ലിബിയയില്‍ ഇടപെട്ടതെന്ന്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

    ReplyDelete