Sunday, June 19, 2011

ചെങ്ങറക്കാര്‍ക്ക്‌ ലഭിച്ച പട്ടയഭൂമിയിലെ റവന്യുമന്ത്രിയുടെ സന്ദര്‍ശനം പ്രഹസനം

പത്തനംതിട്ട: ചെങ്ങറ ഭൂസമരപരിഹാര പാക്കേജിനെ തുടര്‍ന്ന്‌ പട്ടയം കൈപ്പറ്റി വിവിധ ജില്ലകളില്‍ താമസത്തിനെത്തിയവരുടെ ദുരിതം നേരില്‍ മനസ്സിലാക്കാനെത്തിയ റവന്യുമന്ത്രിയുടെ സന്ദര്‍ശനം വെറും പ്രഹസനം മാത്രമാണെന്ന്‌ ചെങ്ങറ പുനരധിവാസ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

കഴിഞ്ഞ 14നാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഇടുക്കിയിലെ കീഴാന്തൂര്‍ വില്ലേജില്‍ പെരടിപള്ളത്ത്‌ സ്ഥിരമായി താമസിക്കുന്ന കുടുംബങ്ങളെ റവന്യുമന്ത്രി സന്ദര്‍ശിച്ച്‌ 50 കി അരിയും പുതപ്പും തലയണയും കുടിവെള്ളം സംഭരിച്ച്‌ വെക്കാനുള്ള ടാങ്കറും നല്‍കിയത്‌.

എന്നാല്‍ ചെങ്ങറയില്‍ നിന്നും 650 പട്ടയം അനുവദിച്ച ഇടുക്കി കീഴാന്തൂര്‍ വില്ലേജിലെ പട്ടയഭൂമി മാറ്റി നല്‍കുന്നതിനും തര്‍ക്കരഹിതമായ 350 ഏക്കര്‍ ഭൂമി കണ്ടെത്തുന്നതിമുള്ള യാതൊരു നടപടിയും മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.

ചിന്നക്കനാലും ഹാരിസണ്‍ മലയാളത്തിന്റെ കൈവശമുള്ളതും പാട്ടകാലാവധി കഴിഞ്ഞതുമായ കാളിയാര്‍ എസ്റ്റേറ്റിലെ മിച്ചഭൂമി ഉള്‍പ്പെടെയുള്ള തോട്ടം ഭൂമി ഏറ്റെടുത്ത്‌ ചെങ്ങറക്കാര്‍ക്ക്‌ നല്‍കാനുള്ള നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ല. അട്ടപ്പാടിയില്‍ ആനത്താര ഉള്‍പ്പെട്ട സ്ഥലം ചെങ്ങറക്കാര്‍ക്ക്‌ നല്‍കിയത്‌ സന്ദര്‍ശിക്കുമെന്ന്‌ ഉഖപ്പ്‌ നല്‍കിയെങ്കിലും തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

ചെങ്ങറ സമരം ഒത്തുതീര്‍പ്പാക്കുന്നതിന്‌ 2009 ഒക്‌ടോബര്‍ 5ന്‌ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒത്ത്‌ തീര്‍പ്പ്‌ വ്യവസ്ഥയെ തുടര്‍ന്ന്‌ 1495 കുടുംബങ്ങള്‍ക്ക്‌ പട്ടയം നല്‍കാനുള്ള തീരുമാനത്തില്‍ നിന്നുകൊണ്ട്‌ പ്രശ്‌നത്തിന്‌ പരിഹാരമുണ്ടാകണമെന്നാണ്‌ ചെങ്ങറ പുനരധിവാസ സമിതിയുടെ നിലപാട്‌.

എന്നാല്‍ ചെങ്ങറ ഭൂസമര പാക്കേജ്‌ നിലവില്‍ വന്നതിന്‌ ശേഷം ചെങ്ങറ സമരഭൂമിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക്‌ കൂടിയും പട്ടയം നല്‍കി ചെങ്ങറ സമരം പരിഹരിക്കണമെന്ന ഒരു സമരനേതാവിന്റെ കാര്‍ക്കശ്യം പരിഹാര നപടി സങ്കീര്‍ണ്ണമാക്കുകയാണ്‌.

ഈ നേതാവ്‌ ഇപ്പോഴും ചെങ്ങറയില്‍ തന്നെ ഭൂമി ലഭിക്കുമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ വന്‍ തുക ഈടാക്കി ആളുകളെ പ്രവേശിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്‌. 2008ന്റെ തുടക്കത്തില്‍ മലയാലപ്പുഴ വില്ലേജധികൃതര്‍ ചെങ്ങറ സമരഭൂമിയില്‍ ദിവസങ്ങള്‍ ചിലവഴിച്ച്‌ നടത്തിയ സര്‍വ്വെയെ തുടര്‍ന്ന്‌ 2772 കുടുംബങ്ങള്‍ പട്ടയലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുണ്ടെന്ന്‌ കണ്ടെത്തിയിരുന്നു.

ഇപ്പോള്‍ പട്ടയം ലഭിച്ചവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ അവര്‍ക്ക്‌ അരിയും പുതപ്പും തലയണയും നല്‍കി കബളിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ചെങ്ങറ പുനരധിവാസ സമിതി ചെയര്‍മാന്‍ ശ്രീരാമന്‍ കൊയ്യോന്‍, രാഘവന്‍ തോന്ന്യാമല, സുരേഷ്‌ അഞ്ചല്‍, പി ജെ ജോസഫ്‌, കെ പി രാജപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

ജനയുഗം 190611

1 comment:

  1. ചെങ്ങറ ഭൂസമരപരിഹാര പാക്കേജിനെ തുടര്‍ന്ന്‌ പട്ടയം കൈപ്പറ്റി വിവിധ ജില്ലകളില്‍ താമസത്തിനെത്തിയവരുടെ ദുരിതം നേരില്‍ മനസ്സിലാക്കാനെത്തിയ റവന്യുമന്ത്രിയുടെ സന്ദര്‍ശനം വെറും പ്രഹസനം മാത്രമാണെന്ന്‌ ചെങ്ങറ പുനരധിവാസ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

    ReplyDelete