Saturday, June 4, 2011

ജനദ്രോഹനയം മറയ്ക്കാനോ ഈ പൊടിക്കൈ?

നേരിയ ഭൂരിപക്ഷത്തിന് അധികാരത്തിലേറിയ കൂട്ടുകക്ഷി സര്‍ക്കാരിനെ മുന്നോട്ടു നയിക്കുക എളുപ്പജോലിയല്ല. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും പാരമ്പര്യവും അറുപിന്തിരിപ്പന്‍ നയങ്ങളുടെ സേവയുമുള്ള യുഡിഎഫ് എന്ന മുന്നണി സംവിധാനം ജനക്ഷേമ ഭരണം കാഴ്ചവയ്ക്കും എന്നത് വ്യാമോഹംമാത്രമാണ്. ആ ഭരണത്തിന് അഴിമതി നടത്താനുള്ള ഘടകകക്ഷികളുടെയും പ്രത്യുപകാരം കാംക്ഷിക്കുന്ന സമ്മര്‍ദ ഗ്രൂപ്പുകളുടെയും കുരുക്കില്‍നിന്ന് രക്ഷപ്പെടുക അസാധ്യവുമാണ്. ഒന്നും ചെയ്യാന്‍ കഴിയാത്ത ഈ അവസ്ഥ മറികടക്കാന്‍ പ്രചാരണപരമായ ചില പൊടിക്കൈകള്‍ ഉപയോഗിക്കുകയേ തരമുള്ളൂ. യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടി എന്ന ലേബലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് അത്തരമൊരു പൊടിക്കൈ എന്നതില്‍ കവിഞ്ഞ പ്രസക്തിയോ പ്രാധാന്യമോ ഇല്ല.

"ഗരീബി ഹഠാവോ" എന്ന മനോഹരമുദ്രാവാക്യംകൊണ്ട് ഇന്ത്യന്‍ ജനതയെ കബളിപ്പിച്ച പാരമ്പര്യം കോണ്‍ഗ്രസ് ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണ് ഉമ്മന്‍ചാണ്ടി നിരത്തിയ നൂറുദിന "കര്‍മ പരിപാടി". മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും പേഴ്സണല്‍ സ്റ്റാഫിന്റെയും സ്വത്തുവിവരം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും; മുഖ്യമന്ത്രിയുടെ ഓഫീസ് മുഴുവന്‍സമയം തുറന്നുവയ്ക്കും; അഴിമതിവിവരം അറിയിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കും എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങളാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിനുമുമ്പ്, സഭാ സമ്മേളനം നടക്കുന്ന വേളയില്‍ ഇത്തരമൊരു പ്രഖ്യാപനത്തിന് ഉമ്മന്‍ചാണ്ടി മുതിര്‍ന്നതിന്റെ അസാധാരണത്വവും അനൗചിത്യവും സഭയോടുള്ള അനാദരവും ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമാണ്. അതിനപ്പുറം, മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ എന്തിന് നൂറു ദിവസം എന്ന ചോദ്യം ഉയരുന്നു. മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരം പരസ്യപ്പെടുത്തുന്നത് പുതിയ കാര്യമാണോ? തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സ്വത്തുവിവരം രേഖാമൂലം നല്‍കാതെ പത്രിക അംഗീകരിക്കുമോ? തെരഞ്ഞെടുപ്പു കമീഷന് കണക്ക് കൊടുത്തതിനു പുറമെയുള്ള സ്വത്തുക്കള്‍ വെളിപ്പെടുത്തുമെന്നാണോ ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കുന്നത്? മുഖ്യമന്ത്രിയുടെ ഓഫീസ് 24 മണിക്കൂറും തുറന്നുവയ്ക്കുന്നതില്‍ എന്ത് അത്ഭുതമാണ് ജനങ്ങള്‍ കാണേണ്ടത്? രണ്ടുപേരെ രാത്രി ഷിഫ്റ്റില്‍ ഇരുത്തുന്നത് ഒരു സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം മഹാകാര്യമാണോ?

അഴിമതിക്കെതിരെ മൈതാനപ്രസംഗം നടത്താന്‍ മുതിര്‍ന്ന ഉമ്മന്‍ചാണ്ടി തന്റെ മന്ത്രിസഭയില്‍ ഇരിക്കുന്ന പലര്‍ക്കുമെതിരായി കേസ് നടക്കുന്നത് എന്തേ ഗൗരവത്തിലെടുക്കുന്നില്ല? മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് ആളെ നിയമിക്കാനുള്‍പ്പെടെ കൈക്കൂലി വാങ്ങുന്നു എന്നാണ് വാര്‍ത്ത വന്നിട്ടുള്ളത്. അതിനായി ഇടനിലക്കാര്‍ തലസ്ഥാനത്ത് റോന്തുചുറ്റുകയാണത്രേ. പണംകൊടുത്ത് നിയമനം വാങ്ങുന്നവര്‍ മന്ത്രിമാരുടെ ഓഫീസില്‍ സന്യാസജീവിതം നയിക്കുമെന്നാണോ ഉമ്മന്‍ചാണ്ടി കരുതുന്നത്? കേസുകളില്‍ പ്രതിസ്ഥാനത്തുള്ള അടൂര്‍ പ്രകാശ്, എം കെ മുനീര്‍ , ടി എം ജേക്കബ്, അന്വേഷണം നേരിടുന്ന പി കെ കുഞ്ഞാലിക്കുട്ടി- ഇവരെല്ലാമാണ് ഉമ്മന്‍ചാണ്ടി വാഗ്ദാനംചെയ്യുന്ന അഴിമതിരഹിത ഭരണം നയിക്കണ്ടത്. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട തടവുപുള്ളിയായ ബാലകൃഷ്ണപിള്ളയാണ് യുഡിഎഫിലെ ഒരു ഘടകകക്ഷിയുടെ അധ്യക്ഷന്‍ . അതേ പിള്ളയാണ് തന്റെ പാര്‍ടിക്ക് കിട്ടിയ വകുപ്പുകള്‍ മാറ്റി ഇഷ്ടപ്പെട്ട വകുപ്പ് എടുത്തത്. മന്ത്രിസഭയിലെ രണ്ടാമന്‍ പി കെ കുഞ്ഞാലിക്കുട്ടിയെ കേസില്‍നിന്ന് രക്ഷിക്കാന്‍ ജഡ്ജിമാരെ അവിഹിതമായി സ്വാധീനിച്ചു എന്ന കേസില്‍ അന്വേഷണം നേരിടുന്ന വ്യക്തിയാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ നീതിപീഠത്തിനുമുന്നില്‍ പ്രതിനിധാനം ചെയ്യുന്ന അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ . അദ്ദേഹമാണോ അഴിമതിവിരുദ്ധ പോരാട്ടം നയിക്കുക? നൂറുദിന പരിപാടി എന്ന ലേബലൊട്ടിച്ച് നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും ഭരണപരമായ തീരുമാനങ്ങള്‍കൊണ്ട് മാത്രം നടപ്പാക്കാനാകുന്നതുമായ ഏതാനും കാര്യങ്ങളാണ് ഭരണ സുതാര്യത, അഴിമതി വിരോധം തുടങ്ങിയ വാചകമടിക്കു പുറമെ ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനത്തിലുള്ളത്. അഴിമതിക്കെതിരെ ശബ്ദിക്കാനുള്ള അവകാശംപോലും ഉമ്മന്‍ചാണ്ടിക്കോ സഹമന്ത്രിമാര്‍ക്കോ ഇല്ല. അഴിമതിക്കേസില്‍ പെട്ടവരെ ഒഴിച്ചുനിര്‍ത്തി മന്ത്രിസഭ രൂപീകരിച്ചിരുന്നെങ്കില്‍ സദുദ്ദേശ്യത്തെ മാനിക്കുകയെങ്കിലും ചെയ്യാമായിരുന്നു. യുഡിഎഫ് ജനങ്ങള്‍ക്കുമുമ്പാകെ ഒരു പ്രകടന പത്രിക വച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനെ വിസ്മരിച്ച് "നൂറുദിവസത്തെ പരിപാടി"യും കൊണ്ട് രംഗത്തുവന്നത് സര്‍ക്കാരിന്റെ സ്ഥിരതയെക്കുറിച്ച് മുഖ്യമന്ത്രിക്കുതന്നെ സന്ദേഹമുള്ളതിനാലാകാം. കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ എണ്ണിയെണ്ണി നടപ്പാക്കുകമാത്രമല്ല പല മേഖലയിലും വാഗ്ദാനംചെയ്തതിന്റെ പലമടങ്ങ് നേട്ടമുണ്ടാക്കിയാണ് ഒഴിഞ്ഞത്. ഉമ്മന്‍ചാണ്ടിയുടെയും നേതാവായ എ കെ ആന്റണി ഉപദേശിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മാതൃക പിന്തുടരാനാണ്. ആ പാതയിലൂടെ നടക്കാനുള്ള പ്രാപ്തി യുഡിഎഫിനില്ല. പകരം എല്‍ഡിഎഫിന്റെ സാമ്പത്തികാസൂത്രണത്തിന്റെ ഫലമായി കേരളം കൈവരിച്ച സാമ്പത്തികഭദ്രതയും വളര്‍ച്ചയും തകര്‍ക്കാനുള്ള നീക്കങ്ങളിലാണ് അവര്‍ മുഴുകുന്നത്.

പ്രചാരണത്തട്ടിപ്പുകളിലൂടെ ജനങ്ങളെ കബളിപ്പിക്കാമെന്ന അതിമോഹമാണ് യുഡിഎഫ് സര്‍ക്കാരിനെ നയിക്കുന്നത്. വിവിധ ജനവിഭാഗങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യം തട്ടിപ്പറിക്കാനും ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് ഉയര്‍ത്തിയ ബദല്‍സമീപനത്തെയും അതിന്റെ നേട്ടങ്ങളെയും അട്ടിമറിക്കാനുമുള്ള വ്യഗ്രതയാണ് യുഡിഎഫ് നേതൃത്വത്തിന്. ആ ജനവിരുദ്ധ നീക്കങ്ങള്‍ക്ക് മറയായാണ് "നൂറുദിന പരിപാടി"പോലുള്ള തട്ടിപ്പുകള്‍ ഉപയോഗിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് യുഡിഎഫ് ഭരണം കടുത്ത ജനദ്രോഹത്തിലേക്ക് പോകാതിരിക്കാനുള്ള ജനകീയ ഇടപെടലാണ് വേണ്ടത്. നൂറുദിന പരിപാടിയെക്കുറിച്ചുള്ള ചര്‍ച്ച അതിനാണ് സഹായകമാകേണ്ടത്. ജനദ്രോഹനയങ്ങള്‍ ഏത് മൂടുപടമിട്ട് കൊണ്ടുവന്നാലും ജനങ്ങളാകെ അണിചേര്‍ന്ന് തടഞ്ഞുനിര്‍ത്തുകതന്നെ വേണം.

ദേശാഭിമാനി മുഖപ്രസംഗം 040611

1 comment:

  1. നേരിയ ഭൂരിപക്ഷത്തിന് അധികാരത്തിലേറിയ കൂട്ടുകക്ഷി സര്‍ക്കാരിനെ മുന്നോട്ടു നയിക്കുക എളുപ്പജോലിയല്ല. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും പാരമ്പര്യവും അറുപിന്തിരിപ്പന്‍ നയങ്ങളുടെ സേവയുമുള്ള യുഡിഎഫ് എന്ന മുന്നണി സംവിധാനം ജനക്ഷേമ ഭരണം കാഴ്ചവയ്ക്കും എന്നത് വ്യാമോഹംമാത്രമാണ്. ആ ഭരണത്തിന് അഴിമതി നടത്താനുള്ള ഘടകകക്ഷികളുടെയും പ്രത്യുപകാരം കാംക്ഷിക്കുന്ന സമ്മര്‍ദ ഗ്രൂപ്പുകളുടെയും കുരുക്കില്‍നിന്ന് രക്ഷപ്പെടുക അസാധ്യവുമാണ്. ഒന്നും ചെയ്യാന്‍ കഴിയാത്ത ഈ അവസ്ഥ മറികടക്കാന്‍ പ്രചാരണപരമായ ചില പൊടിക്കൈകള്‍ ഉപയോഗിക്കുകയേ തരമുള്ളൂ. യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടി എന്ന ലേബലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് അത്തരമൊരു പൊടിക്കൈ എന്നതില്‍ കവിഞ്ഞ പ്രസക്തിയോ പ്രാധാന്യമോ ഇല്ല.

    ReplyDelete