Sunday, June 12, 2011

ശതകോടീശ്വരമന്ത്രിമാര്‍ പലരും 'പാവ'ങ്ങളെന്ന് വെളിപ്പെടുത്തല്‍

പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെതുടര്‍ന്ന് കേന്ദ്രമന്ത്രിമാര്‍ നടത്തിയ സ്വത്തുവെളിപ്പെടുത്തല്‍ ചടങ്ങുമാത്രം. പ്രധാനമന്ത്രിയുടെ വെബ്സൈറ്റിലാണ് മന്ത്രിമാരുടെ 2009-10 കാലത്തെ സ്വത്തുവിവരങ്ങളുള്ളത്. ശതകോടീശ്വരന്മാരായ പല മന്ത്രിമാരും പ്രധാനമന്ത്രിയുടെ വെബ്സൈറ്റിലെ കണക്കുപ്രകാരം ദരിദ്രര്‍ . സ്ഥിരനിക്ഷേപം, ബോണ്ടുകള്‍ തുടങ്ങിയവ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബഹുരാഷ്ട്രകമ്പനികളിലെ ഓഹരിനിക്ഷേപത്തിന്റെ മൂല്യം, ഹെക്ടര്‍ കണക്കിനുള്ള ഭൂമി, വീട്, വ്യാപാരസമുച്ചയം തുടങ്ങിയവയുടെ വില പലരുടെയും സ്വത്തുവിവരപ്പട്ടികയില്‍ രേഖപ്പെടുത്തിയിട്ടില്ല.

സൈറ്റിലെ വിവരപ്രകാരം മന്ത്രി കപില്‍ സിബലിന് 21.85 കോടി രൂപമാത്രമാണ് ആസ്തി. ബംഗളൂരു, ഡല്‍ഹി, ഫരീദാബാദ്, ചണ്ഡീഗഢ്, സെക്കന്തരാബാദ് തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം ഭൂമിയും ഫ്ളാറ്റുകളുമുണ്ടെന്ന് വെളിപ്പെടുത്തല്‍ . സ്പേസ്, എസ്സിഒ തുടങ്ങിയ കമ്പനികളില്‍ ഓഹരികള്‍ . ഇലക്ട്രിക് റേവ, കൊറോള, സുസുകി ജീപ്പ്, സൊണാറ്റ, എന്‍ഫീല്‍ഡ് ബുള്ളറ്റ് എന്നീ വാഹനങ്ങളുണ്ടെന്ന് പറയുന്നുണ്ടെങ്കിലും വില രേഖപ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസിന്റെതന്നെ മുരളി ദേവ്ര പഞ്ചാബ്, ശിവപുരി, ഡല്‍ഹി എന്നിവിടങ്ങളില്‍ ഭൂമിയുള്ളതായി സമ്മതിക്കുന്നു, വിലയില്ല. ബിസിനസുവഴി എത്ര വരുമാനമെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഭാര്യക്ക് ചില ബിസിനസ് താല്‍പ്പര്യങ്ങളുണ്ടെന്നും പറയുന്നു. ഭാര്യക്ക് നിസുദീന്‍ കമ്പനിയില്‍ 25 ശതമാനം ഓഹരിയുള്ളതിന്റെ കണക്കില്ല. സൈറ്റുപ്രകാരം 15.28 കോടിയാണ് ഇവരുടെ സ്വത്ത്. കമല്‍നാഥും ബിസിനസ് താല്‍പ്പര്യം മാത്രമേ ചൂണ്ടിക്കാണിച്ചിട്ടുള്ളൂ. 23 കമ്പനിയിലായി തനിക്കോ കുടുംബത്തിനോ താല്‍പ്പര്യമുണ്ടെന്നാണ് വെളിപ്പെടുത്തല്‍ . തനിക്ക് 2.67 കോടിയുടെ ഭൂമി, 1.41 കോടി ബാങ്ക് ബാലന്‍സ്, ഭാര്യക്ക് 2.3 കോടിയുടെ സ്വത്ത്, രണ്ട് ആണ്‍മക്കള്‍ക്കും മരുമകള്‍ക്കുംകൂടി 20 കമ്പനിയില്‍ ഓഹരി- ഇത്രയേ ഉള്ളൂ എന്നാണ് കമല്‍നാഥിന്റെ വെളിപ്പെടുത്തല്‍ . ശരദ്പവാറിന് വെബ്സൈറ്റുപ്രകാരം 12 കോടിയോളമാണ് സ്വത്ത്. നൂറിലധികം കമ്പനിയില്‍ ഓഹരിയുണ്ട്. കൂട്ടുകുടുംബത്തിന്റെയും അകന്ന ബന്ധുക്കളുടെയും മറ്റും പേരിലാണ് നിക്ഷേപങ്ങള്‍ അധികവും. ഭൂമി, വീട്, ഫ്ളാറ്റ് തുടങ്ങിയവ വേറെ.

ഭാര്യ, മക്കള്‍ എന്നിവരുടെ പേരിലുള്ളവമാത്രമാണ് മന്ത്രിമാര്‍ പുറത്തുപറഞ്ഞിട്ടുള്ളത്. മറ്റുള്ളവരുടെ പേരുകളിലുള്ള നിക്ഷേപവും വിദേശബാങ്കുകളിലുള്ള നിക്ഷേപവും വെളിപ്പെടുത്തിയിട്ടില്ല.

എഴുനൂറുകോടി രൂപയുടെ ടെലികോം അഴിമതിക്കേസില്‍ പങ്കുള്ളതായി ആരോപണമുള്ള ദയാനിധിമാരന് വെബ്സൈറ്റുപ്രകാരം മൂന്നരക്കോടിയോളം രൂപയുടെ സ്വത്തുമാത്രമേയുള്ളൂ. അതേസമയം, റിലയന്‍സുള്‍പ്പെടെ പല കമ്പനിയിലും ഓഹരിയുണ്ടെന്ന് പറഞ്ഞിട്ടുണ്ട്, അതിലെ അളവോ മൂല്യമോ വ്യക്തമല്ല. സണ്‍ഗ്രൂപ്പിലും മറ്റുമുള്ള സ്വത്തുവിവരവും മറച്ചുവച്ചു. മധുര ജില്ലയില്‍ വന്‍തോതില്‍ ഭൂമിയുള്ള ഡിഎംകെ മന്ത്രി അഴഗിരിയുടെ സ്വത്തുവിവരവും മറച്ചുവച്ചിരിക്കുന്നു. ഒരേസര്‍വേ നമ്പരില്‍പ്പെട്ട ഭൂമിതന്നെ പലതായി കാണിച്ചിരിക്കുന്നു. വിലയും വ്യക്തമല്ല. മകന്റെ പേരിലും ഭാര്യയുടെ പേരിലുമാണ് സ്വത്ത് കൂടുതലും വച്ചിട്ടുള്ളത്. മകന് 64 കോടി രൂപ വിലമതിക്കുന്ന ഭൂമിയുണ്ട്.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് എസ്ബിഐയില്‍ 2.7 കോടി നിക്ഷേപവും ചണ്ഡീഗഢില്‍ 90 ലക്ഷം വിലയുള്ള വീടും ഡല്‍ഹിയില്‍ 88 ലക്ഷം വരുന്ന ഫ്ളാറ്റുമാണ് സമ്പത്ത്. പ്രതിരോധമന്ത്രി എ കെ ആന്റണിക്ക് ഒരുലക്ഷത്തില്‍ താഴെമാത്രം സമ്പാദ്യവും ഭാര്യക്ക് 15 ലക്ഷം വിലവരുന്ന ഭൂമിയുമുണ്ട്. 1.36 ലക്ഷം രൂപ വിലയുള്ള മാരുതി വാഗന്‍ ആര്‍ കാറുണ്ട്. അതും വായ്പയെടുത്തത്. വയലാര്‍ രവിക്ക് 16 ലക്ഷത്തിന്റെ ഫ്ളാറ്റ്, രണ്ടരലക്ഷം വിലയുള്ള ഫോഡ് കാര്‍ , 900 ഗ്രാം സ്വര്‍ണം എന്നിവയുണ്ട്. മേഴ്സി രവിക്ക് 30 സെന്റ് സ്ഥലവും.
(ദിനേശ് വര്‍മ)

deshabhimani 110611

1 comment:

  1. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെതുടര്‍ന്ന് കേന്ദ്രമന്ത്രിമാര്‍ നടത്തിയ സ്വത്തുവെളിപ്പെടുത്തല്‍ ചടങ്ങുമാത്രം. പ്രധാനമന്ത്രിയുടെ വെബ്സൈറ്റിലാണ് മന്ത്രിമാരുടെ 2009-10 കാലത്തെ സ്വത്തുവിവരങ്ങളുള്ളത്. ശതകോടീശ്വരന്മാരായ പല മന്ത്രിമാരും പ്രധാനമന്ത്രിയുടെ വെബ്സൈറ്റിലെ കണക്കുപ്രകാരം ദരിദ്രര്‍ . സ്ഥിരനിക്ഷേപം, ബോണ്ടുകള്‍ തുടങ്ങിയവ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബഹുരാഷ്ട്രകമ്പനികളിലെ ഓഹരിനിക്ഷേപത്തിന്റെ മൂല്യം, ഹെക്ടര്‍ കണക്കിനുള്ള ഭൂമി, വീട്, വ്യാപാരസമുച്ചയം തുടങ്ങിയവയുടെ വില പലരുടെയും സ്വത്തുവിവരപ്പട്ടികയില്‍ രേഖപ്പെടുത്തിയിട്ടില്ല.

    ReplyDelete