50-ാം വാര്‍ഷികാചരണങ്ങള്‍ക്ക് കുമളിയില്‍ ഉജ്വല തുടക്കം
അമരാവതി കര്‍ഷക സമരത്തിന്റെ 50-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് കുമളിയില്‍ ഉജ്വല തുടക്കം. അമരാവതി സമരത്തിന്റേയും, അഖിലേന്ത്യ കിസാന്‍സഭ 75-ാം വാര്‍ഷികാഘോഷങ്ങളുടേയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അയ്യപ്പന്‍കോവിലില്‍ നിന്നും കുടിയിറക്കിയ ആയിരക്കണക്കിന് പാവപ്പെട്ട കര്‍ഷകരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ മഹാനായ എകെജിയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക സമരത്തിന്റെ ഓര്‍മ പുതുക്കലായി കുമളിയില്‍ നടന്ന ആഘോഷ പരിപാടികള്‍ . അമരാവതി സമരം തുടങ്ങിയത് കുമളിയില്‍ നിന്നും പ്രകടനമായി പോയി ഒന്നാംമൈലില്‍ ആയിരുന്നു. തിങ്കളാഴ്ച വാര്‍ഷികാഘോഷങ്ങള്‍ തുടക്കമായതാകട്ടെ ഒന്നാംമൈലില്‍ നിന്നും പ്രകടനം ആരംഭിച്ച് കുമളി ടൗണിലും. 50 വര്‍ഷം മുമ്പ് നടന്ന പ്രകടത്തില്‍ പങ്കെടുത്ത പലര്‍ക്കും പഴയ സമരകാലം ഓര്‍മയിലെത്തിയ മുഹൂര്‍ത്തമായി മാറി.
അയ്യപ്പന്‍കോവിലില്‍ നിന്നും കുടിയിറക്കി അമരാവതിയിലെ ചെളിക്കുണ്ടില്‍ തള്ളിയ ജനങ്ങളുടെ സമരം വിജയത്തിലെത്തിയത് എകെജിയുടെ സമരത്തെ തുടര്‍ന്നായിരുന്നു. 1961 ജൂണ്‍ ആറിനാണ് എകെജി സത്യഗ്രഹം ആരംഭിച്ചത്. ജൂണ്‍ ആറ് മുതല്‍ സമരം അവസാനിപ്പിച്ച 17 വരെയാണ് വിവിധ പരിപാടികള്‍ ജില്ലയില്‍ നടക്കുന്നത്. ഇതിന്റെ തുടക്കമായാണ് കുമളിയില്‍ പ്രകടനവും പൊതുസമ്മേളനവും നടന്നത്. വൈകിട്ട് നാലിന് ഒന്നാംമൈലില്‍ നിന്നും ആരംഭിച്ച ബഹുജന പ്രകടനം കുമളി ടൗണില്‍ സമാപിച്ചു. വിവിധ പ്രാദേശിക സംഘാടക സമിതികളുടെ ബാനറിന് കീഴിലായി പ്രവര്‍ത്തകര്‍ അണിനിരന്നു. കോരിച്ചൊരിയുന്ന മഴ പ്രതീക്ഷിച്ചെങ്കിലും പ്രകടനം ആരംഭിച്ചപ്പോള്‍ പ്രകൃതിയും അനുകൂലമായി. പ്രകടനത്തിന്റെ മുന്‍ നിരയില്‍ സ്വാഗതസംഘവും പിന്നില്‍ പ്രദേശിക സംഘാടക സമിതികളും അണിനിരന്നു. പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. നിരവധി നിശ്ചല ദൃശ്യങ്ങളും കലാപരിപാടുകളും പ്രകടനത്തിന് കൊഴുപ്പേറി. തൊപ്പിപ്പാള ധരിച്ച് നിരവധി പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു.
ഏകെജിയുടെ സത്യഗ്രഹത്തെ അനുസ്മരിപ്പിച്ച് പുല്‍ക്കുടിലും നിശ്ചല ദൃശ്യവും അടങ്ങുന്ന നിശ്ചലദൃശ്യങ്ങള്‍ ആകര്‍ഷകമായി. തുടര്‍ന്ന് കുമളി പഞ്ചായത്ത് ബസ്സ്റ്റാന്റില്‍ നടന്ന പൊതുസമ്മേളനം സിപിഐ എം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍ , സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണി, കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എന്‍ വി ബേബി എന്നിവര്‍ സംസാരിച്ചു. കേരള പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി പി എസ് രാജന്‍ , കെഎസ്കെടിയു ജില്ലാ സെക്രട്ടറി പി എന്‍ വിജയന്‍ , കര്‍ഷക സംഘം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം സി വി വര്‍ഗീസ്, കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് എന്‍ ശിവരാജന്‍ , സിപിഐ എം പീരുമേട് ഏരിയാ സെക്രട്ടറി പി എ രാജു, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ എം ഉഷ, ഇടുക്കി ജില്ലാ പ്രൊജക്ട് ആന്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ജി വിജയാനന്ദ് എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ കര്‍ഷക സംഘം ഏരിയാ സെക്രട്ടറി എസ് രാജേന്ദ്രന്‍ അധ്യക്ഷനായി. സ്വാഗത സംഘം സെക്രട്ടറി കെ എം സിദ്ദീഖ് സ്വാഗതവും വി ജെ ജെസി നന്ദിയും പറഞ്ഞു. അമരാവതി സമരത്തില്‍ പങ്കെടുത്ത 73 സമരസേനാനികളെ യോഗത്തില്‍ ആദരിച്ചു.
അമരാവതിസമരം മലയോര കര്‍ഷകര്‍ക്ക് കരുത്ത് പകര്‍ന്നു : എം എം മണി
മലയോര മണ്ണില്‍ കര്‍ഷക ജനതയ്ക്ക് ഉറച്ച് നില്‍കാന്‍ കരുത്ത് പകര്‍ന്നത് അമരാവതി സമരമാണെന്നും നേതൃത്വം നല്‍കിയത് കമ്യൂണിസ്റ്റ് പാര്‍ടിയും കര്‍ഷക പ്രസ്ഥാനവുമാണെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണി പറഞ്ഞു. അമരാവതി കര്‍ഷക സമരത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് കുമളി ടൗണില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ മലയോര മണ്ണില്‍ ഉറച്ച് നില്‍കാന്‍ നിരവധി സമരങ്ങളാണ് കര്‍ഷക പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്നത്. അതില്‍ പ്രധാനപ്പെട്ടതായിരുന്നു അമരാവതിയിലേത്. വാരം, പാട്ടം എന്നിവയ്ക്കെതിരെയും കര്‍ഷക പ്രസ്ഥാനം ശക്തമായ സമരങ്ങള്‍ നടത്തി. സമരങ്ങളില്‍ കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാക്കള്‍ നേരിട്ട് പങ്കെടുത്തു. അമരാവതിയിലെ ചെളിക്കുണ്ടില്‍ കര്‍ഷകരെ തള്ളിയ കോണ്‍ഗ്രസ് കുടിയിരുത്തല്‍ വാര്‍ഷികത്തിലൂടെ യുഡിഎഫ് സര്‍ക്കാര്‍ തനിനിറം വ്യക്തമാക്കിയിരിക്കുകയാണ്. മന്ത്രി തിരുവഞ്ചൂര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കാളുടെ നിലപാട് ഇതോടെ വ്യക്തമായി. ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ , ഗണേഷ് കുമാര്‍ തുടങ്ങിയ മന്ത്രിമാരുടെ നിലപാടുകള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാകും.
അയ്യപ്പന്‍കോവിലില്‍ കുടിയിറക്കിയവര്‍ 2011 കുടിയിരുത്തല്‍ എന്ന പേരില്‍ തട്ടിപ്പ് നടത്തുകയാണ്. മലയോര കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കുന്ന ഒരു പ്രഖ്യാപനവും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ 100 ദിവസ പരിപാടിയില്‍ ഇല്ല. വി എസ് സര്‍ക്കാര്‍ ഉപാധിരഹിത പട്ടയം നല്‍കിയത്. സുപ്രീം കോടതിയും ശരിവച്ചു. കൃഷിക്കാരന്റെ താത്പര്യം, സ്ഥിരാവകാശ പട്ടയം ഇതിന് വേണ്ടി ഐതിഹാസിക സമരം തുടര്‍ന്നും നടത്തേണ്ടിവരും. അമരാവതി സമരം കേരളത്തില്‍ ജ്വാലയായി കത്തിപ്പടര്‍ന്ന സമരമായി മാറിയിരുന്നു. 1950 കളില്‍ കോണ്‍ഗ്രസ് കുടിയേറ്റം പ്രോത്സാഹിപ്പിച്ചു. 1957ല്‍ കേരളത്തില്‍ ഇഎംഎസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ക്ക് ഭൂമിയില്‍ അവകാശം നല്‍കിയത്. കുടിയേറ്റങ്ങള്‍ അംഗീകരിച്ചു. കുടിയിറക്കില്ലെന്ന് പ്രഖ്യാപിച്ചു. ഭൂമിയില്‍ തന്നാണ്ട് കൃഷിയേ പാടുള്ളു എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. ദേഹണ്ഡങ്ങള്‍ പാടില്ലെന്നാനയിരുന്നു ഇവരുടെ നിലപാട്. 1967ലെ ഇഎംഎസ് സര്‍ക്കാരും കുടിയേറ്റ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 1980, 1987 തുടങ്ങിയ വര്‍ഷങ്ങളിലെ എല്‍ഡിഎഫ് സര്‍ക്കാരുകളും മലയോര കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ചെയ്തതെന്നും എം എം മണി പറഞ്ഞു.
കര്‍ഷകരെ ഇറക്കിവിട്ടത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ : കെ വി രാമകൃഷ്ണന്‍
ജില്ലയിലെ കൃഷിക്കാരെ അവരുടെ ഭൂമിയില്‍ നിന്നും ഇറക്കിവിട്ടത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണെന്ന് കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍ . അമരാവതി സമരവാര്‍ഷിക ആഘോഷ പരിപാടിയുടെ ഭാഗമായി കുമളിയില്‍ നടന്ന അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും ഇവര്‍ക്ക് ഭൂമിയില്‍ ഉറച്ച് നിന്ന് പോരാടാനുമുള്ള കരുത്ത് പകര്‍ന്നത് കമ്യൂണിസ്റ്റ് പാര്‍ടിയും കര്‍ഷക സംഘവുമായിരുന്നു. കുടിയിറക്കിയവര്‍ തന്നെ കുടിയിരുത്തല്‍ എന്നപേരില്‍ ഇപ്പോള്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. 1961ല്‍ അയ്യപ്പന്‍കോവിലില്‍ നിന്നും കുടിയിറക്കുമ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണി സര്‍ക്കാരായിരുന്നു അധികാരത്തില്‍ ഉണ്ടായിരുന്നത്. ആയിരക്കണക്കിന് പൊലീസിനെ നിരത്തിയാണ് കുടിയിറക്കല്‍ പൂര്‍ത്തിയാക്കിയത്.
കൃഷി ഭൂമി കര്‍ഷകന് നല്‍കുന്നതിനുള്ള നിയമം നടപ്പാക്കിയത് 1957ലെ ഇഎംഎസ് സര്‍ക്കാരായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമര ഘട്ടത്തില്‍ കര്‍ഷകരെ ആകര്‍ഷിക്കാന്‍ നെഹ്റു ഉള്‍പ്പെടെയുള്ളവര്‍ കൃഷി ഭൂമി കൃഷിക്കാര്‍ക്ക് എന്ന മുദ്രാവക്യമുയര്‍ത്തി. എന്നാല്‍ സ്വാതന്ത്രത്തിന് ശേഷം അധികാരത്തില്‍ വന്നിടത്തൊക്കെ കോണ്‍ഗ്രസ് കര്‍ഷകരെ മറന്നു. കൈവശഭൂമിയില്‍ അവകാശം നല്‍കുന്നതിനുള്‍പ്പെടെയുള്ള കാര്‍ഷിക നിയമം കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ അത് അട്ടിമറിക്കാന്‍ കള്ളപ്രചാരണം നടത്തുകയായിരുന്നു കോണ്‍ഗ്രസ്. കമ്യൂണിസ്റ്റ് പാര്‍ടി ഭൂപരിഷ്കരണം നടപ്പാക്കിയാല്‍ കര്‍ഷകരുടെ കൈവശമുള്ള ഭൂമി നഷ്ടപ്പെടുമെന്ന് ഭീതി പടര്‍ത്തിയാണ് പലരേയും കമ്യുണിസ്റ്റ് ഗവണ്‍മെന്റിനെതിരായുള്ള വിമോചന സമരത്തില്‍ പങ്കാളികളാക്കിയതെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
അയ്യപ്പന്‍കോവില്‍ സമരത്തെ കോണ്‍ഗ്രസ് അപമാനിക്കാന്‍ ശ്രമിക്കുന്നു: കെ കെ ശിവരാമന്‍
അയ്യപ്പന്‍കോവില്‍ കുടിയറക്കിനെതിരെ നടന്ന കര്‍ഷകസമരത്തെയും എകെജിയുടെ നിരാഹാരസമരത്തെയും അപമാനിക്കുന്നതിനാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന അമരാവതി കുടിയിരുത്തലിന്റെ അമ്പതാം വാര്‍ഷികമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. ഇടുക്കിപദ്ധതിയുടെ പേരില്‍ അയ്യപ്പന്‍ കോവിലിലെ 2500ഓളം കൃഷിക്കാരെ അവരുടെ വീടുകളില്‍നിന്ന് കുടിയിറക്കി അമരാവതിയിലെ റോഡരികത്ത് തള്ളിയ സര്‍ക്കാരായിരുന്നു കേരളത്തില്‍ അധികാരത്തിലിരുന്നത്. കോരിച്ചൊരിയുന്ന മഴക്കാലത്ത് എല്ലാം നഷ്ടപ്പെട്ട് തെരുവില്‍ കഴിഞ്ഞ 10,000ത്തോളം പേരെ പുനരിധിവാസത്തിനും നഷ്ടപരിഹാകരത്തിനുമായി 1961മെയ് ആറിന് ആരംഭിച്ച കര്‍ഷകപോരാട്ടം ചരിത്രത്തിന്റെ ഭാഗമാണ്. ഈ സമരത്തിന്റെ തുടര്‍ച്ചയായിട്ടാണ് പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായിരുന്ന എകെജി നിരാഹാരം ആരംഭിച്ചത്.
കോണ്‍ഗ്രസ് ഗവണ്‍മെന്റ് നടത്തിയ മനുഷ്യത്വരഹിതമായ കുടിയിറക്കിനെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇക്കാലത്ത് ഫാ. വടക്കന്‍ അമരാവതിയിലെത്തി കമ്യൂണിസ്റ്റുകാര്‍ നടത്തിവന്ന പോരാട്ടത്തിന് പരസ്യമായി പിന്തുണപ്രഖ്യാപിച്ചു. സംസ്ഥാന നിയമസഭയിലും പാര്‍ലമെന്റിലും എകെജിയുടെ നിരാഹാരസമരം ചര്‍ച്ചചെയ്യപ്പെട്ടു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയും കര്‍ഷകസംഘവും അയ്യപ്പന്‍കോവിലിലെ കര്‍ഷകരക്ഷാസമിതിയും ഒരുമിച്ചുനടത്തിയപോരാട്ടത്തിനുപിന്നില്‍ കേളരജതയാകെ അണിനിരക്കുമെന്ന് ബാധ്യമായപ്പോഴാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒത്തുതീര്‍പ്പുചര്‍ച്ചക്ക് തയ്യാറായത്. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം മറന്ന് കുടിയിരുത്തലിന്റെ 50-ാം വാര്‍ഷികം നടത്തുന്ന കോണ്‍ഗ്രസ് അരനൂറ്റാണ്ട് മുമ്പ് നടത്തിയ കര്‍ഷകദ്രോഹത്തെ വെള്ളപൂശാനാണ് ശ്രമിക്കുന്നത്്. എന്നാല്‍ ഇതിലൂടെ കോണ്‍ഗ്രസ് പരിഹാസ്യമായി മാറുമെന്നും കെ കെ ശിവരാമന്‍ പറഞ്ഞു.
കുടിയിറക്കില്ലെന്ന് ഉറപ്പ് നല്‍കി; ഒടുവില്‍ കോണ്‍ .നേതാക്കള്‍ വഞ്ചിച്ചു
ആരെയും അയ്യപ്പന്‍കോവിലില്‍നിന്ന് കുടിയിറക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നതായും സമരത്തില്‍ മൂന്നാല് പേര്‍ മരിക്കാന്‍ തയാറായിരുന്നെങ്കില്‍ പട്ടംതാണുപിള്ള സര്‍ക്കാരിന്റെ കുടിയിറക്ക് ദൗത്യം പരാജയപ്പെട്ടേനെയെന്ന് 50 വര്‍ഷം മുമ്പ് അയ്യപ്പന്‍കോവിലില്‍ നിന്നും കുടിയിറക്കി കുമളിയില്‍ എത്തിയ എണ്‍പത് കാരനായ മങ്ങാട്ടേല്‍ ജോസഫ് പറയുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കര്‍ഷക യൂണിയന്‍ അംഗങ്ങളായിരുന്നു ഞാനും കുടുംബവും. ഉറപ്പ് ലംഘിച്ച് നിര്‍ദയം ഇറക്കിവിടുകയായിരുന്നു. അഞ്ചാംദിവസമാണ് ജോസഫിനെയും കുടുംബത്തെയും അയ്യപ്പന്‍കോവിലില്‍ നിന്നും കുടിയിറക്കിയത്.
ആലടിയില്‍ താമസിക്കവെയാണ് 1969ല്‍ ആദ്യം അയ്യപ്പകോവിലില്‍ അഞ്ചേക്കര്‍ കാട് വെട്ടിത്തെളിച്ചെടുത്തത്. അക്കാലത്ത് വ്യാപക കയ്യേറ്റം നടന്നതായി ജോസഫ് ഓര്‍ക്കുന്നു. വെട്ടിപ്പിടിച്ച അഞ്ചേക്കറില്‍ കരനെല്ല്, വാഴ, കപ്പ, കുരുമുളക് എന്നിവ കൃഷിയിറക്കിയിരുന്നു. കുടിയിറക്കില്ലെന്നാണ് വിചാരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരന്മാരായ ആന്റണി, തോമസ് എന്നിവര്‍ വിവാഹം കഴിക്കാഞ്ഞതിനാല്‍ ഇവര്‍ക്ക് അമരാവതിയില്‍ ഭൂമി ലഭിച്ചില്ല. ആദ്യദിവസം കുടിയിറക്കിയപ്പോള്‍ വീടിന്റെ മേല്‍കൂര പൊളിച്ച് നീക്കുകയായിരുന്നു. തുടര്‍ന്ന് ആളുകള്‍ സംഘടിതമായെത്തി പൊളിച്ച വീടുകളുടെ മേല്‍കൂരകള്‍ പൂര്‍വ്വാവസ്ഥയില്‍ നിര്‍മിച്ചു. ഇതില്‍ പ്രകോപിതരായ പൊലീസ് പിറ്റേന്ന് മുതല്‍ വീടുകള്‍ക്ക് തീവയ്ക്കാന്‍ ആരംഭിച്ചു. കുട്ടിക്കാനം പെരിയാര്‍ വഴിയാണ് കുടിയിറക്കിയവരെ കുമളിയില്‍ എത്തിച്ചത്. നിരവധി പേര്‍ അയ്യപ്പന്‍കോവിലില്‍ നിന്നും കുമളിക്ക് വരാന്‍ കൂട്ടാക്കാതെ നാട്ടിലേക്ക് മടങ്ങി. കുമളിയില്‍ നിന്നും ഭൂമി ഉപേക്ഷിച്ച് പോയ നിരവധി പേരുമുണ്ട്. കുടിയിറക്കിയവര്‍ക്ക് ഒരു സൗകര്യവും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരുക്കിയിരുന്നില്ല. കുമളിയിലെ നല്ല മനുഷ്യരാണ് കുടിയിറക്കിയെത്തിയവര്‍ക്ക് ആദ്യം അഭയം നല്‍കിയത്. സര്‍ക്കാര്‍ നിര്‍മിച്ച ഷെട്ടില്‍ കഴിഞ്ഞ നിരവധി പേര്‍ അസുഖം ബാധിച്ച് മരിച്ചു. അമരാവതിയിലെ കൊടുംതണുപ്പില്‍ മനുഷ്യര്‍ നരകയാതന അനുഭവിക്കുകയായിരുന്നെന്നും മങ്ങാട്ടേല്‍ ജോസഫ് പറയുന്നു.
(കെ എ അബ്ദുള്‍ റസാഖ് )
deshabhimani 070611
അമരാവതി കര്‍ഷക സമരത്തിന്റെ 50-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് കുമളിയില്‍ ഉജ്വല തുടക്കം. അമരാവതി സമരത്തിന്റേയും, അഖിലേന്ത്യ കിസാന്‍സഭ 75-ാം വാര്‍ഷികാഘോഷങ്ങളുടേയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അയ്യപ്പന്‍കോവിലില്‍ നിന്നും കുടിയിറക്കിയ ആയിരക്കണക്കിന് പാവപ്പെട്ട കര്‍ഷകരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ മഹാനായ എകെജിയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക സമരത്തിന്റെ ഓര്‍മ പുതുക്കലായി കുമളിയില്‍ നടന്ന ആഘോഷ പരിപാടികള്‍ . അമരാവതി സമരം തുടങ്ങിയത് കുമളിയില്‍ നിന്നും പ്രകടനമായി പോയി ഒന്നാംമൈലില്‍ ആയിരുന്നു. തിങ്കളാഴ്ച വാര്‍ഷികാഘോഷങ്ങള്‍ തുടക്കമായതാകട്ടെ ഒന്നാംമൈലില്‍ നിന്നും പ്രകടനം ആരംഭിച്ച് കുമളി ടൗണിലും. 50 വര്‍ഷം മുമ്പ് നടന്ന പ്രകടത്തില്‍ പങ്കെടുത്ത പലര്‍ക്കും പഴയ സമരകാലം ഓര്‍മയിലെത്തിയ മുഹൂര്‍ത്തമായി മാറി.
ReplyDelete