Tuesday, June 7, 2011

ഇത് വഴിവിട്ട പോക്ക്

രണ്ടു സീറ്റിന്റെ ബലത്തില്‍ അധികാരത്തിലേറിയ ഉമ്മന്‍ചാണ്ടി മന്ത്രിസഭ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ. അതിനിടയില്‍ത്തന്നെ അത് വിവാദങ്ങള്‍ക്കു നടുവിലാണ്. ഒരുവശത്ത് ഭരണമുന്നണിയിലെ ചേരിപ്പോര്. മറുവശത്ത് കോണ്‍ഗ്രസിനകത്തെ അധികാരത്തര്‍ക്കം. മന്ത്രിസ്ഥാനങ്ങളെച്ചൊല്ലിയുള്ള കടിപിടി തീര്‍ന്നിട്ടില്ല. ഇതിനെയെല്ലാം കവച്ചുവയ്ക്കുംവിധം അധികാരത്തിലേറിയ നിമിഷംമുതല്‍ അഴിമതിയോട് കൂറുപ്രഖ്യാപിക്കുന്ന നടപടികള്‍ വിവിധ മന്ത്രിമാരില്‍നിന്ന് ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഭരണവിലാസം സംഘടനകളാകട്ടെ, എല്ലാ ചട്ടത്തെയും നിയമത്തെയും മര്യാദയെയും കാറ്റില്‍പറത്തി സര്‍ക്കാര്‍കാര്യങ്ങളില്‍ ഇടപെടുകയാണ്.

എന്‍ജിഒ അസോസിയേഷന്റെ ലെറ്റര്‍പാഡില്‍ ഇന്നയിന്ന ആളുകളെ സ്ഥലംമാറ്റിക്കൊള്ളണമെന്ന ഉത്തരവുതന്നെയാണ് വകുപ്പുമേധാവികള്‍ക്ക് ലഭിക്കുന്നത്. മന്ത്രിസഭാ രൂപീകരണം യുഡിഎഫില്‍ കടുത്ത അസംതൃപ്തിയും അമര്‍ഷവുമാണ് സൃഷ്ടിച്ചത്. എല്‍ഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ സെല്‍ഭരണം എന്നാണ് യുഡിഎഫ് ആക്ഷേപിക്കാറുള്ളത്. അല്ലാത്തപ്പോള്‍ അവര്‍ ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കും. തങ്ങളുടെ അവസാന തീരുമാനം വരുന്നത് ഡല്‍ഹിയിലെ ഹൈക്കമാന്‍ഡില്‍നിന്നാണെന്ന് അഭിമാനത്തോടെ പറയുന്നവര്‍തന്നെ, എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ പാര്‍ടി നേതൃത്വം ചര്‍ച്ചചെയ്യുന്നതിനെ പുച്ഛിക്കാറുമുണ്ട്. ഇവിടെ യുഡിഎഫ് എന്ന മുന്നണിക്കോ അതിലെ പാര്‍ടികളുടെ നേതൃത്വത്തിനോ ഒരു വിലയുമില്ലാത്ത അവസ്ഥയാണ് ഇന്ന്. മന്ത്രിസഭ രൂപീകരിക്കുമ്പോഴോ സര്‍ക്കാരിന്റെ നയം ഓരോ മന്ത്രി വിശദീകരിക്കുന്നതിനുമുമ്പായോ തങ്ങള്‍ക്കിടയില്‍ ചര്‍ച്ച ഉണ്ടായില്ലെന്ന് യുഡിഎഫിലെ സീനിയര്‍ നേതാക്കള്‍തന്നെ തുറന്നടിക്കുന്നു. മുസ്ലിംലീഗിന്റെ അഞ്ചു മന്ത്രിമാരെയും വകുപ്പുകളെയും മുഖ്യമന്ത്രിയല്ല, ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളാണ് പ്രഖ്യാപിച്ചത്. അങ്ങനെ പ്രഖ്യാപിക്കപ്പെട്ട അഞ്ചാമത്തെ മന്ത്രിയാകട്ടെ ഇതുവരെ വന്നതുമില്ല. മന്ത്രിമാരുടെ എണ്ണത്തിന്റെയും വകുപ്പുകളുടെയും കാര്യത്തില്‍ കോണ്‍ഗ്രസ് ഘടക കക്ഷികള്‍ക്കുമുന്നില്‍ മുട്ടിലിഴയുകയാണുണ്ടായത്.

നൂറുദിന പരിപാടിപ്രഖ്യാപനം എന്ന നാടകത്തിലൂടെ ഇത്തരം വൃത്തികേടുകള്‍ മൂടിവയ്ക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചെങ്കിലും ആ "കര്‍മപരിപാടി" തന്നെ ഏച്ചുകൂട്ടിയ ഒരു തട്ടിപ്പാണെന്ന് വ്യക്തമായി. ഓരോ വകുപ്പും ഓരോ സാമ്രാജ്യമാക്കുകയാണ്. നികുതിപിരിവിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ച ശുഷ്കാന്തിയും ഉത്തരവാദിത്തബോധവും കെ എം മാണിയില്‍നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. കോര്‍പറേറ്റുകളടക്കം സ്വകാര്യമേഖലയ്ക്ക് വിദ്യാലയങ്ങള്‍ ആരംഭിക്കാന്‍ അനുമതി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി പറയുന്നു. സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് അധ്യാപകരായ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് നടത്താന്‍ വീണ്ടും അനുമതി നല്‍കുമെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. എക്സൈസ് മന്ത്രിയാകട്ടെ ബിവറേജസ് കോര്‍പറേഷന്റെ തുറക്കാനിരുന്ന ചില്ലറ വില്‍പ്പനശാലകള്‍ വേണ്ടെന്നുവച്ച് പുതിയ ബാര്‍ ലൈസന്‍സുകള്‍ സുലഭമായി കൊടുക്കാന്‍ മുതിരുകയാണ്.

ഇതെല്ലാം നോക്കിനില്‍ക്കാനേ കോണ്‍ഗ്രസിന് കഴിയൂ. ആ പാര്‍ടിയുടെ കൈയില്‍ പ്രധാനപ്പെട്ട വകുപ്പുകളില്ല. എല്‍ഡിഎഫ് കാലത്ത് പഞ്ചായത്ത്, നഗര, ഗ്രാമവികസനവകുപ്പുകള്‍ ഒരേ മന്ത്രിയും വകുപ്പുസെക്രട്ടറിയുമാണ് കൈകാര്യംചെയ്തത്. യുഡിഎഫ് ചെയ്തത് അവയെയെല്ലാം വേര്‍പെടുത്തി പല മന്ത്രിമാര്‍ക്ക് കൊടുത്തു. അത് എന്തിനെന്ന് ഇന്നുവരെ യുഡിഎഫ് നേതൃത്വം വിശദീകരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശത്രുതാപരമായ നയങ്ങളും നടപടികളും നടപ്പാക്കാനും അഴിമതിക്ക് അരങ്ങൊരുക്കാനുമാണ് ശ്രമിക്കുന്നത് എന്നതിന്റെ എല്ലാ സൂചനയും ഈ ചുരുങ്ങിയ നാളുകളില്‍ത്തന്നെ വന്നുകഴിഞ്ഞു. സര്‍ക്കാര്‍ നേതൃത്വം ഇങ്ങനെയാകുമ്പോള്‍ ഭരണകക്ഷികള്‍ക്ക് നിയന്ത്രണമുള്ള സംഘടനകള്‍ തങ്ങളാണ് ഭരിക്കേണ്ടവര്‍ എന്ന ഭാവേന സര്‍ക്കാര്‍കാര്യങ്ങളില്‍ ഇടപെടുകയാണ്. അതിന്റെ ഫലമാണ് വിവിധ വകുപ്പുകളില്‍ തലങ്ങും വിലങ്ങും നടക്കുന്ന സ്ഥലം മാറ്റങ്ങള്‍ . പണം പറ്റി ഇഷ്ടസ്ഥലത്തേക്ക് മാറ്റംകൊടുക്കാന്‍ ചില റാക്കറ്റുകള്‍തന്നെ ഭരണവിലാസം സംഘടനകളുടെ മേല്‍വിലാസത്തില്‍ രംഗത്തുണ്ട്. കൃത്യമായ മാനദണ്ഡങ്ങളും സുതാര്യതയും ഉറപ്പുവരുത്തിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം നടത്തിയത്. അന്നത്തെ പ്രതിപക്ഷത്തിന് പരാതി പറയാനുള്ള അവസരംകൂടി ഉണ്ടായിരുന്നില്ല. സ്ഥലംമാറുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങള്‍ ക്ഷണിച്ച് അവ ചര്‍ച്ചചെയ്ത് പരിഹരിച്ചാണ് പല വകുപ്പിലും സ്ഥലംമാറ്റ നടപടി പൂര്‍ത്തിയാക്കിയത്. അനര്‍ഹര്‍ കയറിപ്പറ്റാതെയും അര്‍ഹര്‍ക്ക് അവസരം നിഷേധിക്കാതെയുമാണ് ഇത് നടന്നത്. എന്നാല്‍ , ഇപ്പോള്‍ അതൊന്നും നോക്കാതെ തുണ്ടുകടലാസില്‍ ഭരണസംഘടന എഴുതിക്കൊടുത്താല്‍ അതില്‍ത്തന്നെ ഉത്തരവിറക്കുക എന്ന രീതി വന്നിരിക്കുന്നു. തദ്ദേശ സ്വയംഭരണവകുപ്പില്‍ എല്ലാ നഗരസഭയില്‍നിന്നും അന്യായ സ്ഥലംമാറ്റം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് യൂണിയന്‍ രംഗത്തുവന്നിട്ടുണ്ട്. ജീവനക്കാരെ സമീപിച്ച് സ്ഥലംമാറ്റം ഏര്‍പ്പാടാക്കാമെന്ന വാഗ്ദാനവുമായി ഏജന്റുമാര്‍ ചുറ്റിക്കറങ്ങുന്നു.

പൊലീസില്‍ സ്ഥലംമാറ്റ വാഗ്ദാനവുമായി വന്‍ പിരിവുസംഘങ്ങള്‍ രംഗത്തിറങ്ങിയതായാണ് വാര്‍ത്ത. അഞ്ചുകൊല്ലം മുമ്പത്തെ കെട്ട ഭരണമാണ് തിരിച്ചുവരുന്നത് എന്ന സൂചനയാണ് എങ്ങും. അത് ജനങ്ങള്‍ക്കുള്ള വലിയ വെല്ലുവിളിയും മുന്നറിയിപ്പുമാണ്. നീതി നിഷേധിച്ചുകൊണ്ടുള്ളതോ നിയമവിരുദ്ധമോ ആയ ഒരു നടപടിയും വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തുംവിധം ബഹുജന പ്രതിഷേധം ഉയരാനുള്ള നാളുകളാണ് ഇനി എന്ന് യുഡിഎഫുതന്നെ ഉറപ്പാക്കുകയാണ് ഈ വഴിവിട്ട പോക്കിലൂടെ.

deshabhimani editorial 070611

1 comment:

  1. രണ്ടു സീറ്റിന്റെ ബലത്തില്‍ അധികാരത്തിലേറിയ ഉമ്മന്‍ചാണ്ടി മന്ത്രിസഭ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ. അതിനിടയില്‍ത്തന്നെ അത് വിവാദങ്ങള്‍ക്കു നടുവിലാണ്. ഒരുവശത്ത് ഭരണമുന്നണിയിലെ ചേരിപ്പോര്. മറുവശത്ത് കോണ്‍ഗ്രസിനകത്തെ അധികാരത്തര്‍ക്കം. മന്ത്രിസ്ഥാനങ്ങളെച്ചൊല്ലിയുള്ള കടിപിടി തീര്‍ന്നിട്ടില്ല. ഇതിനെയെല്ലാം കവച്ചുവയ്ക്കുംവിധം അധികാരത്തിലേറിയ നിമിഷംമുതല്‍ അഴിമതിയോട് കൂറുപ്രഖ്യാപിക്കുന്ന നടപടികള്‍ വിവിധ മന്ത്രിമാരില്‍നിന്ന് ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഭരണവിലാസം സംഘടനകളാകട്ടെ, എല്ലാ ചട്ടത്തെയും നിയമത്തെയും മര്യാദയെയും കാറ്റില്‍പറത്തി സര്‍ക്കാര്‍കാര്യങ്ങളില്‍ ഇടപെടുകയാണ്.

    ReplyDelete