Tuesday, June 7, 2011

കെപിസിസിയും ഡിസിസികളും പുനഃസംഘടിപ്പിക്കണം

കൊച്ചി: കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി നയത്തിന്റെ അടിസ്ഥാനത്തില്‍ കെപിസിസിയും ഡിസിസികളും പുനഃസംഘടിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ടി സിദ്ദിഖ്, എം ലിജു എന്നിവര്‍ സംസ്ഥാന പ്രസിഡന്റുമാരായിരിക്കെ സംസ്ഥാന ഭാരവാഹിത്വത്തിലുണ്ടായിരുന്ന നാല്‍പ്പതോളം പേരാണ് ഈ ആവശ്യം ഉന്നയിച്ച് കെപിസിസി നേതൃത്വത്തിന് കത്തു നല്‍കിയത്. എട്ടിനു ചേരുന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ അനുകൂലതീരുമാനം ഉണ്ടായില്ലെങ്കില്‍ എഐസിസി നേതൃത്വത്തിനും രാഹുല്‍ഗാന്ധിക്കും പരാതി അയക്കാനും ഇവര്‍ തീരുമാനിച്ചു.

യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പുനഃസംഘടനയോടെ നേരത്തെ സംഘടനയുടെ സംസ്ഥാന നേതൃത്വത്തിലുണ്ടായിരുന്നു നൂറിലേറെപ്പേരാണ് യൂത്ത് കോണ്‍ഗ്രസിലോ, കോണ്‍ഗ്രസിലോ ഒരു സ്ഥാനവുമില്ലാതെ അലയുന്നത്. സംഘടനാ തെരഞ്ഞെടുപ്പുസമയത്ത് മത്സരരംഗത്തുനിന്ന് മാറിനില്‍ക്കാനായി ഗ്രൂപ്പ്നേതൃത്വം പലര്‍ക്കും തദ്ദേശ സ്വയംഭരണ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിത്വം വാഗ്ദാനംചെയ്തിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സാമുദായിക സമവാക്യം മാത്രം കോണ്‍ഗ്രസ് മാനദണ്ഡമാക്കിയപ്പോള്‍ ഇവരില്‍ പലര്‍ക്കും സീറ്റ് നഷ്ടമായി. കിട്ടിയതാകട്ടെ വിജയിക്കാത്ത സീറ്റകളും. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന ടി സിദ്ദിഖിനുപോലും സീറ്റ് നിഷേധിക്കപ്പെട്ടു. ഇത് യൂത്ത് കോണ്‍ഗ്രസുകാരിലും നേതൃത്വത്തിലും പരക്കെ അമര്‍ഷമുണ്ടാക്കിയിരുന്നു. അതേസമയം യൂത്ത് കോണ്‍ഗ്രസിന്റെ സമരരംഗത്ത് ഒരിക്കല്‍പ്പോലും എത്തിനോക്കാത്ത കെ ടി ബെന്നിയെപ്പോലുള്ളവര്‍ക്ക് ചാലക്കുടിയില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കുകയും ചെയ്തു.

യൂത്ത് കോണ്‍ഗ്രസില്‍നിന്ന് ഭാരവാഹിത്വം ഒഴിഞ്ഞവരെ ഡിസിസി, കെപിസിസി എക്സിക്യൂട്ടീവുകളില്‍ ഉള്‍പ്പെടുത്തണമെന്ന് ജനുവരിയില്‍ ആലുവയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് ക്യാമ്പ് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് രാഹുല്‍ഗാന്ധി കെപസിസിക്കും സര്‍ക്കുലര്‍ നല്‍കി. എന്നാല്‍ അധികാരം നിലനിര്‍ത്താനുള്ള സമവാക്യത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഇതു കണ്ടതായി ഭാവിച്ചില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായിരുന്ന പി എസ് പ്രശാന്ത്, ആര്‍ വി രാജേഷ് (തിരുവനന്തപുരം), ആര്‍ എസ് അരുണ്‍ രാജ്, എസ് ശോഭ, സൂരജ് രവി, സി ആര്‍ മഹേഷ് (കൊല്ലം), റിജു ചെറിയാന്‍ , ലിജു ജോര്‍ജ്, അനിത (പത്തനംതിട്ട), സരിത രവീന്ദ്രന്‍ , സിജു പുന്നത്താനം, ജെ ജി പലക്കലോടി, ഡോ. അജീസ് ബെന്‍ മാത്യു (കോട്ടയം), മുഹമ്മദ് ഷിയാസ്, ഷെറിന്‍ തോമസ് (എറണാകുളം), കെ പി ശ്രീകുമാര്‍ , എം പി സജി (ആലപ്പുഴ), ജോര്‍ജി ജോര്‍ജ് (ഇടുക്കി), ജോണ്‍ ഡാനിയേല്‍ , ഷാജി കോടങ്കണ്ടത്ത്, ഗോപപ്രതാപ് (തൃശൂര്‍), മാധവദാസ്, എസ് സുമേഷ് (പാലക്കാട്), ഷാജര്‍ അറഫത്ത് ( കോഴിക്കോട്), മുഹമ്മദ് ഫൈസല്‍ , പ്രദീപ് വട്ടിപ്പുറം, സജു ജോസഫ് (കണ്ണൂര്‍), പി കെ ഫൈസല്‍ , വിനോദ്കുമാര്‍ (കാസര്‍കോട്) തുടങ്ങിയവരാണ് ഒരിടത്തും ഭാരവാഹിത്വമില്ലാത്തവര്‍ .

deshabhimani 070611

1 comment:

  1. കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി നയത്തിന്റെ അടിസ്ഥാനത്തില്‍ കെപിസിസിയും ഡിസിസികളും പുനഃസംഘടിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ടി സിദ്ദിഖ്, എം ലിജു എന്നിവര്‍ സംസ്ഥാന പ്രസിഡന്റുമാരായിരിക്കെ സംസ്ഥാന ഭാരവാഹിത്വത്തിലുണ്ടായിരുന്ന നാല്‍പ്പതോളം പേരാണ് ഈ ആവശ്യം ഉന്നയിച്ച് കെപിസിസി നേതൃത്വത്തിന് കത്തു നല്‍കിയത്. എട്ടിനു ചേരുന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ അനുകൂലതീരുമാനം ഉണ്ടായില്ലെങ്കില്‍ എഐസിസി നേതൃത്വത്തിനും രാഹുല്‍ഗാന്ധിക്കും പരാതി അയക്കാനും ഇവര്‍ തീരുമാനിച്ചു.

    ReplyDelete