നൂറുകണക്കിന് സിബിഎസ്ഇ/ഐസിഎസ്ഇ അണ്‍ എയ്ഡഡ് സ്കൂളുകള്‍ ആരംഭിക്കുന്നതിനു എന്‍ഒസി (വിരോധമില്ലാ പത്രം) നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമ പ്രതിനിധികളോട് വിശദീകരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയായിരുന്നു ആറുവര്‍ഷം മുമ്പ് ഏറ്റവുമധികം അണ്‍ എയ്ഡഡ് സ്കൂളുകള്‍ അനുവദിച്ചത്. അന്നത്തെ തീരുമാനത്തെ കടത്തിവെട്ടുന്നതായിരിക്കും ഇപ്പോഴത്തെ തീരുമാനം എന്നാണ് വാര്‍ത്തകള്‍ നല്‍കുന്ന സൂചന. കേരളത്തില്‍ വര്‍ഷംതോറും സ്കൂള്‍ വിദ്യാര്‍ഥികളില്‍ 80,000 - 1,00,000 എണ്ണത്തിന്റെ കുറവ് വര്‍ഷങ്ങളായി വന്നുകൊണ്ടിരിക്കയാണ്. തല്‍ഫലമായി ആയിരക്കണക്കിനു സര്‍ക്കാര്‍ - എയ്ഡഡ് അധ്യാപകര്‍ക്കാണ് ഡിവിഷനുകള്‍ ഇല്ലാതാകുന്നതുമൂലം ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ ആദിവാസി കേന്ദ്രങ്ങള്‍ , വിദൂരമായ ഗ്രാമങ്ങള്‍ എന്നീ അപൂര്‍വം സ്ഥലങ്ങളില്‍ മാത്രമായിരിക്കും ഏതെങ്കിലും തരത്തില്‍ പഠനസൗകര്യങ്ങളുടെ കുറവുണ്ടാവുക. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് അത്തരം സ്ഥലങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വെ നടത്തി കണ്ടുപിടിച്ച് സര്‍ക്കാര്‍ സ്കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ പുതിയ സ്കൂളുകള്‍ക്ക് സംസ്ഥാനത്ത് പൊതുവില്‍ പ്രസക്തിയില്ല. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമ പ്രകാരം എല്‍പി സ്കൂളുകള്‍ വിദ്യാര്‍ഥികളുടെ വീടിന്റെ ഒരു കി. മീ. ചുറ്റുവട്ടത്തും അപ്പര്‍ പ്രൈമറി സ്കൂള്‍ രണ്ടു കി. മീ. ചുറ്റുവട്ടത്തും ഹൈസ്കൂള്‍ അഞ്ചു കി. മീ. ചുറ്റുവട്ടത്തും ഉണ്ടാകണം. ആ നിയമത്തിലെ നിര്‍ദ്ദേശമനുസരിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സര്‍വെ നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. അതുപ്രകാരം ആവശ്യത്തിനു സ്കൂള്‍ ഇല്ലാത്ത മേഖലകളിലാണ് പുതിയ സ്കൂളുകള്‍ അനുവദിക്കേണ്ടിവരിക.
കേന്ദ്ര വിദ്യാഭ്യാസ നിയമമനുസരിച്ച് എട്ടാം സ്റ്റാന്‍ഡേര്‍ഡ് വരെയുള്ള വിദ്യാഭ്യാസം സാര്‍വത്രികവും സൗജന്യവുമായിരിക്കണം. അണ്‍ എയ്ഡഡ് സ്കൂള്‍ അനുവദിക്കുന്നതുകൊണ്ട് പഠനസൗകര്യം കുറവായ സ്ഥലങ്ങളില്‍ ഈ ആവശ്യം നിറവേറ്റാന്‍ കഴിയില്ല. അതിനു സര്‍ക്കാര്‍/എയ്ഡഡ് സ്കൂള്‍ തന്നെ വേണം. മന്ത്രിസഭ ഇപ്പോള്‍ കൈക്കൊണ്ട തീരുമാനം വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടില്ല എന്നു ചുരുക്കം. എന്നല്ല, അത് വിദ്യാഭ്യാസ അവകാശനിയമത്തിനു വിരുദ്ധവുമാണ്. അതായത്, ഇപ്പോള്‍ അനുവദിക്കാന്‍ പോകുന്ന സ്കൂളുകള്‍ നിലവിലുള്ള സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ ഡിവിഷനുകളുടെ എണ്ണം കുറയ്ക്കാനും ഇപ്പോള്‍ അധ്യാപകരായിട്ടുള്ള പലരുടെയും പണികളയാനും മാത്രമേ ഉപകരിക്കൂ.
മറ്റൊരു കാര്യം കൂടിയുണ്ട്. ആദ്യത്തെ എട്ടു ക്ലാസുകളില്‍ സൗജന്യപഠനം എല്ലാവര്‍ക്കും ഭരണഘടന ഉറപ്പു ചെയ്യുന്നത് കുറെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഫലത്തില്‍ നിഷേധിക്കാനാണ് അത് ഉപകരിക്കുക. യുപിഎ ഗവണ്‍മന്റെ് മുന്‍കൈയെടുത്ത് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് കേരളത്തില്‍ യുഡിഎഫ് ഗവണ്‍മന്റെ് പ്രയോഗത്തില്‍ നിഷേധിക്കുകയാണ്. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും താല്‍പര്യങ്ങള്‍ ഹനിക്കുന്ന ഇത്തരം ഒരു നടപടിക്ക് എന്തുകൊണ്ടാണ് അധികാരത്തിലേറിയ ഉടനെ യുഡിഎഫ് ഗവണ്മെന്റ് തുനിയുന്നത്? എന്തുകൊണ്ടാണ് ആയിരക്കണക്കിനു സര്‍ക്കാര്‍ - എയ്ഡഡ് അധ്യാപകരെ കണ്ണീര് കുടിപ്പിക്കാന്‍ തീരുമാനിച്ചത്?
ഉത്തരം വളരെ ലളിതമാണ്. യുഡിഎഫ് ഗവണ്മെന്റിനു പുതിയ തലമുറയുടെ വിദ്യാഭ്യാസമോ അതില്‍ ഏര്‍പ്പെട്ടിട്ടുള്ള രണ്ടു ലക്ഷം അധ്യാപകരുടെ ജീവിത സുരക്ഷിതത്വമോ അല്ല പ്രശ്നം. നിരവധി അണ്‍എയ്ഡഡ് സ്കൂളുകള്‍ സര്‍ക്കാര്‍ അംഗീകാരമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തികള്‍ , സംഘടനകള്‍ , സ്ഥാപനങ്ങള്‍ എന്നിവരുടെ താല്‍പര്യ സംരക്ഷണമാണ് യുഡിഎഫിന്റെ പ്രധാന പ്രശ്നം. അവരുടെ സംതൃപ്തിയും ക്ഷേമവുമാണ്, വിദ്യാര്‍ഥികളുടെയോ അധ്യാപകരുടെയോ രക്ഷിതാക്കളുടെയോ ആവശ്യനിവൃത്തിയോ സംതൃപ്തിയോ അല്ല അവരുടെ പ്രശ്നം.
അണ്‍ എയ്ഡഡ് സ്കൂളുകള്‍ ആരംഭിക്കാനുള്ള അപേക്ഷകള്‍ക്ക് എല്‍ഡിഎഫ് ഗവണ്മെന്റ് എന്‍ഒസി നല്‍കാത്തതുകൊണ്ടും സ്വാശ്രയ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റുകളുടെ പല ആവശ്യങ്ങളും അനുവദിക്കാത്തതുകൊണ്ടുമാണ് വിദ്യാഭ്യാസരംഗമാകെ താറുമാറായി എന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു നടന്നത്. അണ്‍ എയ്ഡഡ് സ്കൂളുകള്‍ നടത്തുന്നത് വിദ്യാഭ്യാസക്കച്ചവടമാണ്. ഈ വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്കുവേണ്ടി, ജനങ്ങള്‍ക്കുവേണ്ടി നടത്തുന്ന സര്‍ക്കാര്‍ - എയ്ഡഡ് സ്കൂളുകളെ അടപ്പിക്കുന്നതിനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തെ ചെറുത്തുതോല്‍പിക്കേണ്ടത് സംസ്ഥാനത്തിന്റെ സര്‍വതോമുഖമായ പുരോഗതി ആഗ്രഹിക്കുന്ന സര്‍വരുടെയും കടമയാണ്. അത് മറക്കാത്തതുകൊണ്ടായിരിക്കണം യുഡിഎഫ് സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ പുരോഗമന - ജനാധിപത്യ വിദ്യാര്‍ഥി - യുവജന - അധ്യാപകാദി സംഘടനകളോടൊപ്പം കെഎസ്യുവും യൂത്ത് കോണ്‍ഗ്രസും പോലും പ്രതിഷേധ ശബ്ദം ഉയര്‍ത്തിയത്. യുഡിഎഫ് സര്‍ക്കാരിന്റെ ഈ പിഴച്ചപോക്ക് പിന്‍വലിച്ചേ തീരൂ. അതിന് ആവശ്യമായ സമ്മര്‍ദ്ദം സംസ്ഥാന ഗവണ്മെന്റിനുമേല്‍ ചെലുത്താന്‍ യുപിഎ ഗവണ്മെന്റിനും ബാധ്യതയുണ്ട്.
ചിന്ത മുഖപ്രസംഗം 170611
യുഡിഎഫ് ഗവണ്മെന്റിനു പുതിയ തലമുറയുടെ വിദ്യാഭ്യാസമോ അതില്‍ ഏര്‍പ്പെട്ടിട്ടുള്ള രണ്ടു ലക്ഷം അധ്യാപകരുടെ ജീവിത സുരക്ഷിതത്വമോ അല്ല പ്രശ്നം. നിരവധി അണ്‍എയ്ഡഡ് സ്കൂളുകള്‍ സര്‍ക്കാര്‍ അംഗീകാരമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തികള്‍ , സംഘടനകള്‍ , സ്ഥാപനങ്ങള്‍ എന്നിവരുടെ താല്‍പര്യ സംരക്ഷണമാണ് യുഡിഎഫിന്റെ പ്രധാന പ്രശ്നം. അവരുടെ സംതൃപ്തിയും ക്ഷേമവുമാണ്, വിദ്യാര്‍ഥികളുടെയോ അധ്യാപകരുടെയോ രക്ഷിതാക്കളുടെയോ ആവശ്യനിവൃത്തിയോ സംതൃപ്തിയോ അല്ല അവരുടെ പ്രശ്നം.
ReplyDelete