കള്ളപ്പണക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ പുലര്‍ത്തുന്ന വൈമുഖ്യം സുപ്രീംകോടതിതന്നെ തുറന്നുകാട്ടിയിട്ടുള്ളതാണ്. കള്ളപ്പണക്കാരനായ ഹസന്‍ അലിഖാനെതിരെ നടപടിയെടുക്കുമ്പോള്‍ നിങ്ങള്‍ക്കെന്താണ് വിഷമം എന്നാണ് സുപ്രീംകോടതി ചില ആഴ്ചകള്‍ക്കുമുമ്പ് കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്. കള്ളപ്പണം സമാന്തരവാഴ്ച നടത്തുന്ന സാഹചര്യത്തില്‍ ഭരണഘടനാപരമായ നിയമവാഴ്ച ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ടോ എന്നായിരുന്നു മറ്റൊരു ഘട്ടത്തില്‍ കോടതി ചോദിച്ചത്. കോടതിയുടെ ഇടപെടലുകള്‍കൊണ്ട് നിവൃത്തിയില്ലാതെവന്ന ഘട്ടത്തില്‍ മാത്രമാണ് ഹസന്‍ അലിഖാനെതിരെ ചെറുനടപടിയെങ്കിലും സ്വീകരിച്ചത് എന്നത് രാജ്യം കണ്ടതാണ്. ഇപ്പോള്‍ , കള്ളപ്പണത്തിനെതിരായ നടപടിക്കുള്ള മറ്റൊരു സാധ്യതകൂടി യുപിഎ സര്‍ക്കാര്‍ ഉപേക്ഷിച്ചിരിക്കുന്നു.
ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്ക് വിദേശബാങ്കുകളിലുള്ള കള്ളപ്പണനിക്ഷേപത്തിന്റെ കണക്കും വിവരങ്ങളും എടുക്കാന്‍ മാത്രമല്ല, ആ നിക്ഷേപങ്ങളില്‍നിന്ന് ഇന്ത്യന്‍ ഖജനാവിലേക്ക് റവന്യൂ വരുത്താന്‍ കൂടിയുള്ള മാര്‍ഗമാണ് ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടത്. ഈ ഒരു കാര്യമെങ്കിലും ഇന്ത്യാസര്‍ക്കാരിന് പ്രയോജനപ്പെടുത്താവുന്ന സ്വിസ് ടാക്സ് നിയമത്തിലെ ഒരു വകുപ്പുണ്ട്. അതുപയോഗിക്കേണ്ടതില്ല എന്ന് യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. സ്വിസ് ബാങ്കുകള്‍ തങ്ങളുടെ പക്കലുള്ള നിക്ഷേപങ്ങള്‍ പൊതുവെ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കാറില്ല. നിക്ഷേപകരുടെ സ്വന്തം രാജ്യത്ത് നിയമാനുസൃതമായ എന്തെങ്കിലും നടപടികള്‍ക്കായി ഈ നിക്ഷേപത്തിലെ വിവരങ്ങള്‍ ആവശ്യമുണ്ടെന്ന് തെളിയിച്ചാലേ വിവരങ്ങള്‍ നല്‍കൂ. നിക്ഷേപവിവരങ്ങള്‍ ലഭിക്കുക അത്രമേല്‍ വിഷമകരമാണെന്നര്‍ഥം. എന്നാലിപ്പോള്‍ , ഈ വിദേശനിക്ഷേപങ്ങളില്‍ കുമിഞ്ഞുകൂടുന്ന പലിശയുടെ ഒരു ഓഹരി ബന്ധപ്പെട്ട സര്‍ക്കാരിന് നല്‍കാമെന്നാണ് സ്വിറ്റ്സര്‍ലന്‍ഡ് ടാക്സ് നിയമഭേദഗതിയിലൂടെ വ്യവസ്ഥചെയ്തത്.
ഇത് വലിയ ഒരു വരുമാനസ്രോതസ്സാണെന്ന ചിന്തയോടെ യൂറോപ്യന്‍ യൂണിയന്‍ അപേക്ഷ നല്‍കുകയും പലിശ ഉടനടി സ്വന്തം ഖജനാവിലേക്ക് എത്തിക്കുകയുംചെയ്തു. സ്വിറ്റ്സര്‍ലന്‍ഡുമായി ഒരു കരാര്‍കൂടി ഒപ്പുവച്ചുകൊണ്ടാണ് യൂറോപ്യന്‍ യൂണിയന്‍ ഈ വഴിക്കു നീങ്ങിയത്. കരാര്‍പ്രകാരം യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ നടത്തിയിട്ടുള്ള സ്വിസ് നിക്ഷേപങ്ങളിലെ പലിശയുടെ നിശ്ചിത ശതമാനം യൂറോപ്യന്‍ യൂണിയനിലേക്കു വരും. ബന്ധപ്പെട്ട രാജ്യങ്ങള്‍ക്ക് അത് യൂറോപ്യന്‍ യൂണിയന്‍ വീതിച്ചുനല്‍കും. വ്യക്തിനിക്ഷേപങ്ങള്‍ക്കപ്പുറത്ത് കോര്‍പറേറ്റ് നിക്ഷേപങ്ങള്‍ക്കുകൂടി ഇത് ബാധകമാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വിറ്റ്സര്‍ലന്‍ഡ് അത് പരിഗണിക്കുന്നുമുണ്ട്. വ്യക്തിനിക്ഷേപങ്ങളില്‍ പലിശയുടെ തുച്ഛമായ 1.25 ശതമാനംമാത്രമാണ് സ്വിസ് ബാങ്കുകള്‍ നിക്ഷേപത്തിന്റെ ഉടമയുടെ രാജ്യത്തിന് നല്‍കുക. എന്നാല്‍ റിറ്റന്‍ഷന്‍ ടാക്സ് എന്നുള്ള പേരില്‍ മറ്റൊരു സംവിധാനമുണ്ട്. നിക്ഷേപം അവിടെ നിലനിര്‍ത്തുന്നതിന് സ്വിസ് സര്‍ക്കാര്‍ ഈടാക്കുന്ന പലിശയാണത്. ഈ വരുമാനത്തിന്റെ 20 ശതമാനംവരെ ബന്ധപ്പെട്ട രാജ്യങ്ങള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡ് നല്‍കും. യൂറോപ്യന്‍ യൂണിയന് 6490 ലക്ഷത്തോളമാണ് കഴിഞ്ഞവര്‍ഷം ഈ ഇനത്തില്‍ ലഭിച്ചത്. ഇതേ മാതൃകയില്‍ സ്വിറ്റ്സര്‍ലന്‍ഡുമായി കരാറുറപ്പിച്ച് പലിശ ഓഹരി നേടാനുള്ള അവകാശം ഇന്ത്യക്ക് മുമ്പിലുമുണ്ട്. രേഖാമൂലംതന്നെ സ്വിറ്റ്സര്‍ലന്‍ഡ് ഇത് ഇന്ത്യയെ അറിയിച്ചു. എന്നാല്‍ , യുപിഎ സര്‍ക്കാര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. വിദേശബാങ്കിലെ കള്ളപ്പണശേഖരത്തിലേക്ക് ഇതുവഴി ഇന്ത്യക്ക് ഒരു കിളിവാതില്‍ തുറന്നുകിട്ടുകയാണ്. പക്ഷേ, കള്ളപ്പണക്കാരുടെ നിക്ഷേപങ്ങള്‍ക്ക് വലിയ പരിഗണന നല്‍കിക്കൊണ്ട് ആ സാധ്യതപോലും വേണ്ടെന്ന് വയ്ക്കുകയാണ് യുപിഎ ഭരണം. ബാബാ രാംദേവിന്റെയും അണ്ണ ഹസാരെയുടെയും പ്രക്ഷോഭം വന്ന വേളയില്‍ യുപിഎ സര്‍ക്കാര്‍ പറഞ്ഞത്, വിദേശങ്ങളിലെ കള്ളപ്പണ നിക്ഷേപങ്ങള്‍ മുന്‍നിര്‍ത്തി ബന്ധപ്പെട്ട വിദേശബാങ്കുകളുമായും വിദേശരാജ്യങ്ങളുമായും ചര്‍ച്ചനടത്തുമെന്നാണ്. ആ ചര്‍ച്ചപോലും യുപിഎ നടത്താന്‍ തയ്യാറല്ല എന്നതാണ് സ്ഥിതി. കള്ളപ്പണ നിക്ഷേപത്തിലെ പലിശയുടെ നിശ്ചിതശതമാനം വന്നുതുടങ്ങിയാല്‍ എത്ര കള്ളപ്പണ നിക്ഷേപമുണ്ട് എന്ന് കണക്കുകൂട്ടി കണ്ടുപിടിക്കാനാകും. ആ സാധ്യത യുപിഎ ഭരണം ഉപേക്ഷിക്കുകയാണ്. കള്ളപ്പണ നിക്ഷേപകര്‍ക്ക് അത് അലോസരമായാലോ എന്ന മട്ടില്‍ . പിടിച്ചെടുത്ത് ഖജനാവില്‍ ചേര്‍ക്കേണ്ട കള്ളപ്പണത്തോട് എത്ര ഉദാരമായ സമീപനം! ഇന്ത്യയില്‍നിന്ന് 500 മുതല്‍ 1400 വരെ ബില്യണ്‍ അമേരിക്കന്‍ഡോളര്‍ വിദേശത്ത് കള്ളപ്പണ നിക്ഷേപമുണ്ട് എന്നാണ് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന സ്ഥാപനം കണക്കുകൂട്ടുന്നത്. ഇതിന്റെ ചെറിയ ഒരു ശതമാനം കിട്ടിയാല്‍പോലും ഇന്ത്യക്ക് ഇന്നത്തെ സാമ്പത്തിക പശ്ചാത്തലത്തില്‍ വലിയ പ്രയോജനംചെയ്യും. ഇന്ത്യയുടെ ഇക്കാര്യത്തിലുള്ള പ്രതികരണം സ്വിസ് അധികൃതരെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്വിസ് സാമ്പത്തിക വിദഗ്ധനായ മാര്‍ക് ഹെര്‍കല്‍ പരസ്യമായിത്തന്നെ ഇന്ത്യന്‍ നിലപാടില്‍ അത്ഭുതം പ്രകടിപ്പിച്ചു.
നേരത്തെ വിക്കിലീക്സ് വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പട്ടികയിലെ ഒരു ഭാഗം പ്രസിദ്ധീകരിച്ച വേളയിലും ഇന്ത്യാ സര്‍ക്കാരിന്റേത് തണുത്ത പ്രതികരണമായിരുന്നു. പൂര്‍ണമായ ലിസ്റ്റ് ആരായാത്ത ഏക സര്‍ക്കാര്‍ ഇന്ത്യയിലേതാണ് എന്നാണ് അന്ന് വിക്കിലീക്സ് അധിപന്‍ ഒരു ഇന്ത്യന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. മറ്റ് രാജ്യങ്ങളില്‍നിന്നെല്ലാമായി സ്വിസ് ബാങ്കില്‍ കിടപ്പുള്ളതിനേക്കാള്‍ വലുതാണ് ഇന്ത്യയില്‍നിന്ന് മാത്രമായി അവിടെയുള്ള കള്ളപ്പണനിക്ഷേപം. 280 ലക്ഷം കോടിയാണിത് എന്നാണ് വിക്കിലീക്സ് രേഖകള്‍ വ്യക്തമാക്കിയത്. ധനമന്ത്രി പ്രണബ് മുഖര്‍ജി പറയുന്നത് 22 ലക്ഷം കോടിയേ വരൂ ഇത് എന്നാണ്. ഇന്ത്യയില്‍നിന്നുള്ള 26 സ്വിസ് നിക്ഷേപകരുടെ നിക്ഷേപവിവരങ്ങള്‍ മാത്രമാണ് വിക്കിലീക്സ് പുറത്തുകൊണ്ടുവന്നത്. ബാക്കി വിവരങ്ങള്‍ കിട്ടാന്‍ ഇന്ത്യ ശ്രമിക്കാത്തത് അത്ഭുതകരമാണെന്നാണ് വിക്കിലീക്സ് അധിപന്‍ പറയുന്നത്. ഇന്ത്യാ സര്‍ക്കാരിന്റെ മൗനത്തില്‍നിന്ന് തെളിയുന്നത്, കള്ളപ്പണനിക്ഷേപങ്ങളുടെ വക്കാലത്തുള്ളവരാണ് യുപിഎ നേതാക്കള്‍ എന്നാണ്. രാജ്യതാല്‍പ്പര്യത്തിനുമീതെ കള്ളപ്പണനിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് യുപിഎയുടെ രാഷ്ട്രീയ നേതൃത്വത്തിനും അതിന്റെ സര്‍ക്കാരിനും താല്‍പ്പര്യം എന്ന കാര്യത്തില്‍ വേറെ തെളിവുകള്‍ ആവശ്യമില്ല.
ദേശാഭിമാനി 170611
കള്ളപ്പണക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ പുലര്‍ത്തുന്ന വൈമുഖ്യം സുപ്രീംകോടതിതന്നെ തുറന്നുകാട്ടിയിട്ടുള്ളതാണ്. കള്ളപ്പണക്കാരനായ ഹസന്‍ അലിഖാനെതിരെ നടപടിയെടുക്കുമ്പോള്‍ നിങ്ങള്‍ക്കെന്താണ് വിഷമം എന്നാണ് സുപ്രീംകോടതി ചില ആഴ്ചകള്‍ക്കുമുമ്പ് കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്. കള്ളപ്പണം സമാന്തരവാഴ്ച നടത്തുന്ന സാഹചര്യത്തില്‍ ഭരണഘടനാപരമായ നിയമവാഴ്ച ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ടോ എന്നായിരുന്നു മറ്റൊരു ഘട്ടത്തില്‍ കോടതി ചോദിച്ചത്. കോടതിയുടെ ഇടപെടലുകള്‍കൊണ്ട് നിവൃത്തിയില്ലാതെവന്ന ഘട്ടത്തില്‍ മാത്രമാണ് ഹസന്‍ അലിഖാനെതിരെ ചെറുനടപടിയെങ്കിലും സ്വീകരിച്ചത് എന്നത് രാജ്യം കണ്ടതാണ്. ഇപ്പോള്‍ , കള്ളപ്പണത്തിനെതിരായ നടപടിക്കുള്ള മറ്റൊരു സാധ്യതകൂടി യുപിഎ സര്‍ക്കാര്‍ ഉപേക്ഷിച്ചിരിക്കുന്നു.
ReplyDelete