Saturday, June 18, 2011

പ്രധാനമന്ത്രി മൗനം വെടിയണം

ഇന്ത്യയിലെ ശതകോടീശ്വരന്മാരില്‍ പ്രമുഖരായ റിലയന്‍സ് വ്യവസായ ഉടമകളും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളും തമ്മിലുള്ള വഴിവിട്ട കൂട്ടുകെട്ട് സര്‍ക്കാര്‍ ഖജനാവിന് വന്‍തുക നഷ്ടംവരുത്തിയെന്ന കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) കരട് റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ട് ദിവസങ്ങളായി. നഷ്ടത്തിന്റെ യഥാര്‍ഥ തുക എത്രയെന്ന് സിഎജി കണക്കാക്കിയിട്ടില്ല. ഗണ്യമായ തുക സര്‍ക്കാരിന് നഷ്ടമായി എന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ കാണുന്നത്. ഒരുപക്ഷേ 2ജി സ്പെക്ട്രം അഴിമതിയേക്കാള്‍ ഭീമമായ തുക നഷ്ടം വന്നുകാണും എന്നാണ് അനുമാനം.

പെട്രോളിയം മന്ത്രാലയത്തിന് ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. സിപിഐ എം അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഈ വിഷയം പലതവണ ഉന്നയിച്ചതാണ്. 2ജി സ്പെക്ട്രത്തിന്റെ കാര്യത്തിലെന്നപോലെ ഈ വിഷയത്തിലും സര്‍ക്കാരിന്റെ പ്രതികരണമൊന്നും ഉണ്ടായില്ല. ഇതും കണ്ടില്ലെന്ന് നടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സിഎജി റിപ്പോര്‍ട്ടിന്റെ കരട് പുറത്തുവന്നതോടെ വിഷയത്തിന്റെ ഗൗരവം വളരെ വര്‍ധിച്ചിരിക്കുന്നു. യുപിഎ സര്‍ക്കാര്‍ ഇന്ത്യയിലെ ഭീമന്‍ മുതലാളിമാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ് പരിഗണന നല്‍കുന്നതെന്നതിന്റെ മറ്റൊരുദാഹരണംകൂടിയാണ് റിലയന്‍സ്, കെയ്റണ്‍ കമ്പനികള്‍ക്ക് അവിഹിതമായി നല്‍കിയ സഹായം. കൃഷ്ണ, ഗോദാവരി തീരങ്ങളില്‍ പ്രകൃതിവാതകം ഖനനം ചെയ്തെടുക്കാനാണ് സ്വകാര്യകമ്പനികള്‍ക്ക് അനുമതി നല്‍കിയത്. മൂലധനച്ചെലവ് പെരുപ്പിച്ചു കാണിച്ചാണ് സ്വകാര്യകമ്പനികള്‍ വന്‍തുക ലാഭം തട്ടിയെടുത്തത്. ഒരു യൂണിറ്റിന് 240 ഡോളര്‍ എന്നത് 885 ഡോളറായി ഉയര്‍ത്തിക്കാണിച്ചു. ഇതിന് പെട്രോളിയം മന്ത്രാലയം അനുമതി നല്‍കി. ഇതുവഴി ഗ്യാസിന്റെയും വളത്തിന്റെയും വില വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ റിലയന്‍സിന് സൗകര്യം ലഭിച്ചു. ഗ്യാസിന്റെയും വളത്തിന്റെയും ഇന്ധനത്തിന്റെയും വില നല്‍കുന്നവരാണ് ഇതിന്റെ പ്രയാസം അനുഭവിക്കേണ്ടത്. അതായത് സര്‍ക്കാരിന്റെ വരുമാനത്തില്‍ നഷ്ടമുണ്ടായി എന്ന് മാത്രമല്ല സാധാരണ ജനങ്ങളും ഇതിന്റെ ഭാരം താങ്ങാന്‍ നിര്‍ബന്ധിതരായി.

ഡയറക്ടര്‍ ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സ് (ഡിജിഎച്ച്) ആണ് സ്വകാര്യകമ്പനിയുമായി കരാറുണ്ടാക്കിയത്. പ്രധാനമന്ത്രി ഇത്രയും ദിവസമായിട്ടും ഈ വിഷയത്തില്‍ മൗനംപാലിക്കുന്നത് അദ്ദേഹത്തിന് ഒട്ടും ഭൂഷണമല്ല. സ്വകാര്യകമ്പനിയുമായി നിയമവിരുദ്ധമായി കരാറുണ്ടാക്കി ഖജനാവിന് ഭീമമായ നഷ്ടം വരുത്തിയ ഡയറക്ടര്‍ ജനറലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടത്. അല്‍പ്പംപോലും കാലതാമസം വരുത്താതെ ഡയറക്ടര്‍ ജനറലിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രധാനമന്ത്രി ഇതേവരെ അവലംബിച്ച മൗനം കൈവെടിഞ്ഞ് ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് പ്രസ്താവനയിറക്കാനും തയ്യാറാകണം. യുപിഎ സര്‍ക്കാരിന്റെ തുടര്‍ച്ചയായ അഴിമതിക്കെതിരെ രാജ്യത്താകെ ജനരോഷം തിളച്ചുമറിയുന്ന സാഹചര്യത്തില്‍ 2ജി സ്പെക്ട്രം കുംഭകോണത്തിന് സമാനമായ ഈ അഴിമതിക്കെതിരെ ശക്തിയായ നടപടി കൈക്കൊള്ളാന്‍ പ്രധാനമന്ത്രിക്കും യുപിഎ സര്‍ക്കാരിനും പ്രത്യേകമായും ബാധ്യതയുണ്ടെന്ന കാര്യം ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

ദേശാഭിമാനി 180611

1 comment:

  1. ഇന്ത്യയിലെ ശതകോടീശ്വരന്മാരില്‍ പ്രമുഖരായ റിലയന്‍സ് വ്യവസായ ഉടമകളും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളും തമ്മിലുള്ള വഴിവിട്ട കൂട്ടുകെട്ട് സര്‍ക്കാര്‍ ഖജനാവിന് വന്‍തുക നഷ്ടംവരുത്തിയെന്ന കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) കരട് റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ട് ദിവസങ്ങളായി. നഷ്ടത്തിന്റെ യഥാര്‍ഥ തുക എത്രയെന്ന് സിഎജി കണക്കാക്കിയിട്ടില്ല. ഗണ്യമായ തുക സര്‍ക്കാരിന് നഷ്ടമായി എന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ കാണുന്നത്. ഒരുപക്ഷേ 2ജി സ്പെക്ട്രം അഴിമതിയേക്കാള്‍ ഭീമമായ തുക നഷ്ടം വന്നുകാണും എന്നാണ് അനുമാനം.

    ReplyDelete