Friday, June 17, 2011

ഇരുട്ടുകൊണ്ട്‌ ഓട്ടയടയ്‌ക്കല്‍ വീണ്ടും

റിസര്‍വ്‌ ബാങ്കിന്റെ ഇടപെടലുകള്‍ വഴി മാത്രം നാണയപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രണവിധേയമാക്കാനാവില്ലെന്നത്‌ അനുഭവം തെളിയിച്ചതാണെങ്കിലും യു പി എ സര്‍ക്കാര്‍ പഴയചാലിലൂടെ തന്നെയാണ്‌ മുന്നോട്ടുപോകുന്നത്‌. നാണയപ്പെരുപ്പ നിരക്ക്‌ 9.1 ശതമാനമാവുകയും ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പടെയുള്ള അവശ്യ സാധനങ്ങളുടെ വില ഉയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്‌തപ്പോള്‍ ഗവണ്‍മെന്റ്‌ ഫലപ്രദമായ ചില നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍ റിസര്‍വ്‌ ബാങ്കിന്റെ നിരക്കുകള്‍ വര്‍ധിപ്പിക്കുക എന്ന ഏക ഇനപോംവഴിയാണ്‌ ഗവണ്‍മെന്റ്‌ അവലംബിച്ചിരിക്കുന്നത്‌. റിസര്‍വ്‌ ബാങ്കില്‍ നിന്നും വാണിജ്യ ബാങ്കുകള്‍ എടുക്കുന്ന വായ്‌പകള്‍ക്കുള്ള പലിശനിരക്കില്‍ (റിപ്പോനിരക്ക്‌) 0.25 ശതമാനത്തിന്റെ വര്‍ധനവാണ്‌ ഇന്നലെ റിസര്‍വ്‌ ബാങ്ക്‌ വരുത്തിയത്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനകം ഇത്‌ പത്താം തവണയാണ്‌ റിസര്‍വ്‌ ബാങ്ക്‌ റിപ്പോ നിരക്കില്‍ മാറ്റം വരുത്തുന്നത്‌. വാണിജ്യ ബാങ്കുകള്‍ എടുക്കുന്ന വായ്‌പയുടെ പലിശ നിരക്ക്‌ വര്‍ധിപ്പിക്കുന്നതിനെ തുടര്‍ന്ന്‌ ബാങ്കുകള്‍ നല്‍കുന്ന വായ്‌പകളുടെയെല്ലാം പലിശനിരക്ക്‌ ഉയരും. ഭവനവായ്‌പയുടെയും വാഹന വായ്‌പയുടെയും പലിശ നിരക്ക്‌ കഴിഞ്ഞ ഒരു മാസത്തിനകം ബാങ്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. ബാങ്കുകളില്‍ നിന്നും വായ്‌പ എടുത്ത്‌ വീടു പണിയുന്ന സാധാരണക്കാരെയും ഇടത്തരക്കാരെയുമാണ്‌ ഇത്‌ ഏറ്റവും പ്രതികൂലമായി ബാധിച്ചത്‌. പലിശ നിരക്ക്‌ വീണ്ടും ഉയരുന്നത്‌ അവരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും.
ബാങ്ക്‌ പലിശ നിരക്ക്‌ ഉയര്‍ത്തുന്നതിലൂടെ ഊഹക്കച്ചവടവും പൂഴ്‌ത്തിവെപ്പും നിരുത്സാഹപ്പെടുത്താനാവുമെന്നാണ്‌ സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്‌. ഉയര്‍ന്ന പലിശ നിരക്കില്‍ എടുക്കുന്ന വായ്‌പ ഉപയോഗിച്ച്‌ ഉല്‍പന്നങ്ങള്‍ വാങ്ങി പൂഴ്‌ത്തിവെയ്‌ക്കാന്‍ വ്യാപാരികള്‍ തയാറാകില്ലെന്ന നിഗമനമാണ്‌ ഇതിനടിസ്ഥാനം. പൂഴ്‌ത്തിവെയ്‌പിനും ഊഹക്കച്ചവടത്തിനും വന്‍കിടക്കാര്‍ ഉപയോഗിക്കുന്നത്‌ ബാങ്ക്‌ വായ്‌പയല്ല എന്ന യാഥാര്‍ഥ്യം കാണാന്‍ സര്‍ക്കാര്‍ തയാറല്ല. കള്ളപ്പണമാണ്‌ വന്‍കിടക്കാര്‍ ഇതിനായി ഉപയോഗിക്കുന്നത്‌. കള്ളപ്പണം തടയാന്‍ ഫലപ്രദമായ ഒരു നടപടിക്കും സര്‍ക്കാര്‍ തയാറുമല്ല.

സാധാരണക്കാരെ ഏറ്റവും കൂടുതല്‍ അലട്ടുന്നത്‌ ഭക്ഷ്യവിലക്കയറ്റമാണ്‌. ഉല്‍പാദനത്തില്‍ ഇടിവു വരുന്നതാണ്‌ ഭക്ഷ്യ സാധനങ്ങളുടെ വില ഉയരുന്നതിന്റെ കാരണമെന്നായിരുന്നു മുമ്പെല്ലാം സര്‍ക്കാര്‍ പറഞ്ഞിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതി മാറിയിരിക്കുന്നു. ഇത്തവണ ഭക്ഷ്യ ധാന്യ ഉല്‍പാദനത്തില്‍ വന്‍കുതിച്ചു ചാട്ടമുണ്ടായി. എന്നിട്ടും വില കുറയുന്നില്ല. പാവപ്പെട്ടവര്‍ക്ക്‌ താങ്ങാന്‍ കഴിയാത്തത്ര ഉയരത്തിലാണ്‌ ഭക്ഷ്യവില. പൊതുവിതരണ സംവിധാനം സാര്‍വത്രികമാക്കുകയും സബ്‌സിഡി നിരക്കില്‍ സാധാരണക്കാര്‍ക്ക്‌ ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യുകയുമാണ്‌ ഭക്ഷ്യ വിലക്കയറ്റം തടയാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുമുള്ള മാര്‍ഗം. അതിനുള്ള നടപടികളെടുക്കുന്നതിനു പകരം ബാങ്ക്‌ നിരക്ക്‌ ഉയര്‍ത്തി ഭക്ഷ്യ വിലക്കയറ്റം തടയാന്‍ കഴിയുമെന്നു കരുതുന്നത്‌ മൗഢ്യമാണ്‌.

സമീപകാലത്ത്‌ വിലക്കയറ്റത്തിന്‌ ആക്കം കൂട്ടിയ പ്രധാന ഘടകം പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും മണ്ണണ്ണയുടെയും വില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചതാണ്‌. എല്ലാ ഉല്‍പന്നങ്ങളുടെയും വില ഉയരുന്നതിന്‌ ഇതുവഴിവച്ചു. പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില വീണ്ടും വര്‍ധിപ്പിക്കുമെന്നാണ്‌ ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്‌. പെട്രോളിയം ഉല്‍പന്നങ്ങളുടെ മേലുള്ള നികുതി കുറച്ച്‌ വില വര്‍ധനവ്‌ ഒഴിവാക്കണമെന്ന നിര്‍ദേശമൊന്നും സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. വിലക്കയറ്റത്തില്‍ ഉല്‍ക്കണ്‌ഠ പ്രകടിപ്പിക്കുന്ന റിസര്‍വ്‌ ബാങ്കും നിര്‍ദേശിക്കുന്നത്‌ പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില വീണ്ടും ഉയര്‍ത്തണമെന്നാണ്‌.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ നേരത്തെ പ്രതീക്ഷിച്ച വളര്‍ച്ചാനിരക്ക്‌ കൈവരിക്കാനാവില്ലെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ ചൂണ്ടിക്കാണിക്കാണിക്കുന്നുണ്ട്‌. ഒന്‍പത്‌ ശതമാനത്തിലധികമായിരിക്കും വളര്‍ച്ചാനിരക്ക്‌ എന്നായിരുന്നു പ്രധാനമന്ത്രിയും ധനമന്ത്രിയും പറഞ്ഞിരുന്നത്‌. 7.4 ശതമാനത്തിനും 8.5 ശതമാനത്തിനും ഇടയില്‍ മാത്രമായിരിക്കും വളര്‍ച്ചാനിരക്കെന്നാണ്‌ റിസര്‍വ്‌ ബാങ്കിന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകൂട്ടല്‍. വ്യാവസായിക ഉല്‍പാദനത്തില്‍ കഴിഞ്ഞ മൂന്നു മാസങ്ങളില്‍ ഇടിവുവന്നിട്ടുണ്ട്‌. ബാങ്ക്‌ പലിശ നിരക്ക്‌ ഉയരുന്നത്‌ ഉല്‍പാദന മേഖലകള്‍ക്കെല്ലാം തിരിച്ചടിയാകും. വന്‍കിട കമ്പനികളുടെ ലാഭത്തില്‍ കുറവു വരുന്നില്ല എന്നത്‌ ആശ്വാസം പകരുന്ന ഒരു ഘടകമാണെന്നാണ്‌ റിസര്‍വ്‌ ബാങ്കിന്റെ നിഗമനം. കോര്‍പ്പറേറ്റുകളുടെ ലാഭം കൂട്ടുന്നത്‌ സമ്പദ്‌ഘടനയുടെ ആരോഗ്യത്തിന്റെ സൂചനയായാണ്‌ ഭരണാധികാരികള്‍ കാണുന്നത്‌. വിലക്കയറ്റവും നാണയപ്പെരുപ്പവും കോര്‍പ്പറേറ്റുകളുടെ ലാഭം വര്‍ധിക്കാന്‍ സഹായിക്കുമെന്നതുകൊണ്ടു തന്നെ, അവ നിയന്ത്രിക്കാന്‍ ദൂരക്കാഴ്‌ചയുള്ള നടപടികളെടുക്കാന്‍ ഗവണ്‍മെന്റിനു താല്‍പര്യവുമില്ല. ബാങ്കു നിരക്കുകള്‍ കൂട്ടി വിലക്കയറ്റവും നാണയപ്പെരുപ്പവും തടയാനുള്ള ശ്രമം ഇരുട്ടുകൊണ്ട്‌ ഓട്ടയടയ്‌ക്കല്‍ മാത്രമാണ്‌.

ജനയുഗം മുഖപ്രസംഗം 170611

1 comment:

  1. റിസര്‍വ്‌ ബാങ്കിന്റെ ഇടപെടലുകള്‍ വഴി മാത്രം നാണയപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രണവിധേയമാക്കാനാവില്ലെന്നത്‌ അനുഭവം തെളിയിച്ചതാണെങ്കിലും യു പി എ സര്‍ക്കാര്‍ പഴയചാലിലൂടെ തന്നെയാണ്‌ മുന്നോട്ടുപോകുന്നത്‌. നാണയപ്പെരുപ്പ നിരക്ക്‌ 9.1 ശതമാനമാവുകയും ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പടെയുള്ള അവശ്യ സാധനങ്ങളുടെ വില ഉയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്‌തപ്പോള്‍ ഗവണ്‍മെന്റ്‌ ഫലപ്രദമായ ചില നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍ റിസര്‍വ്‌ ബാങ്കിന്റെ നിരക്കുകള്‍ വര്‍ധിപ്പിക്കുക എന്ന ഏക ഇനപോംവഴിയാണ്‌ ഗവണ്‍മെന്റ്‌ അവലംബിച്ചിരിക്കുന്നത്‌. റിസര്‍വ്‌ ബാങ്കില്‍ നിന്നും വാണിജ്യ ബാങ്കുകള്‍ എടുക്കുന്ന വായ്‌പകള്‍ക്കുള്ള പലിശനിരക്കില്‍ (റിപ്പോനിരക്ക്‌) 0.25 ശതമാനത്തിന്റെ വര്‍ധനവാണ്‌ ഇന്നലെ റിസര്‍വ്‌ ബാങ്ക്‌ വരുത്തിയത്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനകം ഇത്‌ പത്താം തവണയാണ്‌ റിസര്‍വ്‌ ബാങ്ക്‌ റിപ്പോ നിരക്കില്‍ മാറ്റം വരുത്തുന്നത്‌. വാണിജ്യ ബാങ്കുകള്‍ എടുക്കുന്ന വായ്‌പയുടെ പലിശ നിരക്ക്‌ വര്‍ധിപ്പിക്കുന്നതിനെ തുടര്‍ന്ന്‌ ബാങ്കുകള്‍ നല്‍കുന്ന വായ്‌പകളുടെയെല്ലാം പലിശനിരക്ക്‌ ഉയരും. ഭവനവായ്‌പയുടെയും വാഹന വായ്‌പയുടെയും പലിശ നിരക്ക്‌ കഴിഞ്ഞ ഒരു മാസത്തിനകം ബാങ്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. ബാങ്കുകളില്‍ നിന്നും വായ്‌പ എടുത്ത്‌ വീടു പണിയുന്ന സാധാരണക്കാരെയും ഇടത്തരക്കാരെയുമാണ്‌ ഇത്‌ ഏറ്റവും പ്രതികൂലമായി ബാധിച്ചത്‌. പലിശ നിരക്ക്‌ വീണ്ടും ഉയരുന്നത്‌ അവരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും.

    ReplyDelete