Friday, June 10, 2011

"ഞാന്‍ ഇന്ത്യക്കാരന്‍"

ലണ്ടന്‍ : "എന്താണ് പൗരത്വം? വെറും ഒരു കഷണം കടലാസല്ലേ. എവിടെയാണോ സ്നേഹമുള്ളത് ഞാനത് സ്വീകരിക്കും. ഇപ്പോഴും 99 ശതമാനം ഇന്ത്യക്കാരും എന്നെ സ്നേഹിക്കുന്നു. ഞാന്‍ ഇന്ത്യക്കാരനായ ചിത്രകാരനാണ്. അവസാന ശ്വാസംവരെ അങ്ങനെ തന്നെ തുടരും. ചിദംബരത്തിന്റെ (ആഭ്യന്തരമന്ത്രി) ഒരു ഫോണ്‍കോള്‍ വന്നാല്‍മതി, അടുത്ത വിമാനത്തില്‍ ഞാന്‍ ഇന്ത്യയില്‍ എത്തും" - ചിത്രകലയുടെ ലോകം കീഴടക്കിയ എം എഫ് ഹുസൈന്റെ മനസ്സ് ഈ വാക്കുകളില്‍ വായിക്കാം.

ജനിച്ചുവളര്‍ന്ന രാജ്യത്തുനിന്ന് ഒരുപറ്റം അക്രമികളാല്‍ തുരത്തപ്പെട്ടതിന്റെ വേദനയായിരുന്നു അവസാന നാളുകളില്‍ അദ്ദേഹത്തെ വേട്ടയാടിയത്. ഹുസൈന്‍തന്നെ ഈ വേദന വിളിച്ചുപറഞ്ഞിട്ടും രാജ്യത്തിന്റെ അഭിമാനമായ ചിത്രകാരനെ മടക്കിവിളിക്കാന്‍ ആരും തയ്യാറായില്ല. രണ്ടു പതിറ്റാണ്ടുമുമ്പേ രാജ്യത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ പുരസ്കാരമായ പത്മവിഭൂഷണ്‍വരെ നേടിയ ഹുസൈന്‍ മറ്റൊരു ദേശത്ത് മണ്ണോടുചേരുമ്പോള്‍ വര്‍ഗീയവാദികളുടെ കാടത്തത്തിനപ്പുറം ഭരണാധികാരികളുടെ ക്രൂരമായ നിസ്സംഗതയും ചോദ്യംചെയ്യപ്പെടുകയാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ ജനിച്ച്, രാജ്യത്തിന്റെ എല്ലാ ഉയര്‍ച്ചതാഴ്ചകളും കണ്ടുവളര്‍ന്ന്, ഇന്ത്യന്‍ ചിത്രകലയെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച ഹുസൈന് രാജ്യം അവസാനകാലത്ത് വിധിച്ചത് നിര്‍ബന്ധിത പ്രവാസം. സംഘപരിവാറിന്റെയും ഹിന്ദുത്വഭീകരരുടെയും ഭീഷണികള്‍ക്കു മുന്നില്‍ യുപിഎ സര്‍ക്കാര്‍ മുട്ടുമടക്കിയപ്പോള്‍ മതനിരപേക്ഷ ഇന്ത്യയുടെ യശസ്സ് ലോകത്തിനുമുന്നില്‍ കളങ്കപ്പെട്ടു. കലാകാരന്‍ ആഗ്രഹിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യം ഒരിക്കലും ഹുസൈന് ജന്മനാട് നല്‍കിയില്ല. ഹിന്ദുദൈവങ്ങളുടെ നഗ്നചിത്രങ്ങള്‍ വരച്ചു എന്നരോപിച്ച് അദ്ദേഹത്തെ ആര്‍എസ്എസും ബിജെപിയും ഇതര തീവ്ര ഹിന്ദുത്വ സംഘടനകളും ക്രൂശിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നോക്കിനില്‍ക്കുകയായിരുന്നു. ഹിന്ദു വര്‍ഗീയവാദികളുടെ വധഭീഷണിയെയും അക്രമത്തെയും തുടര്‍ന്ന് 2006ലാണ് എം എഫ് ഹുസൈന്‍ രാജ്യം വിട്ടത്. ദുബായിലും ലണ്ടനിലും മാറിമാറി താമസിച്ച ഹുസൈന്‍ തന്റെ അഭിമുഖങ്ങളിലും പ്രസംഗങ്ങളിലും ജന്മനാട്ടില്‍ തിരിച്ചെത്താന്‍ വെമ്പുന്ന മനസ്സ് തുറന്നുകാട്ടി. എന്നാല്‍ , കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഹുസൈന്റെ ആഗ്രഹത്തിന് വില കല്‍പ്പിച്ചില്ല. മടങ്ങിയെത്താനാകില്ലെന്നു ബോധ്യമായതോടെ 2010ല്‍ അദ്ദേഹം ഖത്തര്‍ പൗരത്വം സ്വീകരിച്ചു. ദോഹയില്‍ പുതുതായി ആരംഭിച്ച മ്യൂസിയത്തിന് ചിത്രങ്ങള്‍ സംഭാവനചെയ്യാനും പൗരത്വം സ്വീകരിക്കാനും ഖത്തര്‍ രാജ്ഞി ഷെയ്ഖ് മൂസ ബിന്‍ത് ഹുസൈനോട് അഭ്യര്‍ഥിക്കുകയായിരുന്നു.

വധഭീഷണിയുടെയും വിവാദങ്ങളുടെയും നിഴലില്‍നിന്ന് തന്റെ സര്‍ഗസൃഷ്ടിക്ക് മനഃസമാധാനം തേടിയാണ് ഹുസൈന്‍ അന്യരാജ്യത്ത് പൗരത്വം സ്വീകരിച്ചത്. ഹിന്ദുത്വഭീകരര്‍ക്ക് കൂട്ടുനിന്ന കോണ്‍ഗ്രസ്, ഹുസൈന്‍ ഖത്തര്‍ പൗരത്വം സ്വീകരിച്ചശേഷമാണ് ഇക്കാര്യത്തില്‍ പ്രതികരണത്തിനെങ്കിലും തയ്യാറായത്. രാജ്യത്തെ മതനിരപേക്ഷ വാദികള്‍ ഹുസൈനു പിന്നില്‍ അണിനിരന്നപ്പോള്‍ , അദ്ദേഹത്തിന് മടങ്ങിവരാന്‍ തടസ്സമില്ലെന്ന് ഒഴുക്കന്‍മട്ടിലുള്ള പ്രസ്താവന നടത്തുകമാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ഭീഷണിയുടെയും വിവാദങ്ങളുടെയും നിഴലില്‍ നില്‍ക്കുമ്പോഴും ഹുസൈന്‍ ഒരിക്കലും തന്റെ ചായക്കൂട്ടുകളെ മറന്നില്ല. പകരം, സ്വന്തം നിലപാടുകള്‍ക്ക് കൂടുതല്‍ കടുത്ത നിറം പകരുകയായിരുന്നു. "ഞാന്‍ നാല്‍പ്പതുകാരനായിരുന്നെങ്കില്‍ അവര്‍ക്കെതിരെ പല്ലും നഖവും ഉപയോഗിച്ച് പൊരുതിയേനെ. ഇപ്പോഴതിന് ശേഷിയില്ല. എനിക്ക് ധാരാളം ജോലിയുണ്ട്. അത് തടസ്സപ്പെടുത്തുന്ന രീതിയില്‍ വിവാദങ്ങളില്‍ ഇടപെടാന്‍ താല്‍പ്പര്യമില്ല"- ഖത്തര്‍ പൗരത്വം സ്വീകരിച്ചശേഷം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഹുസൈന്‍ പറഞ്ഞു.

ദേശാഭിമാനി 100611

1 comment:

  1. "എന്താണ് പൗരത്വം? വെറും ഒരു കഷണം കടലാസല്ലേ. എവിടെയാണോ സ്നേഹമുള്ളത് ഞാനത് സ്വീകരിക്കും. ഇപ്പോഴും 99 ശതമാനം ഇന്ത്യക്കാരും എന്നെ സ്നേഹിക്കുന്നു. ഞാന്‍ ഇന്ത്യക്കാരനായ ചിത്രകാരനാണ്. അവസാന ശ്വാസംവരെ അങ്ങനെ തന്നെ തുടരും. ചിദംബരത്തിന്റെ (ആഭ്യന്തരമന്ത്രി) ഒരു ഫോണ്‍കോള്‍ വന്നാല്‍മതി, അടുത്ത വിമാനത്തില്‍ ഞാന്‍ ഇന്ത്യയില്‍ എത്തും" - ചിത്രകലയുടെ ലോകം കീഴടക്കിയ എം എഫ് ഹുസൈന്റെ മനസ്സ് ഈ വാക്കുകളില്‍ വായിക്കാം.

    ReplyDelete