Friday, June 10, 2011

വിദ്യാഭ്യാസമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാലംഘനം

വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ മകന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ തട്ടിയെടുത്ത മെറിറ്റ് സീറ്റില്‍ പേമെന്റ് ക്വോട്ടയില്‍ പ്രവേശനം നേടിയത് സത്യപ്രതിജ്ഞാ ലംഘനം. മെറിറ്റ് അടിസ്ഥാനത്തില്‍ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട സീറ്റാണ് മകന്റെ പ്രവേശനത്തിലൂടെ മന്ത്രി ഇല്ലാതാക്കിയത്. പ്രീതിയോടെയോ വിവേചനപരമായോ പെരുമാറില്ലെന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് മന്ത്രി നടത്തിയതെന്നാ ണ് ആക്ഷേപം. സര്‍ക്കാര്‍ ഒത്തുകളിച്ചതുകൊണ്ടാണ് ഈ സീറ്റുള്‍പ്പെടെ മാനേജ്മെന്റുകള്‍ക്ക് ലഭിച്ചത്. ഇത്തരത്തില്‍ മറ്റു വിദ്യാര്‍ഥികളോട് വിവേചനം കാട്ടുകയും സ്വന്തം മകനോട് മന്ത്രി പ്രീതി കാട്ടുകയും ചെയ്തു. തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജില്‍ മെയ് 31നാണ് മന്ത്രിയുടെ മകന്‍ നവാസ് നഹ പ്രവേശനം നേടിയത്. മെയ് 30 വരെ സര്‍ക്കാര്‍ ലിസ്റ്റ് നല്‍കിയില്ലെങ്കില്‍ മാനേജ്മെന്റുകള്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന് മന്ത്രിമാരെ അറിയിച്ചിരുന്നു. എന്നിട്ടും നടപടിയെടുത്തില്ലെന്നു മാത്രമല്ല, സര്‍ക്കാര്‍ സീറ്റില്‍ മന്ത്രിയുടെ മകന്‍ പ്രവേശനം നേടുകയും ചെയ്തു.

ജൂബിലി മെഡിക്കല്‍ കോളേജില്‍ 16 പിജി സീറ്റാണ് ഉള്ളത്. ഇതില്‍ എട്ട് സീറ്റ് മെറിറ്റ് ക്വോട്ടയില്‍ നല്‍കേണ്ടതായിരുന്നു. എന്നാല്‍ , ഒന്നുപോലും നീക്കിവയ്ക്കാതെ പ്രവേശനം നടത്തി. കൂടുതല്‍ ഡിമാന്‍ഡുള്ള പീഡിയാട്രിക്സിലാണ് മന്ത്രി മകനെ ചേര്‍ത്തത്. പീഡിയാട്രിക് സീറ്റിന് ഒന്നേകാല്‍ കോടി രൂപവരെയാണ് മാനേജ്മെന്റുകള്‍ വാങ്ങുന്നത്. കോടതിവിധിക്ക് അനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ പറയുന്നത്. മെറിറ്റ് സീറ്റ് കിട്ടാന്‍ കോടതിയെ സമീപിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞെങ്കിലും കോടതിയില്‍ പോയില്ല. ഏതാനും വിദ്യാര്‍ഥികള്‍ നല്‍കിയ കേസിലാണ് കോടതി താല്‍ക്കാലികമായി ഇടപെട്ടത്. കേസില്‍ അന്തിമവിധിക്കുള്ള വാദം കേള്‍ക്കുമ്പോള്‍ മാനേജ്മെന്റുകള്‍ക്കെതിരായ നിലപാട് സര്‍ക്കാര്‍ എടുക്കുമെന്നും കരുതാനാകില്ല. കാരണം സ്വന്തം മകന്റെ കാര്യത്തില്‍ മാനേജ്മെന്റിനൊപ്പം നില്‍ക്കുന്ന വിദ്യാഭ്യാസമന്ത്രി ഉള്‍പ്പെടെയുള്ള സബ്കമ്മിറ്റിയാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയില്ല: പി കെ ശ്രീമതി

പരിയാരം മെഡിക്കല്‍ കോളേജിലെ പിജി പ്രവേശനത്തിന് പരിയാരം അക്കാദമി ഭരണസമിതിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് നല്‍കിയിരുന്നില്ലെന്ന് മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി അറിയിച്ചു. പുതിയ സര്‍ക്കാരായിരുന്നു ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടിയിരുന്നത്. നടപ്പുവര്‍ഷം അഞ്ച് സീറ്റുകള്‍ സര്‍ക്കാര്‍ ക്വാട്ടയില്‍നിന്ന് പ്രവേശനം നടത്താനും ബാക്കി സീറ്റുകള്‍ മാനേജ്മെന്റ് നേരിട്ട് പ്രവേശനം നടത്താനുമാണ് പരിയാരം ഭരണസമിതി സര്‍ക്കാരിന്റെ അനുമതി തേടിയത്. നയപരമായ തീരുമാനം വേണ്ടതിനാല്‍ അടുത്തവര്‍ഷം ബാക്കി എല്ലാ സീറ്റും സര്‍ക്കാര്‍ ക്വാട്ടയിലേക്ക് നല്‍കണമെന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി ഭരണസമിതി നിര്‍ദേശം പരിഗണിക്കാമെന്ന് ഫയലില്‍ രേഖപ്പെടുത്തിയെങ്കിലും അന്തിമ തീരുമാനമെടുത്തിരുന്നില്ല.

സംസ്ഥാനത്തെ മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെയും പിജി കോഴ്സുകളിലെ പകുതി സീറ്റ് മെറിറ്റ് ക്വാട്ടയില്‍നിന്ന് നല്‍കേണ്ടതിനാല്‍ സീറ്റുകളുടെ വിവരം സര്‍ക്കാരിനെ അറിയിക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ ഏഴിനുതന്നെ എല്ലാ സ്വാശ്രയ മാനേജ്മെന്റുകള്‍ക്കും കത്ത് നല്‍കിയിരുന്നു. ലിസ്റ്റ് തയ്യാറാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. നാല് ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളേജുകള്‍ ഉള്‍പ്പെടെ പത്ത് കോളേജുകളിലെ പകുതി സീറ്റ് സര്‍ക്കാര്‍ മെറിറ്റ് ക്വാട്ടയിലെ പ്രവേശനത്തിന് നല്‍കേണ്ട കടമയും പുതിയ സര്‍ക്കാരിനാണ് ഉണ്ടായിരുന്നത്. 23നാണ് പുതിയ ആരോഗ്യമന്ത്രി അധികാരമേറ്റത്. പിറ്റേന്ന് നടന്ന യോഗത്തില്‍ മെയ് 30നു മുമ്പ് സര്‍ക്കാര്‍ മെറിറ്റ് ക്വോട്ടയിലെ പിജി പ്രവേശനം പൂര്‍ത്തിയാക്കണമെന്ന് സ്വാശ്രയ മാനേജ്മെന്റുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. കൃത്യസമയത്ത് സര്‍ക്കാര്‍ ഉത്തരവ് നല്‍കാതിരുന്നതിനാലാണ് അറുപത്തഞ്ചോളം പിജി സീറ്റുകള്‍ സര്‍ക്കാരിന് നഷ്ടപ്പെടാന്‍ ഇടയായത്. ഒരാഴ്ചയോളം സമയമുണ്ടായിട്ടും മെറിറ്റ് ലിസ്റ്റിലെ കുട്ടികളില്‍ താല്‍പ്പര്യമുള്ളവരില്‍നിന്ന് ഓപ്ഷന്‍ ക്ഷണിച്ച് അലോട്ട്മെന്റ് നടത്താന്‍ ഉത്തരവിടുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ വീഴ്ച വരുത്തി.

വിദ്യാഭ്യാസമന്ത്രിയുടെ മകന്, മെറിറ്റ് ക്വോട്ടയില്‍ മറ്റു കുട്ടികള്‍ക്ക് കിട്ടേണ്ട സീറ്റിലാണ് അവസാന നിമിഷം പിജി പ്രവേശനം നല്‍കിയത്. ആരോഗ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും അവരുടെ കുട്ടികള്‍ക്ക് കൃത്യസമയത്ത് പ്രവേശനം ലഭ്യമാക്കാന്‍നടത്തിയ പരിശ്രമം മറ്റു കുട്ടികളുടെ കാര്യത്തില്‍ കാണിച്ചില്ല. ഈ വീഴ്ചയുടെ ഉത്തരവാദിത്തം ആരോഗ്യമന്ത്രിക്ക് തന്നെയാണ്. സര്‍ക്കാര്‍ അലോട്ട്മെന്റ് നല്‍കാത്തതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും സംശയിക്കുന്നു. അതിനാല്‍ ഇക്കാര്യത്തെ കുറിച്ച് ബന്ധപ്പെട്ടവര്‍ മാറിനിന്ന് അന്വേഷണം നടത്തണമെന്നും പി കെ ശ്രീമതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ദേശാഭിമാനി 100611

1 comment:

  1. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ മകന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ തട്ടിയെടുത്ത മെറിറ്റ് സീറ്റില്‍ പേമെന്റ് ക്വോട്ടയില്‍ പ്രവേശനം നേടിയത് സത്യപ്രതിജ്ഞാ ലംഘനം. മെറിറ്റ് അടിസ്ഥാനത്തില്‍ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട സീറ്റാണ് മകന്റെ പ്രവേശനത്തിലൂടെ മന്ത്രി ഇല്ലാതാക്കിയത്. പ്രീതിയോടെയോ വിവേചനപരമായോ പെരുമാറില്ലെന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് മന്ത്രി നടത്തിയതെന്നാ ണ് ആക്ഷേപം. സര്‍ക്കാര്‍ ഒത്തുകളിച്ചതുകൊണ്ടാണ് ഈ സീറ്റുള്‍പ്പെടെ മാനേജ്മെന്റുകള്‍ക്ക് ലഭിച്ചത്. ഇത്തരത്തില്‍ മറ്റു വിദ്യാര്‍ഥികളോട് വിവേചനം കാട്ടുകയും സ്വന്തം മകനോട് മന്ത്രി പ്രീതി കാട്ടുകയും ചെയ്തു. തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജില്‍ മെയ് 31നാണ് മന്ത്രിയുടെ മകന്‍ നവാസ് നഹ പ്രവേശനം നേടിയത്. മെയ് 30 വരെ സര്‍ക്കാര്‍ ലിസ്റ്റ് നല്‍കിയില്ലെങ്കില്‍ മാനേജ്മെന്റുകള്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന് മന്ത്രിമാരെ അറിയിച്ചിരുന്നു. എന്നിട്ടും നടപടിയെടുത്തില്ലെന്നു മാത്രമല്ല, സര്‍ക്കാര്‍ സീറ്റില്‍ മന്ത്രിയുടെ മകന്‍ പ്രവേശനം നേടുകയും ചെയ്തു.

    ReplyDelete