Friday, June 10, 2011

തദ്ദേശ വകുപ്പ് വിഭജനം: പദ്ധതികള്‍ നഷ്ടപ്പെടുമെന്ന് ആശങ്ക

തദ്ദേശവകുപ്പിനെ മൂന്ന് മന്ത്രിമാരുടെ കീഴിലാക്കിയത് തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കേണ്ട കോടികളുടെ പദ്ധതികള്‍ നഷ്ടപ്പെടാനും പഞ്ചായത്തുകളെയും ഗ്രാമസഭകളെയും നോക്കുകുത്തികളാക്കാനും കാരണമാകുമെന്ന് ആശങ്ക. ഗ്രാമവികസനവകുപ്പിന് നേരിട്ട് കേന്ദ്രസഹായം ലഭിക്കുകയും ഗ്രാമപഞ്ചായത്തുകള്‍ വഴി നടപ്പിലാക്കുകയും ചെയ്യുന്ന കുടുംബശ്രി മിഷന്‍, ശുചിത്വമിഷന്‍, ഗ്രാമീണതൊഴിലുറപ്പു പദ്ധതി, ഇന്ദിരാ ആവാസ് യോജന, ബി പി എല്‍ സര്‍വേ തുടങ്ങിയ പദ്ധതികള്‍ അവതാളത്തിലായേക്കും.

ബ്ലോക്ക് പഞ്ചായത്തുകള്‍ വഴി നടപ്പാക്കിയിരുന്ന എം പി, എം എല്‍ എ ഫണ്ട് വിനിയോഗവും താളംതെറ്റും. ഇതോടെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്ന ഗ്രാമസഭകളും പഞ്ചായത്തുകളും വെറും നിര്‍വഹണ ഏജന്‍സികളായി മാറുമെന്നാണ് സൂചന.

തദ്ദേശ ഭരണവകുപ്പിന് കീഴിലുളള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗര-ഗ്രാമാസൂത്രണം, മുനിസിപ്പല്‍ കോമണ്‍സര്‍വീസ് എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് പൊതു സര്‍വീസ് രൂപീകരിക്കുന്നതിന് കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സെക്രട്ടറി തലത്തില്‍ ഒന്നായി പ്രവര്‍ത്തിക്കുന്ന വകുപ്പിനെ താഴെത്തട്ടിലും ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഏപ്രില്‍ രണ്ടിന് പ്രാബല്യത്തില്‍ വരത്തക്കവിധത്തില്‍ ഉത്തരവിറക്കിയത്. യു ഡി എഫ് മന്ത്രിസഭയിലെ അധികാരത്തര്‍ക്കം മൂലം തദ്ദേശവകുപ്പിനെ മൂന്ന് മന്ത്രിമാര്‍ക്കു കീഴിലാക്കി വിഭജിച്ചതോടെ  ഈ ഉത്തരവ് ഇല്ലാതായിരിക്കുകയാണ്. കേന്ദ്രഫണ്ട് ലാപ്‌സാകുന്നത് ഒഴിവാക്കാന്‍ എന്ന പേരിലാണ് തദ്ദേശവകുപ്പിനെ മൂന്ന് മന്ത്രിമാര്‍ക്ക് കീഴിലേക്കു വിഭജിച്ചത്. എന്നാല്‍ വിഭജനത്തോടെ ആരാണ് യഥാര്‍ഥ നാഥന്‍ എന്ന തര്‍ക്കം ഉടെലടുക്കുകയും പദ്ധതികള്‍ ഫയലുകളില്‍ കെട്ടിക്കിടക്കുകയും ചെയ്യാനാണ് സാധ്യത.

കോടികള്‍ മുടക്കി നടപ്പാക്കുന്ന ദീര്‍ഘകാല കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭരണാനുമതിയും നിര്‍വഹണവും നടത്തുന്നത് ഒരു ഉന്നതാധികാര സമിതിയാണ്. മൂന്ന് വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അടങ്ങിയ ഈ സമിതി വകുപ്പ് വിഭജനത്തോടെ ഇല്ലാതാകും. ഇത് പദ്ധതികള്‍ക്ക് കാലതാമസം വരാനും പലതും നഷ്ടപ്പെടാനും ഇടയാക്കിയേക്കുമെന്ന് ഈ രംഗത്തുളളവര്‍ പറയുന്നു. ഗ്രാമപഞ്ചായത്തുകള്‍ തയ്യാറാക്കുന്ന പദ്ധതികള്‍ ബ്ലോക്ക് തലത്തിലും തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് തലത്തിലും അംഗീകരിച്ച് നടപ്പാക്കുന്ന രീതിയാണ് നിലവിലുളളത്.

ഇപ്പോള്‍ ഗ്രാമപഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് എന്നിവ യഥാക്രമം എം കെ മുനീര്‍, പി കെ കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ് എന്നീ മന്ത്രിമാരുടെ കീഴിലാണ്. എന്നാല്‍ ജില്ലാ പഞ്ചായത്ത് ഏത് മന്ത്രിയുടെ കീഴില്‍ വരുമെന്ന് വ്യക്തമല്ല.

ബ്ലോക്കുകള്‍  വഴി ലഭിക്കുന്ന കേന്ദ്രഫണ്ടിനുളള എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടത് ഗ്രാമപഞ്ചായത്തുകളാണ്. രണ്ടും രണ്ട് മന്ത്രാലയത്തിന്റെ കീഴിലാകുമ്പോള്‍ ബ്ലോക്ക് തല ഉദ്യോഗസ്ഥരുടെ നിര്‍ദേശം പഞ്ചായത്ത്തല ഉദ്യോഗസ്ഥര്‍ അംഗീകരിക്കണമെന്നില്ല.

ഇങ്ങനെയൊരു സാഹചര്യം വന്നാല്‍ പല പദ്ധതികളും എസ്റ്റിമേറ്റ് പോലും ഉണ്ടാക്കാതെ നഷ്ടപ്പെടാനിടയാകും. നിലവില്‍ പദ്ധതി നിര്‍വഹണം തുടങ്ങാത്തതുകൊണ്ട് വിഭജനത്തിലെ പ്രത്യാഘാതം തിരിച്ചറിയില്ല. മഴക്കാലം കഴിഞ്ഞാണ് കേരളത്തില്‍ മിക്ക പദ്ധതികളും നടപ്പാക്കാന്‍ തുടങ്ങുക. മൂന്നോ നാലോ മാസംകൊണ്ട് ഫണ്ടുകള്‍ ലാപ്‌സാകാതെ നടപ്പാക്കിയിരുന്ന പദ്ധതികള്‍ ഇനി വിവിധ മന്ത്രാലയങ്ങളുടെ ഫയലുകളില്‍ കുരുങ്ങി സ്തംഭനത്തിലേക്കു നീങ്ങുമെന്നാണ് കരുതുന്നത്.
(സുരേന്ദ്രന്‍ കുത്തനൂര്‍)

ജനയുഗം 100611

1 comment:

  1. തദ്ദേശവകുപ്പിനെ മൂന്ന് മന്ത്രിമാരുടെ കീഴിലാക്കിയത് തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കേണ്ട കോടികളുടെ പദ്ധതികള്‍ നഷ്ടപ്പെടാനും പഞ്ചായത്തുകളെയും ഗ്രാമസഭകളെയും നോക്കുകുത്തികളാക്കാനും കാരണമാകുമെന്ന് ആശങ്ക. ഗ്രാമവികസനവകുപ്പിന് നേരിട്ട് കേന്ദ്രസഹായം ലഭിക്കുകയും ഗ്രാമപഞ്ചായത്തുകള്‍ വഴി നടപ്പിലാക്കുകയും ചെയ്യുന്ന കുടുംബശ്രി മിഷന്‍, ശുചിത്വമിഷന്‍, ഗ്രാമീണതൊഴിലുറപ്പു പദ്ധതി, ഇന്ദിരാ ആവാസ് യോജന, ബി പി എല്‍ സര്‍വേ തുടങ്ങിയ പദ്ധതികള്‍ അവതാളത്തിലായേക്കും.

    ReplyDelete