Wednesday, June 1, 2011

ഷൊര്‍ണൂര്‍ ജംഗ്ഷനെ തരംതാഴ്ത്തുന്നത് പാലക്കാട് ഡിവിഷനെ തകര്‍ക്കാന്‍

പാലക്കാട് : ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട റെയില്‍വേ ജംഗ്ഷനായ ഷൊര്‍ണൂരിനെ തരംതാഴ്ത്താന്‍ റെയില്‍വേ നടത്തുന്ന നീക്കം പാലക്കാട് ഡിവിഷന് തിരിച്ചടിയാകും. ആറ് ദീര്‍ഘദൂര തീവണ്ടികള്‍ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ പ്രവേശിക്കാതെ സര്‍വീസ് നടത്തണമെന്ന റെയില്‍വേയുടെ നിര്‍ദ്ദേശം ജംഗ്്ഷന്റെ പ്രാധാന്യം കുറയ്ക്കും. സേലം ഡിവിഷനുവേണ്ടി കോയമ്പത്തൂര്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ വെട്ടിമുറിച്ചതിനെത്തുടര്‍ന്ന് വരുമാനം കുറഞ്ഞ പാലക്കാട് ഡിവിഷന്റെ  വരുമാനം വീണ്ടും കുറയ്ക്കാന്‍  ഈ നടപടി ഇടയാക്കും.  നിര്‍ദ്ദിഷ്ട മംഗലാപുര ഡിവിഷന്‍ രൂപീകരണം സുഗമമാകുമെന്ന കണക്കുകൂട്ടലാണ് ഇതിനു പിന്നില്‍ എന്നാണ് സൂചന.

സേലം ഡിവിഷന്‍ നിര്‍മ്മാണ കാലത്തുതന്നെ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളാണ് നാഗര്‍കോവില്‍, മംഗലാപുരം ഡിവിഷനുകള്‍. തിരുവനന്തപുരം വിഭജിച്ച് നാഗര്‍കോവിലും പാലക്കാട് വിഭജിച്ച് മംഗലാപുരവും രൂപീകരിക്കാനാണ് കേന്ദ്രത്തിനു മുന്നില്‍ നിര്‍ദ്ദേശം വന്നത്.

കേരളത്തിനു പ്രത്യേക റെയില്‍വെ സോണ്‍ വേണമെന്ന ആവശ്യം നിലനില്‍ക്കെ ഉയര്‍ന്ന ഈ ഡിവിഷന്‍രൂപീകരണ നിര്‍ദ്ദേശങ്ങള്‍ കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ എം പിമാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഒന്നാം യു പി എ സര്‍ക്കാര്‍  മാറ്റിവെയ്ക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള റെയില്‍വെ സഹമന്ത്രിയായിരുന്ന കെ എച്ച് മുനിയപ്പയാണ് മംഗലാപുരം ഡിവിഷനുവേണ്ടി ചരടുവലിക്കുന്നത്. പാലക്കാട് ഡിവിഷനു കീഴില്‍ നിന്ന് മംഗലാപുരം മുതല്‍ കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ വരെ വിഭജിക്കാനാണ് മംഗലാപുരം ഡിവിഷന്‍ നിര്‍ദ്ദേശത്തിലുള്ളത്.

സാമ്പത്തിക ലാഭത്തിന്റെ പേരിലാണ് ആറ് ദീര്‍ഘദൂര തീവണ്ടികള്‍ ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ പ്രവേശിക്കാതെ പോകണമെന്ന് റെയില്‍വെ തീരുമാനിച്ചത്. തിരുവനന്തപുരം-ശബരി എക്‌സ്പ്രസ്, തിരുവനന്തപുരം-ഗോരഖ്പൂര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം ഗോരഖ്പൂര്‍ രസ്തിസാഗര്‍ എക്‌സ്പ്രസ്, കോര്‍ബ എക്‌സ്പ്രസ്, ഇന്‍ഡോര്‍ എക്‌സ്പ്രസ്, ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് എന്നിവയാണ് ഷൊര്‍ണൂരില്‍ നിന്ന് അകലുന്നത്.

ഒരു സ്റ്റോപ്പ് കുറഞ്ഞാല്‍ 1300 രൂപ ഇന്ധന ഇനത്തില്‍ ലാഭിക്കാമെന്നാണ് റെയില്‍വേയുടെ നിലപാട്. കേരളത്തിലെ ഏറ്റവും വലിയ റെയില്‍വെ ജംഗ്ഷന്‍ എന്ന നിലയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഒരിക്കലും കുറവുവരാത്ത ഷൊര്‍ണൂരില്‍ ഇതിനേക്കാള്‍ യാത്രാക്കൂലി ലഭിക്കുമെന്നിരിക്കെ റെയില്‍വേയുടെ നീക്കം ദുരൂഹമാണെന്ന് റെയില്‍വെ ജീവനക്കാര്‍ പറയുന്നു.

ദക്ഷിണകേരളത്തില്‍ നിന്നുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ തൃശൂരില്‍ നിന്ന് വള്ളത്തോള്‍ നഗര്‍വഴി പാലക്കാട് ജംഗ്്ഷനിലൂടെ തിരിച്ചുവിട്ടാല്‍ ഷൊര്‍ണൂര്‍ ജംഗ്ഷനെ ആശ്രയിക്കുന്ന നൂറുകണക്കിന് ദീര്‍ഘദൂര യാത്രക്കാര്‍ ദുരിതത്തിലാകും. ഉത്തര കേരളത്തിലെ യാത്രക്കാര്‍ ദീര്‍ഘദൂര യാത്രക്കു ആശ്രയിക്കുന്നത് ഷൊര്‍ണൂരിനെയാണ്. ഇനി അവര്‍ക്ക് പാലക്കാട് ജംഗ്ഷന്‍ വരെ യാത്രചെയ്യേണ്ടിയും വരും. ഇത് ഫലത്തില്‍ റെയില്‍വെക്ക് വരുമാന നഷ്ടത്തിനാണ് ഇടയാക്കുക.

കേരളത്തിലെ ഒരു റെയില്‍വെ ഡിവിഷനെ ഗുരുതരമായി ബാധിക്കുന്ന തീരുമാനം റെയില്‍വെ കൈക്കൊണ്ടിട്ടും അതിനെതിരെ ശബ്ദിക്കാന്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരോ കോണ്‍ഗ്രസ് എം പിമാരോ തയ്യാറായിട്ടില്ല എന്നതാണ് വിചിത്രം.

ഷൊര്‍ണൂരിനെ തരംതാഴ്ത്തലും മംഗലാപുരം ഡിവിഷന്‍ രൂപീകരണവും നടപ്പായാല്‍ പാലക്കാട് ഡിവിഷന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകും. 1232 കിലോമീറ്റര്‍ റെയില്‍വേലൈന്‍ ഉണ്ടായിരുന്ന പാലക്കാട് ഡിവിഷന്‍ സേലം ഡിവിഷനു വേണ്ടി വെട്ടിമുറിച്ചതോടെ 588 കിലോമീറ്ററായി ചുരുങ്ങി. ഡിവിഷന്‍ നിലനില്‍ക്കാന്‍ 600 കിലോമീറ്റര്‍ ലൈന്‍ ആവശ്യമാണ്. 12 കിലോമീറ്റര്‍ ലൈന്‍ കുറവുള്ള പാലക്കാട് നിന്ന് ചെറുവത്തൂര്‍ വരെയുള്ള 80 കിലോമീറ്റര്‍ കൂടി ഇല്ലാതാകുന്നതോടെ ഡിവിഷന്‍ എന്ന നിലയിലെ മിനിമം സൗകര്യം പോലും ഇല്ലാതാകും.
(janayugom 010611)

ട്രെയിനുകള്‍ വഴിതിരിച്ചുവിടല്‍ : പ്രക്ഷോഭത്തിന് തുടക്കമിട്ട് സര്‍വകക്ഷി ഉപവാസം

ഒറ്റപ്പാലം: മലബാറിലെ പ്രധാന റെയില്‍വേകേന്ദ്രമായ ഷൊര്‍ണൂര്‍സ്റ്റേഷന്‍വഴിയുള്ള ആറ് ദീര്‍ഘദൂരട്രെയിനുകള്‍ ലിങ്ക് ലൈന്‍വഴി തിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ സര്‍വകക്ഷി സമരസമിതിയുടെ നേതൃത്വത്തില്‍ഉപവാസസമരം നടത്തി. കെ എസ് സലീഖ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എം ആര്‍ മുരളി അധ്യക്ഷനായി. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ടി സീന, സിപിഐ എം ലോക്കല്‍സെക്രട്ടറി എം കെ ജയപ്രകാശ്, ഡിആര്‍ഇയു കേന്ദ്രജോയിന്റ് സെക്രട്ടറി ആര്‍ ജി പിള്ള, വി കെ ശ്രീകണ്ഠന്‍ (കോണ്‍ഗ്രസ് -ഐ), പരമേശ്വരന്‍ (ബിജെപി), പി രാജേഷ് (ഡിവൈഎഫ്ഐ), എം നാരായണന്‍ , അനൂപ്, വി കെ രവീന്ദ്രന്‍ , ടി കെ ഹമീദ്, കെ കൃഷ്ണകുമാര്‍ തുടങ്ങി വിവിധ കക്ഷി-സംഘടനാപ്രതിനിധികള്‍ ഉപവാസസമരത്തില്‍ സംസാരിച്ചു. എസ് കൃഷ്ണദാസ് സ്വാഗതം പറഞ്ഞു. ശബരി എക്സ്പ്രസ്, രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ്, കോര്‍ബ എക്സ്പേസ്, ഇന്‍ഡോര്‍ എക്സ്പ്രസ്, ആലപ്പി -ധന്‍ബാദ്, ബറൗണി എക്സ്പ്രസ് ട്രെയിനുകളാണ് ലിങ്ക്ലൈന്‍ വഴി തിരിച്ചുവിടാന്‍ നീക്കമുള്ളത്. അഞ്ചിന് ആരംഭിക്കുന്ന പ്ലാറ്റ്ഫോംനിര്‍മാണം, പാത ഇരട്ടിപ്പിക്കല്‍ എന്നിവയുടെ മറവിലാണ് ഈ നീക്കം.

സര്‍വകക്ഷിയോഗം ജനകീയപ്രതിഷേധമായി

ഷൊര്‍ണൂര്‍ : അവഗണയ്ക്ക് പുത്തന്‍ അധ്യായംകുറിച്ചുള്ള റെയില്‍വേയുടെ തീരുമാനത്തിനെതിരെ ജനകീയ പ്രതിഷേധത്തിന്റെ ചൂളംവിളി. ഷൊര്‍ണൂരിനോടും മലബാറിനോടുമുള്ള അവഗണനയ്ക്കെതിരെ എം ബി രാജേഷ് എംപി വിളിച്ചുചേര്‍ത്ത യോഗമാണ് റെയില്‍വേക്ക് താക്കീതായത്. ഷൊര്‍ണൂര്‍ മയില്‍വാഹനം ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ചിനായിരുന്നു യോഗം വിളിച്ചത്. എന്നാല്‍ , വൈകിട്ട് നാല് മുതല്‍ക്കുതന്നെ ഓഡിറ്റോറിയത്തിലേക്ക് ആളുകളുടെ പ്രവാഹമായിരുന്നു. സ്ത്രീകളുടെ പങ്കാളിത്തവും ശ്രദ്ധേയമായി.

ശബരി എക്സ്പ്രസ്, രബ്തിസാഗര്‍ , സൂപ്പര്‍ഫാസ്റ്റ് കോര്‍ബ എക്സ്പ്രസ്, ഇന്‍ഡോര്‍എക്സ്പ്രസ്, ആലപ്പുഴ -ധന്‍ബാദ് എക്സ്പ്രസ്, ബറൗണി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ ഷൊര്‍ണൂരിനെ ഒഴിവാക്കി ലിങ്ക് ലൈന്‍വഴി സര്‍വീസ് നടത്താനുള്ള നീക്കത്തിനെതിരെയാണ് ജനങ്ങള്‍ ഒത്തുകൂടിയത്. അവഗണിക്കപ്പെടുന്ന ഓരോ യാത്രക്കാരന്റെയും വികാരം യോഗത്തിന്റെ വേദിയിലും സദസിലും അലയടിച്ചു. നിലവില്‍ നിരവധി ട്രെയിനുകള്‍ക്ക് ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലാത്ത അവസ്ഥയാണ്. ഇതിനുപുറമെയാണ് ആറ് ട്രെയിനുകള്‍ക്ക്കൂടി ഷൊര്‍ണൂരിന്അയിത്തം കല്‍പ്പിച്ചിരിക്കുന്നത്. ഷൊര്‍ണൂരില്‍ നിലവിലുള്ള സൗകര്യങ്ങള്‍പോലും റെയില്‍വേ വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നു. എന്‍ജിന്‍മാറുന്നതിനുള്ള സമയനഷ്ടം ഒഴിവാക്കാന്‍ ഒരുഷണ്ടിങ്നെക്ക് തുടങ്ങിയാല്‍ മതിയാവും. എന്നാല്‍ , റെയില്‍വേ ഒരു സാധ്യതയും പ്രയോജനപ്പെടുത്താതെ മലബാറിലെ യാത്രക്കാരെ നിരന്തരം പീഡിപ്പിക്കുകയാണ്. പ്രതിഷേധം ശക്തമാക്കിയില്ലെങ്കില്‍ യാത്രക്കാരുടെ ഓരോ സൗകര്യവും റെയില്‍വേ ഇല്ലാതാക്കുമെന്ന സൂചനയാണ് കാണുന്നതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ഓരോ ഘട്ടത്തിലും പ്രതിഷേധത്തിന്റെ ഗ്രാഫ് എത്രത്തോളം ഉയരുന്നുവെന്ന് നോക്കിയാണ് റെയില്‍വെ ക്രൂരനടപടികളെടുക്കുന്നത്. സേലം ഡിവിഷന്റെ കാര്യത്തിലും കഞ്ചിക്കോട് കോച്ച്ഫാക്ടറിയുടെ കാര്യത്തിലും റെയില്‍വേയുടെ അവഗണന നേരിട്ട ജില്ലയ്ക്ക് പുതിയ തീരുമാനം ഇരുട്ടടി ആയിരിക്കുകയാണ്. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ ഡിആര്‍എം ഓഫീസ്മാര്‍ച്ച് ഉള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭംവേണ്ടിവരുമെന്നും പൊതുജനങ്ങള്‍ അഭിപ്രായപ്പെട്ടു. അവഗണനയ്ക്കെതിരെ പൊതുജനവികാരം ഉയര്‍ന്നിട്ടും റെയില്‍വേ പ്രതികരിച്ചിട്ടില്ലെന്നതും പ്രതിഷേധത്തിനിടയാക്കി. ഷൊര്‍ണൂരില്‍ ട്രയാങ്കുലര്‍സ്റ്റേഷന്‍ ആവശ്യമാണെന്ന വികാരവും യോഗത്തിലുയര്‍ന്നു. നിലവിലുള്ള പ്രശ്നം പരിഹരിക്കാന്‍ ട്രയാങ്കുലര്‍സ്റ്റേഷന്‍ ഉപകരിക്കും. യാത്രക്കാര്‍ക്കു പുറമെ കാറ്ററിങ് തൊഴിലാളികളുടെ ജീവിതവുമാണ് റെയില്‍വേയുടെ തീരുമാനത്തില്‍ പാളം തെറ്റുന്നത്. എറണാകുളം- ബംഗളൂരു ട്രെയിനിന്റെ ദിവസംമാറ്റിയത് സ്വകാര്യ ബസ് മുതലാളിമാരുമായുള്ള ഗൂഢാലോചനയുടെ തുടര്‍ച്ചയാണോ എന്നും സംശയിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഡിആര്‍ഇയു നിരാഹാരത്തില്‍ പ്രതിഷേധമിരമ്പി

മംഗളൂരു: വിവിധ ആവശ്യങ്ങളുന്നയിച്ച് ഡിആര്‍ഇയു(സിഐടിയു) മംഗളൂരു ബ്രാഞ്ച് 12 മണിക്കൂര്‍ കൂട്ട നിരാഹാര സമരം സംഘടിപ്പിച്ചു. റെയില്‍വേ കോളനികളുടെ ശോച്യാവസ്ഥ പരിഹരിക്കുക, ജീവനക്കാരുടെ ഒഴിവ് നികത്തുക, നിഷേധാത്മക സമീപനം തിരുത്തുക തുടങ്ങി 31 ആവശ്യങ്ങളുന്നയിച്ചായിരുന്നു നിരാഹാര സമരം. ഡിആര്‍ഇയു അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി കെ ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. ജീവനക്കാരോടുള്ള അവഗണന തുടര്‍ന്നാല്‍ റെയില്‍വേയുടെ പ്രവര്‍ത്തനം തന്നെ പ്രതിസന്ധിയിലാവുമെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിനുകളുടെ എണ്ണം കൂടിയതിനൊപ്പം വേഗതയും വര്‍ധിപ്പിച്ചതോടെ തൊഴിലാളികളുടെ ജോലി ഭാരം ഇരട്ടിയായി. എന്നാല്‍ ഇതിനൊപ്പം ജീവനക്കാരുടെ എണ്ണം കൂട്ടാന്‍ റെയില്‍വേ തയ്യാറാകുന്നില്ല. റെയില്‍വേയുടെ പ്രവര്‍ത്തനം തന്നെ താറുമാറാകുന്ന രീതിയിലാണ് അധികൃതരുടെ സമീപനമെന്നും ഹരിദാസന്‍ പറഞ്ഞു. ചന്ദ്രമോഹന്‍ അധ്യക്ഷനായി. സോണല്‍ വൈസ് പ്രസിഡന്റ് കെ അശോകന്‍ , ഡിവിഷണല്‍ സെക്രട്ടറി മാത്യു സിറിയക്, പി കെ അനില്‍കുമാര്‍ , എം കെ സുരേന്ദ്രന്‍ , എ കെ പ്രശാന്ത്, ശ്രീജിത്ത്, ഉമ എന്നിവര്‍ സംസാരിച്ചു. പി വി ലക്ഷ്മണന്‍ സ്വാഗതം പറഞ്ഞു.

രാസവളം:വാഗണ്‍വാടക ഒഴിവാക്കാന്‍ ധാരണ

പാലക്കാട്: രാസവളം കൊണ്ടുവരുന്ന വാഗണുകളുടെ "പീനല്‍ ഡെമറേജ്"(വാടക) ചാര്‍ജ് ഒഴിവാക്കാന്‍ റെയില്‍വേ അധികൃതര്‍ തീരുമാനിച്ചു. വാഗണുകളുടെ ഡെമറേജ്ചാര്‍ജ് അമിതമായി വര്‍ധിപ്പിച്ചതിനാല്‍ ജില്ലയിലേക്കുള്ള രാസവളത്തിന്റെ വരവ് പൂര്‍ണമായും നിലച്ചു. ഇതോടെ ഒന്നാംവിളയ്ക്ക് നിലമൊരുക്കിയ കര്‍ഷകര്‍ ആശങ്കയിലായി. തുടര്‍ന്ന് എം ബി രാജേഷ് എംപിയും കര്‍ഷകസംഘടനകളും ഡിവിഷണല്‍റെയില്‍വേ മാനേജരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഡെമറേജ്ചാര്‍ജ് ഒഴിവാക്കാന്‍ ധാരണയാത്. അടുത്ത രണ്ടുമാസത്തേക്ക് പീനല്‍ ഡെമറേജ് ചാര്‍ജ് പൂര്‍ണമായി ഒഴിവാക്കാനും ഒരു മാസത്തിനുള്ളില്‍ വീണ്ടും ഒരു അവലോകനയോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. രാസവളനീക്കം സുഗമമാക്കാന്‍ പാലക്കാട് ജങ്ഷനില്‍ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അടിയന്തരനടപടി സ്വീകരിക്കുമെന്ന് ഡിആര്‍എം ഉറപ്പു നല്‍കി.

റെയില്‍വേ ഉദ്യോഗസ്ഥന്‍ തന്നിഷ്ടപ്രകാരമാണ് വാഗണ്‍ വാടക വര്‍ധിപ്പിച്ചതെന്ന് തുടക്കം മുതലേ ആക്ഷേപം ഉയര്‍ന്നിരുന്നു. പാലക്കാട് റെയില്‍വേസ്റ്റേഷനിലെത്തുന്ന ഓരോ വാഗണും ഡെമറേജ് മണിക്കൂറിന് 100രൂപയില്‍നിന്ന് 600 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ജില്ലയിലേക്ക് രാസവളം എത്തിക്കുന്ന കമ്പനികള്‍ പിന്മാറി. തുടര്‍ന്ന് ജില്ലയിലും സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലേക്കുമുള്ള വളംവരവ് നിലച്ചു.

ഒരുമാസംമുമ്പാണ് പാലക്കാട് റെയില്‍വേ സീനിയര്‍ കൊമേഴ്സ്യല്‍മാനേജര്‍ വാഗണ്‍ ഡെമറേജ് (വെയിറ്റിങ് ചാര്‍ജ്) മണിക്കൂറിന് 600 രൂപയാക്കി ഉയര്‍ത്തിയത്. പാലക്കാട് ടൗണില്‍ വാഗണ്‍ ഇറക്കിയിരുന്നത് ഒരുമാസം മുമ്പാണ് ഒലവക്കോട്ടേക്ക് മാറ്റിയത്. ഈ മാറ്റത്തോടൊപ്പമാണ് വാഗണ്‍ ഡെമറേജും വര്‍ധിപ്പിച്ചത്. 42 വാഗണാണ് ഒരു വണ്ടിയില്‍ എത്തുന്നത്. വാടക വര്‍ധനയോടെ ഏജന്‍സിക്ക് മണിക്കൂറില്‍ 25,200 രൂപയാണ് നഷ്ടംവരുന്നത്. ഗുഡ്ഷെഡ്ഡില്‍ തൊഴിലാളികള്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കാത്തതിനാല്‍ വെള്ളംകുടിക്കാനും മറ്റും പുറത്തുപോകുന്നതിന് അരമണിക്കൂര്‍ സമയംവേണം. വെളിച്ചമില്ലാത്തതിനാല്‍ രാത്രി ലോഡ് ഇറക്കാനും കഴയില്ല. ഒരുരാത്രി മുഴുവന്‍ വാഗണ്‍ നിന്നാല്‍ ലക്ഷക്കണക്കിന് രൂപ ഡെമറേജ് നല്‍കേണ്ടിവരും. രാസവളത്തിന് സബ്സിഡിയുള്ളതിനാല്‍ വിലവര്‍ധിപ്പിക്കാനും കഴിയില്ല. നേരിയ കമീഷന്‍മാത്രമാണ് ഏജന്‍സികള്‍ക്ക് രാസവളക്കമ്പനികള്‍ നല്‍കുന്നത്. അതില്‍കൂടുതല്‍ തുക റെയില്‍വേക്ക് നല്‍കേണ്ടതിനാല്‍ പല എജന്‍സികളും രാസവളം എടുക്കുന്നതില്‍നിന്ന് പിന്മാറുന്നതായി റെയില്‍വേക്ക് എഴുതി നല്‍കി. പാലക്കാട് റെയില്‍വേ ഡിവിഷനില്‍മാത്രം വാഗണ്‍വാടക വര്‍ധിപ്പിച്ച നടപടി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടും ഇടപെടാന്‍ തയ്യാറാകാത്തത് കര്‍ഷകരെ അങ്കലാപ്പിലാക്കി. തുടര്‍ന്നാണ് എം ബി രാജേഷ് എംപിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് റെയില്‍വേ ഡിവിഷണല്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ എഫ്എസിടി പ്രതിനിധികള്‍ , കേരള കര്‍ഷകസംഘം, കര്‍ഷക കോണ്‍ഗ്രസ്, കര്‍ഷകമോര്‍ച്ച, കര്‍ഷകസമാജം എന്നീ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.

deshabhimani 010611

7 comments:

  1. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട റെയില്‍വേ ജംഗ്ഷനായ ഷൊര്‍ണൂരിനെ തരംതാഴ്ത്താന്‍ റെയില്‍വേ നടത്തുന്ന നീക്കം പാലക്കാട് ഡിവിഷന് തിരിച്ചടിയാകും. ആറ് ദീര്‍ഘദൂര തീവണ്ടികള്‍ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ പ്രവേശിക്കാതെ സര്‍വീസ് നടത്തണമെന്ന റെയില്‍വേയുടെ നിര്‍ദ്ദേശം ജംഗ്്ഷന്റെ പ്രാധാന്യം കുറയ്ക്കും. സേലം ഡിവിഷനുവേണ്ടി കോയമ്പത്തൂര്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ വെട്ടിമുറിച്ചതിനെത്തുടര്‍ന്ന് വരുമാനം കുറഞ്ഞ പാലക്കാട് ഡിവിഷന്റെ വരുമാനം വീണ്ടും കുറയ്ക്കാന്‍ ഈ നടപടി ഇടയാക്കും. നിര്‍ദ്ദിഷ്ട മംഗലാപുര ഡിവിഷന്‍ രൂപീകരണം സുഗമമാകുമെന്ന കണക്കുകൂട്ടലാണ് ഇതിനു പിന്നില്‍ എന്നാണ് സൂചന.

    ReplyDelete
  2. This seems to be the vested interest of the caters at Shoranur Jn. If at all these trains do not go to Shoranur, they will lose a hefty sum. These trains stop for about 20-25 minutes at Shoranur thereby increasing the earnings of the catering contractors. If these trains do not touch Shoranur the time saved on this account for Railways as well as long distance passengers will be in the range of 30-35 minutes. Moreover, Railway may be asked to provide occupancy details of these trains from/to Shoranur which will surely go against Shoranur. At the same time, it these trains are provided stoppage at Ottappalam that will be a relief for many passengers

    ReplyDelete
  3. മലബാര്‍ മേഖലയോടുള്ള അവഗണന എന്ന വിഷയത്തില്‍ നിന്ന് മാറ്റി ഈ വിഷയത്തെ പരിശോധിക്കുന്നത് ശരിയല്ല. റെയില്വേ എന്ന ലേബലില്‍ ഈ ബ്ലോഗില്‍ ഇതിനു മുന്‍പ് ഒരു സീരീസ് തന്നെ ഇട്ടിരുന്നു. നോക്കുമല്ലോ. (അവിടത്തെ കാറ്ററേഴ്സിനു അവിടെ കൂടുതല്‍ വണ്ടികള്‍ നിര്‍ത്തുന്നത് തന്നെയാവും താല്പര്യം.എല്ലായിടത്തും അങ്ങിനെ തന്നെ ആയിരിക്കും. അവര്‍ക്കു മാത്രമല്ല, മറ്റെല്ലാവര്‍ക്കും.)

    ReplyDelete
  4. ഷൊര്‍ണൂര്‍ റെയില്‍വേ ജങ്ഷന്‍ വഴി കടന്നുപോകുന്ന ആറ് ദീര്‍ഘദൂര ട്രെയിനുകള്‍ ലിങ്ക് ലൈന്‍ വഴി തിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ സര്‍വകക്ഷി പ്രതിനിധിസംഘം തിങ്കളാഴ്ച റെയില്‍വേ ഡിവിഷണല്‍ മാനേജരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. 14ന് വീണ്ടും ചര്‍ച്ചനടത്തും. എം ബി രാജേഷ് എംപിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്. ഷൊര്‍ണൂരിലെ റെയില്‍വേ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിവേദനം ചര്‍ച്ചക്ക് ശേഷം സമര്‍പ്പിച്ചു. 14ന് നടക്കുന്ന ചര്‍ച്ചയിലും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഡിആര്‍എം ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെ തുടര്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. കെ എസ് സലീഖ എംഎല്‍എ, കോട്ടയില്‍ മണി, എസ് കൃഷ്ണദാസ്, നഗരസഭാ ചെയര്‍മാന്‍ എം ആര്‍ മുരളി, വി കെ ശ്രീകണ്ഠന്‍ , ടി കെ ഹമീദ്, പി എം വാസുദേവന്‍ , സണ്‍ഷൈന്‍ എന്നിവര്‍ പങ്കെടുത്തു.

    ReplyDelete
  5. from facebook page of com.m.b. rajesh

    had discussions with DRM palakkad regarding diversion of 6long distance trains via link line.he explained difficulties n handling more trains at Shoranur junction.He said inorder to fecilatate d entry of 7-8 new trains to Shoranur jn. ther s no other way.anthr promise s stoppage at Otplm nd Vallathlngr to these divrtng trains.we said wont allow undermining d importance f Shrnr.decided to continue discsn on 14th June

    ReplyDelete
  6. ഷൊര്‍ണൂര്‍ റെയില്‍വേ ജങ്ഷന്‍ വഴി കടന്നുപോകുന്ന ആറ് ദീര്‍ഘദൂര ട്രെയിനുകള്‍ ലിങ്ക് ലൈന്‍ വഴി തിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ സര്‍വകക്ഷി പ്രതിനിധിസംഘം തിങ്കളാഴ്ച റെയില്‍വേ ഡിവിഷണല്‍ മാനേജരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. 14ന് വീണ്ടും ചര്‍ച്ചനടത്തും. എം ബി രാജേഷ് എംപിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്. ഷൊര്‍ണൂരിലെ റെയില്‍വേ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിവേദനം ചര്‍ച്ചക്ക് ശേഷം സമര്‍പ്പിച്ചു. 14ന് നടക്കുന്ന ചര്‍ച്ചയിലും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഡിആര്‍എം ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെ തുടര്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. കെ എസ് സലീഖ എംഎല്‍എ, കോട്ടയില്‍ മണി, എസ് കൃഷ്ണദാസ്, നഗരസഭാ ചെയര്‍മാന്‍ എം ആര്‍ മുരളി, വി കെ ശ്രീകണ്ഠന്‍ , ടി കെ ഹമീദ്, പി എം വാസുദേവന്‍ , സണ്‍ഷൈന്‍ എന്നിവര്‍ പങ്കെടുത്തു.

    ReplyDelete
  7. ഷൊര്‍ണൂരിനെ ഒഴിവാക്കി ആറ് ദീര്‍ഘദൂര ട്രെയിനുകള്‍ വഴിതിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന എം ബി രാജേഷ് എംപിയുടെ ആവശ്യം ഡിആര്‍എം നിഷേധിച്ചു. ചൊവ്വാഴ്ച വൈകിട്ട് റെയില്‍വേ ഡിവിഷണല്‍ ഓഫീസില്‍ എം ബി രാജേഷ് എംപി ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എസ് കെ റെയ്നയുമായി നടത്തിയ ചര്‍ച്ചയിലാണ് റെയില്‍വേയുടെ നിഷേധനിലപാട് വ്യക്തമാക്കിയത്. ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരമുള്ള ദന്‍ബാദ് എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നിവയ്ക്കെങ്കിലും ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ഇത് അനുവദിക്കാനാകില്ലെന്ന് ആദ്യംപറഞ്ഞെ ങ്കിലും ഏതെങ്കിലും ഒരു ട്രെയിനിന്റെ കാര്യം പരിഗണിക്കാമെന്ന് ഡിആര്‍എം അറിയിച്ചു. എംപിയുടെ ആവശ്യം റെയില്‍വേയുടെ ഉന്നത അധികാരികളെ അറിയിക്കാമെന്നും ഡിആര്‍എം ഉറപ്പു നല്‍കി. ശബരി എക്സ്പ്രസ്, രബ്തി സാഗര്‍ സൂപ്പര്‍ ഫാസ്റ്റ്, കോര്‍ബ എക്സ്പ്രസ്, ഇന്‍ഡോര്‍ എക്സ്പ്രസ്, ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ്, ബറൗണി എക്സ്പ്രസ് എന്നിവയെ ഷൊര്‍ണൂരില്‍ പ്രവേശിപ്പിക്കാതെ ലിങ്ക്ലൈന്‍വഴി കടത്തിവിടാന്‍ ശ്രമിക്കുന്നതിനെതിരെ ജനകീയപ്രക്ഷോഭം രൂപപ്പെട്ടിരിക്കുകയാണ്. തീരുമാനം പുനഃപരിശോധിക്കണമെന്ന് എം ബി രാജേഷ് എംപി റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. അനുകൂലനടപടികള്‍ക്ക് റെയില്‍വേ വഴങ്ങാത്തതുകൊണ്ടാണ് എം ബി രാജേഷ് ചൊവ്വാഴ്ച വീണ്ടും ഡിആര്‍എമ്മുമായി ചര്‍ച്ച നടത്തിയത്.

    ReplyDelete