Saturday, June 11, 2011

കായംകുളം എല്‍എന്‍ജി പൈപ്പ് ലൈന്‍ ജലസമ്പത്തിന് ആഘാതമാകുമെന്ന് പഠനം

മുന്‍കരുതലുകള്‍ സ്വീകരിക്കാത്തപക്ഷം കായംകുളത്തേക്കുള്ള നിര്‍ദിഷ്ട എല്‍എന്‍ജി പൈപ്പ്ലൈന്‍ സ്ഥാപിക്കല്‍ കൊച്ചിയുടെ കായല്‍ -കടല്‍ ജലസമ്പത്തിന് ആഘാതമാകുമെന്ന് പഠനം. കേന്ദ്ര പരിസ്ഥിതിവകുപ്പിന്റെ അനുമതിക്കായി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) സമര്‍പ്പിച്ച രേഖകള്‍ക്കൊപ്പമാണ് പൈപ്പ്ലൈന്‍ സ്ഥാപിക്കലിലൂടെ ഉണ്ടാകാവുന്ന പാരിസ്ഥിതികാഘാതം സംബന്ധിച്ച പഠനറിപ്പോര്‍ട്ടുള്ളത്. ഡിഎച്ച്ഐ (ഇന്ത്യ) വാട്ടര്‍ ആന്‍ഡ് എന്‍വയോണ്‍മെന്റ് ആണ് പഠനം നടത്തിയത്.

പുതുവൈപ്പില്‍നിന്ന് പടിഞ്ഞാറു ഭാഗത്ത് വൈപ്പിന്‍തീരത്തൂടെ കടലിലേക്കിറങ്ങി തെക്കോട്ടു തിരിഞ്ഞ് പടിഞ്ഞാറെ തീരത്തിനു സമാന്തരമായാണ് പൈപ്പ്ലൈന്‍ കായംകുളത്തെത്തുന്നത്. മുംബെയിലെ ഫൂഗ്രോ സര്‍വേ നടത്തിയ റൂട്ട് സര്‍വേ പ്രകാരം ആകെയുള്ള 120 കിലോമീറ്റര്‍ പൈപ്പ്ലൈനിന്റെ 117 കിലോമീറ്ററും കായല്‍ -കടല്‍ത്തട്ടിലൂടെയാണ് പോകുക. പൈപ്പ് സ്ഥാപിക്കുന്ന പ്രദേശത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് ഡിഎച്ച്ഐ (ഇന്ത്യ) വാട്ടര്‍ ആന്‍ഡ് എന്‍വയോണ്‍മെന്റ് പഠനം നടത്തിയത്. പൈപ്പ് സ്ഥാപിക്കലിന്റെ ഭാഗമായി മഴക്കാലത്ത് ഉണ്ടാകുന്ന മണ്ണൊലിപ്പ് പരിസ്ഥിതിപ്രശ്നങ്ങള്‍ക്കു കാരണമാകുമെന്ന് പഠനം പറയുന്നു. പദ്ധതിപ്രദേശത്തുനിന്നുള്ള പാഴ്വസ്തുക്കളുടെ അലക്ഷ്യ നിര്‍മാര്‍ജനം ജലസമ്പത്തിന് ദോഷംചെയ്യും. അഞ്ഞൂറോളം തൊഴിലാളികള്‍ പദ്ധതിക്കായി പ്രദേശത്ത് ക്യാമ്പ് ചെയ്യേണ്ടി വരും. നിര്‍മാണപ്രദേശത്തുനിന്നുള്ള കോണ്‍ക്രീറ്റ് മാലിന്യം, യന്ത്ര സാമഗ്രികളില്‍നിന്നുള്ള എണ്ണ, ഗ്രീസ് എന്നിവയും വെള്ളത്തില്‍ കലരാനിടയായാല്‍ ആഘാതം ഗുരുതരമാകും. ആരോഗ്യകരമായ ചുറ്റുപാടില്‍ പകല്‍ സമയത്തു മാത്രം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മതിയെന്ന് പഠനം നിര്‍ദേശിക്കുന്നു.

കോണ്‍ക്രീറ്റ് ഉള്‍പ്പെടെ നിര്‍മാണവസ്തുക്കള്‍ വെള്ളത്തില്‍ അടിഞ്ഞുകൂടുന്നത് ജലത്തിലെ ജൈവവ്യവസ്ഥ തകര്‍ക്കും. ടാര്‍പോളിന്‍ പോലുള്ളവ പാകി ഇതു തടയണം. മലിനജലം ഒരുകാരണവശാലും കായലിലേക്ക് ഒഴുക്കരുത്. പൈപ്പിടലിനായി കുഴിച്ചെടുക്കുന്ന മണ്ണ് കുഴികുത്തി മൂടുകയോ ഫില്ലിങ്ങിന് ഉപയോഗിക്കുകയോ ചെയ്യണം. തൊഴിലാളിക്യാമ്പുകളിലെ മാലിന്യവും മലിനജലവും സംഭരണികളില്‍ ശേഖരിച്ച് ശുദ്ധീകരിക്കണം. ഈ കരുതലുകളെടുത്താല്‍ പൈപ്പിടലിലൂടെ പരിസ്ഥിതിക്ക് ദോഷമായതൊന്നും സംഭവിക്കാനിടയില്ലെന്നും പഠനം ഉറപ്പുനല്‍കുന്നു. പൈപ്പ്ലൈന്‍ സ്ഥാപിക്കലിനു ശേഷവും വിവിധ തലത്തിലുള്ള നിരീക്ഷണങ്ങള്‍ക്ക് പഠനം നിര്‍ദേശിക്കുന്നു. സമുദ്രതീരജല വിശകലനം, ജൈവവികലനം, ഊറല്‍മണ്ണ് വിശകലനം എന്നിവ നിശ്ചിത കാലയളവില്‍ പതിവായി നടത്തണം. സര്‍വേയുടെയും സാങ്കേതിക സാധ്യതാ പഠനറിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ഗെയില്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി പരിസ്ഥിതിമന്ത്രാലയത്തിനു സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കുന്നു. തീരത്ത് 30-40 മീറ്റര്‍ ആഴത്തിലും തീരത്തുനിന്ന് 20 കിലോമീറ്ററോളം അകലെ കടല്‍ത്തട്ടില്‍ 2-3 മീറ്റര്‍ ആഴത്തിലുമാണ് 24 ഇഞ്ച് വ്യാസമുള്ള പൈപ്പ്ലൈന്‍ സ്ഥാപിക്കുക.

എം എസ് അശോകന്‍ ദേശാഭിമാനി 110611

1 comment:

  1. മുന്‍കരുതലുകള്‍ സ്വീകരിക്കാത്തപക്ഷം കായംകുളത്തേക്കുള്ള നിര്‍ദിഷ്ട എല്‍എന്‍ജി പൈപ്പ്ലൈന്‍ സ്ഥാപിക്കല്‍ കൊച്ചിയുടെ കായല്‍ -കടല്‍ ജലസമ്പത്തിന് ആഘാതമാകുമെന്ന് പഠനം. കേന്ദ്ര പരിസ്ഥിതിവകുപ്പിന്റെ അനുമതിക്കായി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) സമര്‍പ്പിച്ച രേഖകള്‍ക്കൊപ്പമാണ് പൈപ്പ്ലൈന്‍ സ്ഥാപിക്കലിലൂടെ ഉണ്ടാകാവുന്ന പാരിസ്ഥിതികാഘാതം സംബന്ധിച്ച പഠനറിപ്പോര്‍ട്ടുള്ളത്. ഡിഎച്ച്ഐ (ഇന്ത്യ) വാട്ടര്‍ ആന്‍ഡ് എന്‍വയോണ്‍മെന്റ് ആണ് പഠനം നടത്തിയത്.

    ReplyDelete