Thursday, June 2, 2011

ഹനുമാന്‍സേവ: ബി ജെ പി സര്‍ക്കാരിന്റെ ഒറ്റമൂലി

മധ്യപ്രദേശിലെ ബി ജെ പി സര്‍ക്കാര്‍ ജനങ്ങള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരത്തിനായി ഒരു ഒറ്റമൂലി കണ്ടെത്തിയിരിക്കുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി സര്‍ക്കാരിനെ സമീപിക്കുന്നതിനുപകരം 'ഹനുമാന്‍സേവ' നടത്താനാണ് സര്‍ക്കാരിന്റെ ഉപദേശം. ഹനുമാന്‍സേവയ്ക്കുള്ള നിര്‍ദേശം സംസ്ഥാനസര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനസര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്റ് വഴിയാണ് ഹനുമാന്‍സേവ നടത്താന്‍ ഉപദേശം നല്‍കിയത്. പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്റ് ഇതിനായി പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''ഹനുമാന്‍: എല്ലാറ്റിനുമുള്ള പരിഹാരം'' എന്നാണ് പുസ്തകത്തിന്റെ ശീര്‍ഷകം. ഒരു കൈയില്‍ ഒരു പര്‍വതവുമായി നില്‍ക്കുന്ന ഹനുമാന്റെ ചിത്രം പുസ്തകത്തിന്റെ പുറംചട്ടയിലുണ്ട്.

ദാരിദ്ര്യം, നിരക്ഷരത, കുടിവെള്ളക്ഷാമം, വൈദ്യുതിക്ഷാമം തുടങ്ങി ഏതു പ്രശ്‌നവും ഹനുമാന്‍സേവയിലൂടെ പരിഹരിക്കാനാവുമെന്നാണ് സര്‍ക്കാരിന്റെ പ്രസിദ്ധീകരണത്തില്‍ പറയുന്നത്. അഴിമതിയും കുറ്റകൃത്യങ്ങളും തടയാനുള്ള മാര്‍ഗവും ഹനുമാന്‍സേവതന്നെ. വ്യക്തികളും സമൂഹവും രാജ്യവും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശക്തിയും കഴിവും ഹനുമാനുണ്ടെന്ന് പുസ്തകം പ്രഖ്യാപിക്കുന്നു. ''ഹനുമാന്‍ പ്രേതങ്ങളുടെയും രാക്ഷസന്‍മാരുടെയും പിശാചുക്കളുടെയും ശത്രുവാണ്. അവയെയെല്ലാം ഹനുമാന്‍ കാല്‍കീഴിലിട്ടു ഞെരിച്ചുകൊല്ലും. അതോടെ അവയുടെ ശല്യംതീരും'' എന്ന് പുസ്തകം വിശദീകരിക്കുന്നു. ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ ഹനുമാന് കഴിയുമെന്നതാണ് ഹനുമാന്‍സേവയുടെ ഇന്നത്തെ പ്രസക്തിയെന്നാണ് പുസ്തകം പറയുന്നത്.

മധ്യപ്രദേശ് സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. അഴിമതിക്ക് എതിരെ പൊരുതാന്‍ ലോക്പാല്‍ വേണ്ട, ഹനുമാന്‍ മതി. ഭീകരവാദികളെ നേരിടാന്‍ സുരക്ഷാസംവിധാനം ശക്തമാക്കേണ്ടതില്ല, ഹനുമാനെ സേവിച്ചാല്‍ മതി. പട്ടിണി മാറ്റാന്‍ റേഷന്‍ നല്‍കാനോ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനോ സര്‍ക്കാര്‍ പാടുപെടേണ്ടതില്ല. ഹനുമാനെ സേവിച്ചാല്‍ പട്ടിണിയും തൊഴിലില്ലായ്മയുമെല്ലാം പരിഹരിക്കപ്പെടും.

ആര്‍ എസ് എസിന്റെയോ മറ്റ് സംഘപരിവാര്‍ സംഘടനകളുടെയോ പ്രസിദ്ധീകരണമാണ് ഈ ഹനുമാന്‍ സ്തുതിയെങ്കില്‍ ആരും അത് ഗൗരവത്തിലെടുക്കില്ല. എന്നാല്‍ ഒരു സംസ്ഥാനസര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കാമോ എന്നതാണ് പ്രശ്‌നം. അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ പണവും സംവിധാനവും ഉപയോഗിക്കുന്നു.

ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തെ പരസ്യമായി ചോദ്യം ചെയ്യുന്നതാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ ഈ നടപടി. മധ്യപ്രദേശിലെ ബി ജെ പി സര്‍ക്കാര്‍ ഭരണാധികാരം ഹിന്ദുത്വ ആശയപ്രചരണത്തിനും മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുമായി നഗ്നമായി ഉപയോഗിച്ചുവരികയാണ്. സര്‍ക്കാരിന്റെ വിവിധ പരിപാടികള്‍ക്ക് ഹിന്ദുദൈവങ്ങളുടെ പേരാണ് നല്‍കിവരുന്നത്. ഔദ്യോഗിക പരിപാടികളെല്ലാം ഹൈന്ദവ ആചാരങ്ങളോടും പൂജകളോടും കൂടി നടത്തുന്നു. ആര്‍ എസ് എസിന്റെ ശാഖകളില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചഹൗന്‍ സര്‍ക്കാര്‍ ജീവനക്കാരോട് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാലയങ്ങളില്‍ സൂര്യനമസ്‌കാരവും ഉച്ചഭക്ഷണത്തിനു മുമ്പ് ഭോജനമന്ത്രവും നിര്‍ബന്ധമാക്കി. സര്‍ക്കാര്‍ ഓഫീസുകളിലെ ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായും ചൊല്ലണം.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു സാഹചര്യത്തിലും മധ്യപ്രദേശില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഈയ്യിടെ  പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ വര്‍ഗീയ പ്രചരണ പരിപാടിയുടെ ഏറ്റവും ഒടുവിലത്തെ ഭാഗമാണ് ഹനുമാന്‍സേവാ ഉപദേശം.

എല്‍ എസ് ഹര്‍ദേനിയ ജനയുഗം 020611

4 comments:

  1. മധ്യപ്രദേശിലെ ബി ജെ പി സര്‍ക്കാര്‍ ജനങ്ങള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരത്തിനായി ഒരു ഒറ്റമൂലി കണ്ടെത്തിയിരിക്കുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി സര്‍ക്കാരിനെ സമീപിക്കുന്നതിനുപകരം 'ഹനുമാന്‍സേവ' നടത്താനാണ് സര്‍ക്കാരിന്റെ ഉപദേശം. ഹനുമാന്‍സേവയ്ക്കുള്ള നിര്‍ദേശം സംസ്ഥാനസര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

    സംസ്ഥാനസര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്റ് വഴിയാണ് ഹനുമാന്‍സേവ നടത്താന്‍ ഉപദേശം നല്‍കിയത്. പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്റ് ഇതിനായി പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''ഹനുമാന്‍: എല്ലാറ്റിനുമുള്ള പരിഹാരം'' എന്നാണ് പുസ്തകത്തിന്റെ ശീര്‍ഷകം. ഒരു കൈയില്‍ ഒരു പര്‍വതവുമായി നില്‍ക്കുന്ന ഹനുമാന്റെ ചിത്രം പുസ്തകത്തിന്റെ പുറംചട്ടയിലുണ്ട്.

    ReplyDelete
  2. If you have any links to this news please share.

    ReplyDelete
  3. അങ്ങനെ ആണെങ്കില്‍ തനിക്ക് എന്താ കുഴപ്പം? സച്ചാര്‍ കമ്മിറ്റിയുടെ പ്രീണന റിപ്പോര്‍ട്ട്‌ നടപ്പാക്കേണ്ട ഒരു കാര്യമില്ല. തനിക്ക് കൃമി കടി ഉണ്ടെങ്കില്‍ പോയ്യി മരുന്ന് വാങ്ങി കഴിക്കു.

    ReplyDelete