Thursday, June 2, 2011

സംസ്ഥാനത്ത് വിദ്യാഭ്യാസം അന്യമാകുന്ന അയ്യായിരത്തോളം കുരുന്നുകള്‍

വിദ്യാഭ്യാസം നിര്‍ബന്ധിതവും സാര്‍വത്രികവുമാക്കി അരനൂറ്റാണ്ടായപ്പോഴും നൂറുശതമാനം സാക്ഷരതയുടെ പേരില്‍  അഭിമാനം കൊള്ളുന്ന നമ്മുടെ സംസ്ഥാനത്തും വിദ്യാഭ്യാസം അന്യമാകുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി സാമൂഹിക ക്ഷേമ വകുപ്പിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തി ജോലിചെയ്യുന്ന തൊഴിലാളികളുടെയും ലൈംഗിക തൊഴിലാളികളുടെയും കുട്ടികളടക്കം അയ്യായിരത്തോളം കുട്ടികളാണ് ഇത്തവണയും സ്‌കൂളില്‍പോകാതെ നില്‍ക്കുന്നത്. പ്രവേശനോത്സവങ്ങളും മറ്റുമായി  പുതിയ അധ്യയന വര്‍ഷത്തിന്  തുടക്കം കുറിച്ച അവസരത്തില്‍  ഇത്തരം പിന്മാറ്റത്തെ ഗൗരവത്തോടെയാണ് വിദ്യാഭ്യാസ അധികൃതരും കാണുന്നത്.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തൊഴില്‍ ചെയ്തുവരുന്ന തമിഴ്‌നാട്, ആന്ധ്ര, ബീഹാര്‍, ബംഗാള്‍, കര്‍ണാടക, ജാര്‍ഖണ്ഡ്, ഉത്തരാഞ്ചല്‍, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള, 14 വയസ്സിന് താഴെയുള്ള  അയ്യായിരത്തോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസം മരീചികയാകുകയാണെന്ന്  സാമൂഹിക ക്ഷേമ വകുപ്പ് അധികൃതര്‍ പറയുന്നു.   പ്രത്യേക സംരക്ഷിത കേന്ദ്രങ്ങളുണ്ടാക്കി ഇത്തരംകുട്ടികളെ പാര്‍പ്പിക്കുന്നതടക്കമുള്ള പദ്ധതികള്‍  ഫലപ്രദമായി ഉപയോഗിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. കുട്ടികളെ പഠിപ്പിക്കാന്‍ ആഗ്രഹമുള്ള ചില രക്ഷിതാക്കള്‍ തെരുവോരങ്ങളില്‍  താമസിച്ച് കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നതില്‍ മാതൃകകാട്ടുന്നുമുണ്ട്.

ചെര്‍ക്കള സെന്‍ട്രല്‍ ഗവ. യു പി സ്‌കൂളില്‍ ഇത്തരത്തില്‍ വ്യത്യസ്ത ഭാഷക്കാരായ 20 ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇവരുടെ മാതാപിതാക്കള്‍ വളയും  ഫാന്‍സി സാധനങ്ങളും  വീടുകള്‍ തോറും ചുമന്നുകൊണ്ടുപോയി വില്‍പന നടത്തിയാണ് ഉപജീവനം കഴിക്കുന്നത്. ജില്ലയില്‍ കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരുമുള്ള ചില സ്‌കൂളുകളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും ജോലിക്ക് എത്തിയവരുടെ കുട്ടികള്‍ പഠിക്കുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം അന്യസംസ്ഥാന തൊഴിലാളികളും ഇക്കാര്യത്തില്‍ താല്‍പര്യമെടുക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. പല ജില്ലകളുടെയും ദേശീയപാതയോരങ്ങളില്‍ അരകല്ല് നിര്‍മ്മാണത്തിലേര്‍പ്പെട്ട തൊഴിലാളികളുടെ പിഞ്ചുമക്കള്‍പോലും അതികഠിനമായ ജോലികളില്‍ വ്യാപൃതരാണെന്നും സാമൂഹിക ക്ഷേമ വകുപ്പിന്റെ സര്‍വ്വെയില്‍ വ്യക്തമാക്കിയിട്ടുണ്ട്്. അന്യസംസ്ഥാനങ്ങൡ നിന്നെത്തി കേബിള്‍ജോലിചെയ്യുന്നവരുടെ മക്കളും തെരുവില്‍തന്നെ കഴിയുകയാണ്. സ്ഥിരമായി ഒരു സ്ഥലത്ത്  താമസിക്കാതെ സഞ്ചരിച്ച് തൊഴില്‍ ചെയ്യുന്ന ഇക്കൂട്ടരുടെ മക്കള്‍ക്കും വിദ്യാഭ്യാസം വിദൂര സ്വപ്‌നമാണ്.

ഇത്തരം കുട്ടികളുടെ പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി  ശാശ്വത പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കില്‍ മാത്രമേ അവഗണിക്കപ്പെട്ട ഈ കുട്ടികളെ വിദ്യാലയങ്ങളിലെത്തിക്കാനാകുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതിനാല്‍ സാമൂഹിക പ്രവര്‍ത്തകരും ഇവരുടെ കാര്യം വിസ്മരിക്കുകയാണ്. ആദിവാസി മേഖലയിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് വര്‍ധിച്ചുവരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
(നാരായണന്‍ കരിച്ചേരി)

ജനയുഗം 020611

1 comment:

  1. വിദ്യാഭ്യാസം നിര്‍ബന്ധിതവും സാര്‍വത്രികവുമാക്കി അരനൂറ്റാണ്ടായപ്പോഴും നൂറുശതമാനം സാക്ഷരതയുടെ പേരില്‍ അഭിമാനം കൊള്ളുന്ന നമ്മുടെ സംസ്ഥാനത്തും വിദ്യാഭ്യാസം അന്യമാകുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി സാമൂഹിക ക്ഷേമ വകുപ്പിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തി ജോലിചെയ്യുന്ന തൊഴിലാളികളുടെയും ലൈംഗിക തൊഴിലാളികളുടെയും കുട്ടികളടക്കം അയ്യായിരത്തോളം കുട്ടികളാണ് ഇത്തവണയും സ്‌കൂളില്‍പോകാതെ നില്‍ക്കുന്നത്. പ്രവേശനോത്സവങ്ങളും മറ്റുമായി പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച അവസരത്തില്‍ ഇത്തരം പിന്മാറ്റത്തെ ഗൗരവത്തോടെയാണ് വിദ്യാഭ്യാസ അധികൃതരും കാണുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തൊഴില്‍ ചെയ്തുവരുന്ന തമിഴ്‌നാട്, ആന്ധ്ര, ബീഹാര്‍, ബംഗാള്‍, കര്‍ണാടക, ജാര്‍ഖണ്ഡ്, ഉത്തരാഞ്ചല്‍, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള, 14 വയസ്സിന് താഴെയുള്ള അയ്യായിരത്തോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസം മരീചികയാകുകയാണെന്ന് സാമൂഹിക ക്ഷേമ വകുപ്പ് അധികൃതര്‍ പറയുന്നു. പ്രത്യേക സംരക്ഷിത കേന്ദ്രങ്ങളുണ്ടാക്കി ഇത്തരംകുട്ടികളെ പാര്‍പ്പിക്കുന്നതടക്കമുള്ള പദ്ധതികള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.

    ReplyDelete