Wednesday, June 8, 2011

പെറുവിലും ഇടതുഭരണം

ഇടതുപക്ഷത്തിനനുകൂലമായ കാറ്റ് ആഞ്ഞുവീശുന്ന ലാറ്റിനമേരിക്കയില്‍ ഒരു രാജ്യം കൂടി വലതുപക്ഷ ഭരണച്ചങ്ങല പൊട്ടിച്ചെറിഞ്ഞു. പെറുവാണ് ഏറ്റവും ഒടുവില്‍ ഇടതുപക്ഷത്തേയ്ക്ക് നീങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യം. പെറുവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 51.5 വോട്ടു നേടി ഇടതുപക്ഷചായ്‌വുള്ള ഒലാന്ത ഹുമാല വിജയിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രഥമഘട്ടത്തില്‍ മത്സരരംഗത്തുണ്ടായിരുന്ന അഞ്ചു സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ഏറ്റവും കൂടുതല്‍ വോട്ടു നേടിയ ഹുമാലയും വലതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായ കീകോ ഫുജിമോറയും രണ്ടാംഘട്ടത്തില്‍ ഏറ്റുമുട്ടിയത്. പെറുവിലെ മുന്‍പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫുജിമോറിയുടെ മകളാണ് കീകോ. അഴിമതി, മനുഷ്യാവകാശലംഘനം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് 25 വര്‍ഷം തടവുശിക്ഷ ലഭിച്ച ആല്‍ബര്‍ട്ടോ ഇപ്പോള്‍ ജയിലിലാണ്. നാട്ടിനകത്തും പുറത്തുമുള്ള വന്‍കിട വ്യവസായികളുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും പൂര്‍ണ പിന്തുണ കീകോയ്ക്കായിരുന്നു. പെറുവിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയും അവര്‍ക്കായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണവും വെള്ളിയും ചെമ്പും ഉല്‍പ്പാദിപ്പിക്കുന്ന അഞ്ചു രാജ്യങ്ങളിലൊന്നായ പെറുവിന്റെ അമൂല്യമായ ഖനിജങ്ങള്‍ കൊള്ളയടിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ ഇടതുപക്ഷ ചായ്‌വുള്ള ഒരാള്‍ പ്രസിഡന്റായി വരുന്നതു തടയാന്‍ പതിനെട്ടടവും പയറ്റിയിരുന്നു.

സാമ്പത്തിക വളര്‍ച്ചയുടെയും പ്രകൃതിവിഭവങ്ങളുടെയും കാര്യത്തില്‍ പെറു മുന്‍നിരയിലാണെങ്കിലും രാജ്യത്തെ 35 ശതമാനത്തോളം ജനങ്ങള്‍ കൊടിയ ദാരിദ്ര്യത്തിലാണ്. സാമ്പത്തിക വളര്‍ച്ചാനിരക്ക് ഒമ്പതുശതമാനത്തോളമായി ഉയര്‍ത്തികാണിച്ച്, രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണെന്നായിരുന്നു സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അലന്‍ ഗാര്‍ഷ്യയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വലതുപക്ഷവും അവകാശപ്പെട്ടിരുന്നത്. ഇടതുപക്ഷ ചായ്‌വുള്ള ഹുമാല പ്രസിഡന്റായാല്‍ സാമ്പത്തിക വളര്‍ച്ച മുരടിക്കുമെന്നും പെറു ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നും അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ പെറുവിലെ തൊഴിലാളികളും മറ്റ് അധ്വാനിക്കുന്ന ജനങ്ങളും ഈ പ്രചരണങ്ങളില്‍ കുടുങ്ങിയില്ല. ലാറ്റിനമേരിക്കയില്‍ ജനക്ഷേമ ഭരണത്തിന് മാതൃകയായ ക്യൂബ, വെനിസ്വേല, ബൊളിവിയ തുടങ്ങിയ രാജ്യങ്ങളുടെ അനുഭവം അവര്‍ കാണുന്നുണ്ട്. രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങള്‍ എങ്ങനെ ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി പ്രയോജനപ്പെടുത്താമെന്ന് തെളിയിച്ച രാജ്യങ്ങളാണ് ക്യൂബയും വെനിസ്വേലയും ബോളീവിയയും. മുതലാളിത്ത സമ്പദ്ഘടനയ്ക്ക് അകത്തു നിന്നുകൊണ്ടു തന്നെ ജനങ്ങളുടെ ക്ഷേമത്തിനു ഫലപ്രദമായ നടപടികളെടുക്കാമെന്ന് ബ്രസീലിലെയും ചിലിയിലെയും നിക്കരഗ്വയിലെയും ഇക്വഡോറിലെയും ഇടതുപക്ഷ ചായ്‌വുള്ള ഗവണ്‍മെന്റുകള്‍ കാണിച്ചുതന്നു.

അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുകയും ആഭ്യന്തരമായി മൗലികമായ മാറ്റങ്ങളുണ്ടാക്കുകയും ചെയ്ത വെനിസ്വേലയിലെ ഷാവേസാണ് തന്റെ മാതൃകയും ആരാധനാപാത്രവുമെന്ന് ഹുമാല തിരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞിരുന്നു. ഷാവേസിന്റെയും ബൊളീവിയയിലെ മൊറെയ്‌സിന്റെയും പാത ഹുമാല പിന്തുടരുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. ബ്രസീലിന്റെയും ചിലിയുടെയും മാതൃക പെറു സ്വീകരിക്കാനാണ് കൂടുതല്‍ സാധ്യത.

അമേരിക്കയുടെ മുറ്റത്തുള്ള ലാറ്റിനമേരിക്ക, ബഹുരാഷ്ട്ര കമ്പനികള്‍ നിയന്ത്രിക്കുന്ന നവലിബറല്‍ സാമ്പത്തികനയങ്ങളില്‍ നിന്നു കുതറി മാറാന്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി ശ്രമിച്ചുവരികയായിരുന്നു. അതു തടയാന്‍ അമേരിക്ക കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല. അരനൂറ്റാണ്ട് മുമ്പ് പശ്ചിമാര്‍ധഗോളത്തില്‍ ഒരു ക്യൂബ മാത്രമേ അമേരിക്കന്‍ സാമ്രാജ്യത്വത്തെ ചെറുക്കാനും സോഷ്യലിസത്തിന്റെ പാതയില്‍ നില്‍ക്കാനുമുണ്ടായിരുന്നുള്ളു. ഗ്വോട്ടിമാലയിലും ചിലിയിലും ഇടതുപക്ഷശക്തികള്‍ മുന്‍കൈ നേടിയപ്പോള്‍ അമേരിക്ക നേരിട്ട് ഇടപ്പെട്ടു. അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ നടത്തിയ അട്ടിമറിയിലൂടെ ഗ്വാട്ടിമാലയിലെയും ചിലിയിലെയും ഇടതുപക്ഷ സര്‍ക്കാരുകളെ തകര്‍ത്തു. ആജ്ഞാനുവര്‍ത്തികളായ പട്ടാള സ്വേഛാധിപതികളെ വാഴിച്ച് ലാറ്റിനമേരിക്കയെ അടക്കിവാഴുകയായിരുന്നു അമേരിക്കയും ബഹുരാഷ്ട്ര കമ്പനികളും. ജനാധിപത്യശക്തികളെ നിഷ്ഠൂരം അടിച്ചമര്‍ത്തിയ പട്ടാള സ്വേഛാധിപത്യങ്ങള്‍ കൊല ചെയ്തവര്‍ക്ക് കണക്കില്ല. തീഷ്ണവും ത്യാഗനിര്‍ഭരവുമായ സമരങ്ങളിലൂടെയാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ അമേരിക്കന്‍ പാവഭരണകൂടങ്ങളെ കടപുഴക്കിയത്. ജനാധിപത്യമാര്‍ഗത്തിലൂടെ തിരഞ്ഞെടുപ്പില്‍ മഹാഭൂരിപക്ഷം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഇടതുപക്ഷ ചായ്‌വുള്ള സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നു. അതിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് പെറു. ലോകം ഏതു ദിശയിലേയ്ക്കാണ് നീങ്ങുന്നതെന്നതിന്റെ ചൂണ്ടുപലകയാണ് പെറുവിലെ വിജയം.

janayugom editorial 080611

1 comment:

  1. ഇടതുപക്ഷത്തിനനുകൂലമായ കാറ്റ് ആഞ്ഞുവീശുന്ന ലാറ്റിനമേരിക്കയില്‍ ഒരു രാജ്യം കൂടി വലതുപക്ഷ ഭരണച്ചങ്ങല പൊട്ടിച്ചെറിഞ്ഞു. പെറുവാണ് ഏറ്റവും ഒടുവില്‍ ഇടതുപക്ഷത്തേയ്ക്ക് നീങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യം. പെറുവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 51.5 വോട്ടു നേടി ഇടതുപക്ഷചായ്‌വുള്ള ഒലാന്ത ഹുമാല വിജയിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രഥമഘട്ടത്തില്‍ മത്സരരംഗത്തുണ്ടായിരുന്ന അഞ്ചു സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ഏറ്റവും കൂടുതല്‍ വോട്ടു നേടിയ ഹുമാലയും വലതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായ കീകോ ഫുജിമോറയും രണ്ടാംഘട്ടത്തില്‍ ഏറ്റുമുട്ടിയത്. പെറുവിലെ മുന്‍പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫുജിമോറിയുടെ മകളാണ് കീകോ. അഴിമതി, മനുഷ്യാവകാശലംഘനം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് 25 വര്‍ഷം തടവുശിക്ഷ ലഭിച്ച ആല്‍ബര്‍ട്ടോ ഇപ്പോള്‍ ജയിലിലാണ്. നാട്ടിനകത്തും പുറത്തുമുള്ള വന്‍കിട വ്യവസായികളുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും പൂര്‍ണ പിന്തുണ കീകോയ്ക്കായിരുന്നു. പെറുവിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയും അവര്‍ക്കായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണവും വെള്ളിയും ചെമ്പും ഉല്‍പ്പാദിപ്പിക്കുന്ന അഞ്ചു രാജ്യങ്ങളിലൊന്നായ പെറുവിന്റെ അമൂല്യമായ ഖനിജങ്ങള്‍ കൊള്ളയടിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ ഇടതുപക്ഷ ചായ്‌വുള്ള ഒരാള്‍ പ്രസിഡന്റായി വരുന്നതു തടയാന്‍ പതിനെട്ടടവും പയറ്റിയിരുന്നു.

    ReplyDelete