Wednesday, June 8, 2011

പേരുമാറ്റി ഇരട്ടിവില; രോഗികളെ പിഴിഞ്ഞ് മരുന്നു കമ്പനികള്‍

പഴയ മരുന്നുകള്‍ പേരുമാറ്റി പുറത്തിറക്കി വന്‍കിട മരുന്നുകമ്പനികള്‍ കോടികള്‍ കൊയ്യുന്നു. പഴയ മരുന്നിന്റെ രാസഘടനയില്‍ ചെറിയ മാറ്റംവരുത്തി കൂടുതല്‍ ഫലപ്രദമെന്ന് പ്രചരിപ്പിച്ചാണ് മരുന്നിന് വന്‍ വില ഈടാക്കുന്നത്. നിലവിലുള്ള മരുന്നിന്റെ വില കൂട്ടാന്‍ മരുന്ന് കമ്പനികള്‍ ദേശീയ മരുന്ന് വിലനിര്‍ണയകമ്മിറ്റിയുടെ (എന്‍പിപിഎ) അംഗീകാരംതേടണം. എന്നാല്‍ പുതിയ മരുന്ന് വിപണിയിലിറക്കാനും അതിനു വിലയിടാനും അനുമതി വേണ്ട. ഈ പഴുതിലൂടെയാണ് പുതിയ മരുന്നുകള്‍ പുറത്തിറങ്ങുന്നത്. ഇത്തരം മരുന്നുകള്‍ക്ക് മുമ്പുണ്ടായിരുന്ന മരുന്നുകളെക്കാള്‍ മേന്മയൊന്നും അവകാശപ്പെടാനില്ല. മികച്ച മരുന്നാണെങ്കില്‍ പേറ്റന്റ് ഇല്ലാതെ വിപണിയിലിറക്കുകയുമില്ല. മരുന്ന് പഴയതിലും മികച്ചതാണെന്നും വര്‍ഷങ്ങളുടെ ഗവേഷണത്തിലൂടെയാണ് കണ്ടുപിടിച്ചതെന്നും മറ്റും തട്ടിവിട്ടാണ് വന്‍ കൊള്ള. വന്‍ വിലയിട്ടാണ് ആദ്യം മരുന്ന് പുറത്തിറക്കുക. പേറ്റന്റ് ഇല്ലാത്തതിനാല്‍ മറ്റു കമ്പനികളും ഇതേ മരുന്ന് വിപണിയിലെത്തിക്കും. ആദ്യമിറക്കിയ കമ്പനി തുടര്‍ന്ന് മരുന്നിന് ഗണ്യമായി വില കുറയ്ക്കും. അപ്പോള്‍ അവര്‍ക്കാവും വിപണിയില്‍ മേല്‍കൈ. വില്‍പ്പനയുടെ ഭൂരിഭാഗവും കൈപ്പിടിയിലൊതുക്കിയ കമ്പനി മരുന്നു വില വീണ്ടും പഴയ പടി ഉയര്‍ത്തും.

പിപ്രോസിലിം-ടാസോപാക്ടം ആന്റിബയോട്ടിക് കുത്തിവയ്പ് ബഹുരാഷ്ട്ര കുത്തകയായ അല്‍കെം ആണു ആദ്യം പുറത്തിറക്കിയത്. 4.5 ഗ്രാമിന്റെ കുത്തിവയ്പ്പിന് 390 രൂപയായിരുന്നു ആദ്യ വില. 6 മാസത്തിനകം മറ്റ് കമ്പനികള്‍ ഇതേ മരുന്നുമായി രംഗത്തെത്തിയപ്പോള്‍ നൂറു രൂപ കുറച്ചു. തുടര്‍ന്ന് മാര്‍ക്കറ്റ് ലീഡറായപ്പോള്‍ വീണ്ടും വില കൂട്ടി. ഇപ്പോള്‍ വില 338 രൂപ. മറ്റു കമ്പനികളായ അരിസ്റ്റോയും മാക്കലോയ്ഡ്സും ഇതേ വിലയ്ക്ക് മരുന്ന് വില്‍ക്കുന്നുണ്ട്. അയണ്‍ ടാബ്ലെറ്റുകളും ഇത്തരത്തിലിറക്കിയിട്ടുണ്ട്. 60-70 പൈസക്ക് കിട്ടിയിരുന്ന ഇവയ്ക്കിപ്പോള്‍ രണ്ടു രൂപ മുതലാണ് വില. രാസഘടനയില്‍ മാറ്റം വരുത്തിയെന്ന് അവകാശപ്പെടുന്ന അയണ്‍ ഗുളികകള്‍ക്ക് 8 രൂപ വരെ വില വരും. സെസിക്സിം, സെക്ട്രിയാസോണ്‍ , അമിക്കസിന്‍ തുടങ്ങിയ മരുന്നുകളുടെ കാര്യത്തിലൂം ഇതു തന്നെയാണ് സംഭവിച്ചത്. സെക്ട്രിയാസോണ്‍ -സോഡിയം കുത്തിവയ്പ്പിന്റെ വില 40 രൂപയാക്കി കുറച്ച ശേഷം 80 രൂപയാക്കി വര്‍ധിപ്പിച്ചു. അമിക്കസിന്റെ വില 36ല്‍ നിന്ന് 66 ആയിട്ടാണ് വര്‍ധിപ്പിച്ചത്. മിക്കവാറും എല്ലാ ആന്റിബയോട്ടിക്- ജീവന്‍രക്ഷാമരുന്നുകളുടെ കാര്യത്തിലും വില വര്‍ധന ഇതേ രീതിയിലാണെന്ന്് കേരള മെഡിക്കല്‍ സെയില്‍സ് റെപ്രസന്‍റ്റേറ്റീവ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കല്ലറ മധു പറഞ്ഞു.

deshabhimani 080611

1 comment:

  1. പഴയ മരുന്നുകള്‍ പേരുമാറ്റി പുറത്തിറക്കി വന്‍കിട മരുന്നുകമ്പനികള്‍ കോടികള്‍ കൊയ്യുന്നു. പഴയ മരുന്നിന്റെ രാസഘടനയില്‍ ചെറിയ മാറ്റംവരുത്തി കൂടുതല്‍ ഫലപ്രദമെന്ന് പ്രചരിപ്പിച്ചാണ് മരുന്നിന് വന്‍ വില ഈടാക്കുന്നത്. നിലവിലുള്ള മരുന്നിന്റെ വില കൂട്ടാന്‍ മരുന്ന് കമ്പനികള്‍ ദേശീയ മരുന്ന് വിലനിര്‍ണയകമ്മിറ്റിയുടെ (എന്‍പിപിഎ) അംഗീകാരംതേടണം. എന്നാല്‍ പുതിയ മരുന്ന് വിപണിയിലിറക്കാനും അതിനു വിലയിടാനും അനുമതി വേണ്ട. ഈ പഴുതിലൂടെയാണ് പുതിയ മരുന്നുകള്‍ പുറത്തിറങ്ങുന്നത്

    ReplyDelete