Monday, June 6, 2011

രാംദേവിന്റെ ഒഴിപ്പിക്കല്‍ : കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: രാംലീല മൈതാനത്ത് സത്യഗ്രഹം നടത്തിയ യോഗ ഗുരു ബാബാ രാംദേവിനെ ബലംപ്രയോഗിച്ച് ഒഴിപ്പിച്ചതില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി കാരണം കാണിക്കല്‍ നോട്ടീസയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഡല്‍ഹി ചീഫ് സെക്രട്ടറി, ഡല്‍ഹി പൊലീസ് എന്നിവര്‍ക്കയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസുമാരായ ബി എസ് ചൗഹാന്‍ , സ്വതന്തര്‍ കുമാര്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് രാംദേവിന്റെ ഒഴിപ്പിക്കല്‍ പ്രശ്നത്തില്‍ സ്വമേധയാ ഇടപെട്ടത്. കേസ് ജൂലൈ രണ്ടാം വാരത്തിലേക്ക് മാറ്റി.

നോയിഡയില്‍ രാംദേവിന്റെ സമരം അനുവദിക്കില്ല: മായാവതി

ന്യൂഡല്‍ഹി: ബാബ രാംദേവിനെ നോയിഡയില്‍സത്യഗ്രഹം നടത്താന്‍ അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി. സംസ്ഥാനത്തിന്റെ ഒരു ഭാഗത്തും രാംദേവിനെ സമരം നടത്താന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. നേരത്തെ നോയിഡയില്‍ സമരം നടത്താന്‍ രാംദേവ് മായാവതിയോട് അനുമതി ആവശ്യപ്പെട്ടിരുന്നു.

രാംദേവിനെതിരെ കലാപശ്രമത്തിന് കേസ്

ന്യൂഡല്‍ഹി: കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ എന്ന പേരില്‍ ഉപവാസസമരം നടത്തിയ ബാബ രാംദേവിനെതിരെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനു ഡല്‍ഹി പൊലീസ് കേസെടുത്തു. അറസ്റ്റു ചെയ്തു നീക്കിയ രാംഗദവിനെ ഡെറാഡൂണിലെത്തിച്ചു.. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അറസ്റ്റ്. ഡല്‍ഹി രാംലീല മൈതാനിയില്‍ യോഗക്യാമ്പിനെന്ന പേരിലാണ് രാംദേവ് സമരത്തിന് അനുമതി വാങ്ങിച്ചിരുന്നത്. ഇത് പൊലീസ് റദ്ദാക്കുകയും സ്ഥലംവിട്ട് പോകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതിന് തയാറാകാത്ത സാഹചര്യത്തിലായിരുന്നു അറസ്റ്റ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

രാംദേവിനെ അറസ്റ്റു ചെയ്തതതില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്തിറങ്ങിയിട്ടുണ്ട്.ബാബ രാംദേവിന്റെ ആര്‍ഭാടപൂര്‍ണമായ ഉപവാസസമരത്തിന് ബിജെപിയും ആര്‍എസ്എസും പിന്തുണച്ചിരുന്നു. സ്ഥലത്തു നിന്നും ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ടിട്ടും പോകാത്തവരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചാണ് നീക്കിയത്. ആവശ്യങ്ങളില്‍ ചിലത് അംഗീകരിച്ചുള്ള കത്ത് കേന്ദ്രസര്‍ക്കാര്‍ രാത്രിതന്നെ തയ്യാറാക്കി സമരപ്പന്തലില്‍ എത്തിച്ചു. കള്ളപ്പണം വീണ്ടെടുക്കാന്‍ നിയമനിര്‍മാണം നടത്തുന്നതിന് സമിതി രൂപീകരിക്കും, വീണ്ടെടുക്കുന്ന കള്ളപ്പണം ദേശീയ സ്വത്തായി പ്രഖ്യാപിക്കും, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കും തുടങ്ങിയ ഉറപ്പ് നല്‍കിയുള്ള കത്ത്് കൈമാറിയതായി കേന്ദ്രമന്ത്രി സുബോധ് കാന്ത് സഹായി പറഞ്ഞു. എന്നാല്‍ ,ഇതുസംബന്ധിച്ച് രാംദേവിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായത്.

തന്ത്രങ്ങള്‍ പൊളിഞ്ഞ് സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാംദേവിനു നേരെ ഉയര്‍ന്ന വിമര്‍ശനത്തിന്റെ കുന്തമുന ഒറ്റരാത്രി കൊണ്ട് കേന്ദ്രസര്‍ക്കാരിനു നേരെ തിരിഞ്ഞു. വിവാദ സ്വാമിയുടെ നിലപാടുകളോടും ആഡംബര സമരരീതിയോടും രാജ്യത്താകമാനം കടുത്ത അഭിപ്രായഭിന്നത നിലനിന്നിരുന്നു. എന്നാല്‍ , ഒരുദിവസം പിന്നിടുംമുമ്പേ സമരത്തിനുനേരെ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടി രൂക്ഷവിമര്‍ശം ക്ഷണിച്ചുവരുത്തി. രാജ്ഘട്ടില്‍ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നിരാഹാരസമരം കാണിക്കുന്നത് സംഘപരിവാര്‍ ഈപ്രക്ഷോഭത്തെ വളര്‍ത്താന്‍ ലക്ഷ്യമിടുന്നുവെന്നാണ്.

രാംദേവിന്റെ പ്രക്ഷോഭത്തെ നേരിടുന്നതില്‍ സര്‍ക്കാര്‍ ആദ്യമേ പരാജയപ്പെട്ടിരുന്നു. ഉജ്ജയിനിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിയപ്പോള്‍തന്നെ രാംദേവിനെ അറസ്റ്റുചെയ്ത് നീക്കിയിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. ഈ ലക്ഷ്യത്തോടെയാണ് മുതിര്‍ന്ന ക്യാബിനറ്റംഗമായ പ്രണബ്മുഖര്‍ജി വിമാനത്താവളത്തില്‍പോയി രാംദേവിനെ കണ്ടതെന്നതാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ വിശദീകരണം. ഏതായാലും അത് നടന്നില്ല. സര്‍ക്കാരിന്റെ ഈ നീക്കത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പത്താം നമ്പര്‍ ജന്‍പഥുമായി അടുത്ത ബന്ധമുള്ളയാളുമായ ദിഗ്വിജയ്സിങ് രൂക്ഷമായി വിമര്‍ശിച്ചത് പാര്‍ടിയും സര്‍ക്കാരും രണ്ട് തട്ടിലാണെന്ന ധാരണ പരത്തി.

രാംദേവ് സമരം ആരംഭിക്കുന്നതിനുമുമ്പ് വെള്ളിയാഴ്ച നടന്നചര്‍ച്ചയില്‍, ശനിയാഴ്ച വൈകിട്ട് അഞ്ചിന് സത്യഗ്രഹം അവസാനിപ്പിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നുവത്രെ. എന്നാല്‍ രാംദേവിനെ തുറന്നുകാണിക്കുന്നതിനുപകരം അര്‍ധരാത്രി എല്ലാവരും ഉറങ്ങുന്ന സമയത്ത് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ച് സമരം അവസാനിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സമരം തുടങ്ങുന്നതിനുമുമ്പ് തന്നെ ഒരുദിവസംക്കൊണ്ട് സമരം അവസാനിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയതിലൂടെ രാംദേവിന്റെ കള്ളക്കളിയും വെളിച്ചത്തായി. കള്ളപ്പണമോ അഴിമതിയോ അല്ല ഗൂഢമായ രാഷ്ട്രീയലക്ഷ്യമാണ് രാംദേവിനുള്ളതെന്ന് സമര്‍ഥിക്കാന്‍ ഇതുമതിയായിരുന്നു. അഴിമതി ഫലപ്രദമായി നേരിടാന്‍ തയ്യാറാകാത്ത സര്‍ക്കാരിനെതിരെ വന്‍ ജനരോഷം വരും നാളുകളില്‍ ഉയര്‍ന്നുവരുമെന്ന സൂചനയാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇത് അതിജീവിക്കാന്‍ ദുര്‍ബലമായി വരുന്ന സര്‍ക്കാരിന് കഴിയില്ലെന്ന് വ്യക്തമാണ്.

രാംദേവിന്റെ സമരം: കഥ ഇതുവരെ

ന്യൂഡല്‍ഹി: സായുധരായ നൂറുകണക്കിന് പൊലീസുകാര്‍ , വേദിയില്‍നിന്ന് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ചാടിയിറങ്ങുന്ന സത്യഗ്രഹി, അനുചരവൃന്ദം തീര്‍ത്ത വലയം ഭേദിക്കാന്‍ ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതകപ്രയോഗം- പോയ രാവില്‍ തലസ്ഥാന നഗരം സാക്ഷിയായത് യുദ്ധസമാന രംഗങ്ങള്‍ക്ക്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ സന്ധിയില്ലാസമരം എന്നപേരില്‍ യോഗ ഗുരു ബാബ രാംദേവ് നടത്തിയ നിരാഹാരത്തിന് വേദിയായ ഡല്‍ഹി രാംലീല മൈതാനിയിലാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.

സംഭവപരമ്പര ഇങ്ങനെ:

ജൂണ്‍ ഒന്ന്: ജൂണ്‍ നാലുമുതല്‍ നിരാഹാരസമരം പ്രഖ്യാപിച്ച രാംദേവ് ഉജ്ജയിനില്‍നിന്ന് ഡല്‍ഹിയില്‍ വിമാനമിറങ്ങുന്നു. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജി, കപില്‍ സിബല്‍ , പി കെ ബന്‍സല്‍ , സുബോധ് കാന്ത് സഹായ് എന്നിവര്‍ വിമാനത്താവളത്തിലെത്തി രാംദേവുമായി ചര്‍ച്ച നടത്തുന്നു. മന്ത്രിമാരെ ചര്‍ച്ചയ്ക്കായി വിമാനത്താവളത്തിലേക്ക് അയച്ചതിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍വരെ വിമര്‍ശിക്കുന്നു.

ജൂണ്‍ രണ്ട്: കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും രാംദേവും തമ്മില്‍ ചര്‍ച്ച തുടര്‍ന്നു.

ജൂണ്‍ മൂന്ന്: കപില്‍ സിബലും സുബോധ് കാന്ത് സഹായിയും രാംദേവുമായി ചര്‍ച്ച തുടരുന്നു. മിക്കവാറും പ്രശ്നങ്ങളില്‍ ഒത്തുതീര്‍പ്പായെന്ന് ഇരുപക്ഷവും മാധ്യമങ്ങളെ അറിയിക്കുന്നു. വൈകുന്നേരത്തോടെ സമരത്തില്‍ ഉറച്ചുനില്‍ക്കുന്നതായി രാംദേവിന്റെ പ്രഖ്യാപനം.

ജൂണ്‍ നാല്: രാംലീല മൈതാനിയില്‍ രാംദേവ് നിരാഹാരം ആരംഭിച്ചു. സര്‍ക്കാര്‍ അനുകൂലസമീപനമെടുത്താല്‍ അര്‍ധരാത്രിയോടെ സമരം പിന്‍വലിക്കാമെന്ന രാംദേവിന്റെ കത്ത് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. സര്‍ക്കാര്‍നടപടി വഞ്ചനയെന്ന് രാംദേവ്. ഇതോടെ ഇരുപക്ഷവും നിലപാട് ശക്തമാക്കുന്നു. സമരത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് രാംദേവിന് കേന്ദ്ര സര്‍ക്കാരിന്റെ കത്ത്. പുലര്‍ച്ചെ ഒന്നോടെ വന്‍പൊലീസ് വ്യൂഹം സമരപ്പന്തലിലേക്ക്. വേദിയില്‍നിന്ന് സദസ്സിലേക്ക് ചാടിയ രാംദേവ് അനുയായികള്‍ക്കിടയില്‍ പ്രസംഗം ആരംഭിച്ചു. വലയം സൃഷ്ടിച്ചവരെ മാറ്റാന്‍ പൊലീസ് ലാത്തിയടിയും കണ്ണീര്‍വാതകപ്രയോഗവും. സ്ത്രീകള്‍ക്കിടയിലേക്ക് നീങ്ങിയ രാംദേവ് ഏറെ നേരം അപ്രത്യക്ഷനായി. രണ്ടരയോടെ അദ്ദേഹത്തെ തോളിലെടുത്ത് അനുയായികള്‍ നിലയുറപ്പിച്ചു. പുലര്‍ച്ചെ നാലരയോടെ അനുയായികളെയും ഒഴിപ്പിച്ചു. ആദ്യമണിക്കൂറുകളില്‍ രാംദേവ് എവിടെയെന്ന് ആശങ്ക. പിന്നീട് അദ്ദേഹം സഫ്ദര്‍ജങ് പൊലീസ് സ്റ്റേഷനിലുണ്ടെന്ന് സ്ഥിരീകരണം. പ്രക്ഷോഭ സാധ്യത മുന്‍നിര്‍ത്തി രാംദേവിനെ ഡല്‍ഹിയില്‍നിന്ന് മാറ്റാന്‍ ഉത്തരവ്. അദ്ദേഹത്തെ ഹരിദ്വാറിലേക്ക് കൊണ്ടുപോകുന്നു. രാംദേവിന് 15 ദിവസത്തേക്ക് ഡല്‍ഹിയില്‍ വിലക്ക്. സര്‍ക്കാര്‍നിര്‍ദേശത്തെതുടര്‍ന്ന് രാംലീല മൈതാനിയിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കാന്‍ ആരംഭിച്ചു.

ബലപ്രയോഗം ഉന്നത തല തീരുമാനത്തിന്റെ ഭാഗം

ന്യൂഡല്‍ഹി: രാംലീല മൈതാനിയില്‍ നടന്ന ബാബ രാംദേവിന്റെ നിരാഹാരസമരത്തെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചത് ഉന്നത തല തീരുമാനത്തിന്റെ ഭാഗമായി. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായി. പ്രധാനമന്ത്രിയുടെയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെയും അറിവോടെയാണ് തീരുമാനം നടപ്പാക്കിയത്. അനുനയിപ്പിച്ചും പുകഴ്ത്തിയും രാംദേവിനെ സമരത്തില്‍നിന്ന് പിന്തരിപ്പിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഫലം കാണാതെ വന്നതോടെയാണ് ബലംപ്രയോഗിച്ച് നീക്കാന്‍ തീരുമാനമായത്.

പൊലീസ് നടപടി അപലപനീയം: സിപിഐ എം

ന്യൂഡല്‍ഹി: രാംദേവിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കുമെതിരെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് അര്‍ധരാത്രി നടന്ന പൊലീസ് നടപടിയെ സിപിഐ എം അപലപിച്ചു. പൊലീസ് നടപടി ദീര്‍ഘവീക്ഷണമില്ലാത്തതാണ്. നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ചിലരുടെ പരിക്ക് ഗുരുതരവുമാണ്. ക്രമസമാധാന പ്രശ്നം ഉണ്ടാകാത്ത സാഹചര്യത്തില്‍ നടന്ന പൊലീസ് നടപടി അനാവശ്യമാണെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ , രാംദേവും കേന്ദ്രസര്‍ക്കാരും സ്വീകരിച്ച നിലപാടുകള്‍ കള്ളപ്പണമെന്ന ഗുരുതര വിഷയത്തെ ലഘൂകരിക്കുകയും പരിഹാസ്യമാക്കുകയുംചെയ്തു. രാംദേവ് ആവശ്യമുയര്‍ത്തിയ രീതിയും സര്‍ക്കാരുമായുള്ള ഇടപെടലുകളും സര്‍ക്കാരില്‍നിന്നുള്ള ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കാമെന്ന രഹസ്യധാരണയും അത് ലംഘിച്ച് സമരം നീട്ടിയതും മറ്റും ഇതാണ് കാണിക്കുന്നത്. സര്‍ക്കാരും രാംദേവും പിന്നാമ്പുറത്തു വച്ചുണ്ടാക്കിയ ഒത്തുതീര്‍പ്പ് പൊളിഞ്ഞു. അതോടൊപ്പം സര്‍ക്കാരിന്റെയും രാംദേവിന്റെയും വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടു. സത്യഗ്രഹപ്പന്തലില്‍ വര്‍ഗീയ ശക്തികളുടെ സാന്നിധ്യം രാംദേവിന്റെ ആശയപരമായ പക്ഷപാതിത്വം വ്യക്തമാക്കി. കള്ളപ്പണം ഇല്ലാതാക്കേണ്ടതും ഇന്ത്യന്‍ പൗരന്മാര്‍ വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം തിരിച്ചുകൊണ്ടുവരേണ്ടതും ഗൗരവമുള്ള വിഷയമാണ്. അതില്‍ പൊതുജനങ്ങള്‍ക്ക് ഉല്‍ക്കണ്ഠയുണ്ടാകുന്നത് സ്വാഭാവികമാണ്. വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് സുപ്രീംകോടതിതന്നെ വിമര്‍ശിച്ചതാണ്. കോണ്‍ഗ്രസ് പാര്‍ടിക്കും യുപിഎ സര്‍ക്കാരിനും കള്ളപ്പണപ്രശ്നം പരിഹരിക്കുന്നതില്‍ താല്‍പ്പര്യമില്ലെന്ന് ഇത് വ്യക്തമാക്കുന്നു. കള്ളപ്പണം രാജ്യത്തേക്ക് കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുകയും കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തുകയും ചെയ്യണമെന്നും പിബി ആവശ്യപ്പെട്ടു.

കേന്ദ്രനടപടി അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നു: വി എസ്

തൃശൂര്‍ : ഡല്‍ഹി രാംലീല മൈതാനിയില്‍ ഞായറാഴ്ച അര്‍ധരാത്രി നടന്ന സംഭവങ്ങള്‍ അടിയന്തരാവസ്ഥക്കാലത്തേതിന്് തുല്യമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ബാബാ രാംദേവിനോട് തനിക്ക് യോജിപ്പില്ല. വിമര്‍ശനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തിന്റെ ഉദാഹരണമാണ് പൊലീസ് നടപടി. കേന്ദ്രസര്‍ക്കാര്‍ അടിമുടി അഴിമതിയില്‍ മുങ്ങിയിരിക്കയാണ്. ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ഇത്തരം നയങ്ങള്‍ക്കെതിരെ നിരന്തരപ്രക്ഷോഭത്തിലാണ്. എന്നാല്‍ , അതിനു കക്ഷിരാഷ്ട്രീയത്തിന്റെ മുഖം നല്‍കുകയാണ് സമൂഹം- വി എസ് പറഞ്ഞു.

ലോക്പാല്‍ യോഗം ബഹിഷ്കരിക്കും; 8ന് ഉപവാസം: ഹസാരെ

ന്യൂഡല്‍ഹി: രാംദേവിന്റെ സമരത്തിനു നേരെ നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ചത്തെ ലോക്പാല്‍ സമിതിയോഗം പൗരസമൂഹത്തിന്റെ അഞ്ചുപ്രതിനിധികളും ബഹിഷ്ക്കരിക്കുമെന്ന് അണ്ണ ഹസാരെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതേക്കുറിച്ച് പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി, ജുഡീഷ്യറി, ബ്യൂറോക്രസി എന്നിവയെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച സര്‍ക്കാരിന്റെ പ്രതികരണമറിഞ്ഞതിനു ശേഷം മാത്രമേ തുടര്‍ന്നുള്ള യോഗത്തിലും പങ്കെടുക്കണമോ എന്ന് തീരുമാനിക്കൂവെന്നും അണ്ണ ഹസാരെ അറിയിച്ചു. ജൂണ്‍ എട്ടിന് ജന്ദര്‍മന്ദിറില്‍ ഉപവസിക്കുമെന്നും അദ്ദേഹം അറിയിച്ചു.

deshabhimani 060611

1 comment:

  1. രാംലീല മൈതാനത്ത് സത്യഗ്രഹം നടത്തിയ യോഗ ഗുരു ബാബാ രാംദേവിനെ ബലംപ്രയോഗിച്ച് ഒഴിപ്പിച്ചതില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി കാരണം കാണിക്കല്‍ നോട്ടീസയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഡല്‍ഹി ചീഫ് സെക്രട്ടറി, ഡല്‍ഹി പൊലീസ് എന്നിവര്‍ക്കയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസുമാരായ ബി എസ് ചൗഹാന്‍ , സ്വതന്തര്‍ കുമാര്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് രാംദേവിന്റെ ഒഴിപ്പിക്കല്‍ പ്രശ്നത്തില്‍ സ്വമേധയാ ഇടപെട്ടത്. കേസ് ജൂലൈ രണ്ടാം വാരത്തിലേക്ക് മാറ്റി.

    ReplyDelete