Friday, June 17, 2011

വികസനത്തിന് ഇരകളുണ്ടാവരുത്

വന്‍കിട പദ്ധതികള്‍ക്കു വേണ്ടി സര്‍ക്കാര്‍ ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ രാജ്യത്ത് പലയിടത്തും ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്. ഉത്തര്‍പ്രദേശ്, ഹരിയാന, ഒറീസ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഭൂമി ഏറ്റെടുക്കലിനെതിരായ സമരം സമീപദിനങ്ങളില്‍ ശക്തിപ്പെട്ടുവരികയാണ്. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും സമരങ്ങള്‍ നടന്നിട്ടും ഇതുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിച്ച് സമഗ്രമായ നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ താമസിക്കുന്നത് എന്തുകൊണ്ടെന്നു വ്യക്തമല്ല. സമഗ്രമായ ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സമരങ്ങള്‍ അനുദിനം തീവ്രമാവുന്ന സാഹചര്യം കണക്കിലെടുത്ത് ഇത് ഏതുഘട്ടത്തില്‍ എത്തിയെന്നെങ്കിലും കേന്ദ്രം വ്യക്തമാക്കേണ്ടതുണ്ട്.

എന്തെങ്കിലും നഷ്ടപരിഹാരം കൊടുത്ത് ഒതുക്കിത്തീര്‍ക്കാവുന്ന പ്രശ്‌നമല്ല, ഭൂമി ഏറ്റെടുക്കലിലൂടെ ഉണ്ടാവുന്നത്. പല തലങ്ങളില്‍ പരിഗണിക്കപ്പെടേണ്ട സങ്കീര്‍ണമായ വിഷയമാണത്. ഏതു വിധത്തിലുള്ള പദ്ധതിക്കു വേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത്, ഏറ്റെടുക്കല്‍ അനിവാര്യമാണോ തുടങ്ങിയ പ്രാഥമിക കാര്യങ്ങള്‍ മുതല്‍ ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം, അവരുടെ പുനരധിവാസം, അവരുടെയും ആ ഭൂമിയെ ആശ്രയിച്ചു കഴിഞ്ഞിരുന്നവരുടെയും ഉപജീവനം, ഒരു പദ്ധതിക്കു വേണ്ടി വന്‍തോതില്‍ ഭൂമി ഉപയോഗിക്കപ്പെടുന്നതിലൂടെ ആ പ്രദേശത്തുണ്ടാവുന്ന സാമൂഹ്യ, സാമ്പത്തിക മാറ്റങ്ങള്‍, പാരിസ്ഥിതിക പ്രത്യാഘാതം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ട്. ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന നിയമത്തിലാണെങ്കില്‍ ഇതില്‍ ഒന്നുമാത്രമാണ്-ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം- ഭാഗികമായെങ്കിലും പരിഗണിക്കപ്പെടുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത്, 1894ല്‍ നിര്‍മിക്കപ്പെട്ട നിയമം അനുസരിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഇപ്പോഴും സര്‍ക്കാരുകള്‍ ഭൂമി ഏറ്റെടുക്കുന്നത്.  ഭരണകൂടമാണ് എല്ലാത്തിന്റെയും അധിപതിയെന്ന കൊളോണിയല്‍ സങ്കല്‍പ്പത്തെ അടിസ്ഥാനമാക്കി നിര്‍മിക്കപ്പെട്ട ഈ നിയമം പൗരാവകാശങ്ങള്‍ക്ക് വലിയ പ്രാധാന്യമൊന്നും കല്‍പ്പിക്കുന്നില്ല. പൊതുതാല്‍പ്പര്യം എന്ന പേരില്‍ ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമം നഷ്ടപരിഹാരമായി ഉടമയ്ക്ക് വസ്തുവില നല്‍കാനാണ് വ്യവസ്ഥ ചെയ്യുന്നത്. വസ്തുവിലയും വാങ്ങി ഒഴിഞ്ഞുപോവേണ്ടിവരുന്ന ഉടമ പിന്നീടെങ്ങനെ ജീവിക്കും എന്നത് ഈ നിയമപ്രകാരം അധികാരികള്‍ അറിയേണ്ടതില്ല. അറുപതു പിന്നിട്ട ഒരു ജനാധിപത്യ രാഷ്ട്രം ഇത്തരത്തില്‍ മനുഷ്യത്വവിരുദ്ധമായ ഒരു നിയമം നിലനിര്‍ത്തിക്കൊണ്ടുപോവുന്നു എന്നത് ലജ്ജാകരമാണ്.

വന്‍കിട പദ്ധതികളിലൂടെ തൊഴിലവസരങ്ങളും സാമ്പത്തിക വളര്‍ച്ചയും സൃഷ്ടിക്കപ്പെടുന്നു എന്നതിനാല്‍ അവയെ പൊതുതാല്‍പ്പര്യം എന്ന നിര്‍വചനത്തില്‍ പെടുത്തി ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുക്കുകയാണ് പലയിടത്തും സര്‍ക്കാര്‍ ചെയ്യുന്നത്. പൊതുമേഖലയിലെ പദ്ധതികള്‍ക്കു മാത്രമല്ല, സ്വകാര്യ കുത്തകകളുടെ പദ്ധതിക്കും ഇത്തരത്തില്‍ ഭൂമി ഏറ്റെടുക്കുന്നു. കുത്തകകള്‍ക്കു കൊള്ളലാഭമുണ്ടാക്കാനുള്ള പദ്ധതിക്ക് ഭൂമി ഏറ്റെടുത്ത് നല്‍കി സര്‍ക്കാര്‍ ദല്ലാള്‍ പണി ചെയ്യുന്നതിനും ഉദാഹരണങ്ങള്‍ വേണ്ടുവോളമുണ്ട്. ഏറ്റെടുത്ത ഭൂമി ഒരു പദ്ധതിക്കും ഉപയോഗിക്കാതെ, റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനുപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെയൊന്നും ചോദ്യംചെയ്യുന്നതിനുള്ള വ്യവസ്ഥകളോ പരാതിപരിഹാര സംവിധാനമോ 1894ലെ നിയമത്തില്‍ ഇല്ലാത്തതുകൊണ്ട് നിശ്ശബ്ദം സഹിക്കുകയാണ് ഭൂമി നഷ്ടപ്പെടുന്നവര്‍ ചെയ്യുന്നത്.

ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുക മാത്രമല്ല, അവരുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതുകൂടിയാവണം പുതിയ ഭൂമിഏറ്റെടുക്കല്‍ നിയമം. ഭൂമി വിട്ടുകൊടുക്കുന്നവരുടെയും പരോക്ഷമായി ആ ഭൂമിയെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്നവരുടെയും അതിജീവനം ഉറപ്പാക്കാന്‍ നിയമത്തിനാവണം. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കും എന്നതുകൊണ്ടുതന്നെ ഫലഭൂയിഷ്ടമായ കൃഷിഭൂമി ഒരു പദ്ധതിക്കു വേണ്ടിയും ഏറ്റെടുക്കുന്ന സാഹചര്യമുണ്ടാവരുത്. സ്വകാര്യ മേഖലയിലെ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുത്തു നല്‍കുകയല്ല, മറിച്ച് ഭൂമി വിട്ടുകൊടുക്കുന്നവര്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്നും ദുരിതത്തിലാവുന്നില്ലെന്നും ഉറപ്പു വരുത്തുകയാവണം സര്‍ക്കാരിന്റെ ചുമതല. വികസനത്തിന് ഇരകളുണ്ടാവരുത്, ഇരകളെ സൃഷ്ടിക്കുന്ന വികസനം പൂര്‍ണമായ അര്‍ഥത്തില്‍ വികസനമാവില്ലതന്നെ.

ജനയുഗം മുഖപ്രസംഗം 160611

1 comment:

  1. വന്‍കിട പദ്ധതികള്‍ക്കു വേണ്ടി സര്‍ക്കാര്‍ ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ രാജ്യത്ത് പലയിടത്തും ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്. ഉത്തര്‍പ്രദേശ്, ഹരിയാന, ഒറീസ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഭൂമി ഏറ്റെടുക്കലിനെതിരായ സമരം സമീപദിനങ്ങളില്‍ ശക്തിപ്പെട്ടുവരികയാണ്. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും സമരങ്ങള്‍ നടന്നിട്ടും ഇതുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിച്ച് സമഗ്രമായ നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ താമസിക്കുന്നത് എന്തുകൊണ്ടെന്നു വ്യക്തമല്ല. സമഗ്രമായ ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സമരങ്ങള്‍ അനുദിനം തീവ്രമാവുന്ന സാഹചര്യം കണക്കിലെടുത്ത് ഇത് ഏതുഘട്ടത്തില്‍ എത്തിയെന്നെങ്കിലും കേന്ദ്രം വ്യക്തമാക്കേണ്ടതുണ്ട്.

    ReplyDelete