Friday, June 17, 2011

പെട്രോളിയം അഴിമതി തുടക്കംമുതല്‍ എതിര്‍ത്തത് സിപിഐ എം

പെട്രോളിയംമേഖലയിലെ വന്‍ അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കാണ് തുടക്കംമുതല്‍ സിപിഐ എം വഹിച്ചത്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രമുഖനേതാക്കള്‍ റിലയന്‍സിന്റെ അവിഹിതതാല്‍പ്പര്യങ്ങളുടെ സംരക്ഷകരായപ്പോള്‍ പൊതുധനം കൊള്ളയടിക്കുന്നതിനെതിരെ വിട്ടുവീഴ്ചയില്ലാതെ സമീപനമാണ് സിപിഐ എം സ്വീകരിച്ചത്. രാംദേവിനും അണ്ണ ഹസാരെക്കും അമിതപ്രാധാന്യം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയപാര്‍ടികളും ജനപ്രതിനിധികളും ഉന്നയിക്കുന്ന പ്രശ്നങ്ങളോട് മുഖംതിരിഞ്ഞ് നില്‍ക്കുകയായിരുന്നു. ഇതാണ് അരലക്ഷം കോടിയിലധികം രൂപ കൊള്ളയടിക്കാന്‍ റിലയന്‍സിനും മറ്റുസ്വകാര്യ പെട്രോളിയംക്കമ്പനികള്‍ക്കും അവസരം ഒരുക്കിയത്.

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗമായിരുന്ന അന്തരിച്ച ചിത്തബ്രത മജുംദാര്‍ 2006 ഡിസംബര്‍ 12ന് രാജ്യസഭയിലുയര്‍ത്തിയ ചോദ്യത്തിലൂടെയാണ് കൃഷ്ണ-ഗോദാവരി തീരത്തെ വാതക ഖനനവുമായി ബന്ധപ്പെട്ട അഴിമതി പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ വന്നത്. 9000 കോടി രൂപയാണ് വാതക ഉല്‍പ്പാദനത്തിനുള്ള ചെലവെന്ന് ആദ്യം സമര്‍പ്പിച്ച പദ്ധതിയില്‍ റിലയന്‍സ് പറഞ്ഞിരുന്നു. ഇതുവര്‍ധിപ്പിക്കാന്‍ നീക്കമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കവെയാണ് അന്നത്തെ പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി ദിന്‍ഷ പട്ടേല്‍ മൂലധനചെലവ് 39,000 കോടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനാണ് മൂലധചെലവ് വര്‍ധിപ്പിക്കുന്നതെന്നായിരുന്നു ന്യായീകരണം.

ഒമ്പത് ദിവസത്തിനുശേഷം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ തപന്‍സെന്‍ പെട്രോളിയംമന്ത്രി മുരളി ദേവ്റക്ക് അയച്ച കത്തില്‍ മൂലധനചെലവ് പെരുപ്പിച്ചുകാട്ടുന്നത് കേന്ദ്രസര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം ഗണ്യമായി കുറയ്ക്കുമെന്ന് മുന്നറിയിപ്പുനല്‍കി. മാത്രമല്ല ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ചെലവ് കുറയുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടി. അതിനാല്‍ മൂലധനചെലവ് വര്‍ധിപ്പിച്ചുക്കൊണ്ടുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ കത്തിന് ജനുവരി അഞ്ചിന് അയച്ച മറുപടിയിലും മൂലധനചെലവ് വര്‍ധിപ്പിച്ചുള്ള തീരുമാനം മന്ത്രി ആവര്‍ത്തിച്ചു.

എന്നാല്‍ , കത്തിന്റെ അടിസ്ഥാനത്തില്‍ ഹൈഡ്രോകാര്‍ബണ്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ വി കെ സിബലുമായി 2007 ഫെബ്രുവരി 22ന് ഒരു കൂടിക്കാഴ്ചയ്ക്ക് തപന്‍ സെന്നിനെ മന്ത്രി ക്ഷണിച്ചു. ഈ കൂടിക്കാഴ്ചയിലാണ് കൃഷ്ണ-ഗോദാവരി തീരത്തെ വാതക ഖനനത്തിനുള്ള മൂലധനചെലവ് പെരുപ്പിച്ചു കാണിച്ച ന്യൂ ഫീല്‍ഡ് ഡെവലപ്മെന്റ് പ്ലാനിന് 53 ദിവസം കൊണ്ടാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍ അംഗീകാരം നല്‍കിയതായി വെളിപ്പെടുന്നത്. നേരത്തെ യഥാര്‍ഥ പദ്ധതിക്ക് 163 ദിവസമെടുത്താണ് അംഗീകാരം നല്‍കിയത്. ധൃതിപിടിച്ചാണ് റിലയന്‍സിനെ സഹായിക്കാനുള്ള തീരുമാനമുണ്ടായതെന്ന് ഇതോടെ വ്യക്തമായി.

തുടര്‍ന്ന്, 2007 ഫെബ്രുവരി 27ന് മന്ത്രി മുരളിദേവ്റക്ക് എഴുതിയ മൂന്നാമത്തെ കത്തില്‍ ന്യൂ ഫീല്‍ഡ് ഡെവലപ്മെന്റ് പ്ലാനിനെക്കുറിച്ചുള്ള സംശയം തീരുന്നതുവരെ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് തപന്‍സെന്‍ ആവശ്യപ്പെട്ടു. മുരളി ദേവ്റക്ക് 2006നും 2009നും ഇടയില്‍ ഏഴ് കത്ത് സെന്‍ അയച്ചു. 2007 ജൂണ്‍ പതിനൊന്നിനാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് സെന്‍ തന്റെ ആദ്യകത്ത് എഴുതിയത്. ഇതില്‍ പ്രധാനമായും കൃഷ്ണ-ഗോദാവരി തീരത്തുനിന്ന് കുഴിച്ചെടുക്കുന്ന വാതകത്തിന്റെ വില നിശ്ചയിക്കാനുള്ള അധികാരം റിലയന്‍സിന് നല്‍കരുതെന്നാണ് ആവശ്യപ്പെട്ടത്. ഒരു യൂണിറ്റ് വാതകത്തിന് നാല് ഡോളര്‍ എന്ന റിലയന്‍സിന്റെ ആവശ്യം അംഗീകരിച്ചാല്‍ രാസവളത്തിന്റെയും വൈദ്യുതിയുടെയും വില വര്‍ധിക്കുമെന്ന് തപന്‍ പറഞ്ഞു. തുടര്‍ന്ന് 2007 ജൂലൈ നാലിനും 13നും പ്രധാനമന്ത്രിക്ക് സെന്‍ കത്തെഴുതി. അഴിമതിയുടെ ഓരോ ഘട്ടത്തിലും അത് തടയണമെന്നാവശ്യപ്പെട്ട് സിപിഐ എം ഇടപെട്ടെങ്കിലും റിലയന്‍സിന്റെ ഏജന്റുമാരെപോലെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 170611

1 comment:

  1. പെട്രോളിയംമേഖലയിലെ വന്‍ അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കാണ് തുടക്കംമുതല്‍ സിപിഐ എം വഹിച്ചത്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രമുഖനേതാക്കള്‍ റിലയന്‍സിന്റെ അവിഹിതതാല്‍പ്പര്യങ്ങളുടെ സംരക്ഷകരായപ്പോള്‍ പൊതുധനം കൊള്ളയടിക്കുന്നതിനെതിരെ വിട്ടുവീഴ്ചയില്ലാതെ സമീപനമാണ് സിപിഐ എം സ്വീകരിച്ചത്. രാംദേവിനും അണ്ണ ഹസാരെക്കും അമിതപ്രാധാന്യം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയപാര്‍ടികളും ജനപ്രതിനിധികളും ഉന്നയിക്കുന്ന പ്രശ്നങ്ങളോട് മുഖംതിരിഞ്ഞ് നില്‍ക്കുകയായിരുന്നു. ഇതാണ് അരലക്ഷം കോടിയിലധികം രൂപ കൊള്ളയടിക്കാന്‍ റിലയന്‍സിനും മറ്റുസ്വകാര്യ പെട്രോളിയംക്കമ്പനികള്‍ക്കും അവസരം ഒരുക്കിയത്.

    ReplyDelete