Thursday, June 2, 2011

പ്ലസ്ടു ഫലം: ബോധപൂര്‍വമായ അട്ടിമറിയെന്നും സംശയം

പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ച് 10 ദിവസം കഴിഞ്ഞ ശേഷം ഫലംമാറ്റി മറിച്ച് കൂട്ടക്കുഴപ്പം സൃഷ്ടിച്ചത് അധികൃതരുടെ പിടിപ്പുകേടു മൂലം. ഏകദേശം 40,000 വിദ്യാര്‍ഥികളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തെ അധികൃതര്‍ ഇപ്പോഴും നിസ്സാരമായി കാണുകയാണ്. പരാതികള്‍ ചൊവ്വാഴ്ച വൈകിട്ടോടെ പരിഹരിച്ചെങ്കിലും മാര്‍ക്ക് കൂട്ടിക്കുഴച്ചതിനു പിന്നില്‍ മറ്റു പല ഇടപെടലും ഉണ്ടായിട്ടുണ്ടോ എന്ന സംശയവും പല കേന്ദ്രത്തില്‍ നിന്നും ഉയരുന്നുണ്ട്. ആരുടെയെങ്കിലും മാര്‍ക്ക് മാറ്റിമറിക്കാന്‍ ബോധപൂര്‍വം നടന്ന അട്ടിമറിയാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായ അന്വേഷണം നടന്നാലേ വ്യക്തമാകൂ.

എന്‍ജിനിയറിങ് പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്ക് കൂടി പരിഗണിക്കുന്നതിനാല്‍ ഈവര്‍ഷം മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ മൂല്യനിര്‍ണയം അത്യന്തം ശുഷ്കാന്തിയോടെയാണ് നടത്തിയത്. ഓരോ മാര്‍ക്കും വിദ്യാര്‍ഥികള്‍ക്ക് നിര്‍ണായകമായതിനാലാണ് ഇത്. മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെ നിര്‍ദേശപ്രകാരം മൂല്യനിര്‍ണയം തികച്ചും കുറ്റമറ്റതാക്കുന്നതിന് ചില ഉത്തരക്കടലാസ് മൂന്നുതവണ വരെ പരിശോധിച്ചിരുന്നു. ഇങ്ങനെ പരിശോധിച്ചശേഷമാണ് മെയ് 20നു പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. എന്നാല്‍ , 6,388 വിദ്യാര്‍ഥികളുടെ പരീക്ഷാഫലത്തില്‍ ഗ്രേസ് മാര്‍ക്ക്, മോഡറേഷന്‍ എന്നിവ ചേര്‍ത്തിരുന്നില്ല. ഇതു പരിശോധിച്ച് തിരുത്തിയപ്പോഴാണ് കുഴപ്പമുണ്ടായത്. ഈ 6,388 പേരുടെ ഫലം തിരുത്തുന്നതിനു പകരം പരീക്ഷയെഴുതിയ 3,83,000 വിദ്യാര്‍ഥികളുടെയും മാര്‍ക്ക് ലിസ്റ്റില്‍ ഇടപെട്ടു. ഇതോടെയാണ് ഏകദേശം 40,000 വിദ്യാര്‍ഥികളുടെ മാര്‍ക്ക് മാറിമറിഞ്ഞത്. ഒടുവില്‍ ഈ തെറ്റും തിരുത്തി. 6,388 പേരുടെ മാര്‍ക്കുകളില്‍ മാറ്റം വന്നു. ഇതില്‍ 1,500 പേരുടെ ഫലം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നില്ല. മാറിയ ഫലങ്ങളില്‍ ആരും തോറ്റിട്ടില്ല. എന്നാല്‍ , ചിലരുടെ മാര്‍ക്ക് കൂടി, ചിലരുടെ മാര്‍ക്ക് കുറഞ്ഞു. എന്നിട്ടും ഇതാണ് യഥാര്‍ഥ ഫലമെന്നാണ് അധികൃതരുടെ നിലപാട്.

സംഭവത്തെ കുറിച്ച് വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ചുമതല വഹിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ ഘടനാപരമായ ദൗര്‍ബല്യമാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു.

deshabhimani 020611

1 comment:

  1. പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ച് 10 ദിവസം കഴിഞ്ഞ ശേഷം ഫലംമാറ്റി മറിച്ച് കൂട്ടക്കുഴപ്പം സൃഷ്ടിച്ചത് അധികൃതരുടെ പിടിപ്പുകേടു മൂലം. ഏകദേശം 40,000 വിദ്യാര്‍ഥികളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തെ അധികൃതര്‍ ഇപ്പോഴും നിസ്സാരമായി കാണുകയാണ്. പരാതികള്‍ ചൊവ്വാഴ്ച വൈകിട്ടോടെ പരിഹരിച്ചെങ്കിലും മാര്‍ക്ക് കൂട്ടിക്കുഴച്ചതിനു പിന്നില്‍ മറ്റു പല ഇടപെടലും ഉണ്ടായിട്ടുണ്ടോ എന്ന സംശയവും പല കേന്ദ്രത്തില്‍ നിന്നും ഉയരുന്നുണ്ട്. ആരുടെയെങ്കിലും മാര്‍ക്ക് മാറ്റിമറിക്കാന്‍ ബോധപൂര്‍വം നടന്ന അട്ടിമറിയാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായ അന്വേഷണം നടന്നാലേ വ്യക്തമാകൂ.

    ReplyDelete