Thursday, June 2, 2011

അന്തമില്ലാത്ത അഴിമതികള്‍

യുപിഎ സര്‍ക്കാരിന്റെ അഴിമതിസാമ്രാജ്യം ഇന്നുവരെ പുറത്തുവന്നതിനേക്കാള്‍ എത്രയോ വലുതാണ് എന്ന് തെളിയിക്കുന്നതാണ് 2ജി സ്പെക്ട്രം ഇടപാടില്‍ കേന്ദ്ര ടെക്സ്റ്റൈല്‍മന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധിമാരന് പങ്കാളിത്തമുണ്ടെന്ന പുതിയ വെളിപ്പെടുത്തല്‍ . അനേക കോടികള്‍ കൈക്കൂലികൊടുത്താണ് ദയാനിധിമാരന്‍ ഇപ്പോള്‍ ടെക്സ്റ്റൈല്‍ മന്ത്രിസ്ഥാനം തരപ്പെടുത്തിയതെന്ന് നീരാ റാഡിയ ടേപ്പുകളില്‍നിന്ന് തെളിഞ്ഞതാണ്. ഇപ്പോള്‍ "തെഹല്‍ക" വാരിക പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഒന്നാം യുപിഎ സര്‍ക്കാരില്‍ ടെലികോംമന്ത്രിയായിരിക്കെ ദയാനിധിമാരന്‍ നടത്തിയ കൂറ്റന്‍ അഴിമതിയാണ് പുറത്തുവന്നത്. 2ജി സ്പെക്ട്രത്തോടെയുള്ള 14 യുനിഫൈഡ് അസസ്സ് സര്‍വീസ് ലൈസന്‍സ് നല്‍കുകവഴി മലേഷ്യന്‍ കമ്പനിയായ മാക്സിസ് ഗ്രൂപ്പില്‍നിന്ന് 700 കോടി രൂപ മാരന്റെ കുടുംബം നടത്തുന്ന സണ്‍ ടിവിയ്ക്കും റേഡിയോയ്ക്കും ലഭിച്ചെന്നാണ് വെളിപ്പെടുത്തല്‍ . ആ ഇടപാടിന്റെ വിശദാംശങ്ങളും രേഖകളും 2ജി സ്പെക്ട്രം ഇടപാട് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഡിബി റിയല്‍റ്റി ഗ്രൂപ്പ് 200 കോടി രൂപ കലൈഞ്ജര്‍ ടിവിക്ക് കൈമാറിയത് തെളിഞ്ഞതിനെത്തുടര്‍ന്ന് കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴി ഇന്ന് തിഹാര്‍ ജയിലിലാണ്. ദയാനിധിമാരനു പുറകെ ടെലികോം മന്ത്രിസ്ഥാനം അലങ്കരിച്ച എ രാജയും ജയിലില്‍ കിടക്കുന്നു. അടുത്ത ഊഴം ദയാനിധിയുടേതാണ്. ഈ പടുകൂറ്റന്‍ അഴിമതിക്ക് സമ്മതവും ഒത്താശയും സംരക്ഷണവും നല്‍കിയ വന്‍സ്രാവുകള്‍ പിടിക്കപ്പെടാനിരിക്കുന്നതേയുള്ളൂ. മലേഷ്യന്‍ കമ്പനിയായ മാക്സിസ് ഗ്രൂപ്പിന് 74 ശതമാനം ഓഹരിയുള്ള എയര്‍സെല്ലിന് 22,000 കോടി രൂപയെങ്കിലും വിലമതിക്കുന്ന ലൈസന്‍സ് 1399 കോടി രൂപയ്ക്ക് നല്‍കി എന്നതാണ് മാരനെതിരായ ആരോപണം. പ്രത്യുപകാരമായി 600 കോടി രൂപ സണ്‍ ഡയറക്ട് പ്രൈവറ്റ് ലിമിറ്റഡിലേക്കും നൂറുകോടി മാരന്റെ സൗത്ത് ഏഷ്യ എഫ്എം റേഡിയോ കമ്പനിയിലേക്കും വാങ്ങി. ഇടപാടില്‍ വിദേശനിക്ഷേപത്തിന്റെ ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്തു. കനിമൊഴി ഇരുനൂറുകോടിയാണ് വാങ്ങിയതെങ്കില്‍ ഇത് എഴുനൂറുകോടി. ഖജനാവില്‍ ചേരേണ്ട സഹസ്രകോടികള്‍ ഇഷ്ടക്കാര്‍ക്ക് പതിച്ചുകൊടുക്കുന്നതിന്റെ ഒറ്റുകൂലിയാണിത്. ഇത് ഇന്ത്യാ മഹാരാജ്യത്തിന്റെ ഗതികേടാണ്.

ഏഴുവര്‍ഷം പൂര്‍ത്തിയാക്കിയ മന്‍മോഹന്‍ ഭരണം അക്ഷരാര്‍ഥത്തില്‍ അഴിമതിരാജിന്റെ ചെങ്കോലാണ് ഏന്തുന്നത്. മന്ത്രിയായിരുന്ന എ രാജയെ അഴിമതിക്കുറ്റത്തിന് ജയിലിലടയ്ക്കാന്‍ നിര്‍ബന്ധിതമായപ്പോള്‍ രാജ്യം നാണക്കേടിന്റെ പുതിയൊരു ചരിത്രമാണെഴുതിയത്. 75,000 കോടി രൂപയുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ കോണ്‍ഗ്രസ് എംപിയും മുന്‍മന്ത്രിയുമായ സുരേഷ് കല്‍മാഡി ജയിലിലാണ്. കല്‍മാഡി ഇന്നും പാര്‍ലമെന്റിലെ കോണ്‍ഗ്രസ് അംഗമാണ്. ദയാനിധിമാരനും അതേ വഴിയിലൂടെ നടക്കേണ്ടിവരുമ്പോള്‍ ഇന്ത്യ എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ ആത്മാഭിമാനത്തില്‍ ഏല്‍ക്കുന്ന മുറിവ് സങ്കല്‍പ്പാതീതമാംവണ്ണം ആഴത്തിലുള്ളതാകും. കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യമേഖലയ്ക്ക് അനുവദിച്ചതില്‍ 85,000 കോടിരൂപയുടെ അഴിമതി നടന്ന കാര്യം പുറത്തുവന്നത് ഇക്കഴിഞ്ഞ ആഴ്ചയിലാണ്. ഇടപാട് നടക്കുമ്പോള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനായിരുന്നു കല്‍ക്കരി വകുപ്പിന്റെ ചുമതല. ഈ അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു.

ജനങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നവര്‍ മാത്രമാണ് യഥാര്‍ഥ അഴിമതിക്കാരെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും കരുതാനാകില്ല. സുപ്രീംകോടതി മേല്‍നോട്ടം വഹിക്കുന്നതു കൊണ്ടു മാത്രമാണ് 2ജി സ്പെക്ട്രം ഇടപാടിന്റെ ഇത്രയെങ്കിലും നടപടികള്‍ നീങ്ങിയതും പ്രമുഖര്‍ ജയിലിലായതും. 2ജി സ്പെക്ട്രം അനുവദിച്ചതില്‍ 1.76 ലക്ഷം കോടിയുടെ നഷ്ടം കേന്ദ്ര ഖജനാവിന് ഉണ്ടായി എന്ന സിഎജിയുടെ കണ്ടെത്തലിനെത്തുടര്‍ന്ന് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ സര്‍വശക്തിയുമെടുത്ത് ചെറുത്തത് കോണ്‍ഗ്രസാണ്. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം മുഴുവന്‍ തടസ്സപ്പെട്ടിട്ടും കോണ്‍ഗ്രസ് അനങ്ങിയില്ല. ഒടുവില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ പ്രതിരോധം മന്ത്രിസഭയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുന്ന തലത്തിലേക്ക് വളര്‍ന്നപ്പോഴാണ് ജെപിസി അന്വേഷണത്തിന് വഴങ്ങിയത്. ഒറ്റയടിക്ക് പലവട്ടം മലക്കം മറിയുന്ന കോണ്‍ഗ്രസിനെയാണ് അന്ന് രാജ്യം കണ്ടത്. നീരാ റാഡിയ ടേപ്പുകളിലൂടെയും മറ്റു പല വഴികളിലൂടെയും അഴിമതികളുടെ ഒട്ടേറെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തമിഴ്നാടിന്റെ നാലതിരുകളില്‍ കഴിയുന്ന ഡിഎംകെ എന്ന പാര്‍ടിക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്നതല്ല ഇത്തരം അഴിമതികളെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് സംശയമുണ്ടാകില്ല. പ്രധാനമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുള്ളതായിരുന്നു ഐഎസ്ആര്‍ഒ-ദേവാസ് ഇടപാട്. പാമൊലിന്‍ കേസില്‍ പ്രതിയായ പി ജെ തോമസിനെ പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ് തള്ളിക്കൊണ്ട് കേന്ദ്ര വിജിലന്‍സ് കമീഷണറായി നിയമിച്ചതിനുപിന്നില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ നേരിട്ട് ആക്ഷേപമുയര്‍ന്നു. ദിവസം കഴിയുന്തോറും പുതിയ അഴിമതിക്കഥകള്‍ പുറത്തുവരുന്നു; 2ജി സ്പെക്ട്രം അഴിമതിയുടെ ചുരുളഴിയുന്നു. 2ജി സ്പെക്ട്രം കേസ് അന്വേഷിക്കുന്ന സിബിഐ ദയാനിധിമാരന്റെ പങ്കാളിത്തംകൂടി അന്വേഷിക്കണം. കരുണാനിധിയുടെ കുടുംബാംഗങ്ങളുടെയാകെ സ്വത്തും അതിന്റെ സ്രോതസ്സും അന്വേഷിക്കണം. ഇതില്‍നിന്ന് കോണ്‍ഗ്രസിന് ഒഴിഞ്ഞുമാറാനാകില്ല. സംയുക്തമായി തട്ടിപ്പും അഴിമതിയും നടത്തി കൂട്ടുപ്രതികളെ തുറുങ്കിലേക്ക് തള്ളിവിട്ട് സ്വയം രക്ഷപ്പെടുന്ന ചതിയന്റെ വേഷമാണിന്ന് കോണ്‍ഗ്രസിന്. യഥാര്‍ഥത്തില്‍ അഴിമതിയുടെ അച്ചുതണ്ടുതന്നെ കോണ്‍ഗ്രസാണ്. അത് തുറന്നുകാട്ടിയുള്ള ശക്തമായ പ്രചാരണത്തിനും തുടര്‍ച്ചയായ പ്രക്ഷോഭത്തിനും നാട് ഒരുങ്ങേണ്ടതുണ്ട്.

deshabhimani editorial 020611

1 comment:

  1. യുപിഎ സര്‍ക്കാരിന്റെ അഴിമതിസാമ്രാജ്യം ഇന്നുവരെ പുറത്തുവന്നതിനേക്കാള്‍ എത്രയോ വലുതാണ് എന്ന് തെളിയിക്കുന്നതാണ് 2ജി സ്പെക്ട്രം ഇടപാടില്‍ കേന്ദ്ര ടെക്സ്റ്റൈല്‍മന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധിമാരന് പങ്കാളിത്തമുണ്ടെന്ന പുതിയ വെളിപ്പെടുത്തല്‍ . അനേക കോടികള്‍ കൈക്കൂലികൊടുത്താണ് ദയാനിധിമാരന്‍ ഇപ്പോള്‍ ടെക്സ്റ്റൈല്‍ മന്ത്രിസ്ഥാനം തരപ്പെടുത്തിയതെന്ന് നീരാ റാഡിയ ടേപ്പുകളില്‍നിന്ന് തെളിഞ്ഞതാണ്. ഇപ്പോള്‍ "തെഹല്‍ക" വാരിക പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഒന്നാം യുപിഎ സര്‍ക്കാരില്‍ ടെലികോംമന്ത്രിയായിരിക്കെ ദയാനിധിമാരന്‍ നടത്തിയ കൂറ്റന്‍ അഴിമതിയാണ് പുറത്തുവന്നത്. 2ജി സ്പെക്ട്രത്തോടെയുള്ള 14 യുനിഫൈഡ് അസസ്സ് സര്‍വീസ് ലൈസന്‍സ് നല്‍കുകവഴി മലേഷ്യന്‍ കമ്പനിയായ മാക്സിസ് ഗ്രൂപ്പില്‍നിന്ന് 700 കോടി രൂപ മാരന്റെ കുടുംബം നടത്തുന്ന സണ്‍ ടിവിയ്ക്കും റേഡിയോയ്ക്കും ലഭിച്ചെന്നാണ് വെളിപ്പെടുത്തല്‍ . ആ ഇടപാടിന്റെ വിശദാംശങ്ങളും രേഖകളും 2ജി സ്പെക്ട്രം ഇടപാട് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ആവശ്യപ്പെട്ടിട്ടുമുണ്ട്.

    ReplyDelete