Thursday, June 16, 2011

അനുമതി നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയില്‍

വിഴിഞ്ഞംപദ്ധതിയുടെ പാരിസ്ഥിതികാഘാത പഠനത്തിന് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം അനുമതി നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച അതേ അപേക്ഷയില്‍ . എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ എട്ടുമാസത്തോളം തട്ടിക്കളിച്ച കേന്ദ്രസര്‍ക്കാര്‍ യുഡിഎഫ് അധികാരത്തില്‍ വന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ അനുമതി നല്‍കുകയായിരുന്നു. പാരിസ്ഥിതികാനുമതി തരണമെന്നപക്ഷിച്ച് എല്‍ഡിഎഫ് മന്ത്രിമാരാരും തന്നെ വന്നുകണ്ടില്ലെന്നാണ് കേന്ദ്രമന്ത്രി ജയറാം രമേശ് പരാതിപ്പെട്ടത്. ജയറാം രമേശിന്റെ കീഴിലുള്ള പരിസ്ഥിതിമന്ത്രാലയവും വിദഗ്ധ വിലയിരുത്തല്‍ സമിതിയും പരിശോധിച്ച് നിരസിച്ച അതേ അപേക്ഷ മിന്നല്‍ വേഗത്തില്‍ തിരികെ വാങ്ങിയാണ് മെയ് 31ന്റെ സമിതി യോഗത്തില്‍ അംഗീകരിച്ചത്. അതും അജണ്ടയ്ക്കു പുറത്തുള്ള വിഷയമായി.

തുറമുഖമന്ത്രിമാരായിരുന്ന എം വിജയകുമാറും വി സുരേന്ദ്രന്‍പിള്ളയും ഈ ആവശ്യവുമായി പലതവണ കേന്ദ്രത്തെ സമീപിച്ചിരുന്നു. വിഴിഞ്ഞത്തിന് പാരിസ്ഥിതികാനുമതി തേടിയുള്ള അപേക്ഷ നിരസിച്ചതിനെത്തുടര്‍ന്ന് വി സുരേന്ദ്രന്‍പിള്ള പ്രധാനമന്ത്രിയെ കണ്ട് പദ്ധതിക്ക് സാമ്പത്തികസഹായവും പാരിസ്ഥിതികാനുമതിയും അഭ്യര്‍ഥിച്ചിരുന്നു. നവംബര്‍ 17ന് സമര്‍പ്പിച്ച നിവേദനം ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് അയച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തെ അറിയിച്ചു. ചൈനീസ് കമ്പനി അടങ്ങിയ കണ്‍സോര്‍ഷ്യം ഉണ്ടെന്നു പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ സുരക്ഷാനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ടെണ്ടര്‍ നടപടി മുടങ്ങിയത്. എല്‍ഡിഎഫ് അധികാരമേറ്റ ശേഷം ചേര്‍ന്ന സര്‍വകക്ഷിയോഗം പൊതു, സ്വകാര്യപങ്കാളിത്തത്തോടെ പദ്ധതി തുടരാനും റീടെണ്ടര്‍ നടത്താനും തീരുമാനിച്ചു. പുനര്‍ലേലത്തില്‍ അര്‍ഹത നേടിയ ലാന്‍കോ കൊണ്ടപ്പള്ളി എന്ന സ്ഥാപനം പിന്നീട് പദ്ധതിയില്‍നിന്ന് പിന്മാറി.

ഇതേതുടര്‍ന്ന് ഇന്റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പറേഷനെ(ഐഎഫ്എസി) കണ്‍സള്‍ട്ടന്റായി നിയോഗിച്ചു. ഐഎഫ്സി കപ്പല്‍ വ്യവസായരംഗത്തെ പ്രമുഖ സ്ഥാപനമായ ഡ്യൂറിയെ വിപണിസാധ്യതാപഠനത്തിന് ചുമതലപ്പെടുത്തി. പൊതുസ്വകാര്യപങ്കാളിത്തത്തോടെ പദ്ധതി പ്രായോഗികമല്ലെന്ന് ഡ്യൂറിയും ഐഎഫ്സിയും ശുപാര്‍ശ ചെയ്തു. അതേതുടര്‍ന്നാണ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തുറമുഖം നിര്‍മിക്കാനും തുറമുഖ നടത്തിപ്പിന് സ്വകാര്യപങ്കാളിയെ കണ്ടെത്താനും നിശ്ചയിച്ചത്. ഒന്നാംഘട്ട നിര്‍മാണത്തിന് 1600 കോടി രൂപയും തുറമുഖ നടത്തിപ്പിന് 900 കോടിയും ചെലവാണ് ഐഎഫ്സി കണക്കാക്കിയത്. സംസ്ഥാനസര്‍ക്കാര്‍ ബജറ്റില്‍ 450 കോടി നീക്കിവയ്ക്കാനും 2500 കോടി രൂപ എസ്ബിടി ലീഡ് പാര്‍ട്ണറായുള്ള ബാങ്ക് കണ്‍സോര്‍ഷ്യംവഴി സ്വരൂപിക്കാനും തീരുമാനിച്ചു. അടിസ്ഥാന സൗകര്യവികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. നിര്‍മാണപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

എല്ലാ നടപടിയും പൂര്‍ത്തിയാക്കിയശേഷമാണ് പാരിസ്ഥിതികാനുമതിക്ക് സംസ്ഥാനം അപേക്ഷിച്ചത്. മൂന്നുവട്ടം അപേക്ഷ തള്ളി. അപ്പോഴൊക്കെ സംസ്ഥാനം വ്യക്തമായ മറുപടി നല്‍കി. വിഴിഞ്ഞം മത്സ്യബന്ധനതുറമുഖം തൊട്ടടുത്തുള്ളതിനാല്‍ അനുമതി തരാനാകില്ലെന്നാണ് മെയ് 11ന്റെ യോഗതീരുമാനമായി കേന്ദ്ര പരിസ്ഥിതിമന്ത്രാലയം അറിയിച്ചത്. എന്നാല്‍ , യുഡിഎഫ് അധികാരമേറ്റതോടെ നിലപാട് മാറി. അതേസമയം, പാരിസ്ഥിതികാഘാതം സംബന്ധിച്ച് കാലവര്‍ഷക്കാലത്തും അതിനുമുമ്പും ശേഷവും പഠിച്ചേ റിപ്പോര്‍ട്ടുനല്‍കൂ. ഇത് ഒന്നരവര്‍ഷമെങ്കിലും നീളും.

deshabhimani 160611

1 comment:

  1. വിഴിഞ്ഞംപദ്ധതിയുടെ പാരിസ്ഥിതികാഘാത പഠനത്തിന് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം അനുമതി നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച അതേ അപേക്ഷയില്‍ . എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ എട്ടുമാസത്തോളം തട്ടിക്കളിച്ച കേന്ദ്രസര്‍ക്കാര്‍ യുഡിഎഫ് അധികാരത്തില്‍ വന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ അനുമതി നല്‍കുകയായിരുന്നു. പാരിസ്ഥിതികാനുമതി തരണമെന്നപക്ഷിച്ച് എല്‍ഡിഎഫ് മന്ത്രിമാരാരും തന്നെ വന്നുകണ്ടില്ലെന്നാണ് കേന്ദ്രമന്ത്രി ജയറാം രമേശ് പരാതിപ്പെട്ടത്. ജയറാം രമേശിന്റെ കീഴിലുള്ള പരിസ്ഥിതിമന്ത്രാലയവും വിദഗ്ധ വിലയിരുത്തല്‍ സമിതിയും പരിശോധിച്ച് നിരസിച്ച അതേ അപേക്ഷ മിന്നല്‍ വേഗത്തില്‍ തിരികെ വാങ്ങിയാണ് മെയ് 31ന്റെ സമിതി യോഗത്തില്‍ അംഗീകരിച്ചത്. അതും അജണ്ടയ്ക്കു പുറത്തുള്ള വിഷയമായി.

    ReplyDelete