കേന്ദ്രസര്‍ക്കാരില്‍ വന്‍ സ്വാധീനമുള്ള കോര്‍പറേറ്റുകള്‍ക്ക് വമ്പന്‍ വെട്ടിപ്പിന് കളമൊരുക്കാന്‍ സര്‍ക്കാര്‍വകുപ്പുകള്‍ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി. പെട്രോളിയം മന്ത്രാലയവും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണും സ്വകാര്യ എണ്ണ പര്യവേക്ഷണ കമ്പനികളുമായി നടത്തിയ ഒത്തുകളിയിലൂടെ കേന്ദ്രഖജനാവിന് അരലക്ഷം കോടിയോളം രൂപ നഷ്ടമായി.
പ്രധാനമായും രണ്ട് രീതിയിലാണ് സ്വകാര്യകമ്പനികളെ ഇവര്‍ സഹായിച്ചത്.
ഒന്ന്, മൂലധനച്ചെലവ് പെരുപ്പിച്ചു കാട്ടി വന്‍ലാഭം കൊയ്യാന്‍ ഇരുകമ്പനികളെയും അനുവദിച്ചു. എണ്ണ-വാതകം കണ്ടെത്തിയാല്‍ അതില്‍നിന്നുണ്ടാകുന്ന ലാഭം സര്‍ക്കാരുമായി പങ്കുവയ്ക്കണമെന്നാണ് ധാരണ. ഇതൊഴിവാക്കാന്‍ റിലയന്‍സ് ആന്ധ്രയിലെ കൃഷ്ണ-ഗോദാവരി തീരത്തെ വാതക പര്യവേക്ഷണ ച്ചെലവ് 2.4 ബില്യണ്‍ ഡോളറില്‍നിന്ന് 8.4 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്തി. അന്വേഷണമൊന്നും നടത്താതെ പെട്രോളിയം മന്ത്രാലയവും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണും വളരെ വേഗം ഇതിന് അനുമതി നല്‍കി. ആദ്യം നല്‍കിയ പര്യവേക്ഷണ പദ്ധതി റിലയന്‍സ് പലപ്പോഴായി പരിഷ്കരിച്ചു. ആദ്യപദ്ധതി പരിഷ്കരിച്ച് സമഗ്രമായൊരു പദ്ധതിയാണ് അവതരിപ്പിച്ചതെങ്കില്‍ വലിയ തെറ്റ് കാണാനാവില്ല. എന്നാല്‍ , റിലയയന്‍സിന്റെ താല്‍പ്പര്യം അനുസരിച്ച് അനുബന്ധങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ അനുവദിച്ചത് സര്‍ക്കാരിന്റെ വരുമാനത്തെ ദോഷകരമായി ബാധിച്ചുവെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്ന രണ്ടാമത്തെ ഏറ്റവും പ്രധാന അഴിമതി സ്രോതസ്സ്, പര്യവേക്ഷണത്തിന് അനുവദിച്ച ഭൂമിക്കു പുറത്ത് സ്വകാര്യകമ്പനികള്‍ പര്യവേക്ഷണം നടത്തി എന്നതാണ്. കരാര്‍ അനുസരിച്ച് പര്യവേക്ഷണം നടത്തി എണ്ണയോ വാതകമോ കണ്ടെത്തുന്ന പ്രദേശത്ത് ഉല്‍പ്പാദനം ആരംഭിക്കുകയും അല്ലാത്ത പ്രദേശങ്ങള്‍ സര്‍ക്കാരിന് തിരിച്ചുകൊടുക്കണമെന്നുമാണ് വ്യവസ്ഥ. എന്നാല്‍ , കൃഷ്ണ-ഗോദാവരി തീരത്ത് റിലയന്‍സും രാജസ്ഥാനിലെ ബാര്‍മേറില്‍ എണ്ണഖനനം നടത്തിയ കെയിന്‍ എനര്‍ജി ഇന്ത്യയും ഉപയോഗിക്കാത്ത ഭൂമി തിരിച്ചുനല്‍കിയില്ല. മാത്രമല്ല, കരാറില്‍പ്പെടാത്ത ഭൂമിയില്‍ പര്യവേക്ഷണം നടത്തുകയുംചെയ്തു. ഈ ഭൂമി തിരിച്ചുപിടിക്കാന്‍ ഉടന്‍ നടപടി കൈക്കൊള്ളണമെന്ന് സിഎജി ആവശ്യപ്പെട്ടു. ബാര്‍മേറില്‍ കെയിന്‍ എനര്‍ജി ഇന്ത്യ അവര്‍ക്ക് അനുവദിച്ചതിനേക്കാള്‍ 1708 ചതുരശ്ര കിലോമീറ്റര്‍ പര്യവേക്ഷണത്തിന് കൂടുതലായി ഉപയോഗിച്ചു. മുംബൈ തീരത്തെ പന്ന-മുക്ത-താപ്തി പദ്ധതി നടത്തിപ്പുകാരും അവര്‍ക്ക് അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ പ്രദേശങ്ങളില്‍ പര്യവേക്ഷണം നടത്തി.
ഇതുമായി ബന്ധപ്പെട്ട് നടന്ന മറ്റൊരു അഴിമതി പര്യവേക്ഷണ കാലാവധി അനധികൃതമായി നീട്ടിക്കൊടുത്തതാണ്. കരാര്‍ അനുസരിച്ച് ഓരോ ബ്ലോക്കിലെയും പര്യവേക്ഷണത്തിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. അത് പാലിക്കാത്തവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ , പെട്രോളിയം മന്ത്രാലയവും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണും നിയമവിരുദ്ധമായി കരാര്‍സമയം നീട്ടിക്കൊടുക്കാന്‍ തയ്യാറായതുവഴിയും സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം ചോര്‍ന്നതായും സിഎജി ചൂണ്ടിക്കാട്ടുന്നു. സമയപരിധി തെറ്റിക്കുന്നവരില്‍നിന്ന് പിഴ ഈടാക്കണമെന്നും നിര്‍ദേശിക്കുന്നു. സിഎജിയുടെ ഓഡിറ്റിങ്ങുമായി സഹകരിക്കാന്‍പോലും പന്ന-മുക്തി-താപ്തി സംയുക്ത സംരംഭകര്‍ തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ കുറ്റപ്പെടുത്തുന്നു. സര്‍ക്കാരിന്റെ താല്‍പ്പര്യം എത്രമാത്രം സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതുണ്ട്. അതിന് തയ്യാറാവാത്ത സംയുക്ത സംരംഭകരെയും സിഎജി വിമര്‍ശിക്കുന്നു.
(വി ബി പരമേശ്വരന്‍)
ദേശാഭിമാനി 160611
കേന്ദ്രസര്‍ക്കാരില്‍ വന്‍ സ്വാധീനമുള്ള കോര്‍പറേറ്റുകള്‍ക്ക് വമ്പന്‍ വെട്ടിപ്പിന് കളമൊരുക്കാന്‍ സര്‍ക്കാര്‍വകുപ്പുകള്‍ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി. പെട്രോളിയം മന്ത്രാലയവും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണും സ്വകാര്യ എണ്ണ പര്യവേക്ഷണ കമ്പനികളുമായി നടത്തിയ ഒത്തുകളിയിലൂടെ കേന്ദ്രഖജനാവിന് അരലക്ഷം കോടിയോളം രൂപ നഷ്ടമായി.
ReplyDelete