Thursday, June 16, 2011

ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിക്ക് ഹൈക്കോടതിയുടെ വിമര്‍ശം

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് ഫീസ് 3.5 ലക്ഷം രൂപയായി നിശ്ചയിച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കിയ ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിക്ക് ഹൈക്കോടതിയുടെ വിമര്‍ശം. മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച വാര്‍ഷിക ഫീസ് 2.54 ലക്ഷം രൂപയായിരുന്നു. മാനേജ്മെന്റുകളുടെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അത് സ്റ്റേ ചെയ്തു. മാനേജ്മെന്റുകളുടെ ആവശ്യം പരിഗണിച്ച് ഇടക്കാല ഉത്തരവില്‍ ഫീസ് 3.5 ലക്ഷം രൂപയായി കോടതി അംഗീകരിക്കുകയും ചെയ്തു. ഇതിനെതിരെയാണ് മുഹമ്മദ് കമ്മിറ്റി അപ്പീല്‍ നല്‍കിയത്.

സ്വന്തം ഉത്തരവുകള്‍ ന്യായീകരിക്കാനും നടപ്പാക്കാനും കോടതിയെ സമീപിച്ച കമ്മിറ്റിയുടെ നടപടി ശരിയായില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വരും ജസ്റ്റിസ് ആന്റണി ഡൊമിനിക്കും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. സ്വാശ്രയനിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയെന്ന നിലയില്‍ വിധിക്കെതിരെ കോടതിയെ സമീപിക്കേണ്ടിയിരുന്നത് സര്‍ക്കാരാണ്. ജുഡീഷ്യല്‍ അധികാരമുള്ള സമിതി അപ്പീല്‍ നല്‍കിയത് കേട്ടുകേള്‍വിപോലുമില്ലാത്ത നടപടിയാണെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. സ്വാശ്രയ കോളേജുകളിലെ ഫീസ് സംബന്ധിച്ച് അപ്പീല്‍ നല്‍കാന്‍ കാരണമെന്തെന്ന് കോടതി ചോദിച്ചു. സിംഗിള്‍ ജഡ്ജിയുടേത് ഇടക്കാല ഉത്തരവു മാത്രമാണ്. കോടതി വിധികള്‍ അനുസരിക്കാന്‍ കമ്മിറ്റി ബാധ്യസ്ഥമാണെന്നും കോടതി ഓര്‍മിപ്പിച്ചു. അതേസമയം, ഫീസ് നിശ്ചയിക്കാന്‍ അധികാരമില്ലാത്ത സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് അപ്പീല്‍ നല്‍കിയതെന്ന് മുഹമ്മദ് കമ്മിറ്റിയുടെ അഭിഭാഷകന്‍ പറഞ്ഞു. മുഹമ്മദ് കമ്മിറ്റിയുടെ ഫീസ് നിര്‍ണയത്തിനെതിരെ വിവിധ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജികളും അപ്പീലിനൊപ്പം കോടതി പരിഗണിച്ചു. ഫീസ് നിര്‍ണയത്തില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു. കേസ് തിങ്കളാഴ്ച ഡിവിഷന്‍ ബെഞ്ച് വീണ്ടും പരിഗണിക്കും.

deshabhimani 160611

1 comment:

  1. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് ഫീസ് 3.5 ലക്ഷം രൂപയായി നിശ്ചയിച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കിയ ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിക്ക് ഹൈക്കോടതിയുടെ വിമര്‍ശം. മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച വാര്‍ഷിക ഫീസ് 2.54 ലക്ഷം രൂപയായിരുന്നു. മാനേജ്മെന്റുകളുടെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അത് സ്റ്റേ ചെയ്തു. മാനേജ്മെന്റുകളുടെ ആവശ്യം പരിഗണിച്ച് ഇടക്കാല ഉത്തരവില്‍ ഫീസ് 3.5 ലക്ഷം രൂപയായി കോടതി അംഗീകരിക്കുകയും ചെയ്തു. ഇതിനെതിരെയാണ് മുഹമ്മദ് കമ്മിറ്റി അപ്പീല്‍ നല്‍കിയത്.

    ReplyDelete