Saturday, June 4, 2011

ധവളപത്രം ഇറക്കും മുമ്പ് ട്രഷറിയില്‍ എത്ര രൂപയുണ്ടെന്ന് വെളിപ്പെടുത്തണം: ഐസക്ക്

സംസ്ഥാന സാമ്പത്തികസ്ഥിതി വെളിപ്പെടുത്തുന്ന ധവളപത്രം ഇറക്കുമെന്ന് പറയുന്ന ധനമന്ത്രി കെ.എം. മാണി അതിന് മുമ്പ് ട്രഷറിയില്‍ ഇപ്പോള്‍ എത്രരൂപയുണ്ടെന്ന് വെളിപ്പെടുത്തണമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. തന്റെ അറിവില്‍ ട്രഷറിയില്‍  ഇപ്പോള്‍ 2,000 കോടി രൂപ ഉണ്ടാവണം. ദൈനംദിന കാര്യങ്ങള്‍ക്ക് വായ്പ എടുക്കേണ്ട സ്ഥിതിയില്ല. അതുകൊണ്ട് സാമ്പത്തിക പ്രതിസന്ധിയുമില്ല. ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് പറയുന്നത് അതിന്റെ പേരില്‍ ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കാനാണെന്ന ആശങ്ക ഉയര്‍ത്തുന്നുവെന്നും തോമസ് ഐസക്ക് പറഞ്ഞു. പത്തനംതിട്ട പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ ധവളപത്രം ഇറക്കുന്നത് ഏതെങ്കിലും കാര്യത്തില്‍ ഗുരുതരമായ സ്ഥിതിഉള്ളപ്പോഴാണ്. വായ്പ എടുക്കേണ്ട സ്ഥിതിപോലും ഇല്ലാത്തപ്പോഴാണ് സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കുമെന്ന് പറയുന്നത്. അത് ഇറക്കുന്നുവെങ്കില്‍ പുതിയ ബജറ്റിന് മുമ്പ് ഇറക്കണം. 100 ദിവസം നീട്ടേണ്ട കാര്യമില്ല. കഴിഞ്ഞ 10 വര്‍ഷത്തെ സര്‍ക്കാരിന്റെ  വരവ്, ചെലവ്, കമ്മി, കുടിശിഖകള്‍ എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടുത്തണം.

100 ദിന പരിപാടി പ്രഖ്യാപനത്തില്‍ അടിയന്തിര പ്രാധാന്യമുള്ള ഒന്നുമില്ല. ബി പി എല്‍ വിഭാഗക്കാര്‍ക്ക് ഓണം മുതല്‍ ഒരു രൂപക്ക് അരി നല്‍കുമെന്ന് പറയുന്നു. നല്ലത് തന്നെ ഇപ്പോള്‍ നല്‍കിവരുന്ന എ.പി.എല്‍കാര്‍ക്കുള്ള രണ്ട് രൂപ അരി തുടരുമോ എന്ന് പറയുന്നില്ല. പെന്‍ഷനുകള്‍ 400 രൂപ ആക്കിയത് തുടരുമോ എന്ന് പറയുന്നില്ല. മത്സ്യതൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധകാലത്ത് നല്‍കുന്ന ധനസഹായം 1,800 ല്‍ നിന്ന് 3,800 ആക്കിയത് നല്‍കുമോ, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രസവ ആനുകൂല്യം നല്‍കുന്നത് പോലുള്ള നിരവധി ക്ഷേമകാര്യങ്ങള്‍ മുന്‍ സര്‍ക്കാര്‍ വിഭാവന ചെയ്തിരുന്നു. ഇവ തുടരുമോ എന്ന് ഉമ്മന്‍ചാണ്ടി പറയുന്നില്ല. ധനപ്രതിസന്ധി ഉണ്ടെന്ന പ്രചരണം ഇത്തരം ക്ഷേമ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് നിഷേധിക്കാനാണെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നുവെന്ന് തോമസ് ഐസക്ക് പറഞ്ഞു. പ്രഖ്യാപിച്ച ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിന് പണം വകയിരുത്തിയിരുന്നു.

കോണ്‍ട്രാക്ടര്‍മാരുടെ കുടിശിഖ തീര്‍ത്ത് നല്‍കി, ക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ കുടിശിഖയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയാല്‍ ശക്തമായ സമരം സര്‍ക്കാരിന് നേരിടേണ്ടിവരുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

janayugom 040611

1 comment:

  1. സംസ്ഥാന സാമ്പത്തികസ്ഥിതി വെളിപ്പെടുത്തുന്ന ധവളപത്രം ഇറക്കുമെന്ന് പറയുന്ന ധനമന്ത്രി കെ.എം. മാണി അതിന് മുമ്പ് ട്രഷറിയില്‍ ഇപ്പോള്‍ എത്രരൂപയുണ്ടെന്ന് വെളിപ്പെടുത്തണമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. തന്റെ അറിവില്‍ ട്രഷറിയില്‍ ഇപ്പോള്‍ 2,000 കോടി രൂപ ഉണ്ടാവണം. ദൈനംദിന കാര്യങ്ങള്‍ക്ക് വായ്പ എടുക്കേണ്ട സ്ഥിതിയില്ല. അതുകൊണ്ട് സാമ്പത്തിക പ്രതിസന്ധിയുമില്ല. ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് പറയുന്നത് അതിന്റെ പേരില്‍ ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കാനാണെന്ന ആശങ്ക ഉയര്‍ത്തുന്നുവെന്നും തോമസ് ഐസക്ക് പറഞ്ഞു.

    ReplyDelete