Monday, June 6, 2011

കപടസമരവും അരാഷ്ട്രീയതയും മുട്ടിലിഴയുന്ന ഭരണാധികാരികളും

സഹനസമരങ്ങളെ ചിലരെങ്കിലും ചിലപ്പോള്‍ ഫലിതമാക്കി മാറ്റിയിട്ടുണ്ട്. സങ്കുചിതവും വ്യക്തിനിഷ്ഠവുമായ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി സമരത്തിനു വേണ്ടിയുള്ള സമരം എന്ന നിലയില്‍ സമയബന്ധിതമായ നിരാഹാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഉന്നതമായ ഉപവാസസമരത്തെ അധിക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്തതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാവും. പക്ഷേ, നിരാഹാരസമരത്തെ ഒരു ഫലിതമല്ല, കടുത്ത അശ്ലീലം തന്നെയാക്കി മാറ്റാമെന്ന് സ്ഥാപിക്കുന്നതാണ് ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് രാംദേവ് നടത്തിയ നിരാഹാരനാടകം. ഈ പ്രഹസനം കണ്ട് മാറത്ത് കൈയടിച്ച് നെട്ടോട്ടമോടുന്ന രാജ്യത്തിന്റെ ഭരണാധികാരികള്‍ ഈ നാടകത്തിലെ കോമാളി വേഷങ്ങളാണ്. 'ഞങ്ങള്‍ കുറ്റക്കാര്‍' എന്ന് തിരിച്ചറിയുന്ന കേന്ദ്രഭരണക്കാര്‍ തങ്ങളുടെ മുഖംമൂടി പൂര്‍ണമായും അഴിഞ്ഞുവീഴാതിരിക്കുവാന്‍, നിരാഹാരത്തെ സ്ഥാപിതതാല്‍പര്യങ്ങളോടെ അശ്ലീലമാക്കുന്നവര്‍ക്ക് മുന്നില്‍ പ്രാണവെപ്രാളത്തോടെ മുട്ടുകുത്തി നിന്ന് കിതയ്ക്കുമെന്നാണ് ജനങ്ങള്‍ക്ക് തെളിഞ്ഞു കിട്ടുന്ന പാഠം. ഒടുവില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് നടത്തിയ അറസ്റ്റ്‌നാടകം തങ്ങള്‍ വീണു പോയ പരിഹാസ്യതയില്‍ നിന്ന് കരകയറാനുള്ള ഭരണക്കാരുടെ വിഫലശ്രമവും.

നിരാഹാരസമരത്തെ മൂര്‍ച്ചയുള്ള സമരരൂപമാക്കി ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചത് മഹാത്മാഗാന്ധിയാണ്. പ്രാര്‍ഥന പോലെ ധന്യവും തപസ്സനുഷ്ഠിക്കുന്നതുപോലെ കഠിനവുമാണ് നിരാഹാരസമരമെന്നും വ്രതശുദ്ധി വേണ്ട സമരരൂപമാണ് അതെന്നും അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ മാത്രം എടുത്തുപയോഗിക്കേണ്ട സമരായുധമാണ് നിരാഹാരമെന്നും ഗാന്ധിജി വിശ്വസിച്ചു. പക്ഷേ, രാംലീല മൈതാനത്തിലെ രാംദേവിന്റെ സമരലീല ഈ വിശ്വാസങ്ങളെയാകെ അട്ടിമറിക്കുന്നു. ഗാന്ധിജി തടവറയിലെ ഇരുള്‍ വീണ മുറികളിലും തെരുവോരത്തും നിരാഹാരമനുഷ്ഠിച്ചു. രാംദേവ് പഞ്ചനക്ഷത്ര സൗഭാഗ്യങ്ങള്‍ സൃഷ്ടിച്ച സമരപ്പന്തലില്‍ ദൃശ്യമാധ്യമങ്ങളെ തത്‌സമയം മുന്നില്‍നിര്‍ത്തി നിരാഹാരം അഭിനയിക്കുന്നു. സമരത്തിന്റെ പ്രാരംഭച്ചെലവ് തന്നെ ഏറ്റവും കുറഞ്ഞത് പതിനെട്ടുകോടി രൂപയാണെന്ന് രാംദേവിന്റെ അനുചരര്‍ തന്നെ വെളിപ്പെടുത്തുന്നു. പ്രതിദിനച്ചെലവ് രണ്ടുകോടി രൂപയിലധികം വേറെയും.

രാംദേവ് സമരപ്രഹസനത്തിലൂടെയാണെങ്കിലും ഉന്നയിക്കുന്ന മുദ്രാവാക്യങ്ങള്‍ പ്രസക്തം തന്നെ. പക്ഷേ, മുദ്രാവാക്യങ്ങള്‍ പ്രസക്തമാകുന്നതു കൊണ്ടു മാത്രമാകുന്നില്ല. അത് ഉന്നയിക്കുന്ന വ്യക്തിയുടെ ഉദ്ദേശശുദ്ധിയും അയാളുടെ പശ്ചാത്തലവും സമരരീതിയും പ്രധാനമാണ്. ജനപ്രിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സമരം നയിച്ച് തന്റെ വ്യക്തിപ്രഭ കൂട്ടാനും, ഗൂഢമായ രാഷ്ട്രീയതാത്പര്യങ്ങള്‍ സംരക്ഷിക്കുവാനും ഇറങ്ങിത്തിരിച്ചിരിക്കുന്ന രാംദേവിന്റെ ജീവിതപശ്ചാത്തലം ഇങ്ങനെയൊരു സമരം നടത്താന്‍ തെല്ലും ധാര്‍മ്മികത അദ്ദേഹത്തിനില്ലെന്ന് വ്യക്തമാക്കുന്നു.

സ്വദേശത്തും വിദേശത്തുമുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം പിടിച്ചെടുത്ത് പൊതുസ്വത്തായി കണക്കാക്കണം എന്നതാണ് രാംദേവിന്റെ മുഖ്യമുദ്രാവാക്യം. പക്ഷേ, രാംദേവിന്റെ കണക്കില്ലാത്ത സമ്പത്തിനെക്കുറിച്ച് ആര്‍ക്കും നിശ്ചയമില്ല. തന്റെ സാമ്പത്തികസ്രോതസ്സ് വെളിപ്പെടുത്താന്‍ രാംദേവ് തയ്യാറായിട്ടുമില്ല. ഇന്ത്യയിലെ കള്ളപ്പണക്കാരുടെ ഇഷ്ടവിഹാരകേന്ദ്രമായ യൂറോപ്പില്‍ സ്വന്തമായി ദ്വീപ് വാങ്ങിയ വ്യക്തിയാണ് രാംദേവ് എന്ന് മാധ്യമങ്ങള്‍ ആധികാരികതയോടെ പ്രസ്താവിക്കുന്നു. ഉപവാസ സമരത്തിനായി അദ്ദേഹം ഡല്‍ഹിയില്‍ എത്തിച്ചേരുന്നത് സ്വന്തം ജറ്റ്‌വിമാനത്തില്‍, സമരസംഘാടനത്തിനായി ചെലവഴിക്കുന്നത് കണക്കില്ലാത്ത കോടികള്‍. ഇത്തരമൊരാളിന് കള്ളപ്പണത്തിനെതിരായ സമരം നയിക്കാന്‍ ധാര്‍മ്മികശക്തിയില്ലെന്നുള്ളതുകൊണ്ടാണ് ഇത് സമരപ്രഹസനമാകുന്നത്. തന്റെ വ്യവസായശൃംഖലയിലെ ജീവനക്കാരെയും ആത്മീയവ്യാപാരത്തില്‍ കുടുങ്ങിപ്പോയ പാവം വിശ്വാസികളെയും അണിനിരത്തി തന്റെ ജനപിന്തുണ തെളിയിക്കുവാനും രാംദേവ് ആസൂത്രിത ശ്രമം നടത്തുന്നു. ശ്മശാനങ്ങളില്‍ നിന്ന് ശേഖരിച്ച മനുഷ്യാസ്ഥികളുടെ അംശം ചേര്‍ത്ത മരുന്ന് വിതരണം ചെയ്ത് കോടികള്‍ കൊയ്‌തെടുത്തതിന്റെ ഗുരുതര ആരോപണവും അദ്ദേഹം അഭിമുഖീകരിക്കുന്നുണ്ട്.

കാമ-ക്രോധ-ലാഭ-മോഹങ്ങള്‍ വെടിഞ്ഞ് അതുല്യമായ ജ്ഞാനം തേടുന്ന സന്യാസജീവിതത്തെ പോലും നിന്ദിക്കുന്ന സന്യാസവ്യാപാരത്തിന്റെ വേഷം കൂടിയാണ് വ്യവസായിയായ രാംദേവ്. ഇത്തരമൊരാള്‍ വിശുദ്ധവേഷം കെട്ടി കള്ളപ്പണത്തിനും അഴിമതിക്കും എതിരെ ആഡംബരമേറിയ സമരം നടത്തുമ്പോള്‍ അദ്ദേഹത്തിനു മുന്നില്‍ എന്തിനും ഏതിനും സന്നദ്ധരാണെന്ന് പ്രഖ്യാപിച്ച് കേന്ദ്രഭരണാധികാരികള്‍ കുമ്പിട്ടുനില്‍ക്കുന്നത് ദയനീയമായ അവസ്ഥയാണ്. പക്ഷേ, അതിനു കേന്ദ്രഭരണാധികാരികളെ നിര്‍ബന്ധിതമാക്കുന്ന സാഹചര്യം കാണാതിരിക്കുവാനും കഴിയില്ല. സ്വതന്ത്രഭാരതം കണ്ടിട്ടുള്ള കൊടിയ അഴിമതിപരമ്പരകളുടെ താങ്ങാനാവാത്ത പാപഭാരവും പേറിയാണ് യു പി എ സര്‍ക്കാര്‍ കഴിഞ്ഞുകൂടുന്നത്. ലോകത്തിന്റെ മുമ്പില്‍ ഇന്ത്യയെ അങ്ങേയറ്റം അപമാനിതയാക്കിയ കുംഭകോണങ്ങള്‍ക്കാണ് കോണ്‍ഗ്രസ്പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നേതൃത്വം നല്‍കിയത്. അതുകൊണ്ടുതന്നെ ധാര്‍മ്മികതയില്ലാത്ത രാംദേവിന്റെ സമരത്തെ നേരിടാനുള്ള ധാര്‍മ്മികത കേന്ദ്രസര്‍ക്കാരിനുമില്ല. തങ്ങളുടെ അഴിമതികള്‍ക്കും തങ്ങള്‍ സംരക്ഷിക്കുന്ന കള്ളപ്പണക്കാര്‍ക്കുമെതിരായ അധാര്‍മ്മിക വഴിയിലൂടെയുള്ള പ്രതിഷേധത്തെ പോലും എത്രയും വേഗത്തില്‍ ഒഴിവാക്കണമെന്ന് അവര്‍ കടുത്ത നിലയില്‍ ആശിക്കുന്നു.
ജനകീയപ്രശ്‌നങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ തെല്ലും സമയമില്ലാത്ത കേന്ദ്രഭരണാധികാരികള്‍ രാംദേവുമായി നേരിട്ടും അല്ലാതെയും ചര്‍ച്ച നടത്താന്‍ ആവോളം സമയം കണ്ടെത്തുന്നു. സമരപ്രഖ്യാപനം നടത്തി ഡല്‍ഹി വിമാനത്താവളത്തില്‍ സ്വന്തം ജറ്റില്‍ രാംദേവ് വന്നിറങ്ങുന്നതും കാത്ത് കേന്ദ്രമന്ത്രിമാരുടെ കാവലിരിക്കല്‍. പ്രണബ് മുഖര്‍ജി, കപില്‍ സിബല്‍, സുബോധ്കാന്ത് സഹായ്, പവന്‍കുമാര്‍ ബന്‍സാല്‍ എന്നിവരുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള ചര്‍ച്ചകളുടെ പരമ്പരകള്‍, പ്രണബും ചിദംബരവും ആന്റണിയും ഉള്‍പ്പെടുന്നവരുടെ കൂടിയാലോചനകള്‍. രാംദേവ് പറയുന്നതെല്ലാം അംഗീകരിക്കാമെന്ന ഏറാന്‍മൂളല്‍. സമരം മാത്രമല്ല ഭരണവും കടുത്ത അശ്ലീലമാവുകയാണ്. കള്ളപ്പണക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന സുപ്രിംകോടതിയുടെ ആവര്‍ത്തിച്ചുള്ള ആവശ്യത്തിനു നേരെ പോലും മുഖം തിരിച്ചുനിന്ന കേന്ദ്രസര്‍ക്കാര്‍ രാംദേവ് എന്ന പണസ്രോതസ് വെളിപ്പെടുത്താത്ത ഒരു വ്യക്തിക്ക് മുന്നില്‍ ആ ആവശ്യത്തിനു കീഴടങ്ങുന്ന വൈചിത്ര്യം അരങ്ങേറുമ്പോള്‍ ജനാധിപത്യത്തെയും നിയമനീതിന്യായ വ്യവസ്ഥയെയും അപഹസിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് നടത്തിയ പ്രസ്താവനകള്‍ക്ക് പോലും കേന്ദ്രഭരണാധികാരകള്‍ തൃണവില പോലും കല്‍പ്പിക്കാതെ രാംദേവിന്റെ മുന്നില്‍ മുട്ടിലിഴയുമ്പോള്‍ അവര്‍ എത്രമാത്രം ഭയചകിതരാണെന്ന് വ്യക്തമാവുകയാണ്.

ഫാഷിസത്തിലെന്ന പോലെ അരാഷ്ട്രീയതയ്ക്കു വേണ്ടിയും ബിംബങ്ങളെയും വേഷത്തെയും വിശ്വാസത്തെയും മുന്നില്‍ നിര്‍ത്താറുണ്ട്. അരാഷ്ട്രീയതയുടെ ഭാഗമായി രാംദേവ് നടത്തുന്ന സമരപ്രഹസനത്തില്‍ കാവിവേഷത്തെയും യോഗയെയും ആയുധമാക്കുന്നത് അരാഷ്ട്രീയതയുടെ വളര്‍ച്ചയ്ക്ക് സഹായകരമാവുമെന്ന് കരുതിയാണ്. രാംദേവിന്റെ പഞ്ചനക്ഷത്ര ഉപവാസവേദിയില്‍ കാവിവേഷ ധാരികളുടെ തള്ളിക്കയറ്റം കാണാം. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പേരില്‍ ക്രിമിനല്‍ കുറ്റവാളിയായി വിചാരണ ചെയ്യപ്പെടുന്ന സ്വാധി ഋതംബരയും അക്കൂട്ടത്തിലുണ്ട്. അനുയായികളെ വശംവദരാക്കാന്‍ യോഗാഭ്യാസ പ്രകടനങ്ങളും സംഘപരിവാറിന്റെ രഹസ്യപിന്തുണയോടെ തന്റെ രാഷ്ട്രീയാഗമനത്തിനായി രാംദേവ് നടത്തുന്ന അഭ്യാസമാണ് ഈ പഞ്ചനക്ഷത്ര സമരമെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. ബി ജെ പിയുടെയും വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘ കുടുംബാംഗങ്ങളുടെയും പിന്തുണ ഈ സംശയത്തിന് ശക്തിപകരുന്നു. ഭരണത്തിലിരുന്നപ്പോള്‍ അഴിമതിയില്‍ മുങ്ങിത്താണ ബി ജെ പി അഴിമതിക്കെതിരായി ശബ്ദിച്ചാല്‍ വേണ്ടത്ര പിന്തുണ കിട്ടുകയില്ലെന്ന തിരിച്ചറിവ് ഒരു കാഷായ വസ്ത്രധാരിയെ പ്രോത്സാഹിപ്പിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് സ്വാഭാവികമാണ്.

ഇത്തരം സമരപ്രഹസന നായകന്‍മാര്‍ സമൂഹത്തില്‍ അരാഷ്ട്രീയത വളര്‍ത്തി, തങ്ങളുടെ വിഷലിപ്ത സ്വാധീനമുറപ്പിക്കുവാനാണ് ശ്രമിക്കുന്നത്. ജനപക്ഷത്തു നിന്നു പോരാടുന്ന രാഷ്ട്രീയ കക്ഷികളോ ബഹുജന സംഘടനകളോ അല്ല തങ്ങളാണ് ശരിക്കും ജനങ്ങള്‍ക്കും നാടിനും വേണ്ടി പൊരുതുന്നത് എന്നു സ്ഥാപിക്കാന്‍ കൂടി ഇത്തരക്കാര്‍ ശ്രമിക്കുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ ചില മാധ്യമങ്ങളും ഒരു കൂട്ടം ആളകളും ഈ ഗൂഢപദ്ധതിയില്‍ പെട്ടുപോവുകയും ചെയ്യുന്നു. അരാഷ്ട്രീയവത്കരണം ജനാധിപത്യത്തെയും രാജ്യത്തെ തന്നെയും അപായാവസ്ഥയിലെത്തിക്കുമെന്ന സത്യം വിസ്മരിച്ചുകൂടാ. ആ സത്യം മറന്നുകൊണ്ടാണ് കേന്ദ്രസര്‍ക്കാരും അരാഷ്ട്രീയക്കാരുടെ മുന്നില്‍ കീഴടങ്ങി അവരെ പ്രോത്സാഹിപ്പിക്കുന്നത്.
അഴിമതിക്കും അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും തൊഴില്‍ നിഷേധത്തിനും ദാരിദ്ര്യത്തിനും പട്ടിണിക്കുമെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മറ്റ് ഇടതുപക്ഷ പാര്‍ട്ടികളും എ ഐ ടി യു സി ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളും രാജ്യവ്യാപകമായി പണിമുടക്കുള്‍പ്പെടെയുള്ള നിരവധി പ്രക്ഷോഭങ്ങള്‍ നടത്തി. ലക്ഷക്കണക്കിനാളുകള്‍ പാര്‍ലമെന്റ് മാര്‍ച്ചില്‍ അണിനിരന്നു. സ്‌പെക്ട്രം അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് ഒരു പാര്‍ലമെന്റ് സമ്മേളനമാകെ സ്തംഭിച്ചു. പക്ഷേ, ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുകയും പാര്‍ലമെന്റ് സ്തംഭിച്ചാലും മര്‍ക്കടമുഷ്ടിയില്‍ ഉറച്ചുനില്‍ക്കുമെന്ന് ശഠിക്കുകയും ചെയ്തവരാണ് അരാഷ്ട്രീയക്കാരുടെ സമരനാടകങ്ങള്‍ക്ക് മുന്നില്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടം ഏറാന്‍മൂളുന്നത്. അരാഷ്ട്രീയവത്കരണ ശക്തികള്‍ക്ക് കൈത്താങ്ങു നല്‍കുന്ന ഭരണക്കാരുടെ സമീപനം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കാവും വഴിതെളിക്കുകയെന്ന് വിവേകമുള്ളവര്‍ക്ക് തിരിച്ചറിയാനാവും.

നിരാഹാര സമരത്തെ അപഹസിക്കുന്നവരോടും അതിനുമുന്നില്‍ കേണു കരഞ്ഞു നില്‍ക്കുന്നവരോടും ഗാന്ധിജിയുടെ ത്യാഗജീവിതത്തിന്റെയും ജനകീയ പ്രക്ഷോഭത്തില്‍ വീരമൃത്യു വരിച്ചവരുടെയും സ്മരണകള്‍ മനസ്സിലേറ്റുന്ന ജനാധിപത്യ വിശ്വാസികള്‍ പൊറുക്കുകയില്ല തന്നെ. രാംദേവിനെ പോലുള്ളവരുടെ ആടയാഭരണങ്ങള്‍ അണിഞ്ഞ കാപട്യം തിരിച്ചറിയപ്പെടാതെയുമിരിക്കില്ല.

വി പി ഉണ്ണികൃഷ്ണന്‍ ജനയുഗം 060611

1 comment:

  1. സഹനസമരങ്ങളെ ചിലരെങ്കിലും ചിലപ്പോള്‍ ഫലിതമാക്കി മാറ്റിയിട്ടുണ്ട്. സങ്കുചിതവും വ്യക്തിനിഷ്ഠവുമായ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി സമരത്തിനു വേണ്ടിയുള്ള സമരം എന്ന നിലയില്‍ സമയബന്ധിതമായ നിരാഹാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഉന്നതമായ ഉപവാസസമരത്തെ അധിക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്തതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാവും. പക്ഷേ, നിരാഹാരസമരത്തെ ഒരു ഫലിതമല്ല, കടുത്ത അശ്ലീലം തന്നെയാക്കി മാറ്റാമെന്ന് സ്ഥാപിക്കുന്നതാണ് ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് രാംദേവ് നടത്തിയ നിരാഹാരനാടകം. ഈ പ്രഹസനം കണ്ട് മാറത്ത് കൈയടിച്ച് നെട്ടോട്ടമോടുന്ന രാജ്യത്തിന്റെ ഭരണാധികാരികള്‍ ഈ നാടകത്തിലെ കോമാളി വേഷങ്ങളാണ്. 'ഞങ്ങള്‍ കുറ്റക്കാര്‍' എന്ന് തിരിച്ചറിയുന്ന കേന്ദ്രഭരണക്കാര്‍ തങ്ങളുടെ മുഖംമൂടി പൂര്‍ണമായും അഴിഞ്ഞുവീഴാതിരിക്കുവാന്‍, നിരാഹാരത്തെ സ്ഥാപിതതാല്‍പര്യങ്ങളോടെ അശ്ലീലമാക്കുന്നവര്‍ക്ക് മുന്നില്‍ പ്രാണവെപ്രാളത്തോടെ മുട്ടുകുത്തി നിന്ന് കിതയ്ക്കുമെന്നാണ് ജനങ്ങള്‍ക്ക് തെളിഞ്ഞു കിട്ടുന്ന പാഠം. ഒടുവില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് നടത്തിയ അറസ്റ്റ്‌നാടകം തങ്ങള്‍ വീണു പോയ പരിഹാസ്യതയില്‍ നിന്ന് കരകയറാനുള്ള ഭരണക്കാരുടെ വിഫലശ്രമവും.

    ReplyDelete